നിക്ഷേപമെന്നാല്‍ മലയാളിക്ക് ബാങ്ക് എഫ്ഡിയും സ്വര്‍ണവും ഭൂമിയുമാണ്. മറ്റൊന്നിലും വിശ്വാസമില്ല. പിന്നെ ചിലര്‍ പെട്ടെന്ന് പണമുണ്ടാക്കാനുള്ള വഴികള്‍ തേടി തേക്ക് മാഞ്ചിയം ആട് പദ്ധതികളിലും പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന വാഗ്ധാനങ്ങളിലും കുടുങ്ങി ഉള്ള പണം മുഴുവന്‍ കളഞ്ഞ്കുളിക്കുന്നവരുമാണ്.

ഏതായാലും തേക്ക് മാഞ്ചിയം പോലുള്ള വന്‍ തട്ടിപ്പ് പദ്ധതികളെക്കുറിച്ച് ഇപ്പോള്‍ കേള്‍ക്കാനില്ല. എന്നിരുന്നാലും പ്രാദേശികമായി പുതിയ രൂപത്തിലും ഭാവത്തിലും ഇവയുടെ അവതാരങ്ങളുണ്ട്. 

ചിട്ടിയുടെകാര്യവും വ്യത്യസ്തമല്ല. കെഎസ്എഫ്ഇപോലെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ ഈ മേഖലയിലുണ്ടെങ്കിലും കള്ള നാണയങ്ങളും കുറവല്ല. 

ചിട്ടയായി നിക്ഷേപിക്കാനോ കാത്തിരിക്കാനോ ക്ഷമയില്ലാത്തവരാണ് മലയാളികളേറെയും. അതുകൊണ്ടാണല്ലോ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് പോലുള്ള അനധികൃത വില്പന ശാസ്ത്രങ്ങള്‍ ആഴത്തില്‍ വേരോടിയത്.

സര്‍ക്കാരിന്റോയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം പദ്ധതികളില്‍ പണം മുടക്കാന്‍ മലയാളികള്‍ക്ക് ഒട്ടും ബുദ്ധിമുട്ടുമില്ല.

market

എന്നാല്‍ ഓഹരി വിപണി, മ്യൂച്വല്‍ ഫണ്ട് പോലുള്ള അംഗീകൃത നിക്ഷേപ പദ്ധതികള്‍ ഇവര്‍ക്ക് ചൂതാട്ടമാണ്! സെബിയുടെ പൂര്‍ണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ രണ്ട് നിക്ഷേപ പദ്ധതികളും ചൂതാട്ടമാകുന്നത് ഇന്നിട്ടാല്‍ നാളെ ഇരട്ടി ലഭിക്കണമെന്ന വിശ്വാസത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ച് നഷ്ടപ്പെടുത്തുമ്പോഴാണ്. 

ഒരിക്കല്‍ കൈ പൊള്ളിയവര്‍ക്ക് ഓഹരി നിക്ഷേപം ചൂതാട്ടമാണ്. എന്നാല്‍ അതില്‍ നിന്ന് തിരിച്ചുകയറാന്‍ കഴിഞ്ഞവര്‍ക്ക് മികച്ച നിക്ഷേപ മാര്‍ഗവും. 

പരമ്പരാഗത സുരക്ഷിതമാര്‍ഗങ്ങള്‍
പെണ്‍മക്കളുള്ള അമ്മമാരുടെ ഒരേയൊരു സമ്പാദ്യ ലക്ഷ്യം കെട്ടിച്ചയക്കാന്‍ സ്വര്‍ണം സ്വരുക്കൂട്ടുകയെന്നതാണ്. കയ്യില്‍ ഒരു തുകവന്നാല്‍ വേഗം ജ്വല്ലറികളിലേയ്‌ക്കോടുകയായി. ആഭരണമായോ നാണയമായോ അവര്‍ സ്വര്‍ണം വാങ്ങി കൂട്ടിവെയ്ക്കുന്നു. പണത്തിന് പെട്ടെന്ന് ആവശ്യംവന്നാല്‍ പണയംവെച്ച് തുകസമാഹരിക്കാമെന്ന നേട്ടവും അവര്‍ മുന്നില്‍ കാണുന്നു.

സ്വര്‍ണം കഴിഞ്ഞാല്‍ നാട്ടിന്‍പുറങ്ങളില്‍പോലും സജീവമായ സഹകരണ ബാങ്കുകളും പോസ്റ്റ് ഓഫീസുകളുമാണ് നിക്ഷേപ കേന്ദ്രങ്ങള്‍. ഷെഡ്യൂള്‍ഡ് ബാങ്കിനേക്കാല്‍ ഒന്നോ രണ്ടോ ശതമാനം അധിക പലിശ സഹകരണ ബാങ്കില്‍ ലഭിക്കുന്നതുകൊണ്ട് അവിടെ നിക്ഷേപിക്കുന്നവരുണ്ട്.  

പ്രതിമാസ നിക്ഷേപ പദ്ധതി, നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയില്‍ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കുന്ന പോസ്റ്റ് ഓഫീസുകളും കേരളീയ ഗ്രാമങ്ങളുടെ ഇഷ്ട നിക്ഷേപ കേന്ദ്രങ്ങളാണ്. 

നിക്ഷേപ സമീപനങ്ങളില്‍ മാറ്റം
ബാങ്കില്‍ നിക്ഷേപിച്ചാല്‍ ഇപ്പോള്‍ എത്ര പലിശ കിട്ടും? പരമവധി ഏഴ് ശതമാനം. രാജ്യത്തെ പണപ്പെരുപ്പ നിരക്കെത്ര? ആറ് ശതമാനം. അപ്പോള്‍ ബാങ്ക് നിക്ഷേപത്തില്‍നിന്നുള്ള നേട്ടമെത്ര? ഒരു ശതമാനം. അങ്ങനെ വരുമ്പോള്‍ ബാങ്ക് നിക്ഷേപം ആകര്‍ഷകമാണോ? 

ഒരു സാധാരണക്കാരനോട് ഇക്കാര്യം ചോദിച്ചാല്‍ അയാള്‍ കൈ മലര്‍ത്തും. എന്തായാലും നിക്ഷേപിച്ച തുക നഷ്ടമാകില്ലല്ലോയെന്നാകും പ്രതികരണം. രാജ്യത്തെ അഭ്യസ്ത വിദ്യരായവരുടെ പോലും നിലപാടാണിത്. 

രാജ്യങ്ങളിലെ പലിശനിരക്ക്‌

 വ്യത്യസ്ത തലത്തില്‍ നടത്തേണ്ട നിക്ഷേപ ബോധവ്തകരണത്തിന്റെ അഭാവമാണ് ഇതിന് കാരണം. ഉന്നത ബിരുദങ്ങള്‍ നേടിയവരുടെ കാര്യവും ഇതില്‍നിന്ന് വ്യത്യസ്തമല്ല. മികച്ച നേട്ടം നല്‍കുന്ന നിക്ഷേപ സാധ്യതകളെക്കുറിച്ച് അവര്‍ക്കും കാര്യമായൊന്നുമറിയില്ലെന്നതാണ് വാസ്തവം.

നിക്ഷേപമെന്നാല്‍ ഇന്‍ഷുറന്‍സ്
ഇന്‍ഷുറന്‍സ് പോളിസികള്‍വഴിയാണ് മലയാളികളിലേറെയും നിക്ഷേപം നടത്തുന്നതെന്നത് വിചിത്രമായ കാര്യമാണ്. രണ്ടോ അധിലധികമോ ഇന്‍ഷുറന്‍സ് പോളിസികളില്ലാത്ത മലയാളികളെ കാണാന്‍ കഴിയില്ല. 

പോളിസി ഉടമയുടെ അഭാവത്തില്‍ ആശ്രിതര്‍ക്ക് പരിരക്ഷ ഏര്‍പ്പെടുത്തുകയാണ് ഇന്‍ഷുറന്‍സ് പോളിസികളുടെ ലക്ഷ്യം. എന്നാല്‍ രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികള്‍ നിക്ഷേപത്തെയും ഇന്‍ഷുറന്‍സിനെയും കൂട്ടിക്കലര്‍ത്തി വിവിധ പോളസികള്‍ പുറത്തിറക്കിയിട്ടുണ്ട്. 

അത് വിറ്റഴിക്കാന്‍ മികച്ച കമ്മീഷന്‍ നല്‍കി ഏറെ ഏജന്റുമാരെയും രംഗത്തിറക്കിയിട്ടുണ്ട്. അവരില്‍ ഏറെപേരും മിസ് സെല്ലിങ് നടത്തി കോടിപതികളായ ചരിത്രവും ഏറെയുണ്ട്. 

20 വര്‍ഷത്തെ മണി ബാക്ക് പോളിസി പോലുള്ളവയ്ക്ക് ലഭിക്കുന്ന ഒന്നോ രണ്ടോ ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷകൊണ്ട് ഒരുകാര്യവുമില്ലെന്ന് നിക്ഷേപകര്‍ നേരത്തെതന്നെ തിരിച്ചറിയേണ്ടിയിരിക്കുന്നു. ചുരുങ്ങിയ ചെലവില്‍ ലഭിക്കുന്ന ടേം ഇന്‍ഷുറന്‍സ് പ്രോത്സാഹിപ്പിക്കാന്‍ ഇവരാരും തയ്യാറുമല്ല. 

എന്നാല്‍ ഇക്കാര്യത്തില്‍ മാറ്റംവന്നുതുടങ്ങി. ഇന്‍ഷുറന്‍സ് ഏജന്റിനെക്കണ്ടാല്‍ ഒളിഞ്ഞു നടക്കുന്ന മലയാളികള്‍ കൂടിവരികയാണ്. ഇന്‍ഷുറന്‍സ് എന്നാല്‍ പരിരക്ഷയാണ്‌, നിക്ഷേപമല്ലെന്ന് മനസിലാക്കാന്‍ മലയാളിയെടുത്തത് 25 ഓളം വര്‍ഷമാണ്!

ആവശ്യത്തിന് പരിരക്ഷ ലഭിക്കുന്ന ടേം ഇന്‍ഷുറന്‍സ് വിതരണംചെയ്യാന്‍ ഇവിടെ ഏജന്റുമാര്‍ക്ക് താല്‍പര്യവുമില്ല. ഓണ്‍ലൈന്‍, അച്ചടി മാധ്യമങ്ങളിലൂടെയുള്ള വിഗദ്ധരുടെ നിക്ഷേപ ബോധവത്കരണം കൊണ്ടുമാത്രമാണ് ഈ രീതിക്ക് അല്പമെങ്കിലും മാറ്റംവരാന്‍ കാരണം എന്ന് പറയേണ്ടിവരും.

മാറ്റം പതിയെ പതിയെ
പരമ്പരാഗത നിക്ഷേപ മാര്‍ഗമായ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ഇന്ന് നിരവധി മാര്‍ഗങ്ങളുണ്ട്. നാണയം, സ്വര്‍ണക്കട്ടി, ഗോള്‍ഡ് ഇടിഎഫ്, ഗോള്‍ഡ് ബോണ്ട് തുടങ്ങിയവ. ഇവയില്‍ ഏറ്റവും പുതിയതാണ് ഗോള്‍ഡ് ബോണ്ട്. 

സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ഇന്നേറ്റവും ആകര്‍ഷകമായ മാര്‍ഗമാണ് ഗോള്‍ഡ് ബോണ്ട്. ആര്‍ബിഐ പുറത്തിറക്കുന്ന ബോണ്ടിന് കാലാകാലങ്ങളിലെ സ്വര്‍ണവിലക്കൊപ്പം 2.5 ശതമാനം പലിശയും ലഭിക്കും. കാലാവധിയെത്തി തിരിച്ചെടുക്കുമ്പോള്‍ നികുതി ആനുകൂല്യങ്ങളുമുണ്ട്. ഇതിനകം നിരവധി നിക്ഷേപകര്‍ ഗോള്‍ഡ് ബോണ്ടിന്റെ നിക്ഷേപകരായിക്കഴിഞ്ഞു.

നിക്ഷേപ രീതികള്‍ മാറുന്നു
ചെറു നഗരങ്ങളില്‍നിന്നുപോലും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

പാലക്കാട് പോലുള്ള നഗരങ്ങളില്‍നിന്ന് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണത്തില്‍ 45 ശതമാനം വര്‍ധനവുണ്ടായതായി റിസര്‍വ് ബാങ്കിന്റെ ഫിനാന്‍ഷ്യല്‍ സ്റ്റബിലിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പ്രധാന നഗരങ്ങളിലെ വര്‍ധന ആറ് ശതമാനം മാത്രമാണ്. 

ചെറു നഗരങ്ങളിലും നാട്ടിന്‍പുറങ്ങളില്‍പോലും നിക്ഷേപ മാര്‍ഗങ്ങളില്‍ മാറ്റംവരുന്നതിന്റെ വ്യക്തമായ തെളിവാണിത്. 

എന്നിരുന്നാലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണത്തിലെ അന്തരം വ്യക്തമാണ്(ഗ്രാഫിക്‌സ് കാണുക). ഓസ്‌ട്രേലിയയില്‍ 114 ശതമാനംപേര്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവരാണ്! യു.എസിലാകട്ടെ 91 ശതമാനംപേരും യുകെയില്‍ 51 ശതമാനംപേരും ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ ഇന്ത്യയില്‍നിന്ന് ഏഴ് ശതമാനംപേര്‍മാത്രമാണ് നിക്ഷേപിക്കുന്നത്.

ഓഹരി നിക്ഷേപം
രാജ്യത്തെ ഓഹരി നിക്ഷേപകരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടെന്നാണ് എന്‍എസ്ഡിഎല്‍-സിഡിഎസ്എല്‍ എന്നീ ഡെപ്പോസിറ്ററികളില്‍നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഫിബ്രവരിയിലെ കണക്കുപ്രകാരം 2.5 കോടി ഡീമാറ്റ് അക്കൗണ്ടുകളാണ് രാജ്യത്തുള്ളത്. 2015 മാര്‍ച്ച് ഒരുവര്‍ഷത്തിനുള്ളില്‍ 18.64 ലക്ഷം ഡീമാറ്റ് അക്കൗണ്ടുകളാണ് കൂടുതലായി ചേര്‍ന്നത്. 

ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായെങ്കിലും അക്കൗണ്ടുകളേറെയും നിര്‍ജീവമാണ്. അതായത് ഓഹരിയില്‍ നിക്ഷേപിക്കാന്‍ അതീവ താല്‍പര്യത്തോടെ എത്തുന്നവര്‍ താമസിയാതെ നിക്ഷേപം പിന്‍വലിച്ച് സ്ഥലംവിടുകയാണ് ചെയ്യുന്നതെന്ന് വ്യക്തമാകുന്നു. അക്കൗണ്ടുള്ളവരില്‍ 75 ശതമാനംപേരും ഒരിക്കല്‍പോലും നിക്ഷേപം നടത്താത്തവരാണ്! ഓഹരി നിക്ഷേപത്തെക്കുറിച്ച് അറിവില്ലാതെ അക്കൗണ്ട് എടുത്തവരാണ് ഇവരിലേറെയുമെന്ന് വ്യക്തം. 

നിക്ഷേപ സാക്ഷരതാ യജ്ഞം
വികസിത രാജ്യങ്ങളില്‍ പണം ബാങ്കില്‍ നിക്ഷേപിക്കുന്ന ആരെങ്കിലുമുണ്ടോ? അങ്ങനെ ഉണ്ടെങ്കില്‍, അര ശതമാനവും ഒരു ശതമാനവുമാണ് അവിടെ നിക്ഷേപ പലിശെന്ന് അറിയാത്തവരാകും അവര്‍. യുഎസില്‍ അരശതമാനമാനവും ഓസ്‌ട്രേലിയയില്‍ 1.5ശതമാനവുമാണ് പലിശ. യൂറോപ്പിലും ജപ്പാനിലും ഒരു രൂപപോലും നിക്ഷേപത്തിന് പലിശലഭിക്കുകയുമില്ല! അതുകൊണ്ടുതന്നെ ബാങ്ക് നിക്ഷേപത്തിലുപരി പണപ്പെരുപ്പത്തെ മറികടക്കുന്ന നിക്ഷേപമാര്‍ഗമാണ് അവിടെയുള്ളവര്‍ക്ക് വേണ്ടത്(പട്ടിക കാണുക).

സാക്ഷരതാ യജ്ഞം നാട്ടില്‍ നടപ്പാക്കിയതുപോലെ നിക്ഷേപ സാക്ഷരതായജ്ഞവും മുതിര്‍ന്നവര്‍ക്കുവേണ്ടി നാട്ടില്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. യോജിച്ച നിക്ഷേപ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഓരോരുത്തര്‍ക്കും കഴിയണം.

വരുമാനം ലഭിച്ചുതുതടങ്ങിയാല്‍ പണം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സ്‌കൂള്‍ ക്ലാസുകളില്‍തന്നെ കുട്ടികള്‍ക്ക് മനസിലാകുന്ന തരത്തിലുള്ള നിക്ഷേപ പാഠങ്ങള്‍ പഠിപ്പിച്ചുതുടങ്ങാം. വരവിനൊത്ത് ചെലവ് ചെയ്യല്‍, അതോടൊപ്പം, സമ്പാദിക്കേണ്ടതിന്റെ ആവശ്യകത, നിക്ഷേപ ലക്ഷ്യങ്ങള്‍, ജോലിയില്‍ നിന്ന് വിരമിച്ച ശേഷമുള്ള ജീവിതത്തിനുവേണ്ടിയുള്ള നിക്കിവെപ്പ് തുടങ്ങിയവയടങ്ങുന്ന സമഗ്ര നിക്ഷേപ പാഠങ്ങളാണ് ഉള്‍പ്പെടുത്തേണ്ടത്. ഒരു വ്യക്തി ജോലിക്ക് ചേരുമ്പോള്‍തന്നെ ഇവ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞാല്‍ സാമ്പത്തിക സാക്ഷരത യജ്ഞം ഫലപ്രാപ്തിയിലെത്തിയെന്ന് കരുതാം