റുപാതാണ്ടു പിന്നിട്ട കേരളം 1956ലെ അവസ്ഥയില്‍നിന്നു പല കാര്യത്തിലും ബഹുദൂരം മുന്നിലാണ്. അടിസ്ഥാന സൗകര്യങ്ങളുടെ വളര്‍ച്ചയിലും സാക്ഷരതയിലും മുന്നിലെത്തിയെങ്കിലും വിദ്യാഭ്യാസ ആരോഗ്യമേഖലകളിലെ സൂചികയുടെ അടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെട്ട കേരള വികസന മോഡല്‍ ഇപ്പോള്‍ ഒരു പുനര്‍വായനയ്ക്കും വിചിന്തനത്തിനും വിധേയമായിക്കൊണ്ടിരിക്കുകയാണ്. അടുത്ത 60 വര്‍ഷത്തിനുശേഷം കേരളം എവിടെയെത്തുമെന്ന ചിന്തകള്‍ അതിനാല്‍തന്നെ പ്രസക്തമാവുകയാണ്. ശതാഭിഷിക്തയായ കേരളത്തെ ഒന്ന് ഭാവന ചെയ്തുനോക്കൂ. മനസ്സില്‍ ലഡു തന്നെയാണോ പൊട്ടുന്നത്. ചില സൂചികകള്‍ പരിശോധിക്കാം. 

വിദ്യാഭ്യാസവും മനുഷ്യ വിഭവശേഷിയുടെ വളര്‍ച്ചയും 

Education

സാക്ഷരതയില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ കേരളം മുന്നിലാണ്. എങ്കിലും അടുത്ത ദശകങ്ങളില്‍ മറ്റു സംസ്ഥാനങ്ങളും ഒപ്പമെത്തുക മാത്രമല്ല, മുന്നിലെത്താനുമുള്ള സാഹചര്യമുണ്ടാവും. ഉന്നത വിദ്യാഭ്യാസരംഗത്ത് ഗുണനിലവാരം മെച്ചപ്പെടും. റിസര്‍ച്ച്, എക്‌സ്റ്റെന്‍ഷന്‍ മേഖലകളിലൂടെയുള്ള വിദ്യാഭ്യാസം മനുഷ്യ വിഭവശേഷിയുടെ വളര്‍ച്ചക്കു പുതിയ ദിശാബോധം നല്‍കും. പൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും ഗുണമേന്മയും വര്‍ദ്ധിക്കും. വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ ബാധ്യതയാണെന്ന പഠനങ്ങള്‍ ഇന്നു വഴി മാറി. മറിച്ചു വലിയ ആസ്തിയായി പരിഗണിക്കും. എന്നാല്‍ ജനസംഖ്യ കുറയും. അതു വികസിതരാജ്യങ്ങളുടെ പ്രത്യേകതയാണ്. കേരളത്തിന്റെ മനുഷ്യവിഭവശേഷി പുറത്തോട്ടു പോവുന്നുതിന്റെ ഒഴുക്കിന്റെ തീവ്രത ക്രമേണ കുറയും.  ഇവിടെത്തന്നെ സ്വയം സംരംഭങ്ങള്‍ പെരുകി തൊഴിലവസരങ്ങള്‍ക്ക് വളക്കൂറാവും. 

വഴി മാറുന്ന ജീര്‍ണിച്ച രാഷ്ട്രീയം 

മാറ്റത്തിന്റെ ശംഖൊലി പല രംഗത്തുമുണ്ടായി. സിനിമ മാറി. ഒന്നോ രണ്ടോ പ്രമുഖതാരങ്ങളിലും സംവിധായകരിലും ചുറ്റിപ്പറ്റി നിന്നിരുന്ന മലയാളസിനിമ ഇന്നു ധാരാളം വ്യക്തികളിലേക്കും സംവിധായകരിലേക്കും വഴിമാറി. ന്യൂജെന്‍ എന്ന് വിളിക്കുന്ന ഈ മാറ്റം ധാരാളം സര്‍ഗാത്മപ്രതിഭകളെ  രംഗത്തേക്കു കൊണ്ടുവന്നു. മറ്റൊരു മേഖല തൊഴില്‍ സങ്കല്‍പ്പങ്ങളില്‍ വന്ന മാറ്റമാണ്.  സ്വകാര്യമേഖല തിളക്കമാര്‍ന്നതായി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ തൊഴില്‍സംസ്‌കാരം മെച്ചപ്പെട്ടു.  എന്നാല്‍ മാറാതെ നില്‍ക്കുന്നതു രാഷ്ട്രീയരംഗമാണ്. എനിക്കുശേഷം പ്രളയം എന്ന അവസ്ഥ ജനം മടുക്കുകയും പുതിയ തരംഗമുണ്ടാവുകയും ചെയ്യും. അഴിമതി നിറഞ്ഞ ഇപ്പോഴത്തെ സംവിധാനങ്ങളെ മാറ്റി രാഷ്ട്രീയം സത്യസന്ധമായ തൊഴില്‍, സേവന മേഖലയാവും. 

വന്നു കാണുക

പ്രകൃതിഭംഗി, കല, സംസ്‌കാരം ഇവ കോര്‍ത്തിണക്കി കേരളം രാജ്യാന്തര രംഗത്തു നല്ല ടൂറിസം ഡെസ്റ്റിനേഷന്‍ പോയിന്റാവും. കൃത്യമായ ആസൂത്രണത്തിലൂടെ തൊഴില്‍രംഗവും ഈ മേഖലയില്‍ മെച്ചപ്പെടുകയും വലിയ വരുമാന സ്രോതസ്സാവുകയും ചെയ്യും. ഒപ്പറാ ഹൗസുകള്‍ ഇവിടെയുണ്ടാവും. ബാലിക്കു പോവുന്നവര്‍ കേരളവും തേടിയെത്തും. ചരിത്ര ടൂറിസം, റെസ്‌പോണ്‍സിബിള്‍ ടൂറിസം, ആയുര്‍വേദ ടൂറിസം തുടങ്ങിയ വ്യത്യസ്തപാതയിലൂടെയായിരിക്കും കേരളം അറിയപ്പെടാന്‍ പോവുന്നത്. നമ്മുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും തനിമ കോര്‍ത്തിണക്കിക്കൊണ്ട് ആയുര്‍വേദ ചികില്‍സാരീതി രാജ്യാന്തരരംഗത്ത് ശ്രദ്ധിക്കപ്പെടും. ഈ മേഖലയില്‍ സംരംഭകത്വം വളരും. പ്രകൃതിസംരംക്ഷണം മാത്രമല്ല  വിദേശനാണ്യവും എത്തും. 

കാര്‍ഷിക, വ്യാവസായിക രംഗം

Agriculture

കൃഷി, വ്യവസായം, നിക്ഷേപം, ടൂറിസം, ആയുര്‍വേദം എന്നിവ പരസ്പരപൂരിതങ്ങളാണ്. കൃഷി എല്ലാത്തിലുമുപരി അടിസ്ഥാനവിഷയമാണ്. ബയോ ടെക്‌നോളജിയും വിവര സാങ്കേതികവിദ്യയും കൈകോര്‍ത്തു നൂതന കൃഷിരീതികളിലേക്കു വഴിതെളിക്കുമെന്നാണ് പ്രതീക്ഷ. ജൈവ പച്ചക്കറി കൃഷി, തരിശുനില കൃഷി, ഗ്രൂപ്പ് കൃഷി ഇവ വ്യാപകമാവും. 'ഭാരതത്തില്‍ മൊത്തത്തിലുള്ള വിദേശനിക്ഷേപവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിന്റെ അനുപാതം  ഇപ്പോള്‍ വളരെ കുറവാണ്. ഈ അവസ്ഥ മാറും. വ്യവസായരംഗത്തെ നിക്ഷേപം മൂലം വിദേശവ്യാപാരം മെച്ചപ്പെടും. കയറ്റുമതി വ്യാപാരനേട്ടത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ തമിഴ്‌നാടും കര്‍ണാടകയും ആന്ധ്രയുമെല്ലാം നമുക്കു മുന്നിലാണ്. ഈ സ്ഥിതിവിശേഷം മാറുമെന്നാണു പ്രതീക്ഷ. യുവജനങ്ങളെ കാര്‍ഷികഗവേഷണത്തില്‍ കൂടുതല്‍ പ്രാപ്തരാക്കാനുതകുന്ന സംവിധാനങ്ങളുണ്ടാവും. 

ആശുപത്രി വ്യവസായം പൊടിപൊടിക്കും

Hospital

കൂടുതല്‍ രോഗികളും മെച്ചപ്പെട്ട സാങ്കേതികവിദ്യയും മികച്ച സൗകര്യങ്ങളുമായി പരസ്പരം മത്സരിക്കുന്ന ആശുപത്രികള്‍ ധാരാളമായി ഉണ്ടാവും. ഇത് ഒരേ സമയം നാടിന്റെ വളര്‍ച്ചയും അപചയവുമാവും. കൂടുതല്‍ ആശുപത്രികള്‍, കൂടുതല്‍ ഡോക്ടര്‍മാര്‍, കൂടുതല്‍ രോഗികള്‍. എങ്ങനെയുണ്ട് ആ കാഴ്ച. ഭാവന ചെയ്യൂ, പരിതപിക്കൂ.

കുടുംബസംസ്‌കാരത്തിന്റെ അപചയം

Family

കുടുംബവും കുടുംബബന്ധങ്ങളും ഇപ്പോള്‍ നിലനില്‍ക്കുന്നതുപോലെ ഉണ്ടാവാനുള്ള സാധ്യത വിരളമാണ്. അല്ലെങ്കില്‍ അവയുടെ എണ്ണം കുറയും. കാലത്തിന്റെ കാലൊച്ച മനസ്സിലാക്കി കുടുംബബന്ധങ്ങള്‍ ക്രമീകരിച്ചില്ലെങ്കില്‍ ഒരിക്കല്‍ ഇവിടെ സൃദൃഡമായ കുടുംബബന്ധങ്ങളുണ്ടായിരുന്നുവെന്നത് ചരിത്രപുസ്തകത്തിലെ പഠനവിഷയം  മാത്രമാവും. വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളും സ്ത്രീവിദ്യാഭ്യാസവും ചൂഷണവിധേയമായ സ്ത്രീജീവിതങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു വഴി തുറക്കും. വിവാഹത്തിനു താല്‍പര്യമില്ലാത്ത സ്ത്രീപുരുഷന്മാരുടെ എണ്ണം വര്‍ദ്ധിക്കും. അതു പുതിയ കുടുംബസമവാക്യങ്ങള്‍ സൃഷ്ടിക്കും. എന്നാലും ഭവനനിര്‍മാണം മുടങ്ങില്ല. പാര്‍ക്കാനാളില്ലാതെ ലക്ഷക്കണക്കിനു ഭവനങ്ങള്‍ ഇപ്പോള്‍തന്നെ കേരളത്തില്‍ ഉണ്ട്. പക്ഷെ പാര്‍പ്പിട വ്യവസായം ലംബമായി, ഫളാറ്റ് രൂപത്തിലും മറ്റും അന്നും നടന്നുകൊണ്ടിരിക്കും. ഹൗസ് ക്ലീനിംഗ്, ഭക്ഷണവിതരണം തുടങ്ങിയ സേവനമേഖല വളരും. 

സ്വയംപര്യാപ്തതയോ സ്വപ്നങ്ങളില്‍ മാത്രം

ജീവിതനിലവാര സൂചിക ഉയരുകയും ഉപഭോഗം വര്‍ദ്ധിക്കുകയും ചെയ്യും. അത് ഉല്‍പാദനം ത്വരിതപ്പെടുത്തും. കടുത്ത മത്സരം ഗുണമേന്മയുള്ള ഉല്‍പന്നങ്ങളുടെ ആവശ്യകതയെ ത്വരിതപ്പെടുത്തും. സമ്പാദ്യമില്ലാതെതന്നെ  നിക്ഷേപങ്ങളുണ്ടാവും. അത് ഉപഭോഗസമ്പദ്‌വ്യവസ്ഥയുടെ അടയാളമാണ്. അന്യസംസ്ഥാനങ്ങളെയും അന്യരാജ്യങ്ങളെയും ആശ്രയിക്കാതെ കേരളത്തിനു മുന്നോട്ടു പോവാനാവില്ല. ഒരു പരസ്പരാശ്രിത സമ്പദ് വ്യവസ്ഥയായിരിക്കും നിലനില്‍ക്കുന്നത്. എന്നാല്‍ മെച്ചപ്പെട്ട സാമൂഹിക സുരക്ഷയും നീതിയും ഉറപ്പിലാക്കി സാമൂഹിക സുരക്ഷാസംവിധാനങ്ങള്‍ വര്‍ദ്ധിക്കും. മുതിര്‍ന്ന പൗരന്മാരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും സംരംക്ഷണം, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ മെച്ചപ്പെടും. 

ചുരുക്കത്തില്‍ 'നമുക്ക് നാമെ പണിവതു നാകം നരകവുമതുപോലെ' എന്ന കവിവാക്യത്തോട് ചേര്‍ന്ന് നില്‍ക്കാം.