Picture

കൂത്തമ്പലത്തിന്റെ അതിരുകള്‍ തകര്‍ത്ത ആചാര്യന്‍

1917 മേയ് മാസം 13-ാം തിയ്യതി വെള്ളാരപ്പിള്ളി മടശ്ശി മനയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരിയുടെയും ഇരിങ്ങാലക്കൂട അമ്മന്നൂര്‍ ശ്രീദേവി ഇല്ലോടമ്മയുടേയും മകനായി ജനനം. കൊടുങ്ങല്ലൂര്‍ മാന്തിട്ട കുഞ്ചുനമ്പൂതിരിയുടെയും അദ്ദേഹത്തിന്റെ പത്നിയും മഹാവിദൂഷികയുമായ കൊച്ചിക്കാവു തമ്പുരാട്ടിയുടെയും ശിഷ്യനായി വ്യാകരണവും ഭാഗവതര്‍ തമ്പുരാന്റെ കീഴില്‍ നാട്യശാസ്ത്രവും പഠിച്ചു. ശേഷം അമ്മാവന്മാരായ അമ്മന്നൂര്‍ ചാച്ചു ചാക്യാരുടേയും അമ്മന്നൂര്‍ വലിയ മാധവചാക്യാരുടെ കീഴിലും ഏഴ് വയസ്സ് മുതല്‍ കൂടിയാട്ടം അഭ്യസിച്ചു. പതിനൊന്നാമത്തെ വയസ്സില്‍ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ചു. പതിനാലാമത്തെ വയസ്സില്‍ കൂടല്‍മാണിക്യ ക്ഷേത്രത്തിലാണ് കൂടിയാട്ടത്തിലെ ആദ്യവേഷം കെട്ടിയത്. വര്‍ഷങ്ങളോളം നീണ്ട കഠിനപരിശ്രമത്തിലൂടെ വാക്കിലും രസാഭിനയത്തിലും പ്രാഗല്ഭ്യം നേടി. 1941ല്‍ ചേന്ദമംഗലത്ത് വാലിയം വകവിഷ്ണുവിന്റെ അമ്പലത്തില്‍ കൂത്ത് ആരംഭിച്ചു.

എന്നാല്‍ അശനവും രാജസേവയുമൊക്കെ പത്തുമണിക്കൂറിലധികം നേരം നിരന്തര ധാരയായി പറയാന്‍ പരിശീലനം ആര്‍ജ്ജിച്ച മാധവചാക്യാര്‍ക്ക് പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ അദ്യമൊക്കെ ശങ്കയായിരുന്നു. പുത്തന്‍ സമ്പ്രദായങ്ങള്‍ക്ക് മുന്നില്‍ ആദ്യമൊന്ന് പകച്ചു നിന്നെങ്കിലും പിന്നീട് ധൈര്യമാര്‍ജ്ജിച്ച് മുന്നേറുകയായിരുന്നു. കൂത്തമ്പലത്തിന്റേയും അമ്പലമതിലിന്റേയും നാലതിരുകള്‍ വിട്ട് ആധുനിക രംഗവേദികളിലേക്ക്് കടക്കാനും കടല്‍ കടന്നുപോകാനുമുളള മടി വിട്ടതോടെ അമ്മന്നൂര്‍ മാധവച്ചാക്യാര്‍ എന്ന മഹാനടനെ ലോകം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് 1979 ജനവരിയിലും മാര്‍ച്ചിലും രണ്ടുവട്ടം മി്ക്ക സംസ്ഥാനങ്ങളും പല വിദേശ നഗരങ്ങളും മാധവച്ചാക്യാരെ കണ്ടറിഞ്ഞു. ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഹോളണ്ട്, സ്വിറ്റ്സര്‍ലന്‍ഡ്, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെ അരങ്ങുകളില്‍ ആയിരക്കണക്കിന് ആസ്വാദകര്‍ ബാലിയുടെ മരണവും പാര്‍വതീ വിരഹത്തിലെ പകര്‍ന്നാട്ടവും നവരസാഭിനയവും കണ്ട് വിസ്മയം കൊണ്ടു. ഇതോടെ കൂടിയാട്ടത്തിന് അന്താരാഷ്ട്ര തലത്തില്‍ മുഖമുദ്ര നല്‍കാന്‍ പരിശ്രമിച്ച അതികായന്മാരില്‍ ഒരാളായി മാധവചാക്യാര്‍ മാറി.

Picture

അഭിനയസിദ്ധിയും സാക്ഷാത്ക്കാരവും

ലോക നാടകവേദിയിലേക്ക് കേരളത്തിന്റെ സംഭാവനയായ കൂടിയാട്ടത്തിന്റെ കുലപതികളായ പൈങ്കുളം ദാമോദര ചാക്യാര്‍, മണി മാധവ ചാക്യാര്‍, അമ്മന്നൂര്‍ മാധവചാക്യാര്‍ എന്നീ ത്രയത്തില്‍ തനതു ശൈലി പിന്തുടരാന്‍ അമ്മന്നൂര്‍ എന്നും ശ്രമിച്ചിരുന്നു. കൂടിയാട്ടത്തിലെ സംസ്‌കൃത ശ്ലോകങ്ങളെ മലയാളത്തില്‍ വിസ്തരിച്ച് അവതരിപ്പിക്കുമ്പോള്‍ സാമൂഹിക വിമര്‍ശനത്തിന് കിട്ടുന്ന ഒരവസരവും അമ്മന്നൂരിന്റെ വിദൂഷകന്‍ പാഴാക്കിയിരുന്നില്ല. താന്‍ കണ്ടതും കേട്ടതുമായ സാമൂഹിക ദുരാചാരങ്ങളെയും അതിന് കാരണക്കാരായവരേയും മുഖം നോക്കാതെ വിമര്‍ശിക്കാന്‍ അമ്മന്നൂര്‍ മടിച്ചില്ല. കേരളത്തിന്റെ തനതായ ദൃശ്യകലാപാരമ്പര്യത്തിന്റൈ ശക്തമായ സാക്ഷ്യമാണ് കൂടിയാട്ടം.തലമുറകളായി കൈമാറിവന്ന ഈ നാടകാവതരണശൈലിയുടെ കണ്ണിയാകാന്‍ വിധിക്കപ്പെട്ട മഹാപ്രതിഭ കൂടിയായിരുന്നു അമ്മന്നൂര്‍ മാധവചാക്യാര്‍. നാട്യധര്‍മ്മിയായ കൂടിയാട്ട അവതരണശൈലിയെ സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ ഉതകുന്ന രീതിയിലുളള ലാളിത്യം പകര്‍ന്ന് നല്‍കിയത് അമ്മന്നൂര്‍ മാധവ ചാക്യാരാണ്. എത്രമേല്‍ മുള്ളൂപോറിയാലും പാരമ്പര്യനിഷ്ഠമായ തന്റെ ശാസ്ത്രീയ കലാദര്‍ശനത്തില്‍ മുറുകെപ്പിടിക്കാന്‍ അമ്മന്നൂര്‍ മറന്നില്ല.

പുതുമകള്‍ക്ക് നേരെ പുറംതിരിഞ്ഞു നില്‍ക്കുന്ന ,യാഥാസ്ഥിതികത്വമായിരുന്നില്ല അത്; പുതിയ അന്വേഷണങ്ങളെ സ്വന്തം കലാസംസ്‌കാരത്തിന്റെ കാതലില്‍ ഉറപ്പിച്ചുനിര്‍ത്തുന്ന അഭിമാനബോധമായിരുന്നു. വാചികം മുതല്‍ ഉപാംഗാഭിനയം വരെ കൂടിയാട്ടത്തിന്റെ ആവിഷ്‌ക്കരണത്തിലൂടനീളം സൂക്ഷ്മജാഗ്രത്തായ കലാദര്‍ശനം അമ്മന്നൂര്‍ പിന്തുടര്‍ന്നു. അദ്ദേഹത്തിന്റെ അഭിനയ സംസ്‌കാരത്തില്‍ അന്യാദൃശമായ നാടകീയതയും ശാസ്്ത്രീയബോധവും സമന്വയിച്ചിരുന്നു. കൊടുങ്ങല്ലൂര്‍ കളരിയില്‍ നിന്ന് ലഭിച്ച നാട്യപരിശീലനത്തെ സ്വാനുഭാവത്തിന്റെയും ആവിഷ്‌കരണത്തിന്റേയും പാകപ്പെടുത്തല്‍ വരുത്തി. രാവണന്റെ ഉദ്യാനപ്രവേശമടക്കം മാധവച്ചാക്ക്യാരുടെ അവതരണങ്ങളില്‍ തിളങ്ങിനിന്ന പ്രതിഭാവിലാസം അതേയളവില്‍ വാചികത്തിലും പ്രോജ്ജ്വലിച്ചിരുന്നു. ജന്മസിദ്ധവും കുറിക്കുകൊള്ളുന്നതുമായ ഫലിതബോധവും അനര്‍ഗളമായ വാഗ്വിലാസവും മാധവച്ചാക്യാരില്‍ എന്നും പൂത്തുലഞ്ഞിരുന്നു. ചാച്ചുച്ചാക്യാരില്‍ നിന്ന് ആരംഭിച്ച ഉഴിച്ചിലടക്കമുളള പഠനക്രമത്തോടെയുളള കൂടിയാട്ടത്തിന്റെ വിസ്തൃതമായ കളരിസമ്പ്രദായം മാധവച്ചാക്യാരിലാണ് കൂടുതല്‍ സൂക്ഷ്മവും സമഗ്രവുമായത്.

Picture

വിലമതിക്കാനാകാത്ത ശിഷ്യസമ്പത്ത്

നടന്നുവന്ന വഴികളിലെ ക്ലേശവും അഭിനയസൂക്ഷ്മതയ്ക്കുവേണ്ട കാര്‍ക്കശ്യവും അടിസ്ഥാനമാക്കി നടപ്പാക്കിയ ശിക്ഷണസമ്പ്രദായവും തനിക്കുശേഷം കലയോട് ആത്മബന്ധം പുലര്‍ത്തുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കണമെന്ന തീവ്രമായ ആഗ്രഹവും നല്ലൊരു ശിഷ്യ സമ്പത്താണ് അമ്മന്നൂരിന് നേടിക്കൊടുത്തത്. കലാവിചക്ഷണനായ വേണുജി 1979ല്‍ മാധവച്ചാക്യാരെയും പരമേശ്വരച്ചാക്യാരെയും ഉള്‍പ്പെടുത്തി 'അമ്മന്നൂര്‍ ചാച്ചുച്ചാക്യാര്‍ സ്മാരക ഗുരുകുലം' എന്ന കളരി ആരംഭിച്ചു. അനന്യസിദ്ധികളുളള അനേകം പ്രതിഭകളെ ഈ ഗുരുകുലം വാര്‍ത്തെടുത്തു. ഉഷാ നങ്ങ്യാര്‍ മുതല്‍ ആ പ്രതിഭാപരമ്പര നീളുന്നു. അമ്മന്നൂര്‍ രജനീഷ്, സൂരജ് നമ്പ്യാര്‍, രഞ്ജിത് രാമചന്ദ്രന്‍, അപര്‍ണാനങ്ങ്യാര്‍, കപില, സരിത തുടങ്ങി കൂടിയാട്ടത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ ശക്തരായ രണ്ടുതലമുറ നടന്മാര്‍/ നടികളാണ് അമ്മന്നൂരിന്റെ കൈകളിലൂടെ കടന്ന് ഇന്ന് അരങ്ങു നിറഞ്ഞു നില്‍ക്കുന്നത്. അനേകം പുതിയ ആവിഷ്‌കാരങ്ങള്‍ മാധവച്ചാക്യാരുടെ മേല്‍നോട്ടത്തില്‍്ത്തന്നെ കൂടിയാട്ടത്തില്‍ ഇടംകണ്ടു. അഭിഷേകനാടകവും കല്യാണസൗഗന്ധികം വ്യായോഗവും പൂര്‍ണമായി ചിട്ടചെയ്ത് രംഗത്തെത്തിച്ചതടക്കം അനേകം പുതിയ അന്വേഷണങ്ങള്‍ക്ക് ഈ ഗുരുകുലം സാക്ഷിയായി.

Picture

കലയ്ക്കായി മറന്ന ജീവിതം

കലാഭ്യാസത്തില്‍ പുലര്‍ത്തിയ കാര്‍ക്കശ്യത്തെ ജീവിതത്തില്‍ നിന്നും മാറ്റി നിര്‍ത്തുവാന്‍ മാധവചാക്യാരിന് സാധിച്ചിരുന്നില്ല കുടുംബാംഗങ്ങളോടും കലയോടെന്ന പോലെ ആദരവ് പുലര്‍ത്താന്‍ മാധവചാക്യാറിന് സാധിച്ചിരുന്നുവെങ്കിലും ജീവിതം കലയ്ക്കു വേണ്ടി എന്ന വിശ്വാസം വരവണ്ണം തെറ്റാതെ പാലിക്കുകയും വ്യക്തിഗത സുഖദു:ഖങ്ങള്‍ക്കെല്ലാം രണ്ടാം സ്ഥാനം കല്പിക്കുകയും ചെയ്തു ഈ കലാകാരന്‍. ദാമ്പത്യം, കുടുംബജീവിതം എല്ലാം കലോപാസനയ്ക്കു മുന്നില്‍ വഴിമാറി നിന്നു. എങ്കിലും അമ്മയോടുളള ആത്മബന്ധം ചാ്ക്യാരുടെ ജീവിതത്തിന് എന്നും ഊര്‍ജ്ജം പകര്‍ന്നിരുന്നു. ചെറുപ്പത്തില്‍ നിസ്സാരകാര്യത്തിന് പിണങ്ങിയപ്പോള്‍ ്അമ്മ വാര്‍ത്ത കണ്ണീര്‍ ചാക്യാരുടെ മനസ്സിനെ ഏറെ വേദനിപ്പിച്ചു. അതിനുശേഷം അമ്മ മരിക്കുംവരെ അമ്മയ്ക്കു കരയാനവസരം കൊടുത്തില്ല ചാക്യാര്‍. അമ്മ മരിക്കുമ്പോള്‍ ആറു ദിവസവും അടുത്തു തന്നെ ഇരുന്നു. മരണം അടിവെച്ചടുക്കുന്നതും ജീവനും ശരീരവും തോല്‍വി സമ്മതിച്ചു കീഴടങ്ങുന്നതും ഒക്കെ ശ്രദ്ധിച്ച് കൊണ്ട് അടുത്തിരുന്നത് ഒരു വലിയ പാഠമായിരുന്നുവെന്ന് അദ്ദേഹം ഒരിക്കല്‍ പറയുകയുണ്ടായി.ബാലിവധം കൂടിയാട്ടത്തില്‍ ബാലിയുടെ മരണം ഇത്രമാത്രം യഥാര്‍ത്ഥമാക്കാന്‍ സാധിച്ചത് അതിനുശേഷമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കലാകാരന്റെ പഠനം ഒരിക്കലും അവസാനിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമ്മ കഴിഞ്ഞാല്‍ ചാക്യാരുടെ മറ്റൊരു ശ്രദ്ധാകേന്ദ്രം പശുവായിരുന്നു. പശുവിന്റെ ശുശ്രൂഷ മാറ്റാരെയും ചാക്യാര്‍ ഏല്‍പ്പിച്ചിരുന്നില്ല.

Picture

വിലമതിക്കാനാവാത്ത ആദരവുകള്‍ തേടിയെത്തിയപ്പോള്‍

ജി.വേണുവിന്റെ കഠിനപ്രയത്നത്താല്‍ അമ്മന്നൂരെന്ന മഹാനടന്റെ ആവിഷ്‌കാരങ്ങള്‍ ഇന്ത്യയൊട്ടുക്കും വിദേശങ്ങളിലും നിരന്തരം അവതരിപ്പിക്കപ്പെട്ടു. 1979ല്‍ ഡല്‍ഹിയിലാണ് കേരളത്തിന് പുറത്തൊരു വേദിയില്‍ മാധവചാക്യാര്‍ കൂടിയാട്ടം അവതരിപ്പിച്ചത്.ഫ്രാന്‍സ്, ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നടത്തിയ അവതരണങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ദ്വിഗ്വിജയം തന്നെ ആയിരുന്നു. പിന്നീടങ്ങോട്ട്് വിദേശികള്‍ കൂടിയാട്ടത്തെത്തേടി ഇവിടെയെത്തി. മാണി മാധവ ചാക്യാരുടെ അഭിനയത്തില്‍ ആകൃഷ്ടനായി ക്രിസ്ററഫര്‍ ബ്രിസ്‌കി തുറന്നിട്ട വിശ്വവാതായനം അങ്ങനെ അര്‍ഥപൂര്‍ണമായി. പൈങ്കുളം രാമചാക്യാര്‍ കൂത്തമ്പലത്തിനും പുറത്തേക്കും മാണി മാധവചാക്യാര്‍ ലോകശ്രദ്ധയിലേക്കും കൂടിയാട്ടത്തെ കൈപിടിച്ചുയര്‍ത്തിയതിന്റെ സൗഭാഗ്യം അറുപതു വയസ്സിനുശേഷമാണെങ്കിലും അനുഭവിക്കാനുളള ഭാഗ്യം അമ്മന്നൂരിനാണ് ഉണ്ടായത്. തുടര്‍ന്ന് ഭാരതഖണ്ഡത്തിലെ അഭിനയസീമയില്‍ എതിരാളികളില്ലാത്ത ഒരു ജൈത്രയാത്രയാണ് അമ്മന്നൂര്‍ നടത്തിയത്. ഉത്സാഹം, അര്‍പ്പണബോധം, ഏകാഗ്രത, ചിന്താശേഷി..അതിനുമപ്പുറം ഈശ്വര ചിന്തയിലധിഷ്ഠിതമായ ജീവിത ശൈലി കൂടി ആ മഹദ്ജീവിതത്തിന് വെളിച്ചം പകര്‍ന്നു. ' അശോകവനികാങ്കം', ' തോരണയുദ്ധം', എന്നീ കഥകളിലെ രാവണന്‍, 'ശൂര്‍പ്പണാങ്കത്തിലെ ശ്ൂര്‍പ്പണഖ, 'സുഭദ്രാധനഞ്ജയത്തിലെ അര്‍ജുനന്‍', 'കല്യാണസൗഗന്ധിക'ത്തിലെ ഭീമന്‍...തുടങ്ങിയ കഥാപാത്രങ്ങള്‍ ലോകത്തെ അതിശയിപ്പിച്ചു.ലണ്ടനിലെ റിവര്‍സൈഡ് തിയേറ്ററില്‍ 1982ല്‍ അരങ്ങേറിയ 'ബാലിവധ'ത്തിലെ അമ്മന്നൂരിന്റെ പ്രകടനം കൂടിയാട്ടത്തെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്ത വിദേശ കലാസ്വാദകര്‍ക്കിടയില്‍ ഇന്നും ചര്‍ച്ചാവിഷയമായി തുടരുകയാണ്.

Picture

പദവികള്‍ പുരസ്‌കാരങ്ങള്‍

സ്ഥുടം ചെയ്തെടുത്ത ഈ അഭിനയസിദ്ധിയുടെ അംഗീകാരമായി ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും നിരവധി പുരസ്‌കാരങ്ങളാണ് മാധവ ചാക്യാരെ തേടിയെത്തിയത്.കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്(1980), പത്മശ്രീ(1982), കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് (1990), മധ്യപ്രദേശ് സര്‍ക്കാറിന്റെ കാളിദാസ പുരസ്‌കാരം(1992), കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്(1996), യുനെസ്‌കോയുടെ കൂടിയാട്ടത്തിനുളള പ്രശസ്തിപത്രം(2001), കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ഓണററി ഡിലിറ്റ് (2002) എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2008 ജൂലൈ രണ്ടില്‍ തന്റെ 91-മത്തെ വയസ്സില്‍ പ്രായാധിക്യത്തെ തുടര്‍ന്ന് കൂടിയാട്ടത്തിന്റെ കുലപതി കലാലോകത്തോട് വിടപറഞ്ഞു.

'ബാലിവധത്തില്‍ ചാക്യാര്‍ അവതരിപ്പിച്ച മരണരംഗം അവിസ്മരണീയമായിരുന്നു. മാറിടത്തില്‍ നിന്നും അമ്പ് പറിച്ചെടുത്തപ്പോള്‍ ചില ആന്തരിക അവയവങ്ങളും പുറത്തുവന്നു. അത് വേദനാജനകവും അതേസമയം നിശബ്ദവുമായ ഒരു അന്ത്യമായിരുന്നു. ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മനോഹരവും ധീരവുമായ അഭിനയം. മറ്റാര്‍ക്കാണ് പ്രേക്ഷകരുടെ ശ്രദ്ധ നിലനിര്‍ത്തികൊണ്ട് അരങ്ങില്‍ 15 നിമിഷം കൊണ്ട് മരിക്കാന്‍ സാധിക്കുക', 1982ല്‍ ഇംഗ്ലണ്ടില്‍ ചാക്യാര്‍ അവതരിപ്പിച്ച ബാലിവധം കണ്ട ശേഷം പ്രശസ്ത നടന്‍ കെന്നത്ത് റിയ അഭിപ്രായപ്പെട്ടു'


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.