നായകന്മാര്‍ പലതുണ്ട് മലയാളത്തില്‍. എന്നാല്‍, ഒന്നേയുള്ളു നിത്യഹരിത നായകന്‍. അതാണ് പ്രേംനസീര്‍. 725 സിനിമകള്‍. ഒരൊറ്റ വര്‍ഷം 39 സിനിമകള്‍, 80 നായികമാര്‍..

 

Picture

രുചകമഹായോഗവും അതിമാനുഷ യോഗവും‍

കൊല്ലവര്‍ഷം 1105 ധനു ഒന്നിന് പൗര്‍ണമി ദിനത്തില്‍ മകയിരം നക്ഷത്രത്തില്‍ രാത്രി പത്തിനും പത്തരയ്ക്കും ഇടയില്‍ ജനിച്ച ജാതകക്കാരന് ഒരു കലാകാരന്റെ സര്‍വലക്ഷണം കാണുന്നുണ്ടെന്നും അതിമാനുഷയോഗം ഉണ്ടെന്നുമാണ് പ്രേംനസീറിന്റെ ജാതകം ഗണിച്ച് മിത്രന്‍ നമ്പൂതിരിപ്പാട് എഴുതിയത്. രുചകമഹായോഗമുള്ള ആള്‍ വലിയ ധനവാനും കീര്‍ത്തിമാനുമാകുമെന്നും അദ്ദേഹം ഗണിച്ചെഴുതി. തലക്കുറി തെറ്റിയില്ല. ചിറയിന്‍കീഴില്‍ അക്കോട് ഷാഹുല്‍ ഹമീദിന്റെയും അസ്മബീവിയുടെയും മകനായി 1926 ഏപ്രില്‍ ഏഴിന് ജനിച്ച അബ്ദുള്‍ ഖാദര്‍ എന്ന പയ്യന് പക്ഷേ, പില്‍ക്കാലത്ത് അതിമാനുഷയോഗമുള്ള കലാകാരനും ധനവാനും കീര്‍ത്തിവാനുമായ പ്രേംനസീര്‍ ആയി മാറാനുള്ള സാഹചര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. കാലം ചിലപ്പോള്‍ അങ്ങിനെയാണ്. ഒരാള്‍ക്ക് ഒരു നിയോഗം നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ അത് നടക്കുക തന്നെ ചെയ്യും.

കുട്ടിക്കാലത്ത് അമ്മയെ നഷ്ടപ്പെട്ട അബ്ദുള്‍ ഖാദറിന്റെ ഇഷ്ടങ്ങള്‍ക്കൊന്നും അച്ഛന്‍ എതിരു നില്‍ക്കാറുണ്ടായിരുന്നില്ല. ചെറുപ്പകാലം മുതല്‍ അവന് ഇഷ്ടം അഭിനയമായിരുന്നു. ഈ ഇഷ്ടത്തെ അച്ഛന്‍ ഷാഹുല്‍ ഹമീദ് പരമാവധി പ്രോത്സാഹിപ്പിച്ചു. അങ്ങിനെ കഠിനംകുളം ലോവര്‍ പ്രൈമറി സ്‌കൂളിലും ശ്രീചിത്തിരരവിലാസം സ്‌കൂളിലും പഠിക്കുമ്പോള്‍ തന്നെ നാടകത്തിന്റെ തട്ടില്‍ മകനെ കയറ്റി ഷാഹുല്‍ ഹമീദ്. രാജാംഗുലീയം എന്ന നാടകത്തിലെ സുലൈമാന്റെ വേഷമായിരുന്നു ആദ്യത്തേത്. സ്‌കൂള്‍ വിട്ട് ആലപ്പുഴ എസ്.ഡി. കോളേജിലെത്തിയപ്പോഴും നാടകാഭിനയഭ്രമത്തെ ഒപ്പം കൂട്ടി അബ്ദുള്‍ ഖാദര്‍. ചങ്ങനാശ്ശേരി എസ്.ബി. കോളേജിലെ ഡിഗ്രി പഠനകാലത്തും നാടകരംഗത്ത് സജീവമായിരുന്ന അബ്ദുള്‍ ഖാദറിന്റെ ജീവിതത്തെ മാറ്റിമറിച്ചത് ഈ നാടകാഭിനയം തന്നെ. പ്രശസ്ത ഇംഗ്ലീഷ് അധ്യാപകന്‍ പ്രൊഫ. സി.എ. ഷെപ്പേഡ് സംവിധാനം ചെയ്ത ഷെയ്ക്‌സ്പിയറുടെ മര്‍ച്ചന്റ് ഓഫ് വെനീസിലെ ഷൈലോക്കിന്റെ വേഷമായിരുന്നു വഴിത്തിരിവ്. ഒരുതരത്തില്‍ പറഞ്ഞാല്‍ അഭിനയത്തിലെ യഥാര്‍ഥ അരങ്ങേറ്റം.

Picture

അബ്ദുള്‍ ഖാദറില്‍ നിന്ന് പ്രേംനസീറിലേയ്ക്ക്

പ്രൊഫഷണല്‍ നാടകരംഗത്തും ഒരു കൈ നോക്കാന്‍ അബ്ദുള്‍ ഖാദറിന് ധൈര്യം കൊടുത്തത് ഷൈലോക്കിന്റെ വേഷപ്പകര്‍ച്ച തന്നെ. അഭിനയമികവും കോമളരൂപവും ചേര്‍ന്നപ്പോള്‍ വേദിയില്‍ നിന്ന് വെള്ളിത്തിരയിലേയ്ക്കുള്ള വഴി എളുപ്പമായി. നാട്ടില്‍ എതിര്‍പ്പുകള്‍ നിരവധി ഉണ്ടായിരുന്നു. പക്ഷേ, കലാസ്വാദകനായ അച്ഛന്‍ പിന്തുണയുമായി ഒപ്പം നിന്നു. 1951ല്‍ കെ. ബാലകൃഷ്ണന്‍ സംവിധാനം ചെയ്ത ത്യാഗസീമയായിരുന്നു ആദ്യ ചിത്രം. ഇരുപത്തിരണ്ട് വയസ്സ് മാത്രമായിരുന്നു അന്ന് പ്രായം. ഈ ചിത്രത്തില്‍ മറ്റൊരു നവാഗതന്‍ കൂടിയുണ്ടായിരുന്നു. സത്യനേശന്‍ നാടാര്‍ എന്ന സത്യന്‍. പൂര്‍ത്തിയാവാതെ ഇടയ്ക്കുവച്ച് നിന്നുപോയെങ്കിലും മലയാള സിനിമയുടെ ചരിത്രത്തിലെ മഹത്തായ രണ്ട് ഏടുകള്‍ സംഭാവന ചെയ്യാന്‍ സനീറിലൂടെയും സത്യനിലൂടെയും ഈ ചിത്രത്തിനായി.

1952ല്‍ പോള്‍ കല്ലിങ്കല്‍ നിര്‍മിച്ച് എസ്. ചാരി സംവിധാനം ചെയ്ത മരുമകളായിരുന്നു അടുത്തതായി ഭാഗ്യം പരീക്ഷിച്ച ചിത്രം. ഒരുപക്ഷേ, നസീര്‍ അഭിനയിച്ച ആദ്യചിത്രം. 1951 ഡിസംബര്‍ 26നായിരുന്നു നസീര്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്നത്. തിയ്യറ്ററില്‍ വന്‍ പരാജയമായിരുന്നു ഈ ചിത്രം. തലയില്‍ മുണ്ടിട്ട് തിരുവനന്തപുരത്ത് ചിത്രം കാണാന്‍ പോയി കൂവലിനും കല്ലേറിനും സാക്ഷിയായി ഓടിരക്ഷപ്പെടേണ്ടിവന്ന കഥ നായകന്‍ തന്നെ പില്‍ക്കാലത്ത് പറഞ്ഞിട്ടുണ്ട്. ഉദയായുടെ വിശപ്പിന്റെ വിളിയായിരുന്നു മൂന്നാം ഊഴം. ചിത്രം വന്‍ ഹിറ്റായതോടെ അബ്ദുള്‍ ഖാദര്‍ എന്ന പുതുക്കക്കാരനും ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് തിക്കുറിശ്ശി സുകുമാരന്‍ നായര്‍ പ്രേംനസീര്‍ എന്ന് പുനര്‍നാമകരണം ചെയ്യുന്നത്. അങ്ങിനെ ചിറയിന്‍കീഴിന്റെ അബ്ദുള്‍ ഖാദര്‍ മലയാളത്തിന്റെ പ്രേംനസീറായി.

Picture

നിത്യഹരിത കാമുകന്‍

ആ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരി പടമായി മോഹന്‍ റാവുവിന്റെ വിശപ്പിന്റെ വിളി മാറിയതോടെ പ്രേംനസീറിന്റെയും ജാതകം മാറി. അതുവരെ കണ്ടുപരിചതമല്ലാത്ത കോമളരൂപവും സവിശേഷമായ അഭിനയരീതിയും കൊണ്ട് പെട്ടന്ന് തന്നെ പ്രേംനസീര്‍ മലയാളത്തിന്റെ മനസ്സില്‍ ചേക്കേറി. പില്‍ക്കാലത്ത് സ്റ്റീരിയോ ടൈപ്പായി മുദ്ര കുത്തപ്പെട്ടെങ്കിലും മരംചുറ്റി പാടുകയും പ്രണയിക്കുകയും ചെയ്യുന്ന നസീര്‍ അമ്പതുകളിലെയും അറുപതുകളിലെയും മലയാള സിനിമയ്ക്ക് സമ്മാനിച്ച യുവത്വത്തിന്റെ പ്രസരപ്പിനെ തള്ളിക്കളയാനാവില്ല. ജയില്‍പ്പുള്ളി, പാടാത്ത പൈങ്കിളി, ഉണ്ണിയാര്‍ച്ച, കാല്‍പാടുകള്‍, ലൈല മജ്‌നു, കാട്ടുമൈന, സ്‌കൂള്‍ മാസ്റ്റര്‍, കുടുംബിനി, ഭാര്‍ഗവീനിലയം, ആയിഷ, മുറപ്പെണ്ണ്, ചിത്രമേള.... സനീര്‍ മാത്രമായി അക്കാലത്ത് മലയാള സിനിമയില്‍. കാമുകനായും ഭര്‍ത്താവായും നന്മയുടെ പ്രതീകമായുമെല്ലാം നസീര്‍ മലയാള മനസ്സില്‍ ഇരിപ്പിടം ഉറപ്പിച്ച കാലമായി അത്. ഉദയായുടെയും മെരിലാന്‍ഡിലെയും മഞ്ഞിലാസിലെയും ചിത്രങ്ങളില്‍ മറ്റൊരു നായകനില്ലായിരുന്നു അക്കാലത്ത്. ഉദയാ സ്റ്റുഡിയോയില്‍ നസീറിന് മാത്രമായി ഒരു കോട്ടേജ് ഉണ്ടായിരുന്നു.

Picture

സി.ഐ.ഡി കണ്ണപ്പനുണ്ണി

മലയാളത്തില്‍ നസീര്‍ കെട്ടിയാടാത്ത വേഷങ്ങളില്ല. മഹാവിഷ്ണുവായി, ശ്രീരാമനായി, പോലീസായി, സി.ഐ.ഡിയായി, കച്ചകെട്ടി കണ്ണപ്പനുണ്ണിയായി, പാലാട്ട് കോമനായി, കുഞ്ഞിരാമനായി, ദുഷ്യന്തനായി, ഇത്തിക്കരപ്പക്കിയായി... 1955ല്‍ പുറത്തിറങ്ങിയ സി.ഐ.ഡിയിലെ സി.ഐ.ഡി. സുധാകരനാണ് ആദ്യ കുറ്റാന്വേഷണവേഷം. 1960ല്‍ പുറത്തിറങ്ങിയ സീതയിലെ ശ്രീരാമനായി ആദ്യമായി പുരാണവേഷവും അണിഞ്ഞു. അടുത്ത വര്‍ഷം കുഞ്ചാക്കോയുടെ കൃഷ്ണ കുചേലയില്‍ ശ്രീകൃഷ്ണനായി. പ്രേക്ഷകര്‍ കേരളത്തിന്റെ ചരിത്രവും പുരാണവും ഐതിഹ്യവുമെല്ലാം വെള്ളിത്തിരയില്‍ നിന്ന് വായിച്ചും പഠിച്ചുമെടുത്തത് നസീറിന്റെ വേഷങ്ങളിലൂടെയാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയല്ല.

Picture

മാറ്ററിയിച്ച വേഷങ്ങള്‍

വെറും സുന്ദരരൂപങ്ങളുടെ മേനിനടിക്കല്‍ മാത്രമായിരുന്നില്ല നസീറിന്റെ വേഷങ്ങള്‍. വടക്കന്‍പാട്ടും പുരാണങ്ങളും നല്ലവനായ കുടുംബനാഥനുമെല്ലാം കണ്ടുമടുത്ത കാലത്ത് വേറിട്ടതും വെല്ലുവിളി നിറഞ്ഞതുമായ വേഷങ്ങളും തേടിയെത്തി നസീറിനെ. ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തന്‍ വേലായുധനാണ് അതില്‍ മുഖ്യം. നസീറിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും നസീര്‍ ഏറ്റവും മികവുറ്റ പ്രകടനം കാഴ്ചവച്ചതുമായ വേഷവും വേലായുധന്റേത് തന്നെ. അനുഭവങ്ങള്‍ പാളിച്ചകള്‍, പടയോട്ടം, വിട പറയും മുന്‍പെ, നദി, മുറപ്പെണ്ണ്, പണി തീരാത്ത വീട്, കള്ളിച്ചെല്ലമ്മ, നഗരമേ നന്ദി, അടിമകള്‍, അച്ചാണി, അസുരവിത്ത്, കടല്‍പാലം, ലങ്കദഹനം, അഗ്‌നിപുത്രി തുടങ്ങിയവയും വേറിട്ടുനില്‍ക്കുന്നവയായിരുന്നു. ഇതില്‍ കള്ളിച്ചെല്ലമ്മയിലെയും അഴകുള്ള സെലീനയിലേയും മകനെ നിനക്കുവേണ്ടിയിലും നീതിയിലും ഭാര്യമാര്‍ സൂക്ഷിക്കുക എന്നിവയിലെ നെഗറ്റീവ് ടച്ചുള്ള വേഷങ്ങളും ഉജ്വലമാക്കി നസീര്‍. ഓടയില്‍ നിന്ന്, കുഞ്ഞാലിമരയ്ക്കാര്‍, അരനാഴികനേരം, അടിമകള്‍, അനുഭവങ്ങള്‍ പാളിച്ചകള്‍ എന്നിവയിലെല്ലാം സഹനടനായിട്ടും ശ്രദ്ധിക്കപ്പെട്ടു നസീറിന്റെ വേഷം. തുലാഭാരം, കള്ളിച്ചെല്ലമ്മ, ഒരു സുന്ദരിയുടെ കഥ, ദേവി തുടങ്ങിയ നായികാപ്രാധാന്യമുള്ള ചിത്രങ്ങളിലെ വേഷങ്ങള്‍ ഏറ്റെടുക്കാന്‍ മടിച്ചില്ല നസീര്‍. അവയൊക്കെ ഒന്നിനൊന്ന് മെച്ചമാക്കുകയും ചെയ്തു.

Picture

ഷീലയുടെ നായകന്‍

റെക്കോഡുണ്ടക്കാന്‍ വലിയ ബുദ്ധിമുട്ടില്ല അഭിനേതാക്കള്‍ക്ക്. എന്നാല്‍, അപൂര്‍വമായൊരു ലോക റെക്കോഡുണ്ട് നസീറിന്റെ പേരില്‍. ഒരേ നായികയുടെ കൂടെ ഏറ്റവും അധികം സിനിമയില്‍ അഭിനയിച്ചുവെന്ന ഗിന്നസ് റെക്കോഡ് ഭേദിക്കുക എളുപ്പമല്ല ഇനിയുള്ള കാലം. 130 സിനിമകളിലാണ് ഇരുവരും ജോഡികളായി വേഷമിട്ടത്. നസീര്‍ ഷീലയുടെ ഭാഗ്യ നായകനോ ഷീല നസീറിന്റെ ഭാഗ്യനായികയോ ആണെന്ന് വ്യക്തമല്ല. അപാരമായ രസതന്ത്രമായിരുന്നു ഇരുവരും തമ്മില്‍. അക്കാലത്തെ ഗോസിപ്പ് കോളങ്ങളും ഈ പൊരുത്തം പെരുത്ത് ആഘോഷിച്ചു. മലയാള സിനിമയുടെ വലിയൊരു അധ്യായം തന്നെയായിരുന്നു ഈ ജോഡിയുടെ ചിത്രങ്ങള്‍. 1963 ല്‍ പുറത്തിറങ്ങിയ എം. കൃഷ്ണന്‍ നായരുടെ കാട്ടുമൈനയായിരുന്നു ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. പിന്നീട് നിണമണിഞ്ഞ കാല്‍പാടുകള്‍, കുടുംബിനി, കുട്ടിക്കുപ്പായം, പോര്‍ട്ടര്‍ കഞ്ഞാലി, കൂട്ടുകാര്‍, സ്ഥാനാര്‍ഥി സാറാമ്മ, അശ്വമേധം, നാടന്‍ പെണ്ണ്, ബാലകാലസഖി, ചിത്രമേള, കലക്ടര്‍ മാലതി, ലക്ഷപ്രഭു, വെളുത്ത കത്രീന, ഡെയ്ഞ്ചര്‍ ബിസ്‌ക്കറ്റ്, പൂജാപുഷ്പം, കണ്ണൂര്‍ ഡീലക്‌സ്, മൂടല്‍മഞ്ഞ്, അച്ചാരം അമ്മിണി ഓശാരാം ഓമന... അങ്ങിനെ നീളുന്ന ആ റെക്കോഡ് പട്ടിക. 1983ലെ കാത്തിരുന്ന നാള്‍ വരെ അവര്‍ ഒന്നിച്ച് അഭിനയിച്ച്. ഇടയ്ക്ക് ഇവരുടെ അകല്‍ച്ചയില്‍ നിന്ന് വീണുകിട്ടിയ ഇടവേളയിലാണ് വിജയശ്രീയും വിജയനിര്‍മലയുമെല്ലാം നസീറിന്റെ നായികമാരായി ചുവടുറപ്പിക്കാന്‍ ശ്രമിച്ചത്.

ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളുടെ എണ്ണം കുറവാണെങ്കിലും ജയഭാരതിയും ശാരദയും കെ.ആര്‍. വിജയയുമെല്ലാം നസീറുമായി നല്ല പൊരുത്തമുള്ള നായികമാര്‍ തന്നെയായിരുന്നു.

Picture

ഭാസിയെന്ന കൂട്ടുകാരന്‍

ഷീല കഴിഞ്ഞാല്‍ സ്‌ക്രീനില്‍ നസീറുമായി ഏറ്റവും പൊരുത്തമുണ്ടായിരുന്ന അഭിനേതാവ് അടൂര്‍ ഭാസിയായിരുന്നു. ഒരുകാലത്ത് നസീറും സത്യനും മധുവുമെല്ലാം നാകന്മാരായി വിലസുന്ന സിനിമകളെ മൂന്ന് മണിക്കൂറിന്റെ ദൈര്‍ഘ്യത്തിലേയ്ക്ക് മുഷിപ്പറിയിക്കാതെ കൊണ്ടുപോകേണ്ട ദൗത്യം അടൂര്‍ ഭാസിക്കും ബഹദൂറിനും എസ്.പി.പിള്ളയ്ക്കും മുതുകുളത്തിനുമെല്ലാമായിരുന്നു. എന്നാല്‍, നസീര്‍ സിനിമകള്‍ക്ക് ഹാസ്യത്തിന്റെ പിന്‍കരുത്ത് പകര്‍ന്നുനല്‍കുക മാത്രമായിരുന്നില്ല അക്കാലത്ത് ഭാസിയുടെ ഉത്തരവാദിത്വം. കളിയായും കാര്യമായും നസീര്‍ സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്നു ഭാസി. മലയാളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ താരജോഡികളെന്നു വേണമെങ്കില്‍ ഇവരെ വിശേഷിപ്പിക്കാം. മോഹന്‍ലാല്‍-ജഗതി, മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോമ്പിനേഷനുകള്‍ ക്ലിക്കാവും വരെ നസീര്‍-ഭാസി ടീമിന്റെ പ്രഭാവം നിറഞ്ഞുനിന്നു മലയാളത്തില്‍. നസീര്‍ സിനിമയിലെത്തി ഏറെക്കഴിയും മുന്‍പ് തന്നെ ഭാസിയുമെത്തി വെള്ളിത്തിരയില്‍. ആദ്യ സിനിമയായ തിരമാലയില്‍ സത്യനായിരുന്നു നായകന്‍. മൂന്നാമത്തെ ചിത്രമായ ജ്ഞാനസുന്ദരിയിലാണ് ഇവര്‍ ആദ്യമായ ഒപ്പം അഭിനയിക്കുന്നത്. ഈ സഖ്യം പെട്ടന്നു തന്നെ ചുവടുറപ്പിക്കുകയും ചെയ്തു. സി.ഐ.ഡി.യും വടക്കന്‍പാട്ടിലെ വീരനുമെല്ലാമാകുമ്പോള്‍ നസീറിന്റെ ഏറ്റവും വിശ്വസ്തനായ സഹായി ഭാസിയായിരുന്നു. ലങ്കാദഹം, സി.ഐ.ഡി. നസീര്‍, പഞ്ചവടി, സംഭവാമി യുഗെ യുഗെ, പൊന്നാപുരം കോട്ട, പോസ്റ്റ്മാനെ കാണ്മാനില്ല, മിസ് മേരി, ചക്രവാകം, തുലാഭാരം, ലൗ ഇന്‍ കേരള, ജ്വാല, അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍, തച്ചോളി അമ്പു, ലേഡീസ് ഹോസ്റ്റല്‍, റെസ്റ്റ്ഹൗസ്, കെണി, പരീക്ഷ, പഞ്ചതന്ത്രം, നദി.... അങ്ങിനെ പോകുന്നു ഈ കൂട്ടുകെട്ടിന്റെ ഹിറ്റുകള്‍. ഇരുവരും ചേര്‍ന്ന് അനശ്വരമാക്കിയ അരക്കള്ളന്‍ മുക്കാല്‍ കള്ളനിലെ കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവനെ വെല്ലാന്‍ മറ്റൊരു പരിഹാസപ്പാട്ടില്ല മലയാളത്തില്‍.

നസീറും സത്യനും ഒരേ സിനിമയിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പില്‍ക്കാലത്ത് മലയാള സിനിമയുടെ രണ്ട് യുഗസ്തംഭങ്ങളായി നിലകൊള്ളുകയായിരുന്നു ഇരുവരും. അഭിനയത്തിന്റെ രണ്ട് ഭാവങ്ങളുടെ പൂര്‍ണതായായി നിലകൊണ്ട നസീറും സത്യനും ബോക്‌സ് ഓഫീസില്‍ പരസ്പരം മത്സരിക്കുമ്പോഴും തിരശ്ശീലയില്‍ മികച്ച ടീമായും നിറഞ്ഞുനിന്നു. അനുഭവങ്ങള്‍ പാളിച്ചകള്‍, പഞ്ചവന്‍കാട്, മൂലധം, ത്രിവേണി എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. നസീറും മധുവും മികച്ച ടീമായിരുന്നു വെള്ളിത്തിരയില്‍. മോര്‍ച്ചറി, തെമ്മാടി വേലപ്പന്‍, കാക്കത്തമ്പുരാട്ടി, പാസ്‌പോര്‍ട്ട്, കുട്ടിക്കുപ്പായം, ആറടി മണ്ണിന്റെ ജന്മി, വെള്ളം, കള്ളിച്ചെല്ലമ്മ, വിലയ്ക്കുവാങ്ങിയ വീണ, കൊടുങ്കാറ്റ്, ഭൂമിദേവി പുഷ്പിണിയായി, അലകടലിന്നക്കരെ, തെമ്മാടി വേലപ്പന്‍ തുടങ്ങിയവയാണ് ഇവര്‍ ഒന്നിച്ച ചിത്രങ്ങള്‍. മധു സംവിധാനം ചെയ്ത അവസാന ചിത്രമായ ഉദയം പടിഞ്ഞാറില്‍ നസീറായിരുന്നു നായകന്‍.

Picture

ഒന്നായ നിന്നെയിഹ മൂന്നായി കണ്ടളവിൽ

ഡബിള്‍ റോള്‍ ഒരു പുതുമയല്ല സിനിമയില്‍. എന്നാല്‍, ഒരു കാലത്ത് മലയാള സിനിമയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ചേരുവയായി നസീറിന്റെ ഇരട്ടവേഷങ്ങള്‍. ഡബിളിന് പുറമെ ഏതാനും ട്രിപ്പിള്‍ വേഷങ്ങളും കൈകാര്യം ചെയ്തു നസീര്‍. 1968ല്‍ പുറത്തിറങ്ങിയ തിരിച്ചടിയില്‍ തന്നെ കുട്ടപ്പന്‍ എന്നും വേണുവെന്നുമുള്ള രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ച് നസീര്‍ പ്രേക്ഷരകരെ ഞെട്ടിച്ചിരുന്നു. രഹസ്യം, കല്‍പന, മകനെ നിനക്കുവേണ്ടി, പോസ്റ്റ്മാനെ കാണാനില്ല, ഗന്ധര്‍വക്ഷേത്രം, ആരോമലുണ്ണി, ഫുട്‌ബോള്‍ ചാമ്പ്യന്‍, തച്ചോളി മരുമകന്‍ ചന്തു, പഞ്ചതന്ത്രം, പാതിരാവും പകല്‍വെളിച്ചവും ഹണിമൂണ്‍, ദുര്‍ഗ, ചന്ദ്രകാന്തം, പിക്‌നിക്ക്, കൊട്ടാരം വില്‍ക്കാനുണ്ട്, ആരണ്യകാണ്ഡം, വനദേവത, പാരിജാതം, ചെന്നായ വളര്‍ത്തിയ കുട്ടി, അജയനും വിജയനും കണ്ണപ്പനുണ്ണി, കല്‍പവൃക്ഷം, കടമറ്റത്ത് കത്തനാര്‍, വിജയനും വീരനും തീക്കളി, സഞ്ചാരി, പോസ്റ്റ്‌മോര്‍ട്ടം, കെണി, ജസ്റ്റിസ് രാജ, മഴനിലാവ് എന്നിവയാണ് നസീര്‍ ഇരട്ടവേഷം കെട്ടിയാടിയ ചിത്രങ്ങള്‍. എറണാകുളം ജങ്ഷന്‍, പുഷ്പാഞ്ജലി, അമ്മേ നാരായണ എന്നീ ചിത്രങ്ങളില്‍ മൂന്ന് വേഷങ്ങളാണ് നസീര്‍ ചെയ്തത്.

Picture

ഗിന്നസിലെ സൂപ്പർസ്റ്റാർ‍

സിനിമയുടെ കണക്കെടുപ്പ് നടത്തിയാല്‍ ചരിത്രത്തില്‍ ഒരു അത്ഭുതമായി അവശേഷിക്കും നസീര്‍. സിനിമാ ചരിത്രത്തിലും മലയാള മനസ്സിലും മാത്രമല്ല, ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സിലും ഇടം നേടിയ ഒരേഒരാളെയുള്ളൂ മലയാളത്തിൽ. അതാണ് പ്രേംനസീര്‍. 1952 മുതല്‍ 1988 വരെ നിറസാന്നിധ്യമായി നിന്ന നസീര്‍ ഇക്കാലത്ത് നായകനായത് 725 സിനിമകളിലാണ്. ഈ റെക്കോഡ് ഇന്നും ഭദ്രമാണ് ഗിന്നസിന്റെ താളുകളില്‍.

ഒന്നല്ല, നാല് ഗിന്നസ് റെക്കോഡുണ്ട് നസീറിന്റെ പേരില്‍. ഒരേ നായികയ്‌ക്കൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിക്കുക (ഷീലയ്‌ക്കൊപ്പം 107 ചിത്രങ്ങള്‍), ഒരൊറ്റ വര്‍ഷം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിക്കുക (1979ല്‍ 39 ചിത്രങ്ങള്‍), ഏറ്റവും കൂടുതല്‍ നായികമാര്‍ക്കൊപ്പം അഭിനയിക്കുക (80 പേര്‍).

Picture

അതിരുകള്‍ക്കപ്പുറത്ത്

മലയാളത്തില്‍ മാത്രം ഒതുങ്ങുന്നതല്ല നസീറിന്റെ കീര്‍ത്തി. തമിഴും തെലുങ്കും കന്നടയും അടങ്ങുന്ന എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും ഒരു കൈനോക്കിയിട്ടുണ്ട് മലയാളത്തിന്റെ നിത്യകാമകന്‍. ഹിറ്റായ ആദ്യ ചിത്രം വിശപ്പിന്റെ വിളി തന്നെയാണ് കേരളത്തിന് പുറത്തും നസീറിന്റെ സാന്നിധ്യം അറിയിച്ചത്. തെലുങ്കിലുമെല്ലാം വിശപ്പിന്റെ വിളിയുടെ റീമേക്കുകളില്‍ നസീര്‍ തന്നെയായിരുന്നു നായകന്‍. ആകാലി പിലുപ്പുവാണ് ചിത്രം.

മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച് ഏറെക്കഴിയും മുന്‍പ് തന്നെ തമിഴിലും തന്റെ സാന്നിധ്യമറിയിച്ചു നസീര്‍. 1958ല്‍ പുറത്തിറങ്ങിയ തൈ പിന്താല്‍ വഴി പിറക്കും ആയിരുന്നു ആദ്യ ചിത്രം. എ.കെ. വേലന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ എസ്.എസ്. രാജേന്ദ്രനായിരുന്നു മറ്റൊരു നായകന്‍. നായിക രാജസുലോചനയും. ഭാഷാ സ്വാധീനം പറഞ്ഞ് ആദ്യം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച നസീറിനെ നിര്‍ബന്ധിച്ച് അഭിനയിപ്പിക്കുകയായിരുന്നു വേലന്‍. പടം വന്‍ ഹിറ്റായതോടെ മലയാളത്തിന് പുറമെ തമിഴിലും വലിയ തിരക്കായി നസീറിന്. ഒരു പടത്തിന് വന്ന നസീര്‍ ഒരൊറ്റ വര്‍ഷം 55 ചിത്രങ്ങള്‍ക്കാണ് കരാര്‍ ഒപ്പിട്ടത്. ഇപ്പില്‍ 39 ചിത്രങ്ങള്‍ റിലീസ് ചെയ്തു.

തമിഴ്ഭാഷ നേരാവണ്ണം വഴങ്ങുന്നില്ലെന്ന കാരണം പറഞ്ഞ് മലയാളത്തിലേയ്ക്ക് തന്നെ മടങ്ങാനൊരുങ്ങിയ നസീറിനെ പലപ്പോഴും തടഞ്ഞുനിര്‍ത്തിയത്

വിശപ്പിന്റെ വിളിയുടെ റീമേക്കിന് പുറമെ രണ്ട് തെലുങ്ക് ചിത്രങ്ങളിലും രണ്ട് കന്നഡ ചിത്രങ്ങളിലുമാണ് നസീര്‍ അഭിനയിച്ചത്.

Picture

പ്രതിഭയ്ക്കെന്തിന് പുരസ്കാരം

മലയാളത്തിന്റെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടി. നാല് ഗിന്നസ് റെക്കോഡുണ്ട്. എന്നാല്‍, അവാര്‍ഡുകള്‍ക്ക് അത്ര പ്രിയമുണ്ടായിരുന്നില്ല നസീറിനോട്. മികച്ച അഭിനേതാവിനുള്ള സംസ്ഥാന പുരസ്‌കാരം അറന്നൂറിലേറെ ചിത്രങ്ങളില്‍ നായകനായി ചരിത്രം കുറിച്ച നസീറിനെത്തേടിയെത്തിയില്ല. 1981ല്‍ വിടപറയും മുന്‍പേയിലെ അഭിനയത്തിന് പ്രത്യേക പരാമര്‍ശം ലഭിച്ചത് മാത്രമാണ് ആശ്വാസം. നെടുമുടിയായിരുന്നു അത്തവണ മികച്ച നടന്‍. നല്ല വേഷങ്ങള്‍ ലഭിക്കാത്തതില്‍ ഒരിക്കല്‍ സത്യനോട് പരിഭവപ്പെട്ട കഥ നസീര്‍ തന്നെ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ രാജ്യം പിന്നീട് പത്മശ്രീയും പത്മഭൂഷനും നല്‍കി ഈ ഇതിഹാസത്തെ ആദരിച്ചു. 1966ല്‍ പുറത്തിറങ്ങിയ ഇരുട്ടിന്റെ ആത്മാവിലെ ഭ്രാന്തന്‍ വേലായുധന്റെ വേഷം കഷ്ടിച്ചാണ് ദേശീയ അവാര്‍ഡ് കൈവിട്ടത്.

Picture

യേശുദാസിന്റെ ശരീരം

യേശുദാസിന്റെ ശാരീരവും പ്രേംനസീറിന്റെ ശരീരത്തെയും വേര്‍പ്പെടുത്താനാവുമേ എന്നു സംശയമാണ്. ഗാനഗന്ധര്‍വന്റെ സ്വരം ഇത്രമേല്‍ ചേരുന്ന മറ്റൊരു നടനില്ല. അതിനെ ഇത്രമേല്‍ തന്മയത്വത്തോടെ അഭിനയിച്ചു ഫലിപ്പിക്കുന്ന മറ്റൊരാളില്ല നസീറിനെപ്പോലെ. ചുണ്ടും സ്വരവും തമ്മില്‍ ഇത്രമേല്‍ പൊരുത്തമുള്ള മറ്റൊരു ഗായകനും നടനുമുണ്ടായിട്ടില്ല മലയാളത്തില്‍. ചന്ദ്രകളഭം, താമസമെന്തെ വരുവാന്‍, പ്രാണസഖി, കസ്തൂരി മണക്കുന്നല്ലോ, സ്വര്‍ഗത്തേക്കാള്‍ സുന്ദരി, സ്വര്‍ണത്താമര, ഉത്തരാസ്വയംവരം, കൈതപ്പുഴക്കായലിലെ, മുത്തുമണി പളുങ്കുവള്ളം, കായാമ്പു, ഇളവന്നൂര്‍ മഠത്തിലെ, സ്വര്‍ഗം താണിറങ്ങി വന്നതോ.... പ്രേംനസീറിനുവേണ്ടിയുള്ള യേശുദാസിന്റെ പാട്ടുകള്‍ മാറ്റിനിര്‍ത്തിയാല്‍ എത്രര ശുഷ്‌കമാവും മലയാള ചലച്ചിത്രഗാനശാഖയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. വയലാറും പി.ഭാസ്‌ക്കരനും ശ്രീകുമാരന്‍ തമ്പിയുമെല്ലാം എഴുതുകയും ദേവരാജയും ദക്ഷിണാമൂര്‍ത്തിയും കെ.രാഘവനും ബാബുരാജുമെല്ലാം ഈണമിടുകയും യേശുദാസും ജയചന്ദ്രനുമെല്ലാം സ്വരം നല്‍കി നസീറിന്റെ ചുണ്ടിലൂടെയും അംഗചലനങ്ങളിലൂടെയും ഗാനങ്ങള്‍ ഒഴുകിയ ആ കാലമായിരുന്നു മലയാള ചലച്ചിത്രസംഗീതത്തിന്റെ സുവര്‍ണകാലം.

Picture

തരുമോ ഇനിയൊരു ജന്മം കൂടി

ഉദരരോഗത്തിന് ചികിത്സയില്‍ കഴിയുകയായിരുന്ന നസീര്‍ 1989 ജനവരി 16നാണ് മരണത്തിന് കീഴടങ്ങിയത്. മലയാള ചലച്ചിത്രം തലമുറ വ്യത്യാസമില്ലാതെ അന്ന് ചെന്നൈയിലേ ലേഡി മാധവന്‍ നായര്‍ കോളനിയിലെ ലിങ്ക്‌വുഡ് അവന്യൂവിലെ പതിനാറാം നമ്പര്‍ വീട്ടിലേയ്ക്ക് ഒഴുകിയെത്തി.

പ്രേംനസീര്‍! മഹാനായ മനുഷ്യന്‍. അദ്ദേഹം അന്തരിച്ചു. സിനിമാലോകത്തിലെ പ്രഭയേറിയ വിളക്ക് എന്നെന്നേക്കുമായി അണഞ്ഞു. പരമസുന്ദരനായ പ്രേംനസീര്‍. പ്രകാശത്തില്‍ മുങ്ങിയതു പോലുള്ള ആ ചിരി. അതു ഞാനിപ്പോഴും കാണുന്നു. പ്രേനസീറിനെപ്പോലെ ഒരു നടന്‍ മലയാള സിനിമയില്‍ വേറെയില്ല. മഹാനായ മനുഷ്യനെന്ന പോലെ മഹാനായ ധര്‍മ്മിഷ്ഠന്‍. നാം മനുഷ്യര്‍, നമ്മളൊന്ന്! മാനുഷകുലത്തെപ്പറ്റിയുള്ള ഈ മഹത്തായ തത്ത്വം പ്രേനസീര്‍ സ്വീകരിച്ചിരുന്നു. തലക്കനം ഭാവിക്കുന്ന ഒരാളായിരുന്നില്ല പ്രേനസീര്‍. പ്രേംനസീര്‍ ഇപ്പോഴും മന്ദഹസിച്ചുകൊണ്ട് എന്റെ തൊട്ടടുത്ത് ഇരിക്കുന്നതായി എനിക്കു തോന്നുന്നു. തോന്നലാണ്. ദൈവം തമ്പുരാനേ, എല്ലാം തോന്നലാണല്ലോ. പ്രപഞ്ചങ്ങളും ഈ ഞാനും. പ്രേനസീര്‍ മരിച്ചുപോയി. അദ്ദേഹം എങ്ങോട്ടാണു പോയത്?' -വൈക്കം മുഹമ്മദ് ബഷീര്‍