ഒരു സംസ്ഥാനത്തിന്റെ ജീവിതത്തിൽ ആറുപതിറ്റാണ്ട്‌ ചെറിയൊരു കാലയളവാണ്‌. ജനാഭിലാഷങ്ങൾക്കൊത്ത്‌ സാമൂഹികവികാസം രൂപപ്പെടുന്നതിന്‌ ഇനിയും സമയമെടുത്തേക്കും. പക്ഷേ, അറുപതുവർഷം മുമ്പ്‌ മാതൃഭൂമി പ്രസിദ്ധീകരിച്ച കേരളപ്പിറവിയുടെ പ്രത്യേകപതിപ്പിൽ അന്നത്തെ പത്രാധിപർ കെ. കേളപ്പൻ  എഴുതിവെച്ച ഒരു വാചകം മലയാളിയെ തിരിഞ്ഞുകൊത്താതിരിക്കില്ല: ‘‘നാം എങ്ങനെയിരിക്കുമോ അങ്ങനെയായിരിക്കും നമ്മുടെ കേരളം.‘‘സമ്പൽസമൃദ്ധിയും സംസ്കാരശുദ്ധിയും വിളയാടുന്ന, വിഭിന്നമതസ്ഥരും വിവിധ സമുദായങ്ങളും തമ്മിൽ ആത്മാർഥമായ ഐക്യമുള്ള ഒരു കേരളമാണ്‌ നമ്മുടെ ഭാവനയിൽ വേണ്ടത്‌’’ ഡിജിറ്റൽ യുഗത്തിലേക്കുകടന്ന മലയാളി ഈ വാക്കുകൾക്കു പിന്നിലുള്ള സ്വപ്നത്തെ ഉൾക്കൊള്ളാൻ കഴിയുംവിധം പാകപ്പെട്ടിട്ടുണ്ടോ?

1923 മാർച്ച്‌ 16-ന്‌ രാത്രി മാതൃഭൂമിയുടെ ആദ്യത്തെ പത്രം പിറക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ, പത്രത്തിന്റെ നയം എന്തായിരിക്കണമെന്ന ആദ്യത്തെ മുഖപ്രസംഗം പത്രാധിപരായ കെ.പി. കേശവമേനോൻ പല കുറി വെട്ടുകയും തിരുത്തുകയും ചെയ്യുകയായിരുന്നു. ‘ഒരു പാവനപ്രതിജ്ഞ’ എന്ന തലവാചകത്തോടെ ആരംഭിക്കുന്ന ആ മുഖപ്രസംഗം സഹപ്രവർത്തകരെ മുഴുവനും വായിച്ചു കേൾപ്പിച്ചതിനുശേഷമാണ്‌ സിലിണ്ടർ പ്രസ്സിലേക്ക്‌ കയറ്റിയത്‌. മനുഷ്യജീവിതത്തിന്റെ സാഫല്യത്തിനുവേണ്ടിയാണ്‌ സ്വാതന്ത്ര്യമെന്ന്‌ എഴുതിയ പത്രാധിപർ തന്റെ സ്വാതന്ത്ര്യസ്വപ്നങ്ങളോടൊപ്പം ഇങ്ങനെയൊരു അഭിലാഷവും കുറിച്ചുവെച്ചു:‘‘ഒരേഭാഷ സംസാരിച്ച്‌ ഒരേ ചരിത്രത്താലും ഐതിഹ്യത്താലും ബന്ധിക്കപ്പെട്ട്‌ ഒരേ ആചാര സമ്പ്രദായങ്ങൾ അനുഷ്ഠിച്ചുവരുന്നവരായ കേരളീയർ ഇപ്പോൾ ചിന്നിച്ചിതറി മൂന്നുനാലു ഭരണത്തിനു കീഴിൽ ആയിത്തീർന്നിട്ടുണ്ടെങ്കിലും കേരളീയവരുടെ പൊതുഗുണത്തിനും വളർച്ചയ്ക്കും ശ്രേയസ്സിനും കേരളത്തിന്റെ നാനാഭാഗങ്ങളിലും നിവസിക്കുന്ന ജനങ്ങൾ തമ്മിൽ ഇപ്പോളുള്ളതിൽ അധികം ചേർച്ചയും ഐക്യതയും ഉണ്ടായിത്തീരേണ്ടത്‌ എത്രയും ആവശ്യമാകകൊണ്ട്‌ ഈ കാര്യനിവൃത്തിക്ക്‌ ‘മാതൃഭൂമി’ വിടാതെ ഉത്സാഹിക്കുന്നതാണ്‌.’’

ഐക്യകേരളത്തെക്കുറിച്ചുള്ള ആദ്യത്തെ ആശയം വ്യക്തതയോടെ മലയാളികൾ ഉൾക്കൊണ്ടത്‌ ഈ വാചകങ്ങളിൽനിന്നാണ്‌. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ ഭിന്നതകളെപ്പറ്റി പത്രാധിപരെ ഓർമിപ്പിച്ചത്‌ 1920-ലെ നാഗ്‌പുർ കോൺഗ്രസ് സമ്മേളനമായിരുന്നു. ഭാഷയും സാംസ്കാരിക പാരമ്പര്യങ്ങളും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിനു സഹായകമാവുമെന്ന ചിന്തയാണ്‌ കോൺഗ്രസ് നേതൃത്വത്തെ ഭാഷാടിസ്ഥാനത്തിൽ പ്രൊവിൻഷ്യൽ കമ്മിറ്റികൾ രൂപവത്‌കരിക്കാൻ പ്രേരിപ്പിച്ചത്‌. പിറ്റേവർഷം ഒറ്റപ്പാലത്തു നടന്ന ആദ്യത്തെ കോൺഗ്രസ് സംസ്ഥാന സമ്മേളനം ഈയൊരു ആശയത്തെപ്പറ്റി ഗാഢമായ ചർച്ചകൾ നടത്തി. സാംസ്കാരികമായ ഐക്യകേരളത്തിന്റെ സാധ്യതകളെപ്പറ്റി കേരള സാഹിത്യ പരിഷത്തും അക്കാലത്ത്‌ അർഥവത്തായ ചർച്ച നടത്തിയിരുന്നു.പക്ഷേ, പത്രാധിപർ ഇവിടെനിന്നും മുന്നോട്ടുപോയി. സ്വാതന്ത്ര്യം മാത്രമല്ല, കേരളത്തിന്റെ അടിസ്ഥാനവിഭവങ്ങളെക്കുറിച്ചും ജീവിതസാഹചര്യങ്ങളെക്കുറിച്ചും ആ പത്രാധിപർ ബോധവാനായിരുന്നു. പത്രാധിപരുടെ കസേരയിൽ ഇരിക്കുമ്പോഴും ജനക്കൂട്ടങ്ങൾക്കു നടുവിൽ ജീവിച്ച സാമൂഹ്യജീവിയായിരുന്നു കേശവമേനോൻ.

1928-ൽ എറണാകുളത്തുനടന്ന ആദ്യത്തെ ഐക്യകേരള കൺവെൻഷനിൽ തന്റെ കേരളം ഗോകർണം മുതൽ കന്യാകുമാരിവരെയുള്ള  പ്രദേശമാണെന്ന്‌ അദ്ദേഹം വ്യക്തമാക്കി. പശ്ചിമതീരസംസ്ഥാനം എന്ന ആശയമാണ്‌ അദ്ദേഹം മുേന്നാട്ടുവെച്ചത്‌. ഗോകർണം, മലബാർ, കൊച്ചി, തിരുവിതാംകൂർ, കന്യാകുമാരി, ഊട്ടി, കോയമ്പത്തൂർ, മാഹി, ഗൂഡല്ലൂർ എന്നീ പ്രദേശങ്ങളിൽ ഉൾപ്പെട്ട്‌ കേരളം ഒരു തീരസംസ്ഥാനമാകുമ്പോൾ അടിസ്ഥാനവിഭവങ്ങളുടെ കാര്യത്തിൽ കേരളത്തിനു നല്ലൊരു അടിത്തറയുണ്ടാകുമെന്ന്‌ അദ്ദേഹം പ്രതീക്ഷിച്ചു. എങ്കിലും 1954-ൽ രൂപംകൊണ്ട പുനഃസംഘടനാകമ്മിഷന്‌ ഈ ആശയം ഉൾക്കൊള്ളാൻ പ്രയാസമായിരുന്നു.ഐക്യകേരളത്തിന്റെ രൂപവത്‌കരണവുമായി പത്രാധിപർ നാടൊട്ടുക്ക്‌ സഞ്ചരിച്ചിരുന്നു. ഇതിനുവേണ്ടി അദ്ദേഹം തയ്യാറാക്കിയ മുഖപ്രസംഗങ്ങൾ മാത്രം രണ്ടു ഡസനിലേറെയാണ്‌. ഐക്യകേരളമെന്ന വലിയ ആശയത്തിനുവേണ്ടി കേശവമേനോൻ നിലകൊണ്ടപ്പോൾ അദ്ദേഹത്തോടൊപ്പം നിന്നതും മാതൃഭൂമിയുടെ രണ്ടുപത്രാധിപന്മാർതന്നെയായിരുന്നു, കെ. കേളപ്പനും കെ.എ. ദാമോദരമേനോനും. 1947 ഏപ്രിൽ 11-നും 12-നും തൃശ്ശൂരിൽ ചരിത്ര പ്രസിദ്ധമായ ഐക്യകേരള കൺവെൻഷൻ നടന്നപ്പോൾ അതിൽ അധ്യക്ഷതവഹിച്ചത്‌ കെ. കേളപ്പനായിരുന്നു. ഐക്യകേരള തമ്പുരാൻ എന്നറിയപ്പെടുന്ന കൊച്ചി രാജാവ്‌ കേരള വർമത്തമ്പുരാൻ അന്നു നടത്തിയ പ്രസംഗം കേളപ്പജിയെപ്പോലും ഉലച്ചുകളഞ്ഞു. ‘‘ഒരു ഭാരതീയനെന്നു വിളിക്കപ്പെടുന്നതിനുള്ള അവകാശം തനിക്ക്‌ നഷ്ടമായിരിക്കുമെന്ന്‌ ഒരു കൊച്ചിക്കാരനും വിഷാദം ചേർക്കുന്ന സന്ദർഭം എന്റെ ഒരു വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ സൃഷ്ടിക്കുകയില്ല’’ എന്ന്‌ ഏറ്റുപറഞ്ഞുകൊണ്ട്‌ ‘‘നമുക്ക്‌ ഇന്ത്യയുടെ അവിഭാജ്യ ഭാഗമായിരിക്കാം’’ എന്നാണ്‌ അദ്ദേഹം ആഹ്വാനം ചെയ്തത്‌.

1948-ൽ നടന്ന ആലുവ ഐക്യ കേരളസമ്മേളനത്തിലും കെ.പി. കേശവമേനോൻ തന്റെ നിലപാട്‌ ആവർത്തിച്ചു. അതിന്റെ ഭാവിപ്രവർത്തനങ്ങൾക്കായി കെ. കേളപ്പനെ പ്രസിഡന്റായും ദാമോദരമേനോനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. സംസ്ഥാന പുനർവിഭജനപ്രശ്നം പഠിക്കാനെത്തിയ ധാർ കമ്മിഷനു മുമ്പാകെ ഐക്യകേരളസമിതി നൽകിയ നിവേദനത്തിൽ മലബാർ, കൊച്ചി, തിരുവിതാംകൂർ(കന്യാകുമാരി ഉൾപ്പെടെ), കൂർഗ്‌, നീലഗിരി, ഗൂഡല്ലൂർ, ദക്ഷിണ കാനറ, മയ്യഴി, ലക്ഷദ്വീപ്‌ എന്നീ പ്രദേശങ്ങൾ ചേർന്ന കേരള സംസ്ഥാനമാണ്‌ ആവശ്യമെന്ന്‌ വ്യക്തമായി പറഞ്ഞിരുന്നു. എന്നാൽ, പട്ടംതാണുപിള്ളയുടെ നേതൃത്വത്തിലുള്ള തിരുവിതാംകൂർ സർക്കാർ കമ്മിഷനുമായി സഹകരിച്ചില്ല. ഇതിനിടയ്ക്കാണ്‌ തിരുവിതാംകൂർ സ്വതന്ത്ര സംസ്ഥാനമാകണമെന്ന നിലപാട്‌ ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ ഉന്നയിക്കുന്നത്‌. മദിരാശിയും തിരുവിതാംകൂറും കൊച്ചിയും ചേർന്ന്‌ ദക്ഷിണ സംസ്ഥാനമാണ്‌ വേണ്ടതെന്ന്‌ മറ്റുചിലരും വാദമുഖമുന്നയിച്ചു. പക്ഷേ, കേശവമേനോൻ അഭിപ്രായംമാറ്റാൻ തയ്യാറായില്ല.

1949 ജൂലായ്‌ ഒന്നിന്‌ കൊച്ചിയും തിരുവിതാംകൂറും ചേർന്ന്‌ തിരുകൊച്ചി എന്നപേരിൽ പാർട്ട്‌ ബി സംസ്ഥാനം രൂപം കൊള്ളുകയും തിരുവിതാംകൂർ മഹാരാജാവിനെ രാജപ്രമുഖ്‌ ആയി പ്രഖ്യാപിക്കുകയും ചെയ്തത്‌ കേശവമേനോനെ തെല്ലൊന്നുമല്ല അസ്വസ്ഥനാക്കിയത്‌. കേളപ്പനാകട്ടെ ഇതിൽ പ്രതിഷേധിച്ച്‌ ഐക്യകേരള കൗൺസിൽ പ്രസിഡന്റ്‌ സ്ഥാനം തന്നെ രാജിവെച്ചു. കേശവമേനോനോട്‌ ആ സ്ഥാനം ഏറ്റെടുക്കാൻ മറ്റുള്ളവർ അഭ്യർഥിക്കുകയും ചെയ്തു.

സംസ്ഥാനപുനഃസംഘടനയ്ക്ക്‌ നിയുക്തനായ ഫസൽ അലി കമ്മിഷൻ തിരുവനന്തപുരത്തെത്തിയപ്പോൾ അദ്ദേഹം തന്റെ ആശയാഭിലാഷങ്ങൾ വിവരിച്ചുകൊണ്ട്‌ നിവേദനം നൽകി. ഇതിനിടെയാണ്‌ നേശമണി നാടാരുടെ നേതൃത്വത്തിൽ തമിഴ്‌നാട്‌ കോൺഗ്രസ് കമ്മിറ്റി പ്രക്ഷോഭം തുടങ്ങിയത്‌. ഇതോടെ കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വം വെട്ടിലായി. കോൺഗ്രസ്സിന്‌ സ്വാധീനമുള്ള പ്രദേശമായതിനാൽ കമ്യൂണിറ്റ്‌ പാർട്ടി കന്യാകുമാരിയെ കേരളത്തിനോട്‌ ചേർക്കുന്നതിൽ ഉദാസീനമായിരുന്നു. തിരഞ്ഞെടുപ്പിലെ സാധ്യതകളെക്കുറിച്ച്‌ പാർട്ടിക്ക്‌ നല്ല ബോധ്യമുണ്ടായിരുന്നു. ഭാഷാടിസ്ഥാനത്തിൽ കേരളത്തെ രൂപപ്പെടുത്തുക എന്ന ആശയത്തിനു മുൻതൂക്കം ലഭിച്ചപ്പോൾ വലിയ നഷ്ടമാണ്‌ കേരളത്തിനുണ്ടായത്‌. വെട്ടിമുറിക്കപ്പെട്ട കേരളത്തെക്കുറിച്ച്‌ ഒരു മുഖ പ്രസംഗത്തിൽ കേശവമേനോൻ തന്റെ വേദനപങ്കുവെക്കുന്നുമുണ്ട്‌. നാഗർകോവിലും കന്യാകുമാരിയും നഷ്ടപ്പെട്ടതോടെ തിരുവിതാംകൂറിന്‌ നെല്ലറ മാത്രമല്ല സംസ്കാര ചിഹ്നങ്ങളും കൊട്ടാരങ്ങളും നഷ്ടമായി. ഒരു ജനകീയ മന്ത്രിസഭ ഉണ്ടായിരുന്നെങ്കിൽ ഇതു സംഭവിക്കില്ല എന്നായിരുന്നു പത്രാധിപരുടെ അഭിപ്രായം. പരശു രാമൻ മഴുവെറിഞ്ഞുണ്ടായ കേരളം എന്ന കഥയും അതോടെ അപ്രസക്തമായി. വരാൻ പോകുന്ന വിപത്തുകളെക്കുറിച്ച്‌ കേരളപ്പിറവിദിനത്തിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ മാതൃഭൂമി കൃത്യമായ മുന്നറിയിപ്പുകൾ നൽകി.എറണാകുളത്തു കേരളപ്പറവി ദിനത്തിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കവേ കേരളത്തിന്റെ ഭാവിയെക്കുറിച്ച്‌ സർവതല സ്പർശിയായ കാഴ്ചപ്പാടുണ്ടായിരുന്ന ആ പത്രാധിപർ പറഞ്ഞു: ‘‘ദാരിദ്ര്യവും മതസ്പർധയും തൊഴിലില്ലായ്മയും ഇല്ലാത്ത കേരളമാണ്‌ എന്റെ സ്വപ്നം.’’ ആ സ്വപ്നത്തിലേക്ക്‌ നാം നടന്നു മുന്നേറുകതന്നെ വേണം.