Picture

ഞാന്‍ ഗാന്ധിയെ തൊട്ടു ഉമ്മാ

1908 ജനുവരി 19നു വൈക്കം താലൂക്കില്‍ തലയോലപ്പറമ്പില്‍ ജനിച്ചു. കായി അബ്ദുറഹ്മാന്റെയും കുഞ്ഞാച്ചുമ്മയുടെയും മൂത്തമകന്‍. തലയോലപ്പറമ്പിലെ മലയാളം സ്‌കൂളിലൂം വൈക്കം ഇംഗ്ലീഷ്‌ സ്‌കൂളിലും പഠിച്ചു. ഗാന്ധിജിയെ കാണുന്നതിനു വേണ്ടി വീട്ടില്‍ നിന്നുമിറങ്ങി. ഞാന്‍ ഗാന്ധിയെ തൊട്ടു ഉമ്മാ എന്ന് അദ്ദേഹം പിന്നീടെഴുതി. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഉപ്പു സത്യഗ്രഹത്തില്‍ പങ്കെടുത്തു. തുടര്‍ന്നു ജയില്‍ശിക്ഷ അനുഭവിച്ചു. ഇന്ത്യ കൂടാതെ ആഫ്രിക്ക, അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും സഞ്ചരിച്ചു.

ഭഗത് സിങ്ങിന്റെ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി ഉജ്ജീവനം എന്ന വാരിക പ്രസിദ്ധീകരിച്ചു. പിന്നീട് പൗരനാദം, ഭാരതചന്ദ്രിക, സാരസന്‍ തുടങ്ങിയ മാഗസിനുകളുടെ പത്രാധിപസമിതിയില്‍ പ്രവര്‍ത്തിച്ചു. എറണാകുളത്തു ബഷീര്‍ സര്‍ക്കിള്‍ ബുക് ഹൗസ് തുടങ്ങി. പിന്നീട് ബഷീര്‍സ് ബുക്സ്റ്റാള്‍ എന്ന പേരില്‍ അറിയപ്പെട്ടു. ജയകേരളം മാസികയില്‍ പ്രസിദ്ധീകരിച്ച 'തങ്കം' ആണ് ആദ്യകഥ. മലയാള സാഹിത്യത്തിലെ യഥാതഥ(റിയലിസ്റ്റ്) പ്രസ്ഥാനത്തിന് വിത്തിടുകയായിരുന്നു 1940 കളുടെ തുടക്കത്തില്‍ ബഷീര്‍. പ്രേമലേഖനം(1943), ബാല്യകാലസഖി(1944) എന്നീ നോവലുകള്‍ റിയലിസത്തിന്റെ ആദ്യകിരണങ്ങളായി.

അനുഭവങ്ങളുടെ ചൂടും ചൂരുമാണ് ആവിഷ്‌കാരത്തില്‍ ബഷീറിന്റെ ലോകം. എഴുതുന്നതിന്റെ രൂപമെന്തെന്നോ, ആഖ്യാന രീതി എങ്ങനെയാകണമെന്നോ ശ്രദ്ധിച്ചില്ല. ചെറിയ പുസ്തകമെഴുത്തിലൂടെ വായനക്കാരെ കീഴടക്കി. സ്വന്തം അനുഭവങ്ങള്‍ സ്വന്തം ഭാഷയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു. തന്റെ കഥാപാത്രങ്ങളെ വ്യത്യസ്തമാക്കാന്‍ ബഷീറിന് പ്രത്യേക കരവിരുതുണ്ടായിരുന്നു.

Picture

ബഷീറിന്റെ ലോകം, പുതിയൊരു ഭാഷ

സാധാരണ മനുഷ്യന്റെ ജീവിതത്തെ സാഹിത്യത്തിലേക്കു തുറന്നുവിട്ട ബഷീര്‍ പുതിയൊരു ഭാഷയും വ്യാകരണവും സൃഷ്ടിച്ചു. മനുഷ്യനെയും പ്രകൃതിയെയും ഈശ്വരനെയും സ്‌നേഹിക്കുന്ന പ്രപഞ്ചദര്‍ശനമായിരുന്നു അത്. തെരുവില്‍, അങ്ങാടിയില്‍, മുക്കൂട്ടപ്പെരുവഴിയില്‍, വീട്ടകങ്ങളില്‍ എല്ലാം ബഷീറിന്റെ മനുഷ്യരുണ്ട്. വേദനിക്കുന്നവരും ക്ഷോഭിക്കുന്നവരും ചിരിക്കുന്നവരും ചിരിപ്പിക്കുന്നവരുമെല്ലാമുണ്ട് ആ കൂട്ടത്തില്‍. 'ബാല്യകാലസഖി'യെപ്പറ്റി എം.പി.പോള്‍ പറഞ്ഞ 'ജീവിതത്തില്‍നിന്നു വലിച്ചു ചീന്തിയ ഒരേടാണ്. വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു....' എന്ന പ്രയോഗം ബഷീറിന്റെ ഓരോ കഥാപാത്രത്തിനും യോജിക്കും. ഗ്രാമജീവിതത്തിന്റെ എല്ലാ ലാളിത്യങ്ങളും കുഴച്ചു ചേര്‍ത്തു ബഷീര്‍ സൃഷ്ടിച്ച ഒരുപാടു കഥാപാത്രങ്ങളുണ്ട്. ആനവാരി രാമന്‍നായര്‍, പൊന്‍കുരിശുതോമ എന്നീ കള്ളന്‍മാരും അവര്‍ക്കു ഗുരുസ്ഥാനീയരായ തൊരപ്പന്‍, ഡ്രൈവര്‍ എന്നീ പെരുങ്കള്ളന്‍മാരും മുച്ചീട്ടുക്കളിക്കാരന്‍ പോക്കര്‍, പോക്കറ്റടിക്കാരന്‍ മണ്ടന്‍ മുത്തപ തുടങ്ങിയവരുമൊക്കെ ഉള്‍പ്പെടുന്ന ആ സംഘത്തെ വായനക്കാര്‍ സ്വീകരിച്ചു.

കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരും നിയമ നിഷേധികളുമായ ബഷീറിന്റെ കഥാപാത്രങ്ങളെ ആരും വെറുത്തില്ല. കാരിക്കേച്ചറുകളെ ഓര്‍മിപ്പിക്കുന്ന അവുടെ ഫലിത ജീവിതങ്ങള്‍ക്കു പിന്നില്‍ ദുഖത്തിന്റെ ഒരു വലിയ ലോകം ബഷീര്‍ മറച്ചുവച്ചു. താമശയുടെ കസവുകൊണ്ടു പൊതിഞ്ഞ വേദനയുടെ ശരീരമായിരുന്നു അത്. 'പാത്തുമ്മയുടെ ആടി'ലെ ബഷീറും, 'ബാല്യകാല സഖി'യിലെ മജീദും 'ജന്‍മദിന'ത്തിലെ പട്ടിണിക്കാരനായ എഴുത്തുകാരനും 'ടൈഗ'റിലെ തടവുകാരും 'പാവപ്പെട്ടവരുടെ വേശ്യ'യിലെ പൊലീസുകാരന്റെ ലാത്തിയടികൊണ്ടു വീഴുന്ന വേശ്യയും 'മതിലു'കളിലെ തടവുകാരനും വേദനയുടെ മറുലോകമാണ്. മനുഷ്യര്‍മാത്രമല്ല, ബഷീറിന്റെ ലോകത്തിന്റെ അവകാശികള്‍.

ഭൂമിയിലെ സമസ്ത ജീവജാലങ്ങളെയും സ്‌നേഹിച്ചതുകൊണ്ടു ബഷീര്‍ അവര്‍ക്കും തന്റെ കഥാപ്രപഞ്ചത്തില്‍ ഇടം നല്‍കി. പൂക്കളും ചെടികളും പ്രാണിസഞ്ചയവുമെല്ലാം ബഷീറിന്റെ കഥാപാത്രങ്ങളായി. 'ബാല്യകാലസഖി'യില്‍ ഒരു ചെമ്പരത്തിയും 'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നി'ല്‍ കുരുവിയും 'മതിലു'കളില്‍ റോസാച്ചെടിയും കഥാപാത്രങ്ങളായത്തീര്‍ന്നു. പരിസ്ഥിതിയെയും ഹരിതസാഹിത്യത്തെയും കുറിച്ചുള്ള അവബോധം മലയാളത്തില്‍ രൂപപ്പെടും മുമ്പാണു ബഷീര്‍ ഭൂമിയുടെ അവകാശികള്‍ കഥയെഴുതിയത്.

Picture

'പോടാ, പോ. നീ രാജ്യോക്കെ ചുറ്റി ഒന്നുപഠിച്ചിട്ടു വാ'

ഊരുചുറ്റിയുടെ ജീവിതമായിരുന്നു ചെറുപ്പത്തില്‍ സ്വീകരിച്ചത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാന്‍ സ്‌കൂളില്‍നിന്ന് ഒളിച്ചോടി കോഴിക്കോട്ടു പോയതു മുതല്‍ തുടങ്ങുന്ന സഞ്ചാരകഥ. പിന്നീടു പലയിടങ്ങളിലും ബഷീര്‍ അലഞ്ഞു തിരിഞ്ഞു. ആഫ്രിക്കയും അറേബ്യയും വരെ ചെന്നെത്തി ആ യാത്രകള്‍. വിവിധ തൊഴിലുകളിലേര്‍പ്പെട്ട ബഷീര്‍ ആ യാത്രകളില്‍നിന്നു തന്റെ സാഹിത്യജീവിതത്തിന് വേണ്ട വെള്ളവും ധാതുലവണങ്ങളും സ്വീകരിക്കുകയായിരുന്നു. ബഷീറിന് ഓരോ യാത്രയും വീട്ടിലേക്കു മടങ്ങിവരാനുള്ളതായിരുന്നു. മടങ്ങിവരവിന്റെ സ്വാസ്ഥ്യത്തിലിരുന്നുകൊണ്ടുള്ള ഏകാന്തധ്യാനത്തില്‍ നിന്നാണ് അദ്ദേഹത്തിന്റെ കൃതികള്‍ പിറന്നത്.

തമാശകഥകള്‍ക്കു പുറത്തുള്ള മറ്റു കൃതികളില്‍ ബഷീര്‍ സൃഷ്ടിച്ച സ്ഥലങ്ങള്‍ വേദനയുടെതായിരുന്നു. ജയിലുകള്‍, പൊലീസ് ലോക്കപ്പുകള്‍, വാടകമുറികള്‍, വഞ്ചനയും ചതിയും ദാരിദ്രവും നിറഞ്ഞ നഗരങ്ങള്‍ അങ്ങനെയുള്ള ഇടങ്ങളില്‍ നീറിപ്പുകയുന്ന മനുഷ്യജീവിതത്തിന്റെ സങ്കടങ്ങള്‍ ബഷീര്‍ എഴുതി. ഇന്ത്യ സ്വതന്ത്രമായ 1947ല്‍ പ്രസിദ്ധീകരിച്ച 'ശബ്ദങ്ങള്‍' എന്ന നോവലിലൂടെ വ്യവസ്ഥാപിത സാമൂഹിക നീതിയെയും സദാചാര സങ്കല്‍പ്പത്തെയും ബഷീര്‍ പരസ്യമായി വെല്ലുവിളിച്ചു. 'പോടാ, പോ. നീ രാജ്യോക്കെ ചുറ്റി ഒന്നു പഠിച്ചിട്ടു വാ' എന്നാണ് 'ബാല്യകാലസഖി' യിലെ മജീദിനോട് അവന്റെ ബാപ്പ പറഞ്ഞത്. ആ ശബ്ദം ലോകത്തിന്റെ അറ്റംവരെ മജീദിനെ ഓടിക്കാന്‍ പര്യാപ്തമായിരുന്നു എന്നാണു ബഷീര്‍ എഴുതുന്നത്. അവധൂതനെപ്പോലെ അലഞ്ഞ ബഷീറാണു മജീദെന്നു വളരെ വേഗം വായനക്കാര്‍ക്കു മനസ്സിലായി.

അനുഭവങ്ങള്‍കൊണ്ടു ചെറിയൊരു കഥാലോകമുണ്ടാക്കി. അതില്‍ വായനക്കാര്‍ അവരുടെ ജീവിതം കണ്ടു. കുറേ പൊടിക്കൈകളും നേരം പോക്കുകളുമുണ്ടെങ്കില്‍ നാടകമായെന്നു ധരിച്ചുവെച്ച കാലത്തിലാണ് യഥാര്‍ത്ഥ ജീവിത്തില്‍നിന്ന് ചീന്തിയെടുത്ത 'കഥാബീജം' (1945) അരങ്ങിലെത്തിച്ചത്. 'നീലവെളിച്ചം' എന്ന സ്വന്തം ചെറുകഥയെ ആധാരമാക്കിയാണ് ബഷീര്‍ 'ഭാര്‍ഗവീനിലയം' എന്ന സിനിമയുടെ തിരക്കഥ എഴുതിയത്. ഇതു ചലച്ചിത്ര ചരിത്രത്തിലും ബഷീറിന് ഇടം നല്‍കി. പ്രേതാലയം എന്നതിന്റെ മറുവാക്കായി മാറി പിന്നീട് ഭാര്‍ഗവീനിലയം. പിന്നീടൊരിക്കലും സിനിമയുടെ വഴിയിലേക്കു ബഷീര്‍ എത്തിയതുമില്ല.

Picture

'സ്ത്രീധനം കിട്ടിയതാണോടോ മലയാള ഭാഷ?'

മലയാള വ്യാകരണം പഠിക്കണമെന്ന് ഉപദേശിച്ച അനുജന്‍ അബ്ദുള്‍ഖാദറിനോട് ' പോടാ ബടുക്കേ, നിന്റെ കെട്ടിയോള്‍ക്ക് സ്ത്രീധനം കിട്ടിയതാണോടാ മലയാള ഭാഷ? എനിക്കിഷ്ടമുള്ളതുപോലെ എഴുതും. അറിയാവുന്ന അക്ഷരങ്ങള്‍വെച്ച് എഴുതുമെടാ ഞാന്‍. നിന്റെ ഒരു തൊലിപാണ്ടന്‍ വ്യാകരണം.' എന്നാണ് ബഷീര്‍ മറുപടി നല്‍കുന്നത്. കുറച്ചു പേജുകളുള്ള പുസ്തകത്തില്‍ വലിയൊരു പ്രപഞ്ചം നിറച്ച ബഷീര്‍ നോവലിന്റെ രൂപം, ഇതിവൃത്തം, ആഖ്യാനരീതി തുടങ്ങിയവയെപ്പറ്റിയുള്ള സങ്കല്‍പ്പങ്ങള്‍ തിരുത്തിയെഴുതി.

ജീവിതത്തിന്റെ പാഠപുസ്തകങ്ങളും ജീവിതത്തിനുവേണ്ടിയുള്ള പാഠപുസ്തകങ്ങളുമായിരുന്നു ബഷീറിന്റെ നോവലുകള്‍. ജാതിമത സ്പര്‍ധകള്‍ കത്തിനിന്ന കാലത്ത് 'പ്രേമലേഖന'ത്തിലെ വ്യത്യസ്ത മതസ്ഥരായ കാമുകിയും കാമുകനും തങ്ങള്‍ക്കുണ്ടാകുന്ന മകനു നല്‍കാനുദ്ദേശിച്ച പേര് 'ആകാശമിഠായി' എന്നതാണ്. പേരിനു പിന്നില്‍ വിശ്വാസത്തെയോ മതത്തെയോ കുറിക്കുന്ന ഒന്നും ഉണ്ടാവരുത് എന്നാണ് ബഷീര്‍ എഴുതിയത്.

Picture

ബഷീറിന്റെ കണ്ടുപിടുത്തങ്ങള്‍

വാക്കുകള്‍കൊണ്ട് ആരും കേള്‍ക്കാത്ത പ്രയോഗം നടത്താന്‍ മിടുക്കനായിരുന്നു ബഷീര്‍. താന്‍ പറയുന്നതാണു ഭാഷയെന്ന് ബഷീര്‍ കരുതി. കഥാപാത്രങ്ങളുടെ പേരുകളിലും ബഷീര്‍ പുതുമ കണ്ടെത്തി.
പ്രേമലേഖനം: ഡങ്ക് ഡിങ്കോ ഹോ, ചപ്ലോസ്‌കി, കുള്‍ട്ടാപ്പന്‍, ആകാശമിഠായി, ചപ്ലാച്ചി, ഡബിള്‍ ക്രൂര ഹൃദയം, ഡുങ്കുഡു തഞ്ചി. ബാല്യകാല സഖി: ഉമ്മിണി വല്യ ഒന്ന്.
ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്: ക്ലോം,ച്‌ലോം, പ്ലോം, ഉമ്മിണിശ്ശ, ഹല്ല തുട്ടാപ്പി,
ഗുത്തിനി ഹാലിട്ട ലിത്താപ്പോ
സഞ്ചിനി ഹാലിട്ട ലുട്ടാപീ
ഹാലിത്തമാണിക്ക ലിഞ്ചല്ലോ
സങ്കര ബാഹ്ന തൂലീപീ....
സ്ഥലത്തെ പ്രധാന ദിവ്യന്‍: ഹലി...ഹലിയോഹലി...ഹുലാലോ!
സുന്ദര സുരഭില സ്വപ്നം: ഹുന്ത്രാപ്പിബുസ്സാട്ടോവിലെ പെണ്ണ് ഇതല്ലേ?
കഥാപാത്രങ്ങളുടെ പേരുകള്‍: എട്ടുകാലി മമ്മൂഞ്ഞ്, മണ്ടന്‍ മുത്തപ്പ, ആനവാരി രാമന്‍ നായര്‍, പൊന്‍കുരിശു തോമ, തുരപ്പന്‍ അവറാന്‍, മുഴയന്‍ നാണു, കണ്ടമ്പറയന്‍

Picture

എഴുത്തിന്റെ ഹൃദയ ദ്രവീകരണ ശക്തി

(വാക്കുകള്‍ ഹൃദയത്തിലേക്കു നേരിട്ടെത്തുന്ന കഥനശൈലിയാണ് ബഷീറിനെ കാലങ്ങള്‍ കഴിഞ്ഞിട്ടും നിലനിര്‍ത്തുന്നത്. സ്വന്തം ജീവിതാനുഭവങ്ങള്‍ എഴുതുമ്പോള്‍ അത് നൂറു മടങ്ങ് കരുത്തുള്ളതായി മാറുന്നു.)

ബ്രിട്ടീഷ് ഭരണത്തിലുള്ള മലബാറില്‍ സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടു നടക്കുകയാണ്. തിരുവിതാംകൂറിലും കൊച്ചിയിലും സമരമില്ല, നാട്ടുരാജ്യങ്ങളാണ്. കോഴിക്കോട്ട് ഉപ്പുസത്യഗ്രഹം നടന്നുകൊണ്ടിരിക്കുന്നു. ഞാന്‍ വീട്ടില്‍നിന്നും ഒളിച്ചോടി കോഴിക്കോട്ടെത്തി. കള്ളവണ്ടി കയറിയാണ്. അല്‍ അമീന്‍ പത്രത്തില്‍ എന്റെ നാട്ടുകാരനായ സൈദുമുഹമ്മദ് ജോലി ചെയ്യുന്നുണ്ട്. അദ്ദേഹത്തെ കാണാന്‍ പോയി. ആള്‍ സ്ഥലത്തില്ല. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു ബല്ലാരി ജയിലില്‍ തടവില്‍ കഴിയുകയാണ്. ഇനിയെന്തു ചെയ്യും? പരിചയക്കാരും സഹായികളും ഇല്ല. കൈയില്‍ കാല്‍ കാശില്ല. ആപ്പീസിനുള്ളില്‍ ചൂടു പിടിച്ച വര്‍ത്തമാനം നടക്കുന്നുണ്ട്. എനിക്കു താത്പര്യം തോന്നിയില്ല. സന്ധ്യയായി. കോലായില്‍ ഇരുന്നു. പിന്നെ ചുരുണ്ടുകൂടി കിടന്നു. അങ്ങനെ ഉറങ്ങാതെ ഏറെ നേരം കിടന്നിരിക്കണം. മുറ്റത്ത് ഒരു ടോര്‍ച്ചലൈറ്റിന്റെ മിന്നിച്ചയും ഷൂസിന്റെ ബലമായ ചവിട്ടും. 'ആരാ പുറത്തു കിടക്കുന്നത്?' ചോദ്യം എന്നോടായിരുന്നു. 'ഞാന്‍ ഇവിടത്തുകാരനല്ല. പറഞ്ഞാല്‍ അറിയില്ല.' ഞാന്‍ പറഞ്ഞു. 'എന്നാലും പറയൂ.' ദീര്‍ഘകായനായ ആ മനുഷ്യന്‍ നടന്നു മുന്നിലെത്തി. ഞാന്‍ അല്പം ദേഷ്യത്തോടെ പറഞ്ഞു: 'ഞാന്‍ ഇവിടത്തുകാരനല്ല. പറഞ്ഞാല്‍ അറിയില്ല.' അതേ ഗൗരവത്തില്‍തന്നെ അദ്ദേഹം ചോദിച്ചു: 'ഊണു കഴിച്ചോ?'
'ഇല്ല.'
പേരും മേല്‍വിലാസവും ഇല്ലാതെതന്നെ ഊണു കഴിഞ്ഞു ലോഡ്ജില്‍ പായും തലയിണയുമായി സുഖശയനം ചെയ്യുമ്പോള്‍ ഞാന്‍ മനസ്സിലാക്കി, അതാണ് മുഹമ്മദ് അബ്ദുറഹ്മാന്‍.
(ധര്‍മ്മരാജ്യം)

Picture

'ചോറും കറിയുംവച്ച് എല്ലാ രാത്രിയും ഞാന്‍ കാത്തിരിക്കും'

(ബാപ്പയോടു പിണങ്ങി സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാനായി കോഴിക്കോട്ടെത്തിയ യുവാവായ ബഷീറിനെ സമരമുഖത്തു നിന്ന് പൊലീസുകാരനായ അച്ചുതന്‍ രക്ഷിച്ച് വീട്ടിലേക്കു തിരിച്ചു പോവാന്‍ പറയുന്നു. ബഷീര്‍ തുടര്‍ന്ന് എഴുതുന്നു:)

മിസ്റ്റര്‍ അച്ചുതന്‍തന്നെ എന്നെ വണ്ടി കയറ്റി അയച്ചു. എറണാകുളത്തു വന്നു മുസ്ലിം ഹോസ്റ്റലില്‍ ഒരു മാസം താമസിച്ചു. വീട്ടിലേക്കു ചെല്ലാന്‍ നാണം. നിരാശയും വ്യസനവും മടിയും! അവസാനം ഒരു രാത്രി ബോട്ടു മാര്‍ഗം ഞാന്‍ വൈക്കത്തെത്തി. അവിടെനിന്നു തലയോലപ്പറമ്പിലേക്കു നടന്നു. നാലഞ്ചു മൈലുണ്ട്. നല്ല ഇരുട്ട്. പാമ്പും മറ്റം ഉള്ള വഴിയാണ്. ശ്രുവേലിക്കുന്നിനടുത്ത് ഒരു മാങ്കൊമ്പില്‍ ഒരാള്‍ കെട്ടിത്തൂങ്ങി ചത്തിട്ടുണ്ടായിരുന്നു. രാത്രി മൂന്നു മണി കഴിഞ്ഞിരുന്നു. ഞാന്‍ വീട്ടില്‍, മുറ്റത്തു ചെന്നപ്പോള്‍ 'ആരാത്?' എന്ന് എന്റെ മാതാവു ചോദിച്ചു. ഞാന്‍ വരാന്തയില്‍ കയറി. അമ്മ വിളക്കു കൊളുത്തി. ഒന്നും സംഭവിച്ചിട്ടില്ലാത്ത മാതിരി എന്നോടു ചോദിച്ചു:
'നീ വല്ലതും കഴിച്ചോ മകനേ?'
ഞാന്‍ ഒന്നും പറഞ്ഞില്ല. ഞാന്‍ ആകെ വിങ്ങിപ്പൊട്ടി. ലോകമെല്ലാം ഉറങ്ങിക്കിടക്കുകയാണ്. എന്റെ മാതാവു മാത്രം ഉറക്കമിളച്ചിരിക്കുന്നു! വെള്ളവും കിണ്ടിയും കൊണ്ടുവച്ചിട്ട്, മാതാവ് എന്നോടു കൈകാലുകള്‍ കഴുകാന്‍ പറഞ്ഞു. എന്നിട്ടു ചോറുമ്പാത്രം നീക്കിവച്ചുതന്നു.
വേറൊന്നും ചോദിച്ചില്ല.
എനിക്കത്ഭുതം തോന്നി. 'ഞാന്‍ ഇന്നു വരുമെന്ന് ഉമ്മ എങ്ങനെ അറിഞ്ഞു?'
അമ്മ പറഞ്ഞു: 'ഓ... ചോറും കറിയുംവച്ച് എല്ലാ രാത്രിയും ഞാന്‍ കാത്തിരിക്കും.'
നിസ്സാരമായ ഒരു പ്രസ്താവന. ഞാന്‍ ചെല്ലാതിരുന്ന ഓരോ രാത്രിയും അമ്മ ഉറക്കമിളച്ച് എന്റെ വരവും കാത്തിരുന്നു.
വര്‍ഷങ്ങള്‍ പിന്നെയും കഴിഞ്ഞു. ജീവിതത്തില്‍ പലതും സംഭവിച്ചു.
അമ്മ ഇന്നും മകനെ പ്രതീക്ഷിക്കുന്നു:
'മകനേ, ഞങ്ങക്കു നിന്നെ ഒന്നു കാണണം...'
(അമ്മ, ഓര്‍മ്മക്കുറിപ്പുകള്‍)

Picture

കൃതികള്‍

കൃതികള്‍ പല ലോകഭാഷകളിലേക്കും ഇന്ത്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

1. പ്രേമലേഖനം 1943
2. ബാല്യകാലസഖി 1944
3. ജന്‍മദിനം 1945
4. കഥാബീജം 19445
5. ഓര്‍മ്മക്കുറിപ്പ് 1946
6. അനര്‍ഘനിമിഷം 1946
7. ശബ്ദങ്ങള്‍ 1947
8. വിഡ്ഢികളുടെ സ്വര്‍ഗ്ഗം 1948
9. ന്റുപ്പാപ്പാക്കൊരാനേണ്ടാര്‍ന്നു 1951
10. മരണത്തിന്റെ നിഴല്‍ 1951
11. മുച്ചീട്ടുകളിക്കാരന്റെ മകള്‍ 1951
12. പാവപ്പെട്ടവരുടെ വേശ്യ 1952
13. സ്ഥലത്തെ പ്രധാന ദിവ്യന്‍ 1953
14. ആനവാരിയും പൊന്‍കുരിശും 1953
15. ജീവിതനിഴല്‍പ്പാടുകള്‍ 1954
16. വിശ്വവിഖ്യാതമായ മൂക്ക് 1954
17. വിശപ്പ് 1954
18. പാത്തുമ്മായുടെ ആട് 1959
19. മതിലുകള്‍ 1965
20. ഒരു ഭഗവദ്ഗീതയും കുറെ മുലകളും 1967
21. താരാസ്‌പെഷ്യല്‍സ് 1968
22. മാന്ത്രികപ്പൂച്ച 1968
23. നേരും നുണയും 1969
24. ഒര്‍മ്മയുടെ അറകള്‍ 1973
25. ആനപ്പൂട 1975
26. ചിരിക്കുന്ന മരപ്പാവ 1975
27. ഭൂമിയുടെ അവകാശികള്‍ 1977
28. അനുരാഗത്തിന്റെ ദിനങ്ങള്‍ 1983
29. ഭാര്‍ഗവീനിലയം (തിരക്കഥ) 1985
30. എം.പി. പോള്‍ 1991
31. ശിങ്കിടിമുങ്കന്‍ 1991
32. ചെവിയോര്‍ക്കുക ! അന്തിമകാഹളം 1992
33. യാ ഇലാഹി 1994
34. ധര്‍മ്മരാജ്യം (2008)
35. ബഷീര്‍ സമ്പൂര്‍ണ കൃതികള്‍ (രണ്ട് വാല്യം)

Picture

പുരസ്‌കാരങ്ങള്‍

1. പദ്മശ്രീ (1982) 2.കേന്ദ്രകേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ് 3. ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് (കോഴിക്കോട് സര്‍വകലാശാല) 1987 4. സംസ്‌കാര ദീപം പുരസ്‌കാരം (1987) 5. പ്രേംനസീര്‍ പുരസ്‌കാരം (1992) 6. ലളിതാംബിക അന്തര്‍ജനം പുരസ്‌കാരം (1993 7. വള്ളത്തോള്‍ പുരസ്‌കാരം (1993) 8. ജിദ്ദ അരങ്ങ് പുരസ്‌കാരം (1994)

'ഈ മനുഷ്യന്‍ എനിക്കാരാണ്? എന്റെ സാഹിത്യ ജീവിതത്തില്‍ എനിക്കദ്ദേഹം ഒരു താങ്ങോ തണലോ ആയിട്ടില്ല. ബഷീറിയന്‍ സാഹിത്യത്തിന്റെ ചുവടു പിടിച്ച് ഒന്നും ഞാന്‍ എഴുതാന്‍ ശ്രമിച്ചിട്ടുമില്ല. എന്നിട്ടും ഈ മനുഷ്യന്‍ എന്റെ ഹൃദയത്തില്‍ കാലപുരുഷനെപ്പോലെ വളര്‍ന്നു നിറഞ്ഞു നില്‍ക്കുന്നു. എന്തുകൊണ്ട് ? ... ജീവിതത്തിന്റെ ഓടകളിലും മേടകളിലും സഞ്ചരിച്ച ബഷീര്‍ എന്നും വെറും മനുഷ്യനായിട്ടെ നിന്നിട്ടുള്ളു; തന്നെത്തന്നെ തിരിച്ചറിഞ്ഞിട്ടുള്ളു. അധികൃതമായും അനധികൃതമായും ആരൊക്കെയോ വെച്ചുകെട്ടിയ അലങ്കരണങ്ങളും അണിയിച്ച മേലങ്കികളും അദ്ദേഹത്തിന്റെ തനിമയെ ബാധിച്ചിട്ടില്ല.' എം.ടി. വാസുദേവന്‍ നായര്‍


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.