gayathri Sreekrishnanകേരള സംസ്ഥാനത്തിനും, ഗായത്രി ശ്രീകൃഷ്ണന്റെ പിന്നണിഗാന ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് ഗാനത്തിനും  ഒരേ പ്രായം  അറുപതു വയസ്സ്. ആറു പതിറ്റാണ്ടു മുന്‍പ് ഒരു നവംബര്‍ ഒന്നിന് കേരളം പിറവിയെടുക്കുമ്പോള്‍ മലയാളികള്‍ മൂളിനടന്നിരുന്ന പാട്ടുകളിലൊന്ന് ഈ പള്ളുരുത്തിക്കാരിയുടേതാണ്: 'നാഴൂരിപ്പാലുകൊണ്ട് നാടാകെ കല്യാണം നാലഞ്ചു തുമ്പ കൊണ്ട് മാനത്തൊരു പൊന്നോണം.'' ശാന്താ പി നായര്‍ക്കൊപ്പം ഗായത്രി പാടിയ 'രാരിച്ചന്‍ എന്ന പൗര''നിലെ ആ  ഇളനീര്‍ മധുരമുള്ള ഗാനമെഴുതിയത് പി ഭാസ്‌കരന്‍. ചിട്ടപ്പെടുത്തിയത് കെ രാഘവന്‍.

മലയാള സിനിമ പിച്ചവെച്ചു തുടങ്ങിയ കാലം. 1956ല്‍ ആകെ പുറത്തുവന്നത് അഞ്ചു പടമാണെന്നോര്‍ക്കുക  ആത്മാര്‍പ്പണം, മന്ത്രവാദി, രാരിച്ചന്‍ എന്ന പൗരന്‍, കൂടപ്പിറപ്പ്, അവരുണരുന്നു. ഇവയില്‍ മൗലികമായ ഈണങ്ങള്‍ കൊണ്ട് വേറിട്ടു നിന്നത്  കൂടപ്പിറപ്പും രാരിച്ചനും മാത്രം. രണ്ടിലും സംഗീതമൊരുക്കിയത് കെ രാഘവന്‍ ആണെന്ന പ്രത്യേകത കൂടിയുണ്ട്. നവാഗതനായ വയലാര്‍ രാമവര്‍മ്മയായിരുന്നു കൂടപ്പിറപ്പിലെ ഗാനരചയിതാവ്. രാരിച്ചനില്‍  ഭാസ്‌കരന്‍ മാസ്റ്ററും. ഹിന്ദി-തമിഴ് സൃഷ്ടികളുടെ അന്ധമായ അനുകരണങ്ങളില്‍ നിന്ന് നമ്മുടെ  സിനിമാഗാനങ്ങള്‍ പൂര്‍ണമായി മുക്തമായിരുന്നില്ല അപ്പോഴും.  അന്യഭാഷാ ഗാനങ്ങളുടെ 'പ്രേത'ങ്ങളാണ് കൂടുതലും. ഒ പി നയ്യാര്‍ ചിട്ടപ്പെടുത്തി കിഷോര്‍ കുമാറും ആശാ ഭോസ്ലെയും പാടിയ 'പിയാ പിയാ പിയാ മേരാ ജിയാ പുകാരേ' ('ബാപ് രേ ബാപ്') എന്ന ഹിന്ദി ഹിറ്റ് ഗാനത്തിന്റെ ഈണം അപ്പടി പകര്‍ത്തിയ മന്ത്രവാദിയിലെ 'വിണ്ണില്‍ മേഘം പോലെ' ഉദാഹരണം. പക്ഷേ മൂന്നു ഗാനങ്ങള്‍ ഇവയില്‍ നിന്നെല്ലാം വേറിട്ടു നിന്നു. : തുമ്പീ തുമ്പീ വാവാ (കൂടപ്പിറപ്പ്), നാഴൂരിപ്പാലുകൊണ്ട്, പണ്ട് പണ്ട് പണ്ട് നിന്നെ കണ്ടനാളയ്യാ (രാരിച്ചന്‍ എന്ന പൗരന്‍). അടിമുടി മലയാളിത്തം തുളുമ്പിയ ഈ രാഘവഗാനങ്ങള്‍ ഗ്രാമഫോണുകളിലും  കല്യാണവീടുകളിലെ 'പാട്ടുകോളാമ്പി'കളിലും  ഇടതടവില്ലാതെ മുഴങ്ങുന്നുണ്ടായിരുന്നു  കേരളം പുതിയ പുലരിയിലേക്കു കണ്‍തുറക്കുമ്പോള്‍.

അന്നത്തെ ഗാനങ്ങളുടെ പിന്നണിക്കാര്‍ ഭൂരിഭാഗവും ഇന്നില്ല. പാട്ടുകളെഴുതിയ വയലാറും ഭാസ്‌കരനും തിരുനയിനാര്‍ കുറിച്ചിയും ഈണമിട്ട രാഘവനും ദക്ഷിണാമൂര്‍ത്തിയും ബ്രദര്‍ ലക്ഷ്മണനും പാടിയ കമുകറ പുരുഷോത്തമനും ശാന്താ പി നായരും  പി ലീലയും മെഹബൂബുമെല്ലാം  ഓര്‍മയായി. അവശേഷിക്കുന്ന  അപൂര്‍വം പേരിലൊരാളാണ് ഗായത്രി ശ്രീകൃഷ്ണന്‍. 'നാഴൂരിപ്പാല് പാടി റെക്കോര്‍ഡ് ചെയ്തിട്ട് അറുപതു വര്‍ഷം കഴിഞ്ഞു എന്നറിയുന്നത് നിങ്ങള്‍ പറയുമ്പോഴാണ്. വിശ്വാസം വരുന്നില്ല. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു...'' പ്രശസ്ത പുല്ലാങ്കുഴല്‍ കലാകാരനായ ഭര്‍ത്താവ് ജി എസ് ശ്രീകൃഷ്ണനൊപ്പം കോഴിക്കോട്ടെ വെള്ളിമാടുകുന്നില്‍ വിശ്രമജീവിതം നയിക്കുന്ന ഗായത്രിയുടെ വാക്കുകള്‍. പാട്ട് പാടി റെക്കോര്‍ഡ് ചെയ്യാന്‍ അമ്മയുടെ കൂടെ വാഹിനി സ്റ്റുഡിയോയില്‍ ചെല്ലുമ്പോള്‍ കൗമാരക്കാരിയാണ് ഗായത്രി; വിദ്യാര്‍ത്ഥിനിയും. ചെറുപ്പം മുതലേ പള്ളുരുത്തിയിലും പരിസരങ്ങളിലും സംഗീതക്കച്ചേരികള്‍ നടത്തി സദസ്സിനെ കയ്യിലെടുത്തിരുന്ന കുട്ടിയെ സിനിമയില്‍ പാടിക്കണമെന്ന്  രാരിച്ചന്റെ നിര്‍മാതാവ് ഫോര്‍ട്ടുകൊച്ചിക്കാരന്‍ ടി കെ പരീക്കുട്ടി മോഹിച്ചത് സ്വാഭാവികം. പക്ഷേ സിനിമ അത്ര വലിയ ആകര്‍ഷണമല്ല അന്ന്; പ്രലോഭനവും.  അതുകൊണ്ടു തന്നെ ഗായത്രിയെ സിനിമയില്‍ പാടിക്കാന്‍  വീട്ടുകാര്‍ ആദ്യം മടിച്ചു. എങ്കിലും സ്വന്തം നാട്ടുകാരനും കുടുംബസുഹൃത്തുമായ  പരീക്കുട്ടി സാഹിബിന്റെ ക്ഷണം വെറുതെയങ്ങു തള്ളിക്കളയാനാകുമായിരുന്നില്ല ഗായത്രിയുടെ അമ്മക്ക്. ഈ ഒരൊറ്റ  സിനിമയില്‍ പാടിയ ശേഷം രംഗം വിടാം എന്ന ഉറച്ച തീരുമാനത്തോടെ   അമ്മയും മകളും ചെന്നൈയിലേക്ക് വണ്ടി കയറുന്നത് അങ്ങനെയാണ്.

സ്റ്റുഡിയോയില്‍ ചെന്നപ്പോള്‍ അന്നത്തെ പ്രശസ്ത ഗായകര്‍ എല്ലാവരും ഉണ്ടവിടെ. മെഹബൂബ്, ശാന്താ പി നായര്‍, പി ലീല, ഹാജി അബ്ദുള്‍ഖാദര്‍... പാട്ടുകാര്‍ക്ക് ഒരു മൈക്ക്, ഓര്‍ക്കസ്ട്രക്കാര്‍ക്ക് മറ്റൊന്ന്.  അതാണ് അന്നത്തെ സമ്പ്രദായം. വന്ദ്യവയോധികനായ സൗണ്ട് എഞ്ചിനീയറുടെ പേര് കൃഷ്ണയ്യര്‍ എന്നാണെന്ന് പിന്നീടാരോ പറഞ്ഞറിഞ്ഞു. അധികം ഉപകരണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല ഓര്‍ക്കസ്ട്രയില്‍. ഒരു ഫ്‌ളൂട്ട്, തബല, വയലിന്‍.. അത്രമാത്രം. നേരത്തെ തന്നെ നന്നായി റിഹേഴ്‌സല്‍ ചെയ്തിരുന്നതിനാല്‍ അധികം ടേക്ക് ഒന്നും വേണ്ടിവന്നില്ല.  ചെറിയൊരു പരിഭ്രമം ഉണ്ടായിരുന്നു ഉള്ളില്‍ എന്നത് പരമാര്‍ഥം.  സ്റ്റുഡിയോയും മൈക്കുമൊക്കെ ആദ്യം കാണുകയല്ലേ. അമ്പരപ്പ് മാറ്റിയെടുക്കാന്‍ സഹായിച്ചത് ഭാസ്‌കരന്‍ മാഷിന്റെയും  രാഘവന്‍ മാഷിന്റെയും  ശാന്താ പി നായരുടേയും പ്രോത്സാഹന വാക്കുകളാണ്. നാഴൂരിപ്പാലിന് പിന്നാലെ 'രാരിച്ചനി''ല്‍ ശാന്താ പി നായര്‍ക്കൊപ്പം ഒരു ഗാനം കൂടി പാടി ഗായത്രി: 'മണവാളന്‍ വന്നല്ലോ. ''

gayathri sreekrishnan

മറ്റൊരു മറക്കാനാവാത്ത അനുഭവം കൂടി സമ്മാനിച്ചു ആ ചെന്നൈ യാത്ര. റെക്കോര്‍ഡിംഗ് കാണാന്‍ വെറുതെ കൊളംബിയ സ്റ്റുഡിയോയില്‍ ചെന്നതായിരുന്നു ഗായത്രി. ബാബുരാജിന്റെ ഏതോ നാടകഗാനങ്ങളുടെ ശബ്ദലേഖനം നടക്കുന്നു അവിടെ. കോഴിക്കോട് അബ്ദുള്‍ഖാദറാണ് ഗായകന്‍. 'പാട്ടു കേട്ടിരിക്കെ ചുമ്മാ ഒരു ഈണം മൂളി ഞാന്‍. അത് ശ്രദ്ധിച്ച സൗണ്ട് എഞ്ചിനീയര്‍ക്ക് എന്റെ ശബ്ദം  റെക്കോര്‍ഡ് ചെയ്യണം എന്നൊരു മോഹം. സ്ഥലത്തുണ്ടായിരുന്ന കൊളംബിയ മാനേജര്‍ കണ്ണയ്യങ്കാരില്‍ നിന്ന്  അദ്ദേഹം നേരിട്ട് സമ്മതം വാങ്ങി. പക്ഷേ ഒരു പ്രശ്‌നം. റെക്കോര്‍ഡ് ചെയ്യാന്‍ പാട്ടെവിടെ? ആ സമയത്ത് യാദൃച്ഛികമായി അവിടെ എത്തിയ വയലാര്‍ രാമവര്‍മ്മ കാര്യമറിഞ്ഞപ്പോള്‍ പറഞ്ഞു: ഞാന്‍ എഴുതിത്തരാം രണ്ടു പാട്ട്. ഈ കുട്ടിക്ക് വേണ്ടിയല്ലേ?'' രണ്ടു ഗാനങ്ങള്‍ ഇരുന്ന ഇരുപ്പില്‍ എഴുതിക്കൊടുക്കുന്നു വയലാര്‍. അവയ്ക്ക് അവിടെ വെച്ച് അപ്പോള്‍ത്തന്നെ സംഗീതം പകരുന്നു ഗായകന്‍ കോഴിക്കോട് അബ്ദുള്‍ഖാദര്‍. ഒരു യുഗ്മഗാനവും ഒരു സോളോയും. "ഖാദറിനൊപ്പം പാടിയ ഡ്യൂയറ്റിന്റെ ആദ്യ വരി മാത്രം ഓര്‍മയുണ്ട്: പോയി നീ ദൂരെ... ഗ്രാമഫോണ്‍ റെക്കോര്‍ഡ് പുറത്തിറങ്ങിയോ എന്നുപോലും അറിയില്ല.'' അബ്ദുള്‍ഖാദറില്‍ നല്ലൊരു  സംഗീത സംവിധായകന്‍ കൂടിയുണ്ടായിരുന്ന കാര്യം എത്രപേര്‍ക്കറിയാം?

അതേ സ്റ്റുഡിയോ ഫ്ളോറിലായിരുന്നു 'രാരിച്ചന്‍'' സിനിമയുടെ  ചിത്രീകരണവും. നാഴൂരിപ്പാല്  പാടി അഭിനയിച്ചത് പ്രശസ്ത നടി പ്രേമയും  അക്കാലത്തെ പ്രമുഖ നാടകകലാകാരി വിലാസിനിയും ചേര്‍ന്ന്. 1956 ഫെബ്രുവരിയില്‍ റിലീസായ 'രാരിച്ചന്‍' നിരൂപക ശ്രദ്ധ നേടിയെങ്കിലും ബോക്‌സാഫീസില്‍ തിളങ്ങിയില്ല. 'ഇത്ര കാലം കഴിഞ്ഞും നമ്മുടെ പാട്ട് നിലനില്‍ക്കുന്നു എന്നറിയുന്നതില്‍  സന്തോഷം.'' ഗായത്രി. 'ആകെയുള്ള ദുഃഖം അതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച മറ്റാരും ഇന്ന് ഒപ്പമില്ലല്ലോ എന്നോര്‍ക്കുമ്പോഴാണ്.'' രാരിച്ചനില്‍ പാടി നാട്ടിലേക്ക് മടങ്ങിയ ശേഷം സിനിമയിലേക്ക് തിരിച്ചുചെന്നതേയില്ല ഗായത്രി ശ്രീകൃഷ്ണന്‍. അച്ഛനെ ചെറുപ്പത്തിലേ നഷ്ടപ്പെട്ടശേഷം അമ്മയാണ് ഞാന്‍ ഉള്‍പ്പെടെയുള്ള മൂന്നു പെണ്‍മക്കളെയും വളര്‍ത്തിക്കൊണ്ടുവന്നത്. സിനിമയില്‍ പാടണമെങ്കില്‍ ഇടയ്ക്കിടെ ദൂരയാത്ര വേണ്ടിവരും. അത്തരം യാത്രകളും അന്യനാട്ടില്‍ താമസവുമൊക്കെ ബുദ്ധിമുട്ടാണ്. കൂട്ടിന് എന്നും അമ്മ തന്നെ വേണ്ടേ?'' അമ്മയെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ വേണ്ടി സിനിമാ മോഹങ്ങളൊക്കെ സ്വയം വേണ്ടെന്നു വച്ചെങ്കിലും സംഗീതത്തെ ഉപേക്ഷിച്ചില്ല ഗായത്രി. എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ പ്രീ യൂണിവേഴ്‌സിറ്റി പഠനം പൂര്‍ത്തിയാക്കിയ ശേഷം കോഴിക്കോട് ആകാശവാണിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റ് ആയി ചേര്‍ന്നു അവര്‍. അര  നൂറ്റാണ്ടോളം നീണ്ട ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. പ്രക്ഷേപക, പാട്ടുകാരി, നാടകനടി അങ്ങനെ  വൈവിധ്യമാര്‍ന്ന റോളുകള്‍. 

ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂര്‍ത്തം പക്ഷേ ഇതൊന്നുമല്ല. ഗന്ധര്‍വ ഗായകന്‍ മുഹമ്മദ് റഫിയോടൊപ്പം സ്റ്റേജില്‍  പാടിയതാണ്. മട്ടാഞ്ചേരിക്കടുത്ത പഴയ പട്ടേല്‍ ടാക്കീസില്‍ നടന്ന ഗാനമേളയില്‍ പണ്ഡിറ്റ് നെഹ്‌റുവിനെ പ്രകീര്‍ത്തിച്ച് ഭജുഗ് ജുഗ് ജിയേ ജവാഹര്‍ലാല്‍' എന്നൊരു പാട്ട് റഫി സാഹിബിനൊപ്പം പാടുമ്പോള്‍ ഗായത്രിക്ക് പ്രായം പന്ത്രണ്ട്. മെഹബൂബും ഉണ്ടായിരുന്നു അന്ന് കോറസില്‍ ഒപ്പം. പാട്ട് പാടിക്കഴിഞ്ഞ ശേഷം തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ പുറത്തു തട്ടി റഫി ചോദിച്ചു: കുട്ടീ, ബോംബെയിലേക്ക് വന്നാല്‍ ഇനിയും പാടാം. വരുന്നോ? ഇല്ലെന്നു തലയാട്ടി ഒന്നും മിണ്ടാതെ പകച്ചുനിന്നു കൊച്ചു ഗായത്രി. 'അന്നു കൈവിട്ട സൗഭാഗ്യത്തെ കുറിച്ച് ഇന്നോര്‍ക്കുമ്പോള്‍ വലിയ നഷ്ടബോധം തോന്നും.''

ഓര്‍മയുടെ കണ്ണികള്‍ എവിടെയൊക്കെയോ മുറിയുന്നു. ചില മുഖങ്ങളും പേരുകളും ശബ്ദങ്ങളും പിടിതരാതെ പാറിനടക്കുന്നു ചുറ്റിലും. എങ്കിലും അറുപതാണ്ടു മുന്‍പ് പാടിയ പാട്ടിന്റെ വരികള്‍ ഇന്നും മറന്നിട്ടില്ല ഗായത്രി; മറക്കുകയുമില്ല: 'മഞ്ഞിന്റെ തട്ടമിട്ടു ചന്ദ്രന്‍ മേലേ, സുറുമയാല്‍ കണ്ണെഴുതി താരകള്‍ നീളെ, അന്തിക്ക് പടിഞ്ഞാറേ ചെന്തെങ്ങിന്‍ കുലവെട്ടി കല്യാണവീട്ടിലാരോ തൂമുല്ലപ്പന്തലു കെട്ടി...''