ര്‍ട്ടനുകളില്ലാത്ത നാടകവേദി, കവിതകള്‍ ചൊല്ലാന്‍ ഒരു അരങ്ങ്, എല്ലായിടത്തും ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുന്ന താളവും ഈണവും. കലയ്ക്ക് മുന്നില്‍ ആഢ്യത്വത്തിന്റെയോ ഗ്രാമീണതയുടെയോ വേര്‍തിരുവുകളില്ലെന്ന് കാട്ടിത്തന്ന കാവാലം നാരായണപ്പണിക്കരെ എക്കാലത്തും വേറിട്ട് നിര്‍ത്തിയിരുന്നത് അദ്ദേഹത്തിന്റെ നാടന്‍ പാട്ടുകളായിരുന്നു. നാടന്‍പാട്ടുകള്‍ കേള്‍ക്കണമെങ്കില്‍ കാവാലത്തിന്റേത് തന്നെ കേള്‍ക്കണം എന്ന് പറയാന്‍തക്കവണ്ണം പ്രശസ്തിയാര്‍ജ്ജിച്ചവയായിരുന്നു അദ്ദേഹത്തിന്റെ പാട്ടുകള്‍.

ഏതൊരാള്‍ക്ക് മുന്നിലും തന്റെ നാടന്‍ ഈണവും താളവുമായി അദ്ദേഹം കടന്നു ചെന്നു. ജനസഞ്ചയങ്ങള്‍ക്കായി പാട്ടുകള്‍ പാടി. അവരോടൊത്ത് ഏറ്റുപാടി. കുട്ടനാടിന്റെ ഈണവും താളവുമാണ് അദ്ദേഹത്തിന്റെ പാട്ടുകളില്‍ എന്നും പ്രതിഫലിച്ചിരുന്നത്. അദ്ദേഹം ഒരു കുട്ടനാട്ടുകാരനായിരുന്നു എന്നത് തന്നെ അതിന്റെ കാരണം. എന്റെ താളം കുട്ടനാട്ടിലെ കൈവരിയില്ലാത്ത തടിപ്പാലത്തിലൂടെയും വരമ്പത്തുകൂടിയുമെല്ലാം ബാലന്‍സു തെറ്റാതെ നടന്നതിലൂടെ കിട്ടിയതാണ്, ഏകാഗ്രതയും ശ്രദ്ധയും വേണമതിന്‌ -തന്റെ നാടന്‍ പാട്ടുകളെക്കുറിച്ച് ഒരിക്കല്‍ കാവാലം നാരായണപ്പണിക്കര്‍ പറഞ്ഞിരുന്നു. 

നാടകാചാര്യന്‍, കവി, ഗാനരചയിതാവ് എന്നിങ്ങനെ വ്യത്യസ്ത നിലകളില്‍ പ്രസിദ്ധനായപ്പോഴും കാവാലം നാരായണപ്പണിക്കരെ ജനങ്ങളോടടുപ്പിച്ചത് അദ്ദേഹത്തിന്റെ നാടന്‍പാട്ടുകളായിരുന്നു. ലോകോത്തരങ്ങളായ നാടകങ്ങള്‍ക്ക് ജന്മം കൊടുത്തപ്പോഴും മലയാള സാഹിത്യത്തിന് മുല്‍ക്കൂട്ടായ കവിതകള്‍ എഴുതിയപ്പോഴും മലയാള ചലച്ചിത്ര ശാഖയ്ക്ക് ഓര്‍ത്തുവെക്കാന്‍ സാധിക്കുന്ന ഗാനങ്ങള്‍ സമ്മാനിച്ചപ്പോഴും അദ്ദേഹം ഒരു നാടന്‍പാട്ടുകാരനായിതന്നെ നിലകൊണ്ടു. ഒപ്പം തന്റെ നാടകങ്ങളിലും സിനിമാ ഗാനങ്ങളിലും നാടന്‍ശീലുകള്‍ നിറയ്ക്കാനും അദ്ദേഹം ശ്രമിച്ചു. 

കര്‍ണ്ണഭാരവും ഭൂതവാക്യവും ഊരുഭംഗവും രചിച്ച് ഭാഷയെ സമ്പന്നമാക്കുന്നതിനൊപ്പം നാടന്‍ പാട്ടുകളിലൂടെ സാധാരണക്കാരനോടൊപ്പം നില്‍ക്കാനും കാവാലത്തിന് സാധിച്ചു. ആരും ഏറ്റുചൊല്ലുന്ന നാടന്‍ ശീലുകള്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ പാട്ടുകളുടെ പ്രധാന സവിശേഷത. അത് ഭാഷാപരമായ ഉന്നതിക്കപ്പുറം സാധാരണക്കാരന്റെ ജീവിതത്തോട് അടുത്തുനില്‍ക്കുന്നവയായിരുന്നു. കുട്ടനാടന്‍ കൊയ്ത്തുപാട്ടിന്റെ താളം, പണിയാളരുടെ ഏറ്റുപാടലുകള്‍, അവരുടെ വായ്ത്താരികള്‍, വള്ളപ്പാട്ടിന്റെ വേഗവും താളവും എന്നിങ്ങനെ ഓരോ മലയാളിയും കേള്‍ക്കാന്‍ കൊതിക്കുന്ന പാട്ടുകള്‍ ആ തൂലികയില്‍ നിന്ന് പിറവിയെടുത്തു.  

നാടും നാട്ടുപാരമ്പര്യങ്ങളും ഉപേക്ഷിച്ച് ജീവിതത്തിന്റെ അര്‍ത്ഥതലങ്ങള്‍ തേടാന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചിട്ടില്ല. ഗ്രാമീണതയുടെ ചൂടും ചൂരും പകര്‍ന്നുനല്‍കി പ്രകൃതിയുടെ താളവും സംഗീതവും അദ്ദേഹം തന്റെ പാട്ടുകളില്‍ നിറച്ചു. വള്ളമൂന്നുന്നതിലും ചക്രം ചവിട്ടുന്നതിലും വെള്ളം കോരുന്നതിലും പോലും താളം കണ്ടെത്തിയ കാവാലം തന്റെ പാട്ടുകള്‍ക്കും ആ ഈണം പകര്‍ന്നു നല്‍കി. അതുതന്നെയായിരുന്നു ആ നാടന്‍പാട്ടുകളുടെ ശക്തിയും.