ഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളില്‍ ഉണ്ടായിട്ടുള്ള സാമൂഹിക മാറ്റം നൂറ്റാണ്ടുകളിലൂടെ ആര്‍ജിച്ച മാറ്റങ്ങളേക്കാള്‍ വിപ്ലവകരവും നവപ്രവണതകളും സൃഷ്ടിച്ച ഒന്നാണ്. വിവര സാങ്കേതിക വിദ്യ അത്രത്തോളം സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്തിയിരുന്നു. ഇതിന്റെ അലയൊലി ഏറ്റവുമധികം സ്വാധീനിച്ച ഒരു വിഭാഗമാണ് കുട്ടികള്‍. പൊതുവേ സാമൂഹിമാറ്റങ്ങള്‍ക്കൊപ്പം നടന്നുനീങ്ങാന്‍ പര്യാപ്തമാകാത്തത് കൊണ്ടായിരിക്കാം എന്നും ഏതൊരു സാമൂഹ്യ പ്രശ്‌നത്തിന്റെയും ഇരകളായി മാറുന്നത് നിയമപരമായും സാമൂഹ്യമായും ദുര്‍ബലത അനുഭവിക്കുന്ന വിഭാഗങ്ങളാണ്.

പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സാമൂഹ്യവ്യവസ്ഥിതിയാണ് ഇന്ത്യയിലേത്. എല്ലാ നന്മകളുടെ ഉറവിടമായും ഒരു കുട്ടിയുടെ ആദ്യ വിദ്യാലയമായും കുടുംബത്തെയാണ് നാം കണക്കാക്കുന്നത്. ഇന്ത്യന്‍ സംസ്‌കൃതിയുടെ ഏറ്റവും ഉദാത്തമായ മാതൃകയായിരുന്നു കൂട്ടുകുടുംബ വ്യവസ്ഥിതി. മുത്തശ്ശിക്കഥകള്‍ യഥാര്‍ത്ഥത്തില്‍ കുട്ടികള്‍ക്ക് കേവല നേരമ്പോക്കുകള്‍ മാത്രമായിരുന്നില്ല. യഥാര്‍ത്ഥ ജീവിതപാത വെട്ടിത്തെളിക്കാനുള്ള മാര്‍ഗസൂചികകളായിരുന്നു അവയോരോന്നും. പ്രശ്‌നങ്ങള്‍ പങ്കുവെക്കാനും, ശ്രദ്ധിക്കാനും ഒരുപാടുപേരുണ്ടെന്ന ചിന്ത കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ ജീവിച്ച കുട്ടികള്‍ക്ക് ഉണ്ടായിരുന്നു. പക്ഷേ ഇന്നത്തെ കുട്ടികള്‍ അരക്ഷിതരാണ്. പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനാകാതെ അവര്‍ ലഹരിയില്‍ അഭയം തേടുന്നു. അവിടെ നിന്ന് ആത്മഹത്യയിലും. 

കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ആദ്യം ഉയര്‍ന്നുവരാറുള്ളത് അവര്‍ക്ക് നല്‍കേണ്ട കൗണ്‍സിലിങ്ങിനെ കുറിച്ചുള്ള വാദങ്ങളാണ്. പ്രശ്‌നങ്ങള്‍ പങ്കുവെക്കാനും, ശരിയായ ഉപദേശങ്ങള്‍ ലഭിക്കുന്നതിനുമുള്ള അവസരം കുട്ടികള്‍ക്ക് അന്യമായതാണ് ഇതിനുള്ള പ്രധാനകാരണം. എന്നാല്‍ നാളത്തെ കുട്ടികളുടെ കാര്യത്തില്‍ ഇത് എത്രമാത്രം പ്രയോഗിക്കാനാകുമെന്ന് കാത്തിരുന്ന് തന്നെ കാണണം. 

പ്രവചിക്കാന്‍ പോലും സാധിക്കാത്ത വിധത്തിലാണ് സാങ്കേതികവിദ്യയുടെ ദോഷഫലങ്ങള്‍ കുട്ടികളെ ബാധിച്ചിരിക്കുന്നത്. അച്ഛനും അമ്മയും ജോലിക്ക് പോയെങ്കില്‍ മാത്രമെ പിടിച്ചുനില്‍ക്കാനാകൂ എന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞ ഇന്നത്തെ സാമ്പത്തിക വ്യവസ്ഥിതിയും കുഞ്ഞുങ്ങളെ വലിയ തോതിലാണ്  സ്വാധീനിച്ചത്. മാതാപിതാക്കള്‍ക്ക് കുഞ്ഞുങ്ങളുമായി ചെലവഴിക്കാന്‍ സമയമില്ല. തങ്ങളുടെ പരാതിക്കെട്ടുകളഴിക്കാന്‍, കൊച്ചുകൊച്ചു സംശയങ്ങളും വിശേഷങ്ങളും പങ്കുവെക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് അവരുടെ ഇഷ്ടപ്രകാരം മാതാപിതാക്കളെ ലഭിക്കുന്നില്ല. അവരുടെ ഒറ്റപ്പെടല്‍ അവര്‍ മറികടക്കുന്നത് പലപ്പോഴും ഇന്റര്‍നെറ്റിലൂടെയായിരിക്കും. ഉല്ലാസം ലഭിക്കുന്ന ഇടങ്ങള്‍ തേടി കുട്ടിമനസ്സുകള്‍ യാത്രതുടരും. നാശത്തിന്റെ വഴിയിലൂടെയാണ് യാത്ര എന്ന് സ്വയം തിരിച്ചറിയുമ്പോഴേക്കും തിരിഞ്ഞുനടക്കാനാകാത്ത വിധം അടിമപ്പെട്ടിരിക്കും. 

കായികപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കാത്ത പുതുതലമുറ അത് വഴി ലഭിക്കേണ്ട മാനസികോല്ലാസവും സാമൂഹ്യബന്ധങ്ങളമാണ് കളഞ്ഞ്കുളിക്കുന്നത്. സ്‌കൂളുകള്‍ക്ക് കളിസ്ഥലം നിര്‍ബന്ധമാണെന്ന കേരള വിദ്യാഭ്യാസനിയമത്തിലെ വ്യവസ്ഥകള്‍ പലപ്പോഴും അധികാരികള്‍ തന്നെ വിസ്മരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. കൃത്യമായ വ്യായാമത്തിന്റെ അഭാവം കുട്ടികളുടെ വ്യക്തിത്വവികസനത്തില്‍ വിപരീതഫലമാണ് സൃഷ്ടിക്കുക. ഒഴിവുവേളകളില്‍ ഇന്റര്‍നെറ്റിലും കംപ്യൂട്ടര്‍ഗെയിമിലും മുഴുകുന്ന കുട്ടികള്‍ ബാല്യത്തിന്റെ വര്‍ണങ്ങള്‍ അനുഭവിക്കാതെയാണ് വളരുന്നത്. 

കുട്ടികളെ അവരുടെ അവകാശങ്ങളെ കുറിച്ചും ചുമതലകളെ കുറിച്ചും ബോധവന്മാരാക്കണം. ഒപ്പം ധാര്‍മികചിന്തകളെ സംബന്ധിച്ച ശരിയായ അധ്യാപനവും അവര്‍ക്കാവശ്യമാണ്. എങ്കില്‍ മാത്രമെ അവകാശങ്ങള്‍ വഴിതെറ്റാതെ ഉപയോഗിക്കാനും ശരിയായ സാമൂഹ്യജീവിയായി വളരാനും അവന് കഴിയൂ. ചുറ്റുമുള്ള ലോകം തന്നിലേക്ക് ചുരുക്കരുതെന്ന സന്ദേശം പുതുതലമുറക്ക് നല്‍കണം. 

കുട്ടികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടാന്‍ അര്‍ദ്ധ ജുഡീഷ്യല്‍ അധികാരത്തോടുകൂടിയ നിരവധി നിയമ സംവിധാനങ്ങള്‍ നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികള്‍ ഇരകളും നിയമത്തോട് പൊരുത്തപ്പെടാത്തവരുമായി മാറുമ്പോള്‍ അവരുടെ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് മാത്രമായി നീതിപീഠങ്ങള്‍ക്ക് രാഷ്ട്രം രൂപം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതുകൊണ്ട് മാത്രം വരുംകാലത്ത് ബാലാവകാശം സംരക്ഷിക്കാന്‍ സാധിക്കില്ലെന്ന് മനസിലാക്കണം. 

അവകാശങ്ങള്‍ അനുവദിച്ചു നല്‍കാനുള്ള ഒരു മനസ്സും അവകാശലംഘനങ്ങള്‍ക്കെതിരെ സമൂഹമാകെ നിലകൊള്ളുകയും ചെയ്യുമ്പോള്‍ മാത്രമേ വരുംതലുറയിലെ കുട്ടികള്‍ സുരക്ഷിതരാകൂ.