Picture

ഒ.എം നമ്പ്യാരെന്ന ഗുരു

1964 ജൂണ്‍ 27ന് കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ കച്ചവടക്കാരനായിരുന്ന പൈതലിന്റെയും ലക്ഷ്മിയുടെയും ആറു മക്കളില്‍ രണ്ടാമതായി ജനനം. തൃക്കോട്ടൂര്‍ സ്‌കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കണ്ണൂരിലെ ജി.വി രാജാ സ്‌പോര്‍ട്‌സ് സ്‌കൂളിലെത്തുന്നതോടെയാണ് കായിക താരമെന്ന നിലയില്‍ ഉഷയുടെ കരിയര്‍ തുടങ്ങുന്നത്. കേരളത്തിന്റെ കായികസംസ്‌കാരം ചിട്ടപ്പെടുത്തിയ ജി.വി രാജയുടെ ക്ഷണപ്രകാരം സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പരിശീലകനായെത്തിയ ഒ.എം നമ്പ്യാര്‍ ഉഷയുടെ കഴിവിനെ കണ്ടെത്തിയതോടെ ഇന്ത്യ കണ്ട ഒരു മികച്ച അത്‌ലറ്റിലേക്കുള്ള യാത്ര തുടങ്ങുകയായിരുന്നു അവിടെ. 100, 200 മീറ്റര്‍ ഓട്ടത്തിലും ഹൈജമ്പിലും 80 മീറ്റര്‍ ഹര്‍ഡില്‍സിലുമായിരുന്നു ഉഷ സ്‌കൂള്‍ പഠനകാലത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 1977ല്‍ കോട്ടയത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 100 മീറ്ററിലെ റെക്കോര്‍ഡ് തിരുത്തി 13 സെക്കന്റില്‍ ഓടിയെത്തി ഉഷ വരവറിയിച്ചു. 1979ല്‍ നാഗ്പൂര്‍ ദേശീയ സ്‌കൂള്‍ കായികമേളയിലും ശ്രദ്ധ പിടിച്ചു പറ്റിയ ഉഷ രണ്ട് വര്‍ഷത്തിന് ശേഷം 100 മീറ്റര്‍ 12.9 സെക്കന്റിനുള്ളില്‍ പൂര്‍ത്തിയാക്കി തന്റെ തന്നെ പേരിലുള്ള റെക്കോര്‍ഡ് തിരുത്തിയെഴുതി.

Picture

നാല് ഒളിമ്പിക്‌സുകള്‍, സിയോളിലെ നാല് സ്വര്‍ണ മെഡലുകള്‍

തന്റെ പതിനാറാം വയസ്സില്‍ മോസ്‌ക്കോ ഒളിമ്പിക്‌സില്‍ 100, 200 മീറ്ററുകളില്‍ ഓടിയ ഉഷ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ സ്പ്രിന്റ് താരമായി മാറി. മോസ്‌ക്കോയിലെ സാഹചര്യങ്ങളും എതിരാളികളുടെ മത്സരാഭിനിവേശവും അന്താരാഷ്ട്ര സാഹചര്യങ്ങളിലെ പരിചയക്കുറവും ഉഷയുടെ പ്രകടനത്തെ ബാധിച്ചു. ഹീറ്റ്‌സില്‍ അഞ്ചാമതായി മത്സരം പൂര്‍ത്തിയാക്കാനേ ഉഷയ്ക്ക്‌ സാധിച്ചുള്ളൂ. 1982ല്‍ ന്യൂഡല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ 100, 200 മീറ്ററുകളില്‍ വെള്ളി നേടിയ ഉഷ പിന്നീട് 400 മീറ്ററില്‍ കൂടി പരീക്ഷണത്തിനിറങ്ങി. കുവൈറ്റില്‍ നടന്ന ഏഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി 400 മീറ്റര്‍ ഓട്ടത്തില്‍ മത്സരിച്ച ഉഷ പുതിയ ഏഷ്യന്‍ റെക്കോര്‍ഡോടെ സ്വര്‍ണവുമായാണ് മത്സരം പൂര്‍ത്തിയാക്കിയത്. പിന്നീട് 1984 ലോസ് ആഞ്ചലിസ് ഒളിമ്പിക്‌സിലും 1988 സിയോള്‍ ഒളിമ്പിക്‌സിലും ഉഷ 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് മത്സരിച്ചത്. ലോസ് ആഞ്ചലിസില്‍ സെക്കന്റിന്റെ നൂറിലൊരംശത്തില്‍ വെങ്കലം നഷ്ടപ്പെട്ടപ്പോള്‍ സിയോളില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ ഉഷയ്ക്ക് സാധിച്ചില്ല. എന്നാല്‍ ലോസ് ആഞ്ചലിസിലെ നിര്‍ഭാഗ്യത്തിന് ശേഷം രണ്ടു വര്‍ഷം കഴിഞ്ഞ് സിയോള്‍ ഏഷ്യന്‍ ഗെയിംസില്‍ നാല് സ്വര്‍ണവും ഒരു വെള്ളിയും നേടിയാണ് ഉഷ തിരിച്ചു വരവ് നടത്തിയത്. പങ്കെടുത്ത അഞ്ച് ഇനങ്ങളിലും പുതിയ ഏഷ്യന്‍ റെക്കോര്‍ഡ് സ്ഥാപിച്ചായിരുന്നു ഉഷയുടെ നേട്ടം. 1996 അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ 4x400 മീറ്റര്‍ റിലേ ടീമില്‍ അംഗമായിരുന്നെങ്കിലും ട്രാക്കിലിറങ്ങിയില്ല.

Picture

സെക്കന്റിന്റെ നൂറിലൊരംശം

400 മീറ്ററിലെ ഏഷ്യന്‍ റെക്കോര്‍ഡിനുടമ, പ്രീ-ഒളിമ്പിക് മത്സരത്തിലും സെമിഫൈനലിലും നിലവിലെ വെള്ളി ജേതാവ് യു.എസ്.എയുടെ ജൂഡി ബ്രൗണിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസം.ലോസ് ആഞ്ചലിസില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലിനിറങ്ങുമ്പോള്‍ പി.ടി ഉഷക്ക് ഒരു മെഡല്‍ എന്ന് എല്ലാവരും ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ആദ്യം ഹീറ്റ്‌സില്‍ ബ്രൗണിന് പിറകില്‍ രണ്ടാമതായി ഫിനിഷ് ചെയ്ത ഉഷ സെമിയില്‍ ബ്രൗണിനെ മറികടന്ന് ഒന്നാം സ്ഥാനത്തോടെ ഫൈനലിലേക്ക് യോഗ്യത നേടി. ആദ്യ സ്റ്റാര്‍ട്ട് ഫൗളായതിന് ശേഷം രണ്ടാം സ്റ്റാര്‍ട്ടിലായിരുന്നു മത്സരം തുടങ്ങിയത്. മികച്ച തുടക്കം ലഭിച്ചില്ലെങ്കിലും അവസാന 200 മീറ്ററില്‍ ഉഷ സര്‍വ്വ ശക്തിയുമെടുത്ത് കുതിച്ചു. മൊറോക്കോയുടെ നവാല്‍ എല്‍ മൗതാവകെല്‍ സ്വര്‍ണമുറപ്പിച്ചതോടെ രണ്ടും മൂന്നൂം സ്ഥാനത്തിനായി ഉഷയും റൊമാനിയയുടെ ക്രിസ്റ്റീന കൊജൊകാറുവും സ്വീഡന്റെ ആന്‍ ലൂയിസ് സ്‌കൊഗ്ലുണ്ടും തമ്മിലായി മത്സരം.എന്നാല്‍ അവസാനം 50 മീറ്ററില്‍ കുതിച്ചെത്തിയ ബ്രൗണ്‍ രണ്ടാമതായി ഫിനിഷ് ചെയ്തു. മൂന്നാമതായി ഉഷയും കൊജൊകാറുവും ഫോട്ടോ ഫിനിഷ് ചെയ്തു. മെഡല്‍ ആര്‍ക്കായിരിക്കുമെന്ന അനിശ്ചിതത്വത്തിന്റെ നിമിഷങ്ങള്‍. അവസാനം ഉഷയുടെ മുഖത്ത് നിരാശ നിഴലിച്ചു. സെക്കന്റിന്റെ നൂറിലൊരംശത്തില്‍ കൊജൊകാറു വെങ്കലം കഴിത്തിലണിഞ്ഞു. അന്ന് ഇന്ത്യന്‍ ഒളിമ്പിക് സംഘത്തെ നയിച്ചിരുന്ന ഹോക്കി താരം സഫര്‍ ഇഖ്ബാല്‍ പിന്നീട് പറയുകയുണ്ടായി..'' ഇപ്പോഴും എന്റെ കണ്ണുകളില്‍ ഇന്ത്യന്‍ അത്‌ലറ്റിന്റെ രാജ്ഞിയെന്ന പദവി പി.ടി ഉഷക്ക് തന്നെയുള്ളതാണ്''

Picture

വിരമിക്കല്‍, തിരിച്ചു വരവ്

1990ല്‍ ബെയ്ജിങ് ഏഷ്യന്‍ ഗെയിംസിന് ശേഷം ട്രാക്കിനോട് വിട പറഞ്ഞെങ്കിലും ഉഷ 1993ല്‍ തിരിച്ചു വരവ് നടത്തി. 1998ല്‍ തന്റെ 34ാം വയസ്സില്‍ ജപ്പാനില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 200 മീറില്‍ തന്റെ പേരിലുള്ള ദേശീയ റെക്കോര്‍ഡ് തിരുത്തി ഉഷ വെങ്കലം നേടി. തൊട്ടടുത്ത വര്‍ഷം കാഠ്മണ്ഡുവില്‍ നടന്ന സാഫ് ഗെയിംസില്‍ ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നേടിയ ഉഷ തൊട്ടടുത്ത വര്‍ഷം വിരമിക്കുന്നതായി പ്രഖ്യാപിച്ചു.''അത്‌ലറ്റിക്‌സാണ് എന്റെ ജീവിതം, ട്രാക്കില്‍ നിന്ന് വിട്ടുപോകാന്‍ എനിക്ക് ഒരിക്കലുമാകില്ല, വളരെ വേദനിപ്പിക്കുന്ന തീരുമാനമാണിത്. പക്ഷേ വളരെ ആലോചിച്ചെടുത്തതാണ്'' ഇനി ട്രാക്കിലേക്കില്ലെന്ന് അറിയിച്ച് ഉഷ പറഞ്ഞ വാക്കുകളാണിത്. പിന്നീട് പരിശീലകയുടെ റോളിലേക്ക് ഉഷ മാറിയപ്പോള്‍ പിന്തുണയുമായി ഭര്‍ത്താവും മുന്‍ ദേശീയ കബഡി താരവുമായ ശ്രീനിവാസനും മകന്‍ വിഘ്‌നേഷും കൂടെയുണ്ടായിരുന്നു.

Picture

പദവികള്‍, പുരസ്‌കാരങ്ങള്‍

രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും ഉഷ വാരിക്കൂട്ടിയ മെഡലുകള്‍ക്കും പുരസ്‌കാരങ്ങള്‍ക്കും എണ്ണമില്ല. വീട്ടിലെ ഒരു മുറിയില്‍ വെക്കാവുന്നതിലുമധികം ബഹുമതികളും മെഡലുകളും 52 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഉഷ സ്വന്തമാക്കി. ലോസ് ആഞ്ചലിസ് ഒളിമ്പിക്‌സിലൂടെ ഒരു ഒളിമ്പിക്‌സ് മത്സരത്തിന്റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയായി. മോസ്‌ക്കോ ഒളിമ്പിക്‌സിലൂടെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ഒളിമ്പിക് സ്പ്രിന്ററെന്ന നേട്ടവും ഉഷ സ്വന്തമാക്കി. 1985-86 വര്‍ഷങ്ങളില്‍ ലോക അത്‌ലറ്റിക്‌സിലെ മികച്ച പത്ത് താരങ്ങളില്‍ ഒരാള്‍ ഉഷയായിരുന്നു. ഉഷയ്ക്ക് മുമ്പും പിമ്പും പിന്നീടും ഇന്ത്യയില്‍ നിന്നൊരാളും ഈ പട്ടികയില്‍ ഇടം നേടിയിട്ടില്ല. ഏഷ്യന്‍ ഗെയിംസില്‍ നാല് സ്വര്‍ണവും എട്ടു വെള്ളിയും, ഏഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് മീറ്റില്‍ 14 സ്വര്‍ണവും ആറു വെള്ളിയും മൂന്നു വെങ്കലവും, ലോക ഗ്രാന്‍ഡ് പ്രീ അത്‌ലറ്റിക് മീറ്റില്‍ മൂന്നു വെള്ളിയും രണ്ടു വെങ്കലവും...രാജ്യാന്തര തലത്തില്‍ ഉഷ നേടിയ പ്രധാന മെഡലുകളാണിതൊക്കെയും. ഉഷ നേടിയ പുരസ്‌കാരങ്ങളുടെ എണ്ണവും ചെറുതല്ല.
* 1984ല്‍ അര്‍ജുന പുരസ്‌കാരം
* 1985 ജക്കാര്‍ത്ത ഏഷ്യന്‍ അത്‌ലറ്റിക് മീറ്റിലെ മികച്ച വനിതാ അത്‌ലറ്റ്
* 1984ല്‍ പദ്മശ്രീ
* അഞ്ചു തവണ മികച്ച അത്‌ലറ്റിനുള്ള ഏഷ്യ അവാര്‍ഡ്. ഇതില്‍ നാല് തവണ തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ടു
* 1986 സിയോള്‍ ഏഷ്യന്‍ ഗെയിംസില്‍ മികച്ച അത്‌ലറ്റിനുള്ള ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം

Picture

വേണം, ഒളിമ്പിക്‌സില്‍ ഒരു മെഡല്‍

''തനിക്ക് നഷ്ടമായ ഒളിമ്പിക്‌സ് മെഡല്‍ മറ്റൊരു പിന്‍ഗാമിയിലൂടെ ഇന്ത്യയിലേക്ക് കൊണ്ടുവരിക'' ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സെന്ന ആശയവുമായി കൊയിലാണ്ടിക്കാരന്‍ അജനചന്ദ്രന്‍ സമീപിക്കുമ്പോള്‍ ഉഷയുടെ മനസ്സു മുഴുവന്‍ ഇതായിരുന്നു. 1990ലാണ് ഈ ആശയം വന്നെതെങ്കിലും ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത് 2002ലാണ്. 500 കുട്ടികള്‍ പങ്കെടുത്ത സെലക്ഷന്‍ ട്രയല്‍സില്‍ നിന്ന് 12 പേരെ തെരഞ്ഞെടുത്ത് ആദ്യ ബാച്ച് തുടങ്ങി. 14 വര്‍ഷമായി ഇന്ത്യയുടെ അത്‌ലറ്റിക് ട്രാക്കുകളില്‍ വിവിധ ഇനങ്ങളില്‍ ഉഷ സ്‌കൂളിന്റെ സാന്നിധ്യമുണ്ട്. 800 മീറ്ററില്‍ ടിന്റു ലൂക്ക ലണ്ടന്‍, റിയോ ഒളിമ്പിക്‌സും 4x400 മീറ്റര്‍ റിലേയില്‍ ജിസ്‌ന മാത്യു റിയോ ഒളിമ്പിക്‌സിലും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 800 മീറ്ററില്‍ ദേശീയ റെക്കോര്‍ഡിനുമടയായ ടിന്റുവിന്റെ അക്കൗണ്ടില്‍ ഏഷ്യന്‍ ഗെയിംസിലെ മൂന്ന് മെഡലുകളുമുണ്ട്. ലോക ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുത്ത അബിത മേരി മാനുവലും ഷഹര്‍ബാന സിദ്ദീഖും ഉഷ സ്‌കൂളില്‍ നിന്ന് വളര്‍ന്നു വന്ന താരങ്ങളാണ്. 56 രാജ്യാന്തര മെഡലുകളും ദേശീയ തലത്തില്‍ 437 മെഡലുകളും...ഉഷ സ്‌കൂളിന്റെ ഇതുവരെയുള്ള സംഭവാന വിലമതിക്കാനാകാത്തതാണ്. ഏഷ്യന്‍ ജൂനിയര്‍ അതല്റ്റിക് മീറ്റില്‍ 400 മീറ്ററില്‍ സ്വര്‍ണം നേടിയ ജിസ്‌നയുടെ പ്രകടനം വരെ എത്തി നില്‍ക്കുന്നതാണ് ഉഷ സ്‌കൂളിന്റെ നേട്ടം. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മികവ് തെളിയിക്കുന്ന പല കുട്ടിത്താരങ്ങളും ദേശീയ തലത്തിനപ്പുറം ശ്രദ്ധിക്കപ്പെടാതെ പോകുമ്പോള്‍ അതില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു എന്നതു തന്നെയാണ് ഉഷ സ്‌കൂളിന്റെ പ്ലസ് പോയിന്റ്.

''എല്ലാവരും വിജയം ആഗ്രഹിക്കുന്നു. എന്നാല്‍ സ്വന്തം നിലവാരം മെച്ചപ്പെടുത്താന്‍ കഴിയുന്നത് തന്നെ വലിയൊരു കാര്യമാണ്. നിങ്ങള്‍ കൈവരിച്ചതും അതാണ്. മുടിനാരിഴ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടപ്പെട്ടതിലുള്ള ദു:ഖവും നിരാശയും ഞങ്ങള്‍ പങ്കിടുന്നു. അടുത്ത തവണ ഭാഗ്യം അനുഗ്രഹിക്കട്ടെ'' ലോസ് ആഞ്ചലിസിലെ പ്രകടനത്തിന് ശേഷം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ഉഷയ്ക്ക് ആശംസകള്‍ നേര്‍ന്നത് ഇങ്ങനെയായിരുന്നു


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.