കേരളം ഞെട്ടിയ സംഭവ പരമ്പരകളിലൂടെ

 • തെക്കു തെക്കൊരു ദേശത്ത്, തിരമാലകളുടെ തീരത്ത്

  കേരളത്തിലെ ആദ്യ സർക്കാരിനെതിരെ സംസ്ഥാന വ്യാപകമായി നടന്ന വിമോചനസമരത്തെ നേരിടാൻ പോലീസ് അങ്കമാലി, പുല്ലുവിള, കൊച്ചുവേളി തുടങ്ങിയ സ്ഥലങ്ങളിൽ വെടിവെപ്പു നടത്തി. ജൂലായിൽ തിരുവനന്തപുരം ചെറിയതുറയിൽ നടന്ന വെടിവെപ്പിൽ കിണറ്റിൽ നിന്ന് വെള്ളം കോരിക്കൊണ്ടിരുന്ന ഗർഭിണിയായ ഗ്ലോറി എന്ന മുക്കുവസ്ത്രീയും കൊല്ലപ്പെട്ടു. ജൂലായ് 31ന് ഇഎംഎസ് മന്ത്രിസഭ രാജിവെക്കുകയും ചെയ്തു.

 • കാറിലെ സ്ത്രീയും പി.ടി.ചാക്കോയുടെ രാജിയും

  വിമോചന സമരനായകരിൽ ഒരാളും ആർ.ശങ്കർ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയുമായ പി.ടി.ചാക്കോ സഞ്ചരിച്ചിരുന്ന കാർ പീച്ചിയിൽ വച്ച് അപകടത്തിൽ പെട്ടു. ഓടിക്കൂട്ടിയ നാട്ടുകാർ ചാക്കോയ്‌ക്കൊപ്പം ഒരു സ്ത്രീ കാറിൽ കണ്ടുവെന്ന വാർത്ത വലിയ വിവാദമാവുകയും ചാക്കോ രാജിവെക്കേണ്ടി വരികയും ചെയ്തു. മാസങ്ങൾക്കകം ആഗസ്ത് 31ന് 49-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.

 • വിജയശ്രീയുടെ മരണം; ഒരു ഫ്ളാഷ്ബാക്ക്

  എഴുപതുകളിൽ മലയാളത്തിൽ കത്തിനിന്ന നടിയായിരുന്നു വിജയശ്രീ. ഉദയയുടെ ബാനറിൽ കുഞ്ചാക്കോ സംവിധാനം ചെയ്ത പ്രേം നസീറുമൊത്തുള്ള അവരുടെ സിനിമകൾ വൻ വിജയങ്ങളായിരുന്നു. എന്നാൽ 1974ൽ തന്റെ മുപ്പത്തൊന്നാം വയസ്സിൽ വിജയശ്രീ അപ്രതീക്ഷിതമായി ആത്മഹത്യ ചെയ്യുകയായിരുന്നു. കൊലപാതകമെന്ന് ആരോപണമുയർന്ന വിജയശ്രീയുടെ മരണത്തിനു പിന്നിലെ കാരണം ഇന്നും ദുരൂഹമായി തുടരുന്നു.

 • ഇരുട്ടിൽ മഴ നനയുന്ന രാജൻ പറഞ്ഞ കഥ

  അടിയന്തരാവസ്ഥക്കാലത്ത് കോഴിക്കോട് റീജ്യണൽ എഞ്ചിനീയറിങ് കോളേജിലെ അവസാന വർഷ വിദ്യാർഥിയായിരുന്ന രാജനെ നക്‌സലൈറ്റ് ബന്ധമാരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. കക്കയം ക്യാമ്പിലെത്തിച്ച രാജൻ പോലീസിന്റെ ക്രൂര മർദ്ദനത്തിൽ കൊല്ലപ്പെടുകയായിരുന്നു. രാജൻ കേസിൽ കെ.കരുണാകരന് ആഭ്യന്തരമന്ത്രി പദം രാജിവെക്കേണ്ടി വന്നു. രാജന്റെ അച്ഛൻ ഈച്ചരവാരിയർ വർഷങ്ങൾ നീണ്ട നിയമപോരാട്ടമാണ് നീതിയ്ക്കായി നടത്തിയത്.

 • കോളിളക്കം സൃഷ്ടിച്ച ജയന്റെ ഹെലികോപ്റ്റർ

  സാഹസികതയും സവിശേഷ ശൈലിയും കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത ജയൻ 1980 നവംബർ 16ന് സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടു. ഹെലികോപ്ടറിൽ തൂങ്ങിയുള്ള സാഹസിക രംഗങ്ങൾക്കിടെ ഹെലിക്കോപ്റ്ററിന്റെ നിയന്ത്രണം വിട്ടതാണ് നാൽപത്തൊന്നുകാരനായ ജയന്റെ മരണത്തിന് കാരണമായത്.

 • തിരുവോണ കണ്ണീർ

  1982ലെ തിരുവേണ നാളിലാണ് വൈപ്പിൻ ദുരന്തം അരങ്ങേറുന്നത്. വ്യാജ മദ്യം കഴിച്ച 77 പേരാണ് അന്ന് വൈപ്പിനിൽ മരിച്ചു വീണത്. 63ഓളം പേർക്ക് ദുരന്തത്തിൽ കാഴ്ച നഷ്ടപ്പെടുകയും ചെയ്തു.

 • ഒരു നിമിഷത്തിന്റെ നഷ്ടം, സങ്കടത്തിന്റെ ഉഷസ്

  1984 ലോസാഞ്ചലസ് ഒളിമ്പിക്‌സിൽ 400 മീറ്റർ ഹർഡിൽസിൽ മത്സരിച്ച മലയാളി താരം പി.ടി.ഉഷയ്ക്ക് ഫോട്ടോഫിനിഷിൽ മൈക്രോ സെക്കന്റിന്റെ വ്യത്യാസത്തിലാണ് ഒളിമ്പിക് മെഡൽ നഷ്ടമായത്. സെമിയിൽ ഒന്നാമതായി ഫിനിഷ് ചെയ്തിരുന്ന ഉഷ ഫൈനലിൽ നാലാമതായി.

 • ആർക്കും കാണാനാവാത്ത ഒരു കുറുപ്പ്

  കൂട്ടാളികൾക്കൊപ്പം ചേർന്ന് ചാക്കോ എന്ന ചലച്ചിത്ര വിതരണക്കാരനെ കൊന്ന് കാറിലിട്ട് കത്തിച്ച കേസിലെ പിടികിട്ടാപ്പുള്ളിയാണ് സുകുമാരക്കുറുപ്പ്. ഇൻഷുറൻസ് തുക കിട്ടാനായി ചാക്കോയെ കൊന്ന സുകുമാരക്കുറുപ്പിന്റെ സഹപ്രതികൾക്ക് ശിക്ഷ ലഭിച്ചെങ്കിലും സുകുമാരക്കുറുപ്പ് ഇന്നും പിടികിട്ടാപ്പുള്ളിയായി തുടരുന്നു.

 • ഇനിയും മനസ്സിലാവാത്ത തീവണ്ടിയപകടം

  1988 ജൂലൈ എട്ടിന് ബെംഗളൂരു-തിരുവനന്തപുരം ഐലന്റ് എക്‌സ്പ്രസിന്റെ പത്തു ബോഗികൾ കൊല്ലത്തിനു സമീപം പെരുമൺ പാലത്തിൽ നിന്നും അഷ്ടമുടിക്കായലിലേക്ക് മറിഞ്ഞ് 105 പേർ മരിക്കുകയും 200ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചുഴലിക്കാറ്റാണ് അപകട കാരണമെന്ന് റെയിൽവേയുടെ വിചിത്രമായ കണ്ടെത്തലിനപ്പുറം ദുരന്തത്തിന്റെ കാരണം ഇന്നും അവ്യക്തമാണ്.

 • പാതയിൽ പിടഞ്ഞുവീണ നർത്തകി

  പതിനഞ്ചാം വയസ്സിൽ ആദ്യ ചിത്രമായ 'നഖക്ഷതങ്ങളി'ലൂടെ ദേശീയ പുരസ്‌കാരം നേടിയ പ്രതിഭയായിരുന്നു മോനിഷ. 1992 ഡിസംബർ അഞ്ചിന് ചേർത്തലയിൽ വച്ച് മോനിഷ സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21-ാം വയസ്സിൽ മോനിഷ മരണപ്പെടുകയായിരുന്നു.

 • ആർക്കറിയാം അഭയ എങ്ങനെ മരിച്ചെന്ന്

  അഭയ എന്ന പത്തൊമ്പതുകാരിയായ കന്യാസ്ത്രീയുടെ മൃതദേഹം 1992 മാർച്ച് 27ന് കോട്ടയം സെന്റ് പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ കണ്ടെത്തി. വൈദികർ ഉൾപ്പെടെ അറസ്റ്റു ചെയ്യപ്പെട്ട കേസ് ഇന്നും തെളിഞ്ഞിട്ടില്ല.

 • ചാരക്കേസിൽ അടിഞ്ഞവർ, തിരിച്ചുവന്നവർ

  തിരുവനന്തപുരം ഐഎസ്ആർഒയിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. നമ്പിനാരായണനും ഡോ. ശശികുമാറും, മറിയം റഷീദ എന്ന മാലെദ്വീപ് സ്വദേശിനി വഴി ബഹിരാകാശ ഗവേഷണ രഹസ്യങ്ങൾ ചോർത്തിയെന്ന ആരോപണം ഉയർന്നു. ചാരക്കേസിനെ തുടർന്ന് കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. എന്നാൽ പിന്നീട് കേസ് കെട്ടിച്ചമച്ചതാണെന്ന് തെളിഞ്ഞു.

 • എല്ലാവരും വിളിച്ചു: രക്തസാക്ഷികൾ സിന്താബാദ്

  കരുണാകരൻ മന്ത്രിസഭയിൽ സഹകരണ മന്ത്രിയായിരുന്ന എം.വി.രാഘവന്റെ യോഗത്തിനിടെ 1994 നവംബർ അഞ്ചിന് സംഘർഷമുണ്ടായി. സംഘർഷത്തെ തുടർന്നുണ്ടായ പോലീസ് വെടിവെപ്പിൽ അഞ്ച് ഡിവൈഎഫ്‌വൈ പ്രവർത്തകർ കൊല്ലപ്പെട്ടു.

 • കണ്ണീരുണങ്ങി പോയ പെൺകുട്ടിയുടെ ദൈന്യം

  ഇടുക്കി സൂര്യനെല്ലി സ്വദേശിനിയും മൂന്നാർ ലിറ്റിൽ ഫ്‌ളവർ കോൺവെന്റിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർഥിനിയുമായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി 40 ദിവസം നിരവധിപേർ ചേർന്ന് പീഡിപ്പിച്ചു എന്നാണ് കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാമുകനായ രാജു തട്ടിക്കൊണ്ടുപോയി ഉഷയ്ക്ക് കൈമാറി. ഇവർ അഭിഭാഷകനായ ധർമജനും. കേസിൽ ധർമജനുൾപ്പെടെ നാൽപതോളം പേർ ശിക്ഷിക്കപ്പെട്ടു.

 • ഇല്ല, ഇനിയൊരിക്കലും വരില്ല ചാരായം

  ചാരക്കേസിൽ കെ.കരുണാകരൻ സ്ഥാനമൊഴിഞ്ഞതിനു ശേഷം മുഖ്യമന്ത്രിയായ എ.കെ.ആന്റണി മദ്യനിരോധനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ചാരായം നിരോധിക്കുകയും വിദേശമദ്യത്തിന്റെ വില ഇരട്ടിയാക്കുകയും ചെയ്തു. പ്രതിപക്ഷ പാർട്ടികൾ എതിർത്തെങ്കിലും തീരുമാനം ആന്റണിയുടെ പ്രതിച്ഛായ ഉയർത്തി. എന്നാൽ പിന്നീടുവന്ന തിരഞ്ഞെടുപ്പിൽ ആന്റണി നയിച്ച യുഡിഎഫ് തോറ്റു.

 • സ്‌ക്രീനിൽ തീ, ജീവിതത്തെ മൂടിപ്പിടിച്ചവൾ

  മലയാളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സിനിമയിലെ മാദക നടിയായി ഒന്നര പതിറ്റാണ്ടോളം നിറഞ്ഞുനിന്ന താരമാണ് വിജയലക്ഷ്മിയെന്ന സിൽക്ക് സ്മിത. 1996 സപ്തംബർ 23ന് സ്മിതയെ ചെന്നൈയിലെ അപ്പാർട്ട്‌മെന്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

 • ഐസ്‌ക്രീമിൽ വാണവരും വീണവരും

  കോഴിക്കോട് നഗരത്തിൽ ഐസ്‌ക്രീം പാർലറിന്റെ മറവിൽ പെൺവാണിഭം നടക്കുന്നെന്ന് അന്വേഷി സംഘടന കേസ് കൊടുത്തു. കേസിൽ ഉൾപ്പെട്ട റെജീനയുടെ മൊഴിയെ തുടർന്ന് വ്യവസായ മന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടിക്ക് രാജിവെക്കേണ്ടി വന്നു. റെജീന പിന്നീട് മൊഴി മാറ്റിയതോടെ കേസ് തള്ളിപ്പോയി. കേസുമായി ബന്ധപ്പെട്ട് രണ്ട് പെൺകുട്ടികൾ ആത്മഹത്യ ചെയ്തു എന്ന റിപ്പോർട്ടും കോടതി തള്ളി.

 • മദ്യം വിഷം തന്നെ, മരിച്ചവർക്ക് ഒരു റീത്ത്

  2000 ഒക്‌ടോബർ 21ന് കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ, പള്ളിക്കൽ എന്നിവിടങ്ങളിൽ വിഷമദ്യം കഴിച്ച് 32 പേർ മരിക്കുകയും നിരവധി പേർക്ക് കാഴ്ച നഷ്ടപ്പെടുകയുംചെയ്തു. മണിച്ചൻ എന്നയാളുടെ ഗോഡൗണിൽ നിന്നും വിതരണം ചെയ്ത മദ്യമാണ് ദുരന്തത്തിന് കാരണമായത്. കേസിൽ മണിച്ചനും കല്ലുവാതുക്കൽ മദ്യം വിറ്റ ഹയറുന്നിസയും ഉൾപ്പെടെയുള്ളവരെ കോടതി ശിക്ഷിച്ചു.

 • കടലുണ്ടിയിൽ വീണ്ടും മറ്റൊരു കൂട്ട ജലമരണം

  2001 ജൂൺ 22ന് കോഴിക്കോടിനും പരപ്പനങ്ങാടിയ്ക്കും മധ്യേ മംഗലാപുരം-ചെന്നൈ എക്‌സ്പ്രസിന്റെ ബോഗികൾ കടലുണ്ടി പാലത്തിൽ വച്ച് പാളംതെറ്റിയുണ്ടായ അപകടത്തിൽ 52 പേർ മരിക്കുകയും 200ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാലത്തിന്റെ തകരാറാകാം അപകട കാരണമെന്നാണ് കരുതുന്നതെങ്കിലും ഇതിൽ ഇപ്പോഴും വ്യക്തതയില്ല.

 • മായ്ക്കാനാവാത്ത മനസിന്റെ മുറിവുകൾ

  2003 മെയ് രണ്ടിന് കോഴിക്കോട് മാറാട് കടപ്പുറത്തുണ്ടായ വർഗീയ കലാപത്തിൽ ഒമ്പതു പേർ കൊല്ലപ്പെട്ടു. 2002 ജനവരിയിൽ പുതുവർഷാഘോഷവുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കം വർഗീയ കലാപമാവുകയും 5 പേര്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിന്റെ തുടർച്ചയായിരുന്നു രണ്ടാം മാറാട് കലാപം.

 • വേണം, കാട്ടിൽ ഞങ്ങൾക്കുമൊരു ജീവിതം

  ഭൂമി ലഭിക്കാത്തതിനെ തുടർന്ന് 2003 ജനവരിയിൽ ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ മുത്തങ്ങയിലെ വനഭൂമി കൈയേറിയ ആദിവാസികൾക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ ജോഗിയെന്ന ആദിവാസി കൊല്ലപ്പെട്ടു. സമരക്കാർ ബന്ധിയാക്കിയ വിനോദെന്ന പോലീസുകാരനും വധിക്കപ്പെട്ടു. 15 ആദിവാസികൾ കൊല്ലപ്പെട്ടെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവന്നെങ്കിലും ഇത് ഇന്നും ദുരൂഹമാണ്.

 • ജീവൻ കവർന്ന രാക്ഷസ തിരമാലകൾ

  2004 ഡിസംബർ 26ന് ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായ സുനാമി കേരളത്തിലെ തീരങ്ങളിലും നാശം വിതച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ ജില്ലകളിൽ അടിച്ച സുനാമി 172 പേരുടെ ജീവൻ കവരുകയും കോടികളുടെ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു.

 • മാപ്പില്ലാത്ത അശ്രദ്ധ വരുത്തിവെച്ച വിന

  2009 സപ്തംബർ 29 വൈകിട്ട് തേക്കടിയിൽ നിന്ന് മുല്ലപ്പെരിയാറിലേക്ക് പോയ കെറ്റിഡിസിയുടെ ജലകന്യക എന്ന ബോട്ട് മറിഞ്ഞ് 76 യാത്രക്കാരിൽ 46 പേരും കൊല്ലപ്പെട്ടു. കാട്ടാനക്കൂട്ടത്തെ കാണാൻ യാത്രക്കാർ ഒന്നിച്ച് ബോട്ടിന്റെ ഒരു വശത്തേക്ക് നീങ്ങിയതാണ് അപകടത്തിന് കാരണമായത്. മരിച്ചവരിൽ 11 സ്ത്രീകളും 13 കുട്ടികളും ഉൾപ്പെടുന്നു.

 • പുല്ലുമേട്ടില്‍ പൊലിഞ്ഞത് 102 ജീവനുകള്‍

  ശബരിമലയിലെ മകരജ്യോതി കണ്ടശേഷം അയ്യപ്പൻമാർ മലയിറങ്ങുമ്പോൾ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 102 പേർ കൊല്ലപ്പെട്ടു. ശബരിമല പുല്ലുമേട്ടിൽ മകരജ്യോതി കണ്ടിറങ്ങിയവർ വള്ളക്കടവ് ഉപ്പുപാറയിൽ തിരക്കിൽപെടുകയായിരുന്നു. അന്യസംസ്ഥാനക്കാരായിരുന്നു അപകടത്തിൽ മരണമടഞ്ഞവരിൽ അധികവും.

 • നമുക്കുള്ളിലെ ഗോവിന്ദച്ചാമിമാർ മരിക്കുന്നില്ല

  2011 ഫിബ്രവരിയിൽ എറണാകുളം-ഷൊറണൂർ പാസഞ്ചർ ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന സൗമ്യ എന്ന പെൺകുട്ടിയെ ഗോവിന്ദച്ചാമിയെന്ന തമിഴ്‌നാട് സ്വദേശി ട്രെയിനിന് പുറത്തേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്യുകയും സംഭവത്തെ തുടർന്ന് സൗമ്യ കൊല്ലപ്പെടുകയുമായിരുന്നു. ഗോവിന്ദച്ചാമിയ്ക്ക് വധശിക്ഷയും ജീവപര്യന്തവും ഉൾപ്പെടെയുള്ള ശിക്ഷകൾ ലഭിച്ചെങ്കിലും സുപ്രീം കോടതി പിന്നീട് വധശിക്ഷ റദ്ദാക്കി.

 • അണകെട്ടി നിർത്തിയ കരാറിന്റെ ബലം

  ഇടുക്കിയിലെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലത്തെ സംബന്ധിച്ച് ആശങ്ക ഉയർന്നതോടെ കേരളവും തമിഴ്‌നാടും തമ്മിൽ സംഘർഷം ഉടലെടുത്തു. ഡാം ജനങ്ങളുടെ ജീവന് ഭീഷണിയായതിനാൽ പുതുക്കിപ്പണിയണമെന്ന് കേരളവും അണക്കെട്ടിന് കുഴപ്പമൊന്നും ഇല്ലാതിരുന്നിട്ടും വെള്ളം നൽകുന്നത് സംബന്ധിച്ച കരാർ മാറ്റാനാണ് കേരളത്തിന്റെ ഉദ്ദേശമെന്ന് തമിഴ്‌നാടും വാദമുയർത്തി. ഒടുവിൽ സുപ്രീംകോടതി സമിതി അണക്കെട്ടിന് ബലമുണ്ടെന്ന് കണ്ടെത്തി.

 • സരിതോർജവും കുറെ പാളിപ്പോയ നേതാക്കളും

  മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓഫീസ് ദുരുപയോഗം ചെയ്ത് ടീം സോളാർ എന്ന കമ്പനി സോളാർ പാനലുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്ന വാഗ്ദാനം നൽകി നൂറിലേറെ പേരിൽ നിന്നായി കോടികൾ തട്ടിയ കേസാണിത്. ടീം സോളാറിലെ സരിത നായരും ബിജു രാധാകൃഷ്ണനും ഉൾപ്പെടെയുള്ളവർ അറസ്റ്റിലായെങ്കിലും സരിത ജയിൽ മോചിതയായി. സോളാർ കമ്മീഷനിൽ കേസിന്റെ വിചാരണ തുടരുന്നു.

 • ഞങ്ങൾ ചുംബിച്ചാ നിങ്ങക്കെന്താ സർക്കാരേ

  സദാചാര പോലീസിങ്ങിന് എതിരെ കേരളത്തിൽ സംഘടിപ്പിച്ച സമരമാർഗമാണ് ചുംബന സമരം. കൊച്ചി, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ഇടങ്ങളിൽ അരങ്ങേറിയ സമരം ദേശീയ-അന്തർദേശീയ ശ്രദ്ധയിലെത്തി. എന്നാൽ സമരത്തിന്റെ വക്താക്കളായി മുന്നിൽ നിന്ന രാഹുൽ പശുപാലനും ഭാര്യ രശ്മിയും പിന്നീട് പെൺവാണിഭക്കേസിൽ അറസ്റ്റു ചെയ്യപ്പെട്ടു.

 • നോട്ടെണ്ണാൻ മെഷീൻ തന്നെ വേണം

  നിലവാരമില്ലാത്തതിന്റെ പേരിൽ പൂട്ടിയ ബാറുകൾ തുറക്കുന്നതിനായി ധനമന്ത്രി കെ.എം.മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന് ബാറുടമകളുടെ സംഘടനയിലെ ബിജു രമേശ് ആരോപണമുന്നയിച്ചു. ആരോപണത്തിലുണ്ടായ വിജിലൻസ് അന്വേഷണത്തെയും കോടതി പരാമർശത്തെയും തുടർന്ന് മാണി മന്ത്രിസ്ഥാനം രാജിവെച്ചു.

 • നമ്മൾ കൊടുത്ത വില, കണ്ണേ മടങ്ങുക

  ഏപ്രിൽ പത്തിന് കൊല്ലത്തെ പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെ കമ്പപ്പുരയ്ക്ക് തീപിടിച്ച് ഉണ്ടായ അപകടത്തിൽ 110 പേർകൊല്ലപ്പെടുകയും മുന്നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുലർച്ചെ മൂന്നരയ്ക്കുണ്ടായ അപകടത്തിൽ സമീപ പ്രദേശത്തെ വീടുകൾക്കും കെട്ടിടങ്ങൾക്കും വ്യാപകനാശമുണ്ടായി. നിയമവിരുദ്ധമായ മത്സരക്കമ്പത്തിനായി ഉഗ്രശേഷിയുള്ള വെടിമരുന്ന് ഉപയോഗിച്ചതാണ് അപകട തീവ്രത വർധിപ്പിച്ചത്.

 • ആർക്കും ഒരു പെൺകുട്ടിയെ കൊല്ലാം

  2016 ഏപ്രിൽ 28ന് പെരുമ്പാവൂരിൽ ജിഷയെന്ന ഇരുപത്തൊമ്പതുകാരി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു. കേസിൽ അമീറുൾ ഇസ്ലാമെന്ന അന്യസംസ്ഥാന തൊഴിലാളി പിടിയിലായിട്ടുണ്ട്. ഇയാളുടെ വിചാരണ നടന്നുവരികയാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.