കാലപത്രവും പത്രകാലവും

കേരള ചരിത്രത്തേക്കാള്‍ പഴക്കമുണ്ട് പത്രചരിത്രത്തിന്. നാം പോലുമറിയാതെ നമ്മുടെ ശീലമായ പത്രത്തിന് അന്നുമുതല്‍ ഇന്നുവരെ ഉണ്ടായിട്ടുള്ള പരിണാമങ്ങള്‍ അനവധിയാണ്. കെട്ടിലും മട്ടിലും വാര്‍ത്ത കൈകാര്യം ചെയ്യുന്ന രീതിയിലും പത്രഭാഷയിലും വരെ ആ മാറ്റങ്ങള്‍ പ്രകടമാണ്. വിസ്മരിക്കപ്പെട്ട ഭാഷാപ്രയോഗങ്ങളുടെയും വാക്കുകളുടെയും ഒരു ഓര്‍മപ്പെടുത്തലാവുകയാണ് പലകാലങ്ങളിലൂടെയുളള ഈ പത്രസഞ്ചാരം. ഒപ്പം പുതിയ നൂറ്റാണ്ടില്‍ അതേ വാര്‍ത്ത കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നും കാണാം..

 

SLIDE20.jpg

ഐക്യകേരളമെന്ന സങ്കല്പം രൂപപ്പെടുന്നതിന് മുമ്പേ ഐക്യകേരളത്തിന് ആഹ്വാനം ചെയ്ത പത്രമാണ് മാതൃഭൂമി. കേരളചരിത്രത്തോട് കൂട്ടിവായിക്കാവുന്നതാണ് മാതൃഭൂമിയുടെ ചരിത്രവും. ഐക്യകേരളം പിറവിയെടുത്ത 1956 നവംബര്‍ ഒന്നിനും അറുപതിലെത്തിയ 2016 നവംബര്‍ ഒന്നിനും പ്രസിദ്ധീകരിച്ച 'മാതൃഭൂമി'യുടെ ആദ്യ പേജുകള്‍.

 

SLIDE14.jpg

കേരളത്തിന്റെ ജന്മദിനമായ നവംബര്‍ ഒന്നിനുതന്നെയാണ് കേരളഹൈക്കോടതിയുടെയും പിറന്നാള്‍. ഐക്യകേരളം രൂപീകരിക്കപ്പെട്ട 1956ല്‍ ഹൈക്കോടതിയുടെ പ്രവര്‍ത്തനം തുടങ്ങിയ വാര്‍ത്ത സന്തോഷത്തോടെ ജനങ്ങളെ അറിയിച്ച അതേ മാധ്യമത്തിന് ഇന്ന് സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തിന് സാഹചര്യമൊരുക്കാന്‍ തുറന്ന കത്തെഴുതേണ്ടി വന്നിരിക്കുന്നു.

 

SLIDE7.jpg

ആദ്യകാലത്ത് പത്രത്തിന്റെ ഒന്നാംപേജില്‍ പരസ്യങ്ങള്‍, രണ്ടാംപേജില്‍ വ്യത്യസ്ത വിഷയങ്ങളടങ്ങുന്ന ലേഖനങ്ങള്‍, മൂന്നാംപേജില്‍ നിയമനിര്‍മാണസഭകളിലെ നടപടികളുടെ റിപ്പോര്‍ട്ടുകള്‍, നാലാംപേജില്‍ മുഖപ്രസംഗങ്ങള്‍, അഞ്ചാംപേജില്‍ പൊതുവാര്‍ത്തകള്‍ എന്നിങ്ങനെയാണ് നല്‍കിയിരുന്നത്.

തീവണ്ടി സമയം, അങ്ങാടിനിരപ്പ്, എന്നിവ അഞ്ചാംപേജിലെ വാര്‍ത്തകളായിരുന്നു.'നിരപ്പ്' എന്ന വാക്കാണ് നിലവാരം, നിരക്ക് എന്ന അര്‍ത്ഥത്തില്‍ അന്ന് ഉപയോഗിച്ചിരുന്നത്. കാലക്രമേണ ഇല്ലാതായിപ്പോയ വാക്കുകളുടെ കൂട്ടത്തിലെ ഒന്ന്.

 

SLIDE15.jpg

ബി.പി.എല്‍കാര്‍ക്ക് സൗജന്യ അരിവിതരണം വാര്‍ത്തയാവുന്ന ഇക്കാലത്തോട് ചേര്‍ത്തുവായിക്കേണ്ട ഒരു വാര്‍ത്തയാണ് വെട്ടിക്കുറച്ച റേഷന്‍ ആറ് ഔണ്‍സാക്കി ഉയര്‍ത്തുമെന്ന പഴയകാലത്തെ ഈ വാര്‍ത്ത. അരിയുടെ തൂക്കം കിലോയില്‍ പറയുന്ന നമുക്ക് അപരിചിതമാണ് ഈ ഔണ്‍സ് പ്രയോഗം.

 

SLIDE 1.jpg

ഇന്ന് ടെലിവിഷന്‍ ആയിരുന്നെങ്കില്‍ അന്നത് റേഡിയോ ആയിരുന്നു. പരിപാടികളുടെ സമയക്രമങ്ങള്‍ പ്രസിദ്ധീകരിക്കുന്ന വിനോദം പേജില്‍ ഇന്ന് വിവിധചാനലുകള്‍ ഇടംപിടിക്കുമ്പോള്‍ അന്നുണ്ടായിരുന്നത് റേഡിയോ മാത്രം.

 

SLIDE11.jpg

ട്രെയിന്‍ നമ്പറും പുറപ്പെടുന്ന സ്ഥലവും ദിവസവും സമയവുമുള്‍പ്പടെ തീവണ്ടിസമയം എഴുതിതന്നെ അറിയിക്കേണ്ടിയിരുന്ന ഒരുകാലത്തില്‍ നിന്നും ഇന്ന് പട്ടികയിലേക്ക് വാക്കുകള്‍ ചുരക്കപ്പെട്ടു. വ്യാപാരത്തിന് ചരക്കുകപ്പലുകളെ ധാരാളമായി ആശ്രയിച്ചിരുന്ന അക്കാലത്ത് കപ്പലുകളുടെ പോക്കുവരവുകളും സമയക്രമവും പോലും പത്രങ്ങളില്‍ ഇടംപിടിച്ചിരുന്നു.

 

SLIDE8.jpg

കറുപ്പിലും വെളുപ്പിലും മാത്രം ഒതുങ്ങിയ കാര്‍ട്ടൂണുകളിലേക്ക് നിറങ്ങള്‍ സന്നിവേശിപ്പിക്കുന്ന തലത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു ഇന്നത്തെ സാങ്കേതികത.

 

SLIDE3.jpg

അപകടവാര്‍ത്തയുടെ രണ്ടുകാലങ്ങള്‍. കൃത്യമായ വിവരങ്ങള്‍ അറിഞ്ഞു റിപ്പോര്‍ട്ട് ചെയ്യുന്ന ഇക്കാലത്തുനിന്നും പരിമിതികളേറെയുള്ള പഴയകാലത്തെ റിപ്പോര്‍ട്ടിംഗുമായുള്ള താരതമ്യം. പരിമിതികള്‍ ഭാഷയിലും പ്രകടമാണ്. സ്ഥിരീകരിക്കാനാകാത്തതിനാലാകണം 'അത്രേ' (അപകടമുണ്ടായതത്രേ) പ്രയോഗങ്ങള്‍ക്ക് അന്ന് പ്രസക്തി ഉണ്ടായിരുന്നത്.

 

SLIDE4.jpg

പഴയകാലപരസ്യങ്ങളിലെ മോഡലുകള്‍ ചിത്രകാരന്റെ ഭാവനയിലെ സൃഷ്ടികളായിരുന്നു. ചുരുക്കം വാക്കുകളില്‍ വിഷയം അവതരിപ്പിക്കുന്നതിനേക്കാള്‍ ഉദാഹരണ സഹിതം കാര്യങ്ങള്‍ വിശദീകരിച്ച് പരസ്യം നല്‍കുന്നതായിരുന്നു പഴയകാല രീതി.

 

SLIDE5.jpg

പുതിയകാലത്ത് സാങ്കേതികയിലുണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഇക്കാലത്തെ ഒരു പുസ്‌കാസ്വാദനം. ചിത്രങ്ങള്‍ കൊടുക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കുകപോലും ചെയ്യാത്ത പഴയകാലത്തെ ഒരു ആസ്വാദനം. വിമര്‍ശനങ്ങള്‍ വലിയ മൂര്‍ച്ചയില്ലാതെ പറഞ്ഞുപോകുന്ന ഇക്കാലത്തുനിന്നും ഭിന്നമായി അല്‍പം വിമാര്‍ശനാത്മകമായി തന്നെ പുസ്തത്തെ സമീപിച്ചിരിക്കുന്നു.'വായനക്കാരുടെ ക്ഷമ പരീക്ഷിക്കുന്ന', 'ഓട്ടപ്രദക്ഷിണം' തുടങ്ങിയ പ്രയോഗങ്ങള്‍ യാതൊരു മുന്‍വിധിയുമില്ലാതെ ഉപയോഗിച്ചിരിക്കുന്നു.

 

 

SLIDE6.jpg

ബജറ്റ് റിപ്പോര്‍ട്ട് രണ്ടുകാലങ്ങളില്‍. ഭാഷയിലും അവതരണത്തിലും കാലക്രമേണ വന്ന പുതുമ ബജറ്റ് പോലെ ഒരു 'ഡ്രൈ' ന്യൂസിനെ കുറച്ചുകൂടി ജനങ്ങളിലേക്കെത്തിക്കാന്‍ സഹായിച്ചിട്ടുണ്ട്. പ്രസക്തമായ പ്രഖ്യാപനങ്ങള്‍ പട്ടികയായി നല്‍കുന്നതിലൂടെയും കാര്‍ട്ടൂണുകളിലൂടെ പ്രതിപാദിക്കുന്നതിലൂടെയും വാര്‍ത്ത പൂര്‍ണമായി വായിക്കാതെ തന്നെ ഏകദേശം കാര്യങ്ങള്‍ ഇന്ന് മനസ്സിലാക്കാം. പഴയകാലത്ത് സംഖ്യ അക്കത്തില്‍ കൃത്യമായി എഴുതുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. രൂപക്ക് പകരമുളള 'ക' , 'കയ്യിരുപ്പ്' തുടങ്ങിയ പ്രയോഗങ്ങളും ഇന്ന് ഇല്ലാതായിക്കഴിഞ്ഞു.

 

SLIDE9.jpg

ഒരേ ദുരന്തം രണ്ടുകാലഘട്ടത്തില്‍ കൈകാര്യം ചെയ്തിരിക്കുന്ന ഭാഷയിലെ വ്യത്യാസങ്ങള്‍ ഇതിലൂടെ വ്യക്തമാകുന്നുണ്ട്. സംഭവിച്ചത് നേരിട്ട് എന്താണെന്ന് പറയുന്നതില്‍ നിന്നും ആലങ്കാരികമായി വിഷയമവതരിപ്പിക്കുന്ന രീതിയാണിന്ന്. ഭൂതകാലം സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന 'പോയിരിക്കുന്നു'   (മരിച്ചുപോയിരിക്കുന്നു), 'വമ്പിച്ച ഭൂമികുലുക്കം'  തുടങ്ങിയ പ്രയോഗങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന ഭാഷയുടെ ചില ഉദാഹരണങ്ങള്‍ മാത്രം.

 

SLIDE10.jpg

തലപ്പടങ്ങളില്‍ ഒതുങ്ങിയിരുന്ന സിനിമാ പരസ്യങ്ങള്‍ക്ക് ഇന്ന് കൈവന്നിരിക്കുന്ന പുതുമ പ്രകടം. പക്ഷേ ചിത്രമെന്തെന്നുള്ള വിവരണത്തില്‍ വലിയ വ്യത്യാസം നമുക്കനുഭവപ്പെടില്ല. പോരാട്ടവീര്യവും കുടുംബബന്ധങ്ങളുടെ ഊഷ്മളതയുമായി എത്തുന്ന നായകനെന്ന് സിനിമയെ പുതിയകാലം വിശേഷിപ്പിക്കുമ്പോള്‍ പഴയകാലത്തിന് നായകനേക്കാള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ തകര്‍ന്നുപോയ ഒരു മനുഷ്യന്റെ 'ഞെട്ടിക്കുന്ന' ജീവിതകഥയാണ് സിനിമ എന്നുമാത്രം.

 

SLIDE12.jpg

കൊലപാതങ്ങളും വിചാരണയും റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയിലുമുണ്ട് വ്യത്യാസം. കോടതിയില്‍ അഭിഭാഷകന്‍ ഓരോരുത്തരോടും ചോദിക്കുന്ന ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും വള്ളിപുള്ളി വിടാതെ വായനക്കാരനിലെത്തിച്ചിരുന്ന ഒരുരീതിയായിരുന്നു ആദ്യകാലത്ത്. ഇന്ന് കോടതിയില്‍ നടന്നതിന്റെ ഒരു സംഗ്രഹം മാത്രമാണ് വാര്‍ത്തയാകുന്നത്.

 

SLIDE13.jpg

തൃശൂര്‍ പൂരം - വര്‍ഷങ്ങളുടെ ഇടവേളയിലും പൂരമെന്നും അതിന്റെ പ്രൗഢിയില്‍ തന്നെ. മുന്‍കാല റിപ്പോര്‍ട്ടില്‍ തൃശൂരിനെ തൃശിവപേരൂരെന്നും, പൂരത്തിന്‌ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ സന്നിഹിതരായെന്നും പറഞ്ഞിരിക്കുന്നതൊഴിച്ചാല്‍ റിപ്പോര്‍ട്ടിംഗില്‍ വ്യത്യാസം കുറവാണ്. പക്ഷേ ഇക്കാലത്ത് ചിത്രങ്ങള്‍ നേടിയിരിക്കുന്ന മുന്‍തൂക്കവും പൂരത്തിന്റെ വര്‍ണശബളിമ ലേഔട്ടിലൂടെ തന്നെ വായനക്കാരനിലെത്തിക്കാനുള്ള ശ്രമവും വാര്‍ത്തയെ വ്യത്യസ്തമാക്കുന്നു.

 

SLIDE16.jpg

വാര്‍ത്തയില്‍ ചിത്രം നേടിയെടുത്ത സ്ഥാനം ഇതില്‍ വ്യക്തം. വാര്‍ത്ത വായന മാത്രമല്ല കാഴ്ചകൂടിയായി മാറി. ടെലിവിഷന്റെ വരവോടെയുണ്ടായ ദൃശ്യഭാഷയുടെ സ്വാധീനം എഴുത്തിലും കാണാം. സ്ഥലപ്പേരിനൊപ്പം ഓരോ വാര്‍ത്തയിലും ഡേറ്റ് നല്‍കുന്ന പഴയകാല രീതിയില്‍ നിന്നാണ് ഡേറ്റ്‌ലൈന്‍ ഉണ്ടായത്. കാലക്രമേണ ഡേറ്റ് നല്‍കുന്ന രീതി ഒഴിവാക്കി സ്ഥലപ്പേര് മാത്രം നല്‍കി തുടങ്ങിയെങ്കിലും ഇന്നും ഡേറ്റ്‌ലൈന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.

 

 

SLIDE17.jpg

പത്രഭാഷയില്‍ ഏറ്റവും മാറ്റം വന്നിട്ടുള്ള ഒന്ന് തലക്കെട്ടുകളാണ്. ഭാഷയിലെ ചുരുക്കെഴുത്ത് തീവ്രമായി കാണുന്നതും തലക്കെട്ടിലാണ്. ടെലിവിഷന്‍ ലൈവുകള്‍ സജീവസാന്നിധ്യമായ ഇക്കാലത്ത് അറിഞ്ഞവാര്‍ത്ത വീണ്ടുംപറയുമ്പോള്‍ വിവരം നേരിട്ട് പറയുക എന്നതില്‍ നിന്നും വ്യതിചലിച്ച് അതിന്റെ തീവ്രത പ്രകടമാകുന്ന രീതിയില്‍ പറയുക എന്നതിലേക്ക് പത്രങ്ങള്‍ എത്തിചേര്‍ന്നിരിക്കുന്നു. സൈഡ് സ്‌റ്റോറികള്‍ ഇന്ന് ഉള്‍പേജുകളിലേക്ക് മാറിയെങ്കില്‍ അത് ഒന്നാംപേജില്‍ തന്നെ കൊടുക്കുന്നതായിരുന്നു പഴയകാലത്തെ രീതി.

 

 

SLIDE18.jpg

രണ്ടുകാലഘട്ടങ്ങളില്‍ ലേഖകര്‍ക്കുണ്ടായ പരിമിതികള്‍ വ്യക്തമാക്കുന്നതാണ് ഈ രണ്ടു റിപ്പോര്‍ട്ടും. ജനവരി 16നുണ്ടായ കുമാരനാശാന്റെ മരണവാര്‍ത്ത പത്രത്തില്‍ വരുന്നത് 24നാണ്. കാലതാമസം ഉണ്ടായെങ്കിലും അക്കാലത്തെ മികച്ച റിപ്പോര്‍ട്ടുകളിലൊന്നായി ഇന്നും എടുത്തുപറയുന്ന ഒന്നാണ് കുമാരനാശാന്റെ മരണവാര്‍ത്ത. 'ഭയങ്കരമായ തീബോട്ടപടകം', 'ദേഹവിയോഗം' എന്ന പദപ്രയോഗങ്ങള്‍ക്ക് പുറമെ വാര്‍ത്ത എഴുതിയിരിക്കുന്ന രീതിയും വളരെയധികം ഭിന്നമാണ്. മരിച്ചവരുടെ കൂട്ടത്തില്‍ ഒരാളായി കമാരനാശാനെ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത്തരമൊരു അപകടം ഇക്കാലത്താണെങ്കില്‍ വാര്‍ത്ത എങ്ങനെയായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ..

 

SLIDE21.jpg

കേരളം സന്തോഷ് ട്രോഫി നേടിയ വാര്‍ത്ത രണ്ടുകാലഘട്ടത്തില്‍. ഇന്നാണെങ്കില്‍ കന്നിക്കിരീടമെന്നോ മറ്റോ വിശേഷിപ്പിക്കുമായിരുന്ന ഒരു വാര്‍ത്തയെ പഴയകാലം വിശേഷിപ്പിച്ചത് 'നടാടെ'  എന്ന പദപ്രയോഗത്തിലൂടെയാണ്. ഇന്ന് വാമൊഴിയായി മാത്രം നാം ഉപയോഗിക്കുന്ന ഒരു വാക്ക്.

 

 

SLIDE2.jpg

പത്രങ്ങളിലൂടെ മാത്രം വാര്‍ത്ത അറിഞ്ഞ ഒരു കാലഘട്ടത്തില്‍ നിന്നും അറിഞ്ഞുകഴിഞ്ഞ വാര്‍ത്തയെ വീണ്ടും വായനക്കാരനിലെത്തിക്കുമ്പോള്‍ അത് എത്രത്തോളം ആകര്‍ഷകമാക്കണം എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ഇത്. കളി കണ്ടുതന്നെ കഴിഞ്ഞതാണ്. ഇനി വായനക്കാരന് വേണ്ടത് കളിയുടെ വിശദീകരണമല്ല അതിന്റെ ആസ്വാദനമാണെന്ന തിരിച്ചറിവ്. കായികപേജുകളില്‍ തുടങ്ങിയ ഈ മാറ്റം ഇന്ന് മറ്റുള്ള വാര്‍ത്തകളിലും സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.

 

SLIDE19.jpg

വാര്‍ത്താവതരണത്തില്‍ ചിത്രങ്ങള്‍ക്കും ലേ ഒൗട്ടിനും കൈവന്ന സ്ഥാനം പ്രകടം. പ്രധാനവാര്‍ത്തകള്‍ക്കൊപ്പം അതുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും ഒന്നാംപേജില്‍ തന്നെ കൊടുക്കാന്‍ ശ്രമിച്ച പഴയകാലം. ആലങ്കാരികമായി വിഷയം അവതരിപ്പിക്കുന്നതിനുള്ള ഇന്നിന്റെ ശ്രമം. കാര്യങ്ങള്‍ വളച്ചുകെട്ടില്ലാതെ അവതരിപ്പിക്കുന്ന പഴയരീതി.

 

 

 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.