കാവാലം: ആയിരപ്പറ നെല്‍പ്പാടത്തിന് ഉടമയായിരുന്ന ചാലയില്‍ കുടുംബാംഗമായ കാവാലം നാരായണപ്പണിക്കര്‍ കാലമിത്രയും പരിപോഷിപ്പിച്ചത് തനതുതാളവും ക്രിയാപരതയും. നാട്ടുനടപ്പുകളും വാമൊഴികളും നാടന്‍ശീലുകളും കണ്ടറിവും കേട്ടറിവും അദ്ദേഹം നാടകവും കവിതയുമൊക്കെയാക്കി. ക്രിയാപരതയിലൂന്നിയ വരികള്‍ക്ക് അദ്ദേഹം സംഗീതവും തനതുശൈലിയും നല്‍കി മിഴിവേകുകയായിരുന്നു.

ഏതു കാര്യവും വര്‍ണപ്രപഞ്ചമാക്കി അതില്‍ പാട്ടും ആട്ടവും നാടകീയതയും കൊണ്ടുവരുന്നതിന് അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഏതു ചെറിയ സംഭവത്തെയും മനസ്സില്‍ ക്രിയാരൂപമായി കണ്ട്, അത് അവതരിപ്പിക്കുന്നതിലായിരുന്നു കാവാലത്തിന്റെ വൈശിഷ്ട്യം. കായലില്‍ പണിയെടുക്കുന്നവരുടെ ചുണ്ടുകളില്‍ നിന്നുയര്‍ന്ന ഞാറ്റുപാട്ടും കൊയ്ത്തുപാട്ടും അദ്ദേഹത്തിന് ഏറെ പ്രിയങ്കരമായിരുന്നു. പ്രകൃതിയെയും മണ്ണിനെയും ബാധിക്കുന്ന എല്ലാം അദ്ദേഹത്തിന്റെ ഇതിവൃത്തമായി. പാട്ടിനും നാടകത്തിനും എല്ലാം അപ്പപ്പോള്‍ താളമേളങ്ങള്‍ വായിപ്പിക്കുന്ന പതിവാണ് അദ്ദേഹത്തിന്റേത്. റിക്കാര്‍ഡ് ചെയ്ത ആവിഷ്‌കാരങ്ങള്‍ താത്പര്യമില്ലായിരുന്നു.

ക്ഷേത്രകലകളോടും വലിയ ആഭിമുഖ്യം പുലര്‍ത്തി. കാര്‍ഷികതാളങ്ങള്‍ക്കൊപ്പം ക്ഷേത്രകലകളായ കളമെഴുത്തും പാട്ടും, വേലകളി, സോപാനസംഗീതം എന്നിവയും അദ്ദേഹത്തിന് വലിയ താത്പര്യമായിരുന്നു. 'നാടകാന്തം കവിത്വം' എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുംപോലെയായിരുന്നു കാവാലത്തിന്റെ നാടകരചനയും സംവിധാനവും. ഭാസന്റെയും കാളിദാസന്റെയും സംസ്‌കൃത നാടകങ്ങള്‍ പുനരാവിഷ്‌കരിക്കുന്നതില്‍ കാവാലം കാട്ടിയ മികവ് ഏറെ പ്രശംസയ്ക്ക് പാത്രീഭവിച്ചിട്ടുണ്ട്. കവിയും എഴുത്തുകാരനുമായ അശോക് വാജ്‌പേയിയുടെ പ്രേരണയായിരുന്നു സംസ്‌കൃത നാടക സംവിധാനത്തിനു പിന്നില്‍.
 
തുടക്കം ഭാസന്റെ 'മധ്യമവ്യായോഗം' നാടകത്തിലൂടെയായിരുന്നു. പിന്നീട് ഭാസന്റെ മറ്റു നാടകങ്ങളും സംവിധാനം ചെയ്തു. തുടര്‍ന്നിങ്ങോട്ട് കാളിദാസന്റെ ശാകുന്തളം, വിക്രമോര്‍വശീയം, മാളവികാഗ്നിമിത്രം എന്നിവയും സ്വയം രചിച്ച നാടകങ്ങളായ ദൈവത്താര്‍, അവനവന്‍ കടമ്പ, കല്ലുരുട്ടി, തെയ്യത്തെയ്യം, തിരുവഴിത്താന്‍ എന്നിവയും അരങ്ങത്തെത്തി. ഏറ്റവും അവസാനമായി അദ്ദേഹം രചിച്ചത് 'സംഗമനീയം' എന്ന നാടകമായിരുന്നു. ഈ നാടകത്തില്‍ കാളിദാസന്റെ മൂന്ന് സ്ത്രീകഥാപാത്രങ്ങളുടെ സംഗമമാണ് അവതരിപ്പിക്കുന്നത്.
 
2014-ല്‍ ഭോപ്പാലില്‍ നടന്ന കാവാലം നാടകോത്സവത്തിലായിരുന്നു 'സംഗമനീയം' അവതരിപ്പിച്ചത്. ദുഷ്യന്തന്‍, അഗ്നിമിത്രന്‍, പുരൂരവസ് എന്നീ മൂന്ന് നാടക നായകന്മാരെ സംഗമിപ്പിച്ച് 'ആദി' എന്ന കഥാപാത്രത്തിലേക്ക് അവതരിപ്പിക്കുകയായിരുന്നു. ശകുന്തള, മാളവിക, ഉര്‍വശി എന്നീ മൂന്നു സ്ത്രീകഥാപാത്രങ്ങളെയും ഉയര്‍ത്തിക്കാട്ടി സ്ത്രീപുരുഷബന്ധത്തിന്റെ പവിത്രത അദ്ദേഹം വരച്ചുകാട്ടി.

സോപാനസംഗീതത്തില്‍ കേരളീയതാളങ്ങള്‍ ഉപയോഗിക്കുന്നത് കാവാലത്തിന്റെ പ്രത്യേകതയായിരുന്നു. പ്രയോഗത്തില്‍ ഇല്ലാതിരുന്ന താളങ്ങള്‍ അദ്ദേഹം പുനരാവിഷ്‌കരിച്ചു. ലക്ഷ്മി, കാരിക, കുണ്ടനാച്ചി, അയ്യടി തുടങ്ങിയ കുഞ്ചന്‍നമ്പ്യാരുടെ കാലത്തെ താളങ്ങളാണ് പുനരാവിഷ്‌കരിക്കപ്പെട്ടത്. മോഹിനിയാട്ടത്തിന്റെ തനതുപ്രയോഗത്തില്‍ അദ്ദേഹം രാഗവും താളവും അടിസ്ഥാനമാക്കി പുതിയ പദങ്ങള്‍ പ്രയോഗിച്ചു. ഭാരതി ശിവജി, കലാമണ്ഡലം സുഗന്ധി, കനക്‌റെലേ എന്നീ നര്‍ത്തകികള്‍ ഈ സമ്പ്രദായത്തിന് പ്രചാരം നല്‍കി.

സംസ്‌കൃതത്തോടുള്ള കാവാലത്തിന്റെ താത്പര്യത്തിന് വഴികാട്ടിയായത് ബന്ധുവും കവിയുമായിരുന്ന ഡോ. കെ.അയ്യപ്പപ്പണിക്കരാണ്. ഭാസന്റെ പതിമൂന്നു സംസ്‌കൃതനാടകവും കാവാലം രംഗത്ത് അവതരിപ്പിക്കണമെന്നതായിരുന്നു അയ്യപ്പപ്പണിക്കരുടെ ആഗ്രഹം.