Picture

ജി.എന്‍.രാമചന്ദ്രന്‍ -ശാസ്ത്രാഭിമാനം

സ്വതന്ത്ര ഇന്ത്യയില്‍ ശാസ്ത്രരംഗത്തെ ഒരു അപൂര്‍വ്വ താരോദയമായിരുന്നു മലയാളിയായ ജി.എന്‍. രാമചന്ദ്രന്‍. നൊബേല്‍ ജേതാവ് സി.വി. രാമന്റെ ഏറ്റവും പ്രഗത്ഭനായ വിദ്യാര്‍ഥിയെന്ന് ഖ്യാതി നേടിയ രാമചന്ദ്രന്‍, ലോകശാസ്ത്രഭൂപടത്തില്‍ ഇന്ത്യയ്ക്ക് അഭിമാനമാര്‍ന്ന സ്ഥാനം നേടിത്തന്നു. ശാസ്ത്രരംഗത്ത് കഴിഞ്ഞ 60 വര്‍ഷത്തിനിടയിലെ മലയാളി സാന്നിധ്യം തേടുമ്പോള്‍, അതില്‍ ഏറ്റവും തേജസ്സോടെ തെളിയുന്ന പേരുകളിലൊന്ന് രാമചന്ദ്രന്റേതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ ശക്തിപ്രാപിച്ച ജീവതന്മാത്രാശാസ്ത്രം( അഥവാ സ്ട്രക്ച്ചറല്‍ ബയോളജി) എന്ന ഗവേഷണമേഖലയിലാണ് രാമചന്ദ്രന്റെ സംഭാവനകളുണ്ടായത്. ആ രംഗത്ത് പോയ നൂറ്റാണ്ട് കണ്ട എണ്ണപ്പെട്ട പ്രതിഭകളിലൊരാളായി ലോകമെങ്ങും രാമചന്ദ്രന്‍ അറിയപ്പെടുന്നു. 'നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹ'നെന്ന് വാഴ്ത്തപ്പെട്ട ശാസ്ത്രവ്യക്തിത്വമാണ് രാമചന്ദ്രന്‍. ഗവേഷകര്‍ ഇന്ത്യയില്‍ നിന്ന് പാശ്ചാത്യ ശാസ്ത്രസ്ഥാപനങ്ങളിലേക്ക് ചെക്കേറുന്ന കാലത്ത്, അത്തരം ഒട്ടേറെ അവസരങ്ങള്‍ വന്നിട്ടും അതിന് മുതിരാതെ രാമചന്ദ്രന്‍ മാതൃരാജ്യത്ത് തന്നെ നിലകൊണ്ടു. ഇവിടെ തന്നെ ഗവേഷണം നടത്തി. രാജ്യത്തിന്റെ യശസ്സുയര്‍ത്തുന്ന കണ്ടുപിടുത്തങ്ങള്‍ നടത്തി.

Picture

വേരുകള്‍ തമിഴ്‌നാട്ടില്‍, പടര്‍ന്നത് കേരളമണ്ണില്‍

1922 ഓക്ടോബര്‍ 8 ന് എറണാകുളത്ത് ജനിച്ചു. മുഴുവന്‍ പേര് ഗോപാലസമുദ്രം നാരായണ രാമചന്ദ്രന്‍. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍നിന്ന് കേരളത്തില്‍ കുടിയേറിയ കുടുബമായിരുന്നു രാമചന്ദ്രന്റേത്. പിതാവ് നാരായണ അയ്യര്‍ എറണാകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലായി വിരമിച്ചയാളാണ്. എറണാകുളത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം, മഹാരാജാസ് കോളേജില്‍ ഇന്റര്‍മീഡിയറ്റ് പൂര്‍ത്തിയാക്കി. മലയാളം, ഇംഗ്ലീഷ്, സംസ്‌കൃതഭാഷകള്‍ സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് തന്നെ സ്വായത്തമാക്കി. തൃച്ചിയിലെ സെന്റ് ജോസഫ്‌സ് കോളേജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ഓണേഴ്‌സ് ബിരുദമെടുത്തു. ബാഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സിലെ (ഐ.ഐ.എസ.്) ഇലക്ട്രിക്കല്‍ എഞ്ചിനിയറിങ് വിഭാഗത്തില്‍ 1942 ല്‍ പ്രവേശനം നേടി. സി.വി. രാമന്‍ അന്ന് ഐ.ഐ.എസില്‍ ഫിസികിസ് വിഭാഗം മേധാവിയാണ്. രാമന്റെ സ്വാധീനത്താല്‍ രാമചന്ദ്രന്‍ എഞ്ചിനിയറിങ് വിട്ട് ഫിസിക്‌സില്‍ ചേര്‍ന്നു. ബിരുദാനന്തരബിരുദവും ആദ്യഡോക്ടറേറ്റും രാമന് കീഴിലാണ് നേടിയത്. ക്രിസ്റ്റലുകള്‍, എക്‌സ്‌റേ ക്രിസ്റ്റലോഗ്രാഫി, പ്രകാശ വിഭംഗനം തുടങ്ങിയ മേഖലകളിലായിരുന്നു രാമന് കീഴില്‍ ഗവേഷണം. രാമന് കീഴില്‍ ആദ്യ ഡോക്ടറേറ്റെടുത്ത രാമചന്ദ്രന്‍, '1851 എക്‌സിബിഷന്‍ സ്‌കോളര്‍ഷിപ്പ്' നേടി ബ്രിട്ടനില്‍ കേംബ്രിഡ്ജിലെ കാവന്‍ഡിഷ് ലബോറട്ടറിയില്‍ 1947 ല്‍ ഉപരിപഠനത്തിന് പോയി. അവിടെ എക്‌സ്‌റേ വിഭംഗനമായിരുന്നു പഠനവിഷയം. കേംബ്രിഡ്ജില്‍ നിന്നാണ് രണ്ടാം ഡോക്ടറേറ്റ് നേടിയത്.

Location

ജീവതന്മാത്രാശാസ്ത്രത്തിലെ സൂപ്പര്‍സ്റ്റാര്‍

1949 ല്‍ കേംബ്രിഡ്ജില്‍നിന്ന് ഇന്ത്യയിലെത്തിയ രാമചന്ദ്രന്‍ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ടില്‍ അസിസ്റ്റന്റ് പ്രൊഫസറായി ചേര്‍ന്നു. അവിടുത്തെ എക്‌സ്‌റേ ഡിഫ്രാക്ഷന്‍ ലബോറട്ടറിയുടെ ചുമതലയായിരുന്നു അദ്ദേഹത്തിന്. മലയാളിയായ ഗോപിനാഥ് കര്‍ത്ത ഉള്‍പ്പടെ ഏതാനും വിദ്യാര്‍ഥികള്‍ രാമചന്ദ്രന് കീഴില്‍ ഗവേഷണത്തിന് ചേര്‍ന്നു. പിന്നീട്, മദ്രാസ് സര്‍വ്വകലാശാലയില്‍ പുതിയതായി നിലവില്‍ വന്ന ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയായി 1952 ല്‍ രാമചന്ദ്രന്‍ ചുമതലയേറ്റു. സി വി രാമനാണ് ആ പദവിയിലേക്ക് അദ്ദേഹത്തെ ശുപാര്‍ശ ചെയ്തത്. 1950-57 കാലത്ത് 'കറന്റ് സയന്‍സ്' ജേര്‍ണലിന്റെ പത്രാധിപരായും രാമചന്ദ്രന്‍ പ്രവര്‍ത്തിച്ചു. രാമചന്ദ്രന്‍ 17 വര്‍ഷം മദ്രാസിലുണ്ടായിരുന്നു. ആ സമയത്താണ് ജീവതന്മാത്രാശാസ്ത്രരംഗത്ത് അദ്ദേഹം ഒരു സൂപ്പര്‍സ്റ്റാര്‍ പദവിയിലെത്തുന്നത്. മാത്രമല്ല, ആ പഠനശാഖയുടെ ലോകത്തെ പ്രധാനകേന്ദ്രങ്ങളിലൊന്നായി മദ്രാസിനെ മാറ്റാനും അദ്ദേഹത്തിന് കഴിഞ്ഞു. 1965-66 കാലത്ത് രാമചന്ദ്രന്‍ അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസറായി. ആ സമയത്ത് യു എസ് നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ റിസര്‍ച്ച് ഗ്രാന്‍ഡ് രാമചന്ദ്രന് ലഭിച്ചു. എല്ലാ വര്‍ഷവും ഷിക്കാഗോ സര്‍വ്വകലാശാലയില്‍ ഏതാനും മാസം ഗവേഷണം നടത്താന്‍ അത് സഹായിച്ചു.

Location

ഇന്ത്യയില്‍ മാത്രം പ്രവര്‍ത്തിച്ച അദ്ഭുതപ്രതിഭ

ഡോ. എ. ലക്ഷ്മണസ്വാമി മുതലിയാര്‍ മദ്രാസ് സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ആയിരിക്കുമ്പോഴാണ് അവിടെ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിക്കുന്നതും രാമചന്ദ്രനെ അതിന്റെ മേധാവിയായി നിയമിക്കുന്നതും. ഒരു പിതാവും പുത്രനും തമ്മിലെന്ന പോലുള്ള ഊഷ്മളബന്ധമാണ് ഇരുവരും തമ്മിലുണ്ടായിരുന്നത്. രാമചന്ദ്രന് മുതലിയാര്‍ എല്ലാ സ്വാതന്ത്ര്യവും നല്‍കി. 1968 ല്‍ മുതലിയാര്‍ വിരമിച്ചതോടെ രാമചന്ദ്രന് ലഭിച്ചിരുന്ന പ്രത്യേക പരിഗണനകള്‍ ഇല്ലാതായി. പ്രതികൂല പരിസ്ഥിതിയില്‍ മദ്രാസില്‍ തുടരാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. തിരികെ ബാംഗ്ലൂരില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സില്‍ തിരിച്ചെത്തി. അവിടെ 'മോളിക്യുലാര്‍ ബയോഫിസിക്‌സ് യൂണിറ്റ്' (എം.ബി. യു) സ്ഥാപിക്കലായിരുന്നു ചുമതല. 1971 മുതല്‍ രാമചന്ദ്രന്‍ അതിനുള്ള ശ്രമം ഊര്‍ജിതമാക്കി. പലവിധ കാരണങ്ങളാല്‍ ബാംഗ്ലൂരിലേക്കുള്ള രാമചന്ദ്രന്റെ രണ്ടാംവരവ് സുഖപര്യവസായി ആയില്ല. എം.ബി.യുവിലെ സംഘര്‍ഷത്തിന് അദ്ദേഹം അനുഭവിച്ചിരുന്ന മാനസിക പ്രശ്‌നങ്ങളും എരികേറ്റി. താനുണ്ടാക്കിയ ഡിപ്പാര്‍ട്ട്‌മെന്റിനോട് 1970 കളുടെ അവസാനം അദ്ദേഹം തെറ്റിപ്പിരിഞ്ഞ്, ഇന്ത്യന്‍ ഇന്‍സ്റ്റട്ട്യൂട്ടില്‍ തന്നെ 'മാത്തമാറ്റിക്കല്‍ ഫിലോസൊഫി യൂണിറ്റ്' എന്ന പുതിയൊരു ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങി. 1981 ല്‍ ബാംഗ്ലൂരില്‍ നിന്ന് രാജിവെച്ച് ഹൈദരാബാദിലെ 'സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ബയോളജി'യില്‍ എത്തിയെങ്കിലും അവിടെ ഏതാനും മാസം തുടരാനേ രാമചന്ദ്രന് കഴിഞ്ഞുള്ളൂ. അദ്ദേഹം തിരികെ ബാംഗ്ലൂരിലെത്തി, ഒരു ഇടവേളയ്ക്ക് ശേഷം മാത്തമാറ്റിക്കല്‍ ഫിലോസൊഫി യൂണിറ്റ് പുനരാരംഭിച്ചു. ജീവിതത്തിന്റെ അവസാനകാലത്ത് രോഗപീഡകളുടെ പിടിയിലായി ആ ഗവേഷകന്‍. 1980 കളുടെ ആരംഭത്തില്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പിടിയിലായ അദ്ദേഹത്തിന്റെ മാനസികാരോഗ്യം അതിന് മുമ്പ് തന്നെ തകരാന്‍ തുടങ്ങിയിരുന്നു. 1945 ല്‍ തന്നോടു ചേര്‍ന്ന രാജലക്ഷ്മി എന്ന രാജമായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. 2001 ഏപ്രില്‍ ഏഴിന് ചെന്നൈയിലായിരുന്നു രാമചന്ദ്രന്റെ അന്ത്യം.

Movie

രാമചന്ദ്രന്റെ ശാസ്ത്രസംഭാവനകള്‍

ജീവതന്മാത്രാശാസ്ത്രം, എക്‌സ്‌റേ ക്രിസ്റ്റലോഗ്രാഫി എന്നീ മേഖലകളിലാണ് രാമചന്ദ്രന്റെ പ്രധാന സംഭാവനകള്‍. എക്‌സ്‌റേ ക്രിസ്റ്റലോഗ്രാഫിയുടെ സൈദ്ധാന്തിക അടിത്തറ ശക്തിപ്പെടുത്താന്‍ അദ്ദേഹം വിലപ്പെട്ട സംഭാവനകള്‍ നല്‍കി. ഫൂരിയേ ട്രാന്‍സ്‌ഫോമുകളുടെ സഹായത്തോടെ ദ്വിമാനദൃശ്യങ്ങളില്‍ നിന്ന് ത്രിമാനപ്രതിരൂപങ്ങള്‍ നിരൂപിച്ചെടുക്കാന്‍ രാമചന്ദ്രന്‍ ആവഷിക്കരിച്ച ഗണിതസങ്കേതമാണ് സി.എ.ടി.വികസിപ്പിക്കുന്നതിന് അടിത്തറയായത്. സി എ ടി സ്‌കാന്‍ പില്‍ക്കാലത്ത് രോഗനിര്‍ണയരംഗത്ത് നിര്‍ണായകസ്ഥാനം നേടി. തന്മാത്രമാതൃകാ രൂപകല്‍പ്പന, ബയോഇന്‍ഫര്‍മാറ്റിക്‌സ്, കമ്പ്യൂട്ടേഷണല്‍ ബയോളജി എന്നെല്ലാം വിളിക്കുന്ന വിജ്ഞാനശാഖകള്‍ക്ക് ആഗോളതലത്തില്‍ തുടക്കംകുറിച്ചവരില്‍ ഒരാളായാണ് രാമചന്ദ്രനെ ഇന്ന് ശാസ്ത്രലോകം വിലയിരുത്തുന്നത്.

Picture

കൊളജന്റെ മുപ്പിരിയന്‍ ഘടന

ജീവതന്മാത്രാശാസ്ത്രത്തിലെ പ്രധാന നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊളജന്‍ പ്രോട്ടീനിന്റെ മുപ്പിരിയന്‍ (ട്രിപ്പിള്‍ ഹെലിക്‌സ്) ഘടന കണ്ടെത്തിയതാണ് രാമചന്ദ്രന്റെ ശാസ്ത്രസംഭാവനകളില്‍ ആദ്യത്തേത്. തന്റെ മുന്‍വിദ്യാര്‍ഥിയും മലയാളിയുമായ ഗോപിനാഥ് കര്‍ത്തയുമായി ചേര്‍ന്ന് മദ്രാസില്‍വെച്ച് 1955 ലാണ് രാമചന്ദ്രന്‍ ആ സുപ്രധാന മുന്നേറ്റം നടത്തുന്നത്. പ്രോട്ടീനുകള്‍ പോലുള്ള ജീവതന്മാത്രകളുടെ ബാഹ്യഘടനയക്ക് അവയുടെ ധര്‍മവുമായി അടുത്ത ബന്ധമുണ്ടെന്ന തിരിച്ചറിവാണ്, ജീവതന്മാത്രകളുടെ ഘടന കണ്ടെത്താന്‍ ഗവേഷകലോകത്തെ പ്രേരിപ്പിച്ചത്. 1930 കളില്‍ എക്‌സ്‌റേ ക്രിസ്റ്റലോഗ്രാഫിയുടെ സഹായത്തോടെ ജീവതന്മാത്രകളെക്കുറിച്ചുള്ള പഠനം ശാസ്ത്രലോകം ആരംഭിച്ചു. എക്‌സ്‌റേ പഠനങ്ങള്‍ നല്‍കുന്ന വിവരങ്ങളും രാസസ്വഭാവവും സമ്മേളിപ്പിച്ച് വേണ്ടിയിരുന്നു ജീവതന്മാത്രകളുടെ ഘടന മനസിലാക്കാന്‍. ആ ദിശയില്‍ സുപ്രധാനമായ ഒരു മുന്നേറ്റമുണ്ടായത് 1951 ലാണ്. അമേരിക്കന്‍ ഗവേഷകരായ ലൈനസ് പോളിങും റോബര്‍ട്ട് കോറിയും ചേര്‍ന്ന് പ്രോട്ടീന്‍ ശൃംഖലകളുടെ ആല്‍ഫ ഹെലിക്‌സ് ഘടന കണ്ടെത്തി. ജീവതന്മാത്രാശാസ്ത്രത്തിന്റെ മുന്നോട്ടുള്ള ഗതി നിര്‍ണയിക്കുന്ന കണ്ടെത്തലായിരുന്നു അത്. അടുത്ത മുന്നേറ്റം ഇംഗ്ലണ്ടില്‍ നിന്നാണുണ്ടായത്. 1953 ല്‍ കേംബ്രിഡ്ജിലെ കാവന്‍ഡിഷ് ലാബിലെ ഫ്രാന്‍സിസ് ക്രിക്കും ജെയിംസ് വാട്‌സണും ചേര്‍ന്ന്, ജീവന്റെ തന്മാത്രയെന്നറിയപ്പെടുന്ന ഡിഎന്‍എയുടെ ഇരട്ടപ്പിരിയന്‍ (ഡബിള്‍ ഹെലിക്‌സ്) ഘടന കണ്ടെത്തി. ജീവതന്മാത്രാരംഗത്തെ എക്കാലത്തെയും വലിയ കണ്ടുപിടുത്തമായിരുന്നു അത്. ഈ രംഗത്തെ മൂന്നാമത്തെ മുന്നേറ്റമായിരുന്നു കൊളജന്റെ മുപ്പിരിയന്‍ ഘടനയുടെ കണ്ടെത്തല്‍. പ്രശസ്തമായ പാശ്ചാത്യ ഗവേഷണസ്ഥാപനങ്ങളില്‍ അത് കണ്ടെത്താന്‍ ശ്രമം നടക്കുമ്പോഴാണ്, ഭൂമുഖത്തെ വിദൂരകോണായ മദ്രാസില്‍ നിന്ന് അതുവരെ ഈ രംഗത്ത് അറിയപ്പെടാത്ത രണ്ട് മലയാളി ഗവേഷകര്‍ -രാമചന്ദ്രനും ഗോപിനാഥ് കര്‍ത്തയും-ചേര്‍ന്ന് കൊളജന്റെ ഘടന അവതരിപ്പിക്കുന്നത്. ഡിഎന്‍എ ഘടന കണ്ടെത്തിയതിലൊരാളായ ഫ്രാന്‍സിസ് ക്രിക്കും കൊളജന്‍ ഘടന കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. പക്ഷേ, മദ്രാസ് ഗ്രൂപ്പ് അത് കണ്ടെത്തിയെന്നറിഞ്ഞതോടെ, ആ ഗവേഷകന്‍ അതിനെതിരെ അപ്രസക്തമായ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. ക്രിക്കിനെപ്പോലൊരാള്‍ വിമര്‍ശിച്ചപ്പോള്‍ ശാസ്ത്രലോകം അതിന് ചെവികൊടുത്തത് സ്വാഭാവികം മാത്രം. രാമചന്ദ്രനും കര്‍ത്തയ്ക്കും ആ കണ്ടെത്തലിന് അര്‍ഹിക്കുന്ന അംഗീകാരം കിട്ടാതിരിക്കാന്‍ അത് കാരണമായി. ക്രിക്കിന്റെ വിമര്‍ശനം കഥയില്ലാത്തതായിരുന്നുവെന്ന് പില്‍ക്കാലത്ത് തെളിഞ്ഞു.

Picture

ജീവതന്മാത്രാശാസ്ത്രത്തിന്റെ ജീവനായി രാമചന്ദ്രന്‍ മാപ്പ്

കൊളജന്‍ ഘടനയെക്കുറിച്ചുയര്‍ന്ന വിമര്‍ശനങ്ങള്‍ പക്ഷേ, രാമചന്ദ്രനെ തളര്‍ത്തിയില്ല. ക്രിക്ക് ഉന്നയിച്ച വിമര്‍ശനം ശരിയാണോ അല്ലയോ എന്ന് തന്റെ വിദ്യാര്‍ഥികളായിരുന്ന വി.ശശിശേഖരന്‍, സി.രാമകൃഷ്ണന്‍ എന്നിവരുമായി ചേര്‍ന്ന് ആഴത്തിലുള്ള അന്വേഷണം രാമചന്ദ്രന്‍ നടത്തി. ആ വിമര്‍ശനങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുക മാത്രമല്ല, 'രാമചന്ദ്രന്‍ മാപ്പ്' (Ramachandran plot ) എന്ന ജീവതന്മാത്രാശാസ്ത്ര രംഗത്തെ സുപ്രധാന മുന്നേറ്റത്തിലേക്ക് ആ അന്വേഷണം രാമചന്ദ്രനെ നയിക്കുകയും ചെയ്തു. പ്രോട്ടീനുകളുടെ ത്രിമാനഘടനയുടെ അനുവദനീയ പരിധികള്‍ ഒരു ദ്വിമാനപ്രതലത്തില്‍ രേഖപ്പെടുത്താന്‍ സഹായിക്കുന്ന സുപ്രധാന മുന്നേറ്റമാണ് രാമചന്ദ്രന്‍ മാപ്പിലൂടെ സംഭവിച്ചത്. ആ കണ്ടെത്തലോടെ, ലോകത്ത് ഏത് ലാബില്‍ പുതിയൊരു പ്രോട്ടീന്‍ഘടന കണ്ടെത്തുമ്പോഴും അത് 'രാമചന്ദ്രന്‍ മാപ്പ്' അനുസരിക്കുന്നില്ലേ എന്ന് ഗവേഷകര്‍ ആകാംക്ഷയോടെ പരിശോധിക്കാന്‍ തുടങ്ങി. ഒരു പ്രോട്ടീന്‍ ഘടനയിലെ മൂല്യങ്ങള്‍ രാമചന്ദ്രന്‍ മാപ്പിലെ അനുവദനീയപരിധിയിലല്ല വരുന്നതെങ്കില്‍, ആ ഘടനയില്‍ എന്തോ കുഴപ്പമുണ്ടെന്ന് മനസിലാക്കാം. ഒന്നുകില്‍ ആ ഘടനയില്‍ തെറ്റുണ്ട്, അല്ലെങ്കില്‍ നിരീക്ഷണഫലങ്ങളില്‍ തെറ്റുണ്ട്. ജീവതന്മാത്രാശാസ്ത്രം ഉള്ളിടത്തോളം കാലം ഓര്‍മിക്കപ്പെടുന്ന മുന്നേറ്റമാണ് 'രാമചന്ദ്രന്‍ മാപ്പി'ന്റെ കണ്ടെത്തലോടെ ഉണ്ടായത്.

Picture

ക്രിസ്റ്റലോഗ്രാഫി പ്രണയം

ബാംഗ്ലൂരില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ രാമന് കീഴില്‍ സ്വയം അഭ്യസിച്ചതാണ് എക്‌സ്‌റേ ക്രിസ്റ്റലോഗ്രാഫി. ആ പഠനമേഖലയിലെ താത്പര്യം രാമചന്ദ്രനെ ഒരിക്കലും വിട്ടുപോയില്ലെന്ന് മാത്രമല്ല, ആ മേഖലയുടെ ഗണിത അടിത്തറ ശക്തിപ്പെടുത്താനുള്ള സംഭാവനകള്‍ ആ ഗവേഷകന്‍ നല്‍കുകയും ചെയ്തു. ചരിത്രത്തിലെ ഏറ്റവും പ്രഗത്ഭരായ നൂറ് ക്രിസ്റ്റലോഗ്രാഫര്‍മാരിലൊരാളായാണ് രാമചന്ദ്രന്‍ ഇന്ന് വിലയിരുത്തപ്പെടുന്നത്. ക്രിസ്റ്റലുകളുടെ ഘടനാവിശ്ലേഷണത്തിന് അനോമലസ് സ്‌കാറ്ററിങ് എന്ന പ്രതിഭാസം ഉപയോഗിക്കാനുള്ള നൂതനസങ്കേതം എസ്. രാമന്‍ എന്ന വിദ്യാര്‍ഥിയുമായി ചേര്‍ന്ന് 1956 ല്‍ വികസിപ്പിച്ചതാണ് ക്രിസ്റ്റലോഗ്രാഫിയിലെ രാമചന്ദ്രന്റെ ശ്രദ്ധേയമായ ആദ്യസംഭാവന. പില്‍ക്കാലത്ത് ഒട്ടേറെ തന്മാത്രകളുടെ ഘടന കണ്ടെത്താന്‍ ഗവേഷകര്‍ ഈ മാര്‍ഗം ഉപയോഗിച്ചു. ഈ മേഖലയില്‍ രാമചന്ദ്രന്റെ പ്രധാന സംഭാവനയുണ്ടായത് 'ഫൂരിയേ ട്രാന്‍സ്‌ഫോമുകള്‍' എന്ന ഗണിതസങ്കേതവുമായി ബന്ധപ്പെട്ടാണ്. ഒരു തന്മാത്രയുടെ ഭാഗികഘടന മാത്രം ലഭ്യമാകുമ്പോള്‍, ഫൂരിയേ വിശകലനം വഴി അതിന്റെ പൂര്‍ണഘടന കണ്ടെത്താനാകുമോ എന്ന അന്വേഷണമാണ് 'ഹെവി ആറ്റം മെത്തേഡ്' എന്ന ഉപാധി വികസിപ്പിക്കുന്നതിലേക്ക് രാമചന്ദ്രനെ നയിച്ചത്. ക്രിസ്റ്റലോഗ്രാഫര്‍മര്‍ക്കിടയില്‍ വളരെ പ്രിയങ്കരമായ ഒരു സങ്കേതമാണിത്. തന്റെ ആദ്യവിദ്യാര്‍ഥികളിലൊരാളായ ആര്‍. ശ്രീനിവാസനുമായി ചേര്‍ന്ന് 1970 ല്‍ 'ഫൂരിയേ മെത്തേഡ്‌സ് ഇന്‍ ക്രിസ്റ്റലോഗ്രാഫി' എന്ന ക്ലാസിക് ഗ്രന്ഥവും രാമചന്ദ്രന്‍ പുറത്തിറക്കി.

Picture

എക്‌സ്‌റേ ടോമോഗ്രാഫി

ഫൂരിയേ ട്രാന്‍സ്‌ഫോമുകളോട് രാമചന്ദ്രനുണ്ടായിരുന്ന പ്രണയം, വ്യത്യസ്തമായ മറ്റൊരു മേഖലയിലും വലിയ മുന്നേറ്റത്തിന് സഹായിച്ചു. എക്‌സ്‌റേ ടോമോഗ്രാഫി എന്ന രംഗത്താണ് അതുണ്ടായത്. 1970-71 കാലത്ത് ഷിക്കാഗോയിലുള്ളപ്പോള്‍, എ.വി.ലക്ഷ്മിനാരായണന്‍ എന്ന വിദ്യാര്‍ഥിയുമായി ചേര്‍ന്നായിരുന്നു ആ ഗവേഷണം. എക്‌സ്‌റേ ഉപയോഗിച്ചെടുക്കുന്ന ഒരു ഘടനയുടെ ദ്വിമാനചിത്രങ്ങളില്‍ നിന്ന് ത്രിമാനഘടന സൃഷ്ടിക്കാനുള്ള ഗണിതസങ്കേതം വികസിപ്പിക്കുകയാണ് രാമചന്ദ്രന്‍ ചെയ്തത്. 'കമ്പ്യൂട്ടര്‍-അസിസ്റ്റഡ് ടോമോഗ്രാഫി'യുടെ അടിസ്ഥാനമായി മാറിയത് രാമചന്ദ്രനും ലക്ഷ്മിനാരായണനും വികസിപ്പിച്ച ആ സിദ്ധാന്തമായിരുന്നു. രോഗനിര്‍ണയത്തിനുള്ള ഉപാധിയായി അത് പിന്നീട് മാറി.

Picture

ബഹുമതികള്‍

നൊബേല്‍ പുരസ്‌കാരം ഒഴികെ ജീവതന്മാത്രാശാസ്ത്രരംഗത്തെ ഏതാണ്ടെല്ലാ ബഹുമതികളും ജിവിച്ചിരിക്കുമ്പോള്‍ തന്നെ രാമചന്ദ്രനെ തേടിയെത്തി. ഇന്‍ര്‍നാഷണല്‍ യൂണിയന്‍ ഓഫ് ക്രിസ്റ്റലോഗ്രാഫി ഏര്‍പ്പെടുത്തിയ എവാള്‍ഡ് പ്രൈസ് (1999) ആണ് അതില്‍ ഏറ്റവും പ്രധാനം. ഇന്ത്യന്‍ സയന്‍സ് അക്കാദമിയുടെ ആദ്യത്തെ 'ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ പ്രൊഫസര്‍ഷിപ്പ്' (1984) തേടിയെത്തിയതും രാമചന്ദ്രനെയായിരുന്നു. എന്നാല്‍, ഒരു പത്മശ്രീ പുരസ്‌കാരം പോലും നല്‍കി ഈ മഹാശാസ്ത്രജ്ഞനെ ആദരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല.
മറ്റ് പ്രധാന ബഹുമതികള്‍ -
* 1977 - ലണ്ടന്‍ റോയല്‍ സൊസൈറ്റി ഫെലോഷിപ്പ്
* 1977 - ഫോഗാര്‍ട്ടി ഇന്റര്‍നാഷണല്‍ മെഡല്‍
* 1961 - ശാന്തിസ്വരൂപ് ഭട്‌നാഗര്‍ അവാര്‍ഡ്
* 1964 - വാട്ടുമുള്‍ മെമ്മോറിയല്‍ പ്രൈസ് ഫോര്‍ ബയോഫിസിക്‌സ്
* 1971 - മേഘ്‌നാദ് സാഹ മെഡല്‍
* 1972 - ശ്രീനിവാസ രാമാനുജ മെഡല്‍
* 1976 - ജഗദീഷ് ചന്ദ്രബോസ് അവാര്‍ഡ്
* 1977 - ജെ സി ബോസ് മെഡല്‍
* 1982 - സര്‍ സി വി രാമന്‍ മെഡല്‍
* 1984 - രാമേശ്വര്‍ദാസ്ജി ബിര്‍ള അവാര്‍ഡ് ഫോര്‍ മെഡിക്കല്‍ സയന്‍സസ്

'നൊബേല്‍ പുരസ്‌ക്കാരം നേടിയ പലരെയും ഇപ്പോള്‍ ആരും ഓര്‍ക്കുന്നില്ല. രാമചന്ദ്രന്റെ കാര്യം അങ്ങനെയല്ല. അദ്ദേഹത്തെ ഇന്നും എല്ലാവരും ഓര്‍ക്കുന്നു.' ഹാട്ട്മുട്ട് മിച്ചെല്‍, ജര്‍മന്‍ ബയോകെമിസ്റ്റ്, നൊബേല്‍ ജേതാവ്


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.