Picture

ചുവപ്പിന്റെ നക്ഷത്രപ്പിറവി

1909 ജൂണ്‍ 13-ന് ഇന്നത്തെ മലപ്പുറം ജില്ലയില്‍ ഉള്‍പെട്ട ഏറനാട് താലൂക്കിലെ പെരിന്തല്‍മണ്ണക്കടുത്ത് ഏലംകുളം അംശത്തിലെ ഏലംകുളം ദേശത്ത് ഏലംകുളത്ത് മനയില്‍ ജനിച്ചു. സര്‍വപ്രതാപങ്ങളുടെയും നടുവിലേക്ക് പിറന്നുവീണ ശങ്കരന്‍ പിന്നീട് ഒരുകമ്മ്യൂണിസ്റ്റ്കാരനായി മാറിയത് സംഭവബുലമായ സാഹചര്യങ്ങളുടെ പരമ്പരയില്‍ കൂടിയാണ്. പിതാവ് പരമേശ്വരന്‍ നമ്പൂതിരിപ്പാട്, മാതാവ് വിഷ്ണുദത്ത. വിഷ്ണുദത്തയില്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടിനുണ്ടായ നാലാമത്തെ സന്തതിയായിരുന്നു ശങ്കരന്‍. മീറ്റ്‌ന അച്യുതവാര്യര്‍' എന്നയാളാണ് ശങ്കരനെ നിലത്തെഴുത്തു പഠിപ്പിച്ചത്. 1925 ജൂണില്‍ പെരിന്തല്‍മണ്ണ ഹൈസ്‌ക്കൂളില്‍ മൂന്നാം ഫോറത്തില്‍ ചേര്‍ന്നു. മൂന്നാംഫോറത്തില്‍ നിന്നും ജയിച്ചപ്പോള്‍ മറ്റുള്ളവരുടെ എതിര്‍പ്പുകള്‍ വകവെക്കാതെ ഐഛികവിഷയമായി ചരിത്രം തിരഞ്ഞെടുക്കുകയായിരുന്നു. ഭാവിയില്‍ ഒരു രാഷ്ട്രീയക്കാരനായി തീരണമെന്ന ഉറച്ചവിശ്വാസമുള്ളതുകൊണ്ടാണ് അന്ന് താന്‍ ചരിത്രം തന്നെ തിരഞ്ഞെടുത്തതെന്ന് ഇ.എം.എസ്സ് പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്. ആംഗലേയ വിദ്യാഭ്യാസം നമ്പൂതിരി ഇല്ലങ്ങളില്‍ നിഷിദ്ധമായിരുന്നു. എങ്കിലും ഒല്ലൂരിനടുത്തുള്ള എടക്കുന്നിയില്‍ നമ്പൂതിരിക്കുട്ടികള്‍ക്കായി നടത്തിയ വിദ്യാലയത്തില്‍ നിന്ന് ഇംഗ്ലീഷ് പഠിച്ചു. 1929 ജൂണില്‍ കോളേജ് പഠനത്തിനായി തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ ജൂനിയര്‍ ഇന്റര്‍മീഡിയേറ്റിനു ചേര്‍ന്നു. പ്രാചീന ചരിത്രം, ഇന്ത്യാചരിത്രം, തര്‍ക്കശാസ്ത്രം എന്നിവയായിരുന്നു അദ്ദേഹം ഐഛികവിഷയങ്ങളായി തിരഞ്ഞെടുത്തത്. അന്നു മുതല്‍ 1932 വരെ അവിടത്തെ വിദ്യാര്‍ത്ഥിയായിരുന്നു.

Picture

രാഷ്ട്രീയക്കാരന്റെ ജനനം

ഖിലാഫത്ത് സമരകാലത്ത് ലഹളയെ ഭയന്ന് അകലെയുള്ള ബന്ധു വീട്ടിലാണ് കുറേകാലം ശങ്കരന്‍ കഴിഞ്ഞിരുന്നത്. ഇക്കാലത്താണ് പുറംലോകത്തു സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്ന നിസ്സഹകരണ പ്രസ്ഥാനം, ഖിലാഫത്ത്, സ്വരാജ് പ്രസ്ഥാനം എന്നിവയെക്കുറിച്ച് മനസിലാക്കിയത്. നിസ്സഹകരണ-ഖിലാഫത്ത് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയോട് കൂടി രാഷ്ട്രീയ കാര്യങ്ങളില്‍ അദ്ദേഹത്തിന് താല്പര്യം ജനിക്കാന്‍ തുടങ്ങി.ധ9പ. ഏതാണ്ട് ഇക്കാലത്താണ് കോഴിക്കോട് നിന്നും കെ.പി. കേശവമേനോന്റെ പത്രാധിപത്യത്തില്‍ മാതൃഭൂമി ത്രൈവാരികയായി പുറത്തു വരാന്‍ തുടങ്ങിയത്. ആ വാരികയിലൂടെ അദ്ദേഹം ലോകത്തേയും പ്രത്യേകിച്ച് കേരളത്തേയും നോക്കിക്കണ്ടു. 1923-ല്‍ പതിന്നാലാം വയസ്സില്‍ നമ്പൂതിരി യോഗക്ഷേമസഭയുടെ വള്ളുവനാട് ഉപസഭയുടെ സെക്രട്ടറിയായതാണ് സാമൂഹ്യ രംഗത്ത് ആദ്യത്തെ കാല്‍ വയ്പ്. സ്‌കൂള്‍ പഠനകാലത്ത് രാഷ്ട്രീയത്തിലുള്ള അഭിനിവേശം നിമിത്തം അന്ന് ചെന്നൈയില്‍ വച്ച് നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ പങ്കെടുത്തു.

ഇതിനുശേഷം രണ്ടു മാസം കഴിഞ്ഞ് പയ്യന്നൂര്‍ വച്ച് കേരള സംസ്ഥാനത്തെ രാഷ്ട്രീയ സമ്മേളനം ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ നടന്നു. അതില്‍ വച്ച് മിതവാദികള്‍ സ്വരാജ് മതിയെന്നും തീവ്രവാദികള്‍ പൂര്‍ണ്ണസ്വാതന്ത്ര്യം വേണമെന്നും പറഞ്ഞുണ്ടായ വാദ പ്രതിവാദങ്ങള്‍ അദ്ദേഹത്തിനെ സജീവ രാഷ്ട്രീയത്തിലേയ്ക്ക് വലിച്ചിഴച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ അവസാന കാലം പാലക്കാട് ആയിരുന്നു. അവിടെ വച്ച് വി.ടി. ഭട്ടതിരിപ്പാട്, കുട്ടന്‍ നമ്പൂതിരിപ്പാട് പാണ്ടം, കുറൂര്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി. കോളജ് പഠനകാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലും സജീവമായി പങ്കേടുത്തു. 1930 ആയപ്പോഴേക്കും സ്വാതന്ത്ര്യ സമര സേനയുടെ രണ്ടാം നിരയിലേയ്ക്ക് ഉയരാന്‍ അദ്ദേഹത്തിനും കൂട്ടര്‍ക്കും കഴിഞ്ഞു.

Picture

സമര തീഷ്ണതയുടെ യൗവ്വനം

1931ലെ നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്തു. തൊട്ടടുത്തവര്‍ഷം നിയമലംഘന പ്രസ്ഥാനത്തിന്റെ മുഖ്യ സംഘാടകനായ എം ഗോവിന്ദമേനോന്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ തത്സ്ഥാനത്തേയ്ക്ക് പരിഗണിച്ചത് ശങ്കരനെയാണ്. കുടംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് 1932 ജനുവരി 17 ഇ.എം.എസിന്റെ നേതൃത്വത്തില്‍ ഉപ്പുസത്യാഗ്രഹം നടത്തി. തുടര്‍ന്ന് അറസ്റ്റ് വരിച്ച ഇ.എം.എസിസ് ജയിലിലായി. മൂന്ന് കൊല്ലക്കാലം നീണ്ട ജയില്‍ വാസത്തില്‍ കമല്‍നാഥ് തിവാരി, ബംഗാളിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ നേതാക്കളായിരുന്ന സെന്‍ഗുപ്ത, ചക്രവര്‍ത്തി, ആചാര്യ വി.വി. ഗിരി, ബുളുസു സാംബമൂര്‍ത്തി എന്നിവരെ പരിചയപ്പെട്ടു. ഇത് അദ്ദേഹത്തിലെ രാഷ്ട്രീയക്കാരനെ വാര്‍ത്തെടുത്ത കാലഘട്ടമായിരുന്നു.

1934-ല്‍ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ടപ്പോള്‍ അതിന്റെ അഖിലേന്ത്യാ സെക്രട്ടറിമാരിലൊരാള്‍ ഇ.എം.എസ്സായിരുന്നു. 1936 ല്‍ ഇ.എം.എസ്സ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു ഗ്രൂപ്പ് രൂപം കൊണ്ടു. ഇ.എം.എസ്സ്, പി.കൃഷ്ണപിള്ള, കെ.ദാമോദരന്‍, എന്‍.കെ.ശേഖര്‍ എന്നിവരായിരുന്ന ആദ്യ അംഗങ്ങള്‍. രണ്ടു തവണയാണ് ഇ.എം.എസ്. ഒളിവുജീവിതം നയിച്ചത്. 1940 ഏപ്രില്‍ 28 മുതല്‍ 1942 ഓഗസ്റ്റ് 2 വരെയും 1948 ജനുവരി മുതല്‍ 1951 ഒക്ടോബര്‍ വരെയും. ഒളിവു ജീവിതകാലത്തെ അനുഭവങ്ങള്‍ കര്‍ഷക കുടുംബങ്ങളോടുള്ള പ്രതിപത്തി വളര്‍ത്തി.

Picture

ഭരണവും സമരവും നിറഞ്ഞ കാലം

1957-ല്‍ തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്തിയ ലോകത്തിലെ രണ്ടാമത്തേയും ഏഷ്യയിലെ ആദ്യത്തേയും കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ നിലവില്‍ വന്നു. ഇ.എം.എസ് മുഖ്യമന്ത്രിയായി. ഇക്കാലത്ത് അദ്ദേഹത്തിന് ഉന്നതവിഭാഗക്കാരുടെ രൂക്ഷമായ എതിര്‍പ്പുകളെ നേരിടേണ്ടി വന്നു. അധികാരത്തിലേറി ഒരാഴ്ചക്കകം ഇ.എം.എസിന്റെ ചിരകാല സ്വപ്നമായിരുന്ന ഭൂപരിഷ്‌കരണ നിയമം മന്ത്രിസഭ പാസ്സാക്കി. തിനോടൊപ്പം പാസ്സാക്കപ്പെട്ട വിദ്യാഭ്യാസ പരിഷ്‌കരണ നിയമവും സാമൂഹ്യ വ്യവസ്ഥിതിയെ അപ്പാടെ മാറ്റിമറിക്കുന്നതായിരുന്നു. ഇതോടെ മത സാമുദായിക സംഘടനകളും പോലീസ് നയത്തിന്റെ പേരില്‍ പ്രതിപക്ഷവും സര്‍ക്കാരിനെതിരെ കലാപക്കൊടി ഉയര്‍ത്തി. വിമോചന സമരമെന്ന പേരില്‍ അറിയപ്പെട്ട സമരത്തിനൊടുവില്‍ സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയുടെ ചരിത്രത്തില്‍ആദ്യമായി ഇന്ത്യന്‍ ഭരണഘടന ചട്ടം 356 ഉപയോഗിച്ച് സര്‍ക്കാരിനെ പിരിച്ചു വിട്ടു.

1967 ലെ പൊതുതിരഞ്ഞെടുപ്പില്‍ മുഖ്യ എതിരാളിയായിരുന്ന കോണ്‍ഗ്രസ്സിനിതിരേ ഒരു വിശാല ഐക്യമുന്നണി രൂപീകരിക്കുന്നതില്‍ മുന്‍കൈയ്യെടുത്തത് ഇ.എം.എസ്സാണ്. ആ തിരഞ്ഞെടുപ്പില്‍ വലിയ വിജയം കൈവരിച്ച് ഇ.എം.എസ്സ് വീണ്ടും കേരളത്തിന്റെ മുഖ്യമന്ത്രിയായി. ഇ.എം.എസിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ വീണ്ടും 1967 ല്‍ അധികാരത്തില്‍ വന്നപ്പോള്‍ പുതിയ ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നു. കേരളത്തില്‍ ജന്മി സമ്പ്രദായം പൂര്‍ണ്ണമായും നിരോധിച്ചു. ഭൂമികൈവശംവയ്ക്കുന്നതിനുള്ള പരിധി വീണ്ടും താഴേക്കു കൊണ്ടുവന്നു. അഭരണത്തില്‍ പങ്കാളിയായിരുന്ന സി.പി.ഐ മുന്നണി വിട്ട്, കോണ്‍ഗ്രസ്സിന്റെ കൂടെ കൂടുകയും ഇ.എം.എസ്സ് മന്ത്രിസഭ രാജിവെക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. 1970 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചുവെങ്കിലും, ഇ.എം.എസ് പിന്നീട് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയുണ്ടായില്ല.

Picture

ഗാര്‍ഹസ്ഥ്യ പുരാണം

ജയില്‍വാസത്തിനിടക്ക് തൊട്ടു തിന്നുകയും തീണ്ടിത്തിന്നുകയും ചെയ്തതിനു നിരവധി നമ്പൂതിരി യുവാക്കളെ സമുദായം ഭ്രഷ്ട് കല്പിച്ചുവെങ്കിലും ജയില്‍ വാസത്തിനുശേഷം ഇ.എം.എസിനോട് ബന്ധുക്കള്‍ക്ക് വിദ്വേഷമോ പകയോ ഉണ്ടായില്ല. ജയിലില്‍ വച്ച് തീണ്ടിത്തിന്നതിനും ഇരട്ട ഭ്രഷ്ട് പ്രതീക്ഷിച്ചിരുന്ന ശങ്കരനുമായുള്ള വിവാഹ ബന്ധത്തിന് പല തറവാടുകളും വിസമ്മതിച്ചു. അവസാനം കുടമാളൂര്‍ തെക്കേടത്ത് വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ സഹോദരിയായ 'ടിങ്ങിയ' എന്ന് ചെല്ലപ്പേരുള്ള ആര്യ അന്തര്‍ജനത്തെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. 1937 ഒക്ടോബര്‍ ഒന്നിനായിരുന്നു വിവാഹം. മതാചാരപ്രകാരമായിരുന്നു വിവാഹം. മാത്രവുമല്ല, സ്വന്തം സമുദായത്തിലെ ഉത്പതിഷ്ണുക്കള്‍ അനാചാരം എന്നു കരുതിയ സ്ത്രീധനവും അദ്ദേഹം സ്വീകരിച്ചത് വിവാദമായിരുന്നു.

എന്നാല്‍ ഭാര്യയുടെ സഹോദരന്‍ നല്കാന്‍ തയ്യാറായ തുക വാങ്ങുകമാത്രമേ ചെയ്തുള്ളൂ എന്നാണ് നമ്പൂതിരിപ്പാട് പിന്നീട് പറഞ്ഞത്. 1998 മാര്‍ച്ച് 19 ന് രണ്ടു ശ്വാസകോശത്തിലും ന്യൂമോണിയ ബാധിച്ചതിനെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതം മൂലം തിരുവനന്തപുരത്തെ കോസ്‌മോപൊളിറ്റന്‍ ആശുപത്രിയില്‍ വച്ചാണ് ഇ.എം.എസ്. അന്തരിച്ചത്.ധ25പ 89 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കുട്ടികള്‍: ഇ.എം. ശ്രീധരന്‍. ഇ.എം.രാധ, ഇ.എം. ശശി.

Picture

വിക്കില്ലാത്ത വിവാദങ്ങള്‍

ചൈനയും ഇന്ത്യയുമായി 1962 ല്‍ യുദ്ധമുണ്ടായപ്പോള്‍ ചില കമ്യൂണിസ്റ്റ് നേതാക്കള്‍ യുദ്ധം മുതലാളിത്ത സ്റ്റേറ്റും സോഷ്യലിസ്റ്റ് സ്റ്റേറ്റും തമ്മിലുള്ള പോരാട്ടമാണെന്നു പറഞ്ഞ് ചൈനയുടെ നിലപാടിനെ സാധൂകരിക്കുകയും പല കമ്യൂണിസ്റ്റുകാരെയും ചൈനാ അനുകൂലികള്‍ എന്ന കാരണത്താല്‍ ജയിലിലടക്കുകയും ചെയ്തു. ഇക്കൂട്ടത്തില്‍ ഇ.എം.എസും ഉണ്ടായിരുന്നു. ഇക്കാലത്താണ് ചൈനയെ ന്യായീകരിച്ച് യുദ്ധമുണ്ടായത് ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന അവരുടേതെന്നും പറയുന്ന പ്രദേശത്തെ ചൊല്ലിയാണെന്ന വിവാദ പ്രസ്താവന ഇ.എം.എസിന്റെ ഭാഗത്തുനിന്നുണ്ടായത്.

ഇം.എം.എസ്. നമ്പൂതിരിപ്പാടിന്റെ സംഭവബഹുലമായ ജീവിതത്തിലെ എണ്ണമറ്റ തര്‍ക്കങ്ങളില്‍ ഒന്നുമാത്രമാണ് ശരീഅത്ത് വിവാദം. 1984-1986 കാലത്ത് മുസ്ലിങ്ങളുടെ മതനിയമസംഹിതയായ ശരീഅത്തിലെ സ്ത്രീവിരുദ്ധമാനങ്ങളെയും ജനാധിപത്യവിരുദ്ധതയെയും ജീര്‍ണതകളെയും അദ്ദേഹം തുറന്നെതിര്‍ത്തു. ആ കാലമാവുമ്പോഴേക്ക് സംഘടനാപിളര്‍പ്പിന്റെ പതിനൊന്നു കൊല്ലം കഴിഞ്ഞിരുന്ന മുസ്ലിംലീഗിന്റെ രണ്ടുവിഭാഗങ്ങളും എല്ലാം മറന്ന് യോജിക്കുവാന്‍ (1985) മുഖ്യമായും ഇടയാക്കിയത് ഇ.എം.എസ്. കൊളുത്തിവിട്ട ശരീഅത്ത് വിവാദമാണ് എന്നറിഞ്ഞാല്‍ അതിന്റെ കനം ഊഹിക്കാം.

Picture

കൃതികള്‍

ഇ.എം.എസ് കേരള ചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തി. ഇന്ത്യയില്‍ നിലനില്‍ക്കുന്ന, അര്‍ദ്ധഫ്യൂഡല്‍ വ്യവസ്ഥിതിയെ മാര്‍ക്‌സിയന്‍ ചരിത്രകാഴ്ചപ്പാടിനനുസരിച്ചു വ്യാഖ്യാനിക്കാന്‍ കഴിഞ്ഞു എന്നതും ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനയാണ്. ഇ.എം.എസിന്റേതായി നൂറിലധികം പുസ്തകങ്ങള്‍ മലയാളത്തിലുണ്ട്. ലഘുലേഖകള്‍ അനവധിയാണ് . ജവഹര്‍ലാലിന്റെ ജീവചരിത്രം മലയാളത്തില്‍ ആദ്യം എഴുതിയത് ഇ.എം.എസ്സാണ്.

'ഫ്രഞ്ചു വിപ്ലവവും നമ്പൂതിരി സമുദായവും' എന്ന ലേഖനം 1927ല്‍ യോഗക്ഷേമം മാസികയില്‍ പ്രത്യക്ഷപ്പെട്ടു . തുടര്‍ന്ന് രാഷ്ട്രീയവും, സാമൂദായികവും, ദാര്‍ശനികവും ആയ വിഷയങ്ങള്‍ സംബന്ധിച്ച് നിരവധി ആനുകാലികങ്ങളില്‍ ജീവിതാവസാനം വരെ ഇ.എം.എസ്സിന്റെ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെടുകയും വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.

'മാര്‍ക്‌സിയന്‍ സിദ്ധാന്തത്തെ കേരളത്തിലെ യാഥാര്‍ഥ്യവുമായി സമന്വയിപ്പിക്കാന്‍ ശ്രമിച്ചു എന്നതാണ് എന്നെ അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ചത്. സിദ്ധാന്തവും പ്രയോഗവും തമ്മിലുളള അന്തരമാണ് കമ്യൂണിസത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ എന്നെ അമ്പരപ്പിച്ചിരുന്നത്. മറ്റു നേതാക്കന്മാരെ ഓര്‍ക്കാതെയല്ലാ ഞാനിതു പറയുന്നത്, എന്നാല്‍ കമ്യൂണിസം ഇന്നും കേരളത്തില്‍ നിലനില്‍ക്കാന്‍ പ്രധാനകാരണം ഇ.എം.എസ് ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കാറല്‍മാര്‍ക്‌സ് ജനിച്ച ജര്‍മനിയില്‍പോലും കമ്യൂണിസത്തിനു വേരൂന്നാന്‍ കഴിഞ്ഞില്ല. ഇവിടെ അതിനു കഴിഞ്ഞു. ക്ലോസ് ലീബിഗ്, ജര്‍മന്‍ ഇടതുപക്ഷ ചിന്തകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ഗ്രീന്‍മൂവ്‌മെന്റ് പ്രവര്‍ത്തകന്‍ '


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.