നാടകധാരയുടെ ക്രമാനുഗതമായ വളര്‍ച്ചാവ്യാപാരങ്ങളില്‍ ഒരു വഴിതിരിവുണ്ടാക്കി, തനതുനാടകമേഖല. ഇത്തരമൊരു തലക്കെട്ടിനു കീഴിലല്ലെങ്കിലും അനുഷ്ഠാന നാടകങ്ങള്‍ക്കും നാടോടിനാടകങ്ങള്‍ക്കും ഈ നാടകചലനങ്ങളുടെ തലതൊട്ടപ്പ സ്ഥാനം അവകാശപ്പെടാം. നില്‍ക്കുന്ന മണ്ണിന്റെ ചൂരും ചൂടും മറന്ന് നമുക്കന്യമായ അരങ്ങു പശ്ചാത്തലങ്ങളെ വൈദേശികാവസ്ഥയില്‍ നിന്നും കടമെടുക്കുകയും അതുമാത്രമാണ് യഥാര്‍ത്ഥ നാടകമെന്ന് അന്ധമായി വിശ്വസിക്കുകയും ചെയ്തപ്പോഴാണ് സ്വദേശീ ബോധം തികഞ്ഞ ഒരു നാടകശാഖയെക്കുറിച്ചുള്ള ആലോചനയുണ്ടാവുന്നത്. ഭാരതത്തിന്റെ പല പ്രദേശങ്ങളിലും സ്വന്തം നാടകവേദി തിരിച്ചുപിടിക്കാന്‍ ശ്രമങ്ങളുണ്ടായി. അവയുടെ ചുവടുപിടിച്ചോ, സ്വാധീനമുള്‍ക്കൊണ്ടോ നാടകത്തെ എന്നും ഗൗരവത്തോടെ നോക്കിക്കണ്ട കേരളത്തിലും നാടന്‍ കലാശീലുകള്‍ അരങ്ങിലെത്തി. സ്ഥിരം പടിഞ്ഞാറുനോക്കികളെ തോണ്ടി വിളിച്ച്, കഥകളിയിലെയും മുടിയേറ്റിലെയും തിറതെയ്യങ്ങളിലെയും വിസ്മയിപ്പിക്കുന്ന നാടകീയാംശങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊടുത്തു അവര്‍. അതോടെ ആദ്യനാടകത്തില്‍ തുടങ്ങി, നൂറ്റാണ്ടിന്റെ മാത്രം ചരിത്രം കല്പിച്ചിരുന്ന മലയാള നാടകത്തിന്റെ ആദിമൂലത്തിന് പഴക്കം രണ്ടായിരം വര്‍ഷത്തിലേറെയായി.

  'ഭാരതീയ നാടക'മെന്ന സംജ്ഞക്ക് സംസ്‌കൃതനാടകമെന്നതിനപ്പുറത്ത് മറ്റൊരു പരിവേഷം കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നാടകകൃത്തുക്കള്‍ നടത്തിയത്. ബംഗാളി, മറാഠി നാടകവേദികളിലാണ് ഇവ ആദ്യം പ്രയോഗത്തില്‍ വന്നത്. തുടര്‍ന്ന് കന്നട, ഗുജറാത്തി, മലയാള നാടകവേദികളിലും സ്വദേശി നാടകവേദിയുടെ കാറ്റുവീശി. സംസ്‌കൃത നാടകങ്ങളുടെ ആസ്വാദകവൃന്ദം വിദ്യാസമ്പന്നരായ സവര്‍ണ്ണരാണെങ്കില്‍ താഴേക്കിടയിലടക്കമുള്ള ആസ്വാദകരെ നാടോടിത്തനിമയാര്‍ന്ന ഈ നാടകങ്ങള്‍ വശീകരിച്ചു. അമ്പലമുറ്റത്തെ അനുഷ്ഠാന കലകള്‍ അരങ്ങിലെത്തിയപ്പോള്‍ അതിന് മതാതീത പരിവേഷവും കൈവന്നു. ബാഹ്യമായി സ്വീകരിക്കുന്നത് അനുഷ്ഠാന കലാംശങ്ങളെങ്കിലും അവയുപയോഗിച്ച് മതേതര ആശയങ്ങള്‍ പ്രേക്ഷകരിലെത്തിക്കാനും സാധിച്ചു, പലര്‍ക്കും. ഇത് ഒന്നോ ഒറ്റയോ ആയി സംഭവിച്ചതല്ല. നാടകത്തിന് മണ്ണിന്റെ മണം വേണമെന്നു ദൃഢനിശ്ചയമെടുത്ത ഒരു പറ്റം നാടകപ്രേമികളുടെ ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഫലമായിരുന്നു 'തനതുനാടക'മെന്ന് പിന്നീട് മാത്രം തലക്കെട്ടിട്ട ഈ നാടകമുന്നേറ്റം.

  ബംഗാളിലെ 'ജാത്ര'യും മഹാരാഷ്ട്രയിലെ 'തമാശ'യും ഡല്‍ഹിയിലെ 'രാമലീല'യും കര്‍ണ്ണാടകത്തിലെ 'യക്ഷഗാന'വും പാവക്കൂത്തും തമിഴകത്തെ 'ഹരികഥാകാലക്ഷേപ'വും കേരളത്തിലെ കഥകളിയും തെയ്യവും തിറയുമെല്ലാം സങ്കുചിതമായ മത അരങ്ങുകള്‍ വിട്ട് വിശാലമായ മതേതര അരങ്ങുകളിലേക്ക് ചിറകു വിടര്‍ത്തി. ഗിരീഷ് കര്‍ണാട്, ശംഭുമിത്ര, ഉല്‍പ്പല്‍ ദത്ത്, അരുണ്‍ മുഖര്‍ജി, ഇബ്രാഹിം അല്‍ക്കാസി, ഹബീബ് തന്‍വീര്‍, വിജയ് തെന്‍ഡുല്‍ക്കര്‍ എന്നിവര്‍ വിവിധ സംസ്ഥാനങ്ങളില്‍ താന്താങ്ങളുടേതായ ഒരു നാടകവേദിക്ക് രൂപം നല്‍കി. ഗ്രീക്ക് നാടകങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന യവനമുദ്രകള്‍ ഇത്തരമൊരു ശ്രമത്തിന് അവരെ പ്രേരിപ്പിക്കുകയും ചെയ്തിരിക്കാം. ചിട്ടയൊപ്പിച്ച നൂതനനാടകവേദി രൂപപ്പെടുത്തുകയെന്ന ഉദ്ദേശ്യം ഇവരില്‍ പലര്‍ക്കും ഉണ്ടായിരുന്നു എന്ന് അര്‍ത്ഥമാക്കേണ്ടതില്ല. പാശ്ചാത്യനാടക സങ്കേതങ്ങളെ തീര്‍ത്തും നിരസിച്ചു എന്നും ഇതിലൂടെ അര്‍ത്ഥമാക്കാനാവില്ല. എന്നാലും സ്വദേശാഭിമാനം ഈ നാടക പ്രവര്‍ത്തകരില്‍ മുന്നിലായിരുന്നെന്ന് തീര്‍ച്ച.

   സ്വാഭാവികമായും കേരളത്തിലെ പ്രബുദ്ധരായ നാടക പ്രവര്‍ത്തകരെയും ഈ നാടകശാഖ ആവേശം കൊള്ളിച്ചു. 1960 കളുടെ ആദ്യമാണ് ഇതിനു ബീജാവാപം നടന്നത്. നാടക സംബന്ധിയായ ഏതു ചലനങ്ങളും അതിഗൗരവത്തോടെ ചര്‍ച്ചചെയ്യപ്പെട്ടിരുന്ന കാലം കൂടിയായിരുന്നു അതെന്നോര്‍ക്കണം. പി.കെ. വിക്രമന്‍നായര്‍, ഇടശ്ശേരി, ജി. ശങ്കരപ്പിള്ള, അയ്യപ്പപ്പണിക്കര്‍, സി.എന്‍. ശ്രീകണ്ഠന്‍നായര്‍ തുടങ്ങിയ മലയാള നാടകപ്രവര്‍ത്തകരടക്കം ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ നിന്നെത്തിയവര്‍ പങ്കെടുത്ത ഒരു നാടക സംവാദം 1961 ല്‍ മദ്രാസില്‍ നടന്നു. എം. ഗോവിന്ദനായിരുന്നു അതിന്റെ സൂത്രധാരന്‍. നാടകത്തിന്റെ നാനാതല സ്പര്‍ശിയായ ചര്‍ച്ചകളെത്തുടര്‍ന്ന് ആലുവയില്‍ എഴുത്തുകാരുടെയൊരു അഖിലേന്ത്യാ സമ്മേളനവുമുണ്ടായി. നാടകം നാടിന്റെ അടിത്തട്ടില്‍ തൊടുന്നതാവണമെന്ന വാദം പലരും ഉന്നയിച്ചെങ്കിലും ദൗര്‍ഭാഗ്യവശാല്‍ അതിനു വലിയ പിന്തുണ ലഭിച്ചില്ല. പാശ്ചാത്യനാടക സങ്കേതങ്ങള്‍ എങ്ങനെ 'അഹമഹമികയാ' തങ്ങളുടെ ഭാഷയിലെത്തിക്കാമെന്ന തത്രപ്പാടിലായിരുന്നല്ലോ നാടകപ്രവര്‍ത്തകര്‍ അക്കാലത്ത്.

   കേരളത്തിലെ ആദ്യനാടകക്കളരി 1967 ആഗസ്തിലാണ് ശാസ്താംകോട്ടയില്‍ നടന്നത്. 'തനതുനാടക'മെന്ന് പില്‍ക്കാലത്ത് രൂഢിയായ നാടകസങ്കേതം അതിലാണ് കരടുരൂപം കൈക്കൊള്ളുന്നത്. ജി. ശങ്കരപ്പിള്ളയുടെ ഉത്സാഹത്തില്‍ സി.എന്‍. ശ്രീകണ്ഠന്‍നായര്‍ ഡയറക്ടറുമായിരുന്ന കളരി നാടകരംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഉജ്ജ്വലമായി. നമ്മുടെ പാരമ്പര്യത്തിലൂന്നിയ ഒരു നാടകവേദി അടിയന്തിരമായി ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എം.ഗോവിന്ദന്‍ തന്നെയാണ് ആദ്യം വിശദീകരിച്ചത്. കളരിയിലെ പ്രതിനിധികള്‍ക്കിടയില്‍ത്തന്നെ സമ്മിശ്ര പ്രതികരണമാണ് അതിനു ലഭിച്ചത്. എന്നാല്‍, സി.എന്‍. ശ്രീകണ്ഠന്‍നായരുടെ മനസ്സില്‍ ഈ ആശയം വേരുപിടിച്ചു. 1968 ലെ കൂത്താട്ടുകുളം നാടകക്കളരിയിലാണ് ഇതിന് കൂടുതല്‍ വ്യക്തത കൈവരുന്നത്. 

'തനതുനാടകവേദി'യെന്ന് പേരിട്ട ഇതിന്റെ പ്രസക്തിയും പ്രാധാന്യവും അദ്ദേഹം തന്റെ പ്രബന്ധത്തിലൂടെ അവിടെ അവതരിപ്പിക്കുകയും ചെയ്തു. അതിലെ ഒരു ഭാഗം ഇങ്ങനെ-
   ''കേരളത്തിന്റെ ഈ തനതു പാരമ്പര്യത്തില്‍നിന്ന് ഊര്‍ജ്ജം നുകര്‍ന്ന്, ഒരു നവീനനാടക വേദിയെപ്പറ്റി ചിന്തിച്ചു തുടങ്ങാന്‍ കാലമായി എന്നാണ് എന്റെ അഭിപ്രായം. പാശ്ചാത്യനാടകവേദിയെ പേര്‍ത്തും പേര്‍ത്തും അനുകരിച്ചു സമയം പാഴാക്കാതെ നമ്മുടെ പാരമ്പര്യത്തില്‍ നിന്ന് - തിറയുടെയും കഥകളിയുടെയും കേരളത്തില്‍ പ്രതിഷ്ഠ നേടിയ നാട്യശാസ്ത്ര സങ്കേതങ്ങളുടെയും ഉറവകളില്‍ നിന്ന്- ഔഷധ വീര്യവും ഓജസ്സും ഉള്‍ക്കൊണ്ടാല്‍  മലയാള നാടകവേദി ദീനപ്പായില്‍നിന്ന് എഴുന്നേറ്റു എന്നുവരും''.

   ഈ പ്രബന്ധം മിത്രങ്ങളെക്കാളേറെ ശത്രുക്കളെയാണ് തനിക്കു സമ്മാനിച്ചതെന്ന് സി.എന്‍. പറഞ്ഞിരുന്നു. എന്നാല്‍ തന്റെ സങ്കല്പത്തെ സ്വാഗതം ചെയ്തവരിലേറെയും പ്രബുദ്ധനാടക പ്രവര്‍ത്തകരായിരുന്നു എന്നത് അദ്ദേഹത്തെ സന്തോഷിപ്പിച്ചു. പൂര്‍ണ്ണമായ അര്‍ത്ഥത്തിലല്ലെങ്കിലും തനതു നാടകമെന്ന് ഭാഗികമായി വരവുവെക്കാവുന്ന 'കലി' നാടകം 1967 ല്‍ അദ്ദേഹം രചിക്കുകയും ആ വര്‍ഷം ഡിസംബര്‍ 23ന് കോട്ടയത്ത് അരങ്ങേറുകയും ചെയ്തു. ജി. അരവിന്ദന്‍ സംവിധാനം ചെയ്ത നാടകത്തെക്കുറിച്ചുള്ള അവതരണാനുഭവങ്ങള്‍ 'നിങ്ങള്‍ക്കു കലി, ഞങ്ങള്‍ക്കു കളി' എന്ന തലക്കെട്ടില്‍ സി.എന്‍. എഴുതി. 'കലി'യെ അയ്യപ്പപ്പണിക്കര്‍ ഇങ്ങനെ വിലയിരുത്തി- ''കഥാബീജം മിത്ത്; അവതരണം നാട്യധര്‍മ്മി; പാത്രരചന ശൈലീബന്ധം; സംഭാഷണം ക്രിയാംശനിയന്ത്രിതം- ഇതൊക്കെയാണ് കലി''. എന്തായാലും 'കലി' ഒരുപാടു പഴുതുകളുള്ള നാടകമായിരുന്നു. തനതിന്റെ തനിമയിലേക്കെത്താന്‍ അതിനിയും വളരേണ്ടിയിരുന്നു. പ്രേക്ഷകസമൂഹവും അത്രയൊന്നും നെഞ്ചേറ്റാന്‍ തയ്യാറാവാതിരുന്നതിന്റെ കാരണവും മറ്റൊന്നല്ല.

'കലിയുടെ പിന്‍ഗാമികള്‍

ഏതായാലും അരങ്ങിലെ തനതുവാദം 'കലി'യോടെ കെട്ടടങ്ങിയില്ല. പ്രതീക്ഷിച്ചതിന്റെ നാലിലൊന്നു പിന്തുണപോലും അതിനു ലഭിച്ചതുമില്ല. സി.എന്‍. പോലും പിന്നീട് 'കലിവഴി'ക്ക് ചിന്തിക്കാതിരുന്നതും അതിനാലാവാം. ചെറിയൊരു ഇടവേളക്ക് ശേഷം ജി. ശങ്കരപ്പിള്ളയും കാവാലം നാരായണപ്പണിക്കരും നരേന്ദ്രപ്രസാദും ടി.എം. എബ്രാഹുമൊക്കെ വ്യത്യസ്തമെങ്കിലും ചില സാമ്യങ്ങളോടെ ഈ രംഗത്തു പ്രവര്‍ത്തിച്ചവരാണ്. കഥകളിയും തെയ്യവും തിറയുമൊക്കെ അരങ്ങില്‍ സജീവമായപ്പോള്‍ എതിര്‍ധ്രുവത്തില്‍ നിലയുറപ്പിച്ച നാടകപ്രവര്‍ത്തകര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ കലികയറി.  'മലയാളത്തിലെ ഇബ്‌സനെ'ന്ന വിശേഷണത്തില്‍ തന്നെ പാശ്ചാത്യചായ്‌വ് പ്രകടമാക്കിയ നാടകകൃത്ത് എന്‍. കൃഷ്ണപിള്ള ആയിടക്ക് നടത്തിയ ഒരു പരാമര്‍ശം നോക്കുക.

kavalam

   ''ഇയ്യിടെയായി കാണുന്ന ആധുനിക നാടകങ്ങള്‍ എന്നെ അല്പം ഭയപ്പെടുത്തുന്നു. കുറെ നാടകങ്ങള്‍ എഴുതിയിട്ടുള്ള ആളാണു ഞാന്‍. ഇനിയും എഴുതാന്‍ തോന്നിയാല്‍ എഴുതണമെന്നു തന്നെയാണ്  ഇപ്പോഴും വിശ്വസിക്കുന്നത്. പക്ഷേ, എനിക്കിനി നാടകമെഴുതണമെങ്കില്‍ കൂടിയാട്ടവും മുടിയേറ്റും കാക്കരശ്ശിനാടകവും പഠിച്ചിട്ടു വേണ്ടിവരുമോ എന്നിപ്പോള്‍ ഭയം തോന്നുന്നു. ആധുനിക നാടകത്തില്‍ ഇവയൊക്കെ വേണമെന്നാണ് ആളുകള്‍ പറയുന്നത്''.

  ഇതേ കൃഷ്ണപിള്ള തന്നെ എന്‍.എന്‍. പിള്ളയെ കണ്ടുമുട്ടിയപ്പോള്‍ 'എടോ, തന്റെ തനതുനാടകം ഇതാ ഇപ്പോള്‍ക്കൂടി ഞാന്‍ കണ്ടു' എന്നു പരിഹാസ രൂപേണ പറഞ്ഞതും ഈയവസരത്തില്‍ ഓര്‍ക്കാം.
  ഏതാണ്ടിതേ രൂപക്കൂടില്‍ പുറത്തിറങ്ങിയ നാടകമാണ് ജി.ശങ്കരപ്പിള്ളയുടെ 'കിരാതം'. തനതു നാടകമെന്നതിനേക്കാള്‍ കാവ്യനാടകമെന്ന പേരാണ് ഇതിനു ചേരുക. എങ്കിലും ഈ വക ശ്രമങ്ങളും മലയാളത്തിന്റെ തനതായ നാടകവേദി കണ്ടെത്താന്‍ സഹായകമാവുമെന്ന് സി.എന്‍. ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. തനതെന്ന വാദം മാറ്റിവെക്കുമ്പോള്‍ തന്നെ, നമ്മുടെ മണ്ണില്‍ വേരൂന്നിയ അനുഷ്ഠാന-നാടോടി കലാരൂപങ്ങളെ അരങ്ങുമായി സന്നിവേശിപ്പിച്ച നാടകമാണ് ശങ്കരപ്പിള്ളയുടെ 'മൂധേവിത്തെയ്യം'. ഇത്തരമൊരു ശ്രമമാണ് തൗരത്രികരംഗാവതരണത്തിലൂടെ നരേന്ദ്രപ്രസാദും നിര്‍വഹിച്ചത്. 'നാട്യഗൃഹം' അരങ്ങിലെത്തിച്ച 'സൗപര്‍ണ്ണിക' നാടകത്തിലൂടെയാണിത്. നാടന്‍ കലാരൂപങ്ങളിലെ രംഗശൈലി സ്വാംശീകരിച്ച്, പെരുന്തച്ചന്റെ പന്തിരുകുലകഥയെ നാടകീയമാക്കിയ ടി.എം. എബ്രഹാമും ചെയ്തത് മറ്റൊന്നല്ല. കോഴിക്കോട്ടെ 'അണിയറ' ഒരുക്കിയ, പി.എം. താജിന്റെ 'കനലാട്ടം' ബാഹ്യമായി തനതു നാടകത്തെ ഓര്‍മ്മിപ്പിച്ച നാടകമാണ്. 

നാടോടി ഗാനങ്ങളും നാടന്‍ തുടിതാളവുമാണ് നാടകത്തെ ജീവസ്സുറ്റതാക്കിയത്. തനതു നാടകം കുറെയെങ്കിലും വേരൂന്നിയ കാലത്ത് ഏകാങ്ക നാടകങ്ങളിലും അമേച്വര്‍ പരീക്ഷണ നാടകങ്ങളിലും അതിന്റെ നിഴല്‍ കാണാമായിരുന്നു. യുവജനോത്സവവേദികളിലേക്ക് വരെ പടര്‍ന്നുകയറിയ ആ നാടകധാര അല്പായുസ്സായതിന്റെ കാരണം, പ്രേക്ഷകരുമായി നേരിട്ടു സംവദിക്കുന്നതില്‍ ഇത്തരം നാടകങ്ങള്‍ക്കുണ്ടായ പരാജയം തന്നെയാവണം.

തനതിന്റെ 'കാവാലം വഴി'

സി.എന്‍. ശ്രീകണ്ഠന്‍നായരുടെ നാടകത്തനിമാവാദത്തെ നെഞ്ചേറ്റുകയും, അതേസമയം അദ്ദേഹത്തില്‍ നിന്നു വിഭിന്നമായി സ്വന്തം നാടകവഴി കണ്ടെത്തുകയും ചെയ്ത നാടകപ്രതിഭയാണ് കാവാലം നാരായണപ്പണിക്കര്‍. കാവാലത്തെ മൗലിക ചിന്തകനായ പിന്‍ഗാമിയെന്നു വിശേഷിപ്പിച്ചുകൊണ്ട്് സി.എന്‍. എഴുതുന്നു. ''നമ്മുടെ രംഗപാരമ്പര്യത്തില്‍ വേരൂന്നിയ, അതിന്റെ എല്ലാ നല്ല അംശങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ആധുനിക രംഗപദ്ധതി ഉരുത്തിരിയുന്നതിന്റെ സാധ്യത വളരെ പ്രബലമായി കാവാലത്തിന്റെ പരീക്ഷണങ്ങളില്‍ കാണുന്നു. ''താന്‍ തുടങ്ങിവെച്ചതിന്റെ സഫലമായ പൂര്‍ത്തീകരണം കാവാലത്തിന്റെ നാടകങ്ങളില്‍ കണ്ടറിഞ്ഞ് സംതൃപ്തനാവുന്നു അദ്ദേഹം.

 സാക്ഷി, അവനവന്‍ കടമ്പ, ദൈവത്താര്‍, കരിംകുട്ടി, കലിവേഷം, ഒറ്റമുലച്ചി, തിരുവാഴിത്താന്‍, അരണി, തിരനോട്ടം, അഗ്നിവര്‍ണ്ണന്റെ കാലുകള്‍, പഴയവൃത്തം, ഭൂതം, കൈക്കുറ്റപ്പാട്, പശുഗായത്രി, സൂര്യത്താനം, മാറാട്ട്, കോയ്മ, കാലനെത്തീനി, തിരുമുടി, തെയ്യത്തെയ്യം, പുറനാടി, കല്ലുരുട്ടി തുടങ്ങി ഇരുപതിലേറെ സ്വതന്ത്രനാടകങ്ങളും മധ്യമവ്യായോഗം, ഊരുഭംഗം, വിക്രമോര്‍വ്വശീയം, കര്‍ണ്ണഭാരം, മത്തവിലാപം തുടങ്ങിയ സംസ്‌കൃത നാടകങ്ങളുടെ ആഖ്യാനവും കാവാലത്തിന്റെ സംഭാവനകളായി നമുക്കു കിട്ടിയിട്ടുണ്ട്. ഒരിക്കല്‍ സ്വപാതയായി തിരഞ്ഞെടുത്ത തനതു നാടകാഭിമുഖ്യത്തെ പിന്നീടൊരിക്കലും അദ്ദേഹം തള്ളിപ്പറഞ്ഞിട്ടില്ല. അതില്‍തന്നെ ഒന്നിനൊന്നു വ്യത്യസ്തമായ പരീക്ഷണങ്ങള്‍ക്കു മുതിരുകയും അതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്.

   തനതു നാടകത്തെക്കുറിച്ചുള്ള തന്റെ സങ്കല്പങ്ങളെ കാവാലം സംഗ്രഹിക്കുന്നത് ഇങ്ങനെയാണ്- ''ചുറ്റുപാടുകളില്‍ നിന്നും രൂപഭാവങ്ങളില്‍ ദൈവമായ ശക്തി സമാഹരിച്ചുകൊണ്ട് വികസിക്കേണ്ട ഒരു സര്‍ഗ്ഗവ്യാപാരമാണെന്ന വിശ്വാസത്തില്‍ നിന്നുമുണ്ടായതാണ് തനതുനാടകം. നാട്യപ്രമേയത്തിന് മിത്തിന്റെ സ്വഭാവം ഉണ്ടായിരിക്കുക എന്നത് രചനയോടുതന്നെ ബന്ധിച്ചു നില്‍ക്കുന്ന പ്രത്യേകതയാണ്. യഥാര്‍ത്ഥ ജീവിതാവസ്ഥയ്ക്ക് തന്നെ ഐതിഹ്യസ്വഭാവമോ കടംകഥാരീതിയോ നല്‍കുക. അതു ജീവിതത്തില്‍നിന്നും അകന്നുപോവുകയല്ല. ജീവിതത്തെ വക്രോക്തിയിലൂടെ അവ്യക്തമാക്കുകയല്ല. ചമല്‍ക്കാരപ്പെടുത്തല്‍ ഇല്ലെന്നു പറയാന്‍ വയ്യ. എന്നാലത് സത്യത്തെ നിരാകരിക്കലല്ല. സത്യത്തെ കാവ്യാത്മകമാക്കലാണ്....

 ഇന്നു ലഭ്യമാവുന്ന ഗോത്രകലകളില്‍ത്തൊട്ട് ഏറ്റവും പരിണിതിയാര്‍ജ്ജിച്ച ആഢ്യ കലകളില്‍ വരെ സമഗ്രതയില്‍ ശീലംവെച്ച നാട്യധര്‍മ്മി, ലോകധര്‍മ്മി പ്രയോഗങ്ങളും അവയോട് സാകല്യേന ബന്ധപ്പെട്ടു നില്‍ക്കുന്ന ഭാവാവിഷ്‌കാര സാധ്യതകളും നമ്മുടെ കലാതിജീവനം നേടിയ കലാസിദ്ധാന്തങ്ങളോട് ബന്ധപ്പെടുത്തി ജീവിതാവസ്ഥയെ ലളിതമാക്കി വിന്യസിക്കാനുള്ള ഒരു നാടാകാവബോധമാണ് തനത് എന്ന സങ്കല്പത്തിന്റെ പിന്നിലുള്ളത്''.

  എം.ഗോവിന്ദന്‍ സൂചിപ്പിച്ച, സി.എന്‍. തുടക്കംകുറിച്ച തനതു നാടക സങ്കല്പത്തെ സുതാര്യമായി നിര്‍വ്വചിക്കുന്ന ഈ ഭാഗം കാവാലത്തിന്റെ നാടകദര്‍ശനത്തിന്റെ ആവിഷ്‌കാരമാണ്.
   1928 ല്‍ കാവാലത്തു ജനിച്ച നാരായണപ്പണിക്കര്‍ക്ക് പൈതൃകമായി അവകാശപ്പെടാനുള്ളത് രാജ്യതന്ത്രജ്ഞനും സാഹിത്യകാരനുമായിരുന്ന സര്‍ദാര്‍ കെ.എം.പണിക്കരുടെ അനന്തരവസ്ഥാനമാണ്. നിയമബിരുദങ്ങള്‍ നേടി വക്കീല്‍പ്പണി ചെയ്തുവരുമ്പോഴാണ് അദ്ദേഹത്തിന്റെ ശ്രദ്ധ നാടോടി സംസ്‌കാരത്തിലേക്ക് തിരിയുന്നത്. കവിതയെഴുത്തിലൂടെയാണ് സര്‍ഗ്ഗാത്മക ജീവിതത്തിന്റെ തുടക്കം. കേരളത്തിനൊരു ധന്യമായ നാടോടി-ക്ലാസിക്കല്‍ പാരമ്പര്യമുണ്ടെന്നു തിരിച്ചറിഞ്ഞ അദ്ദേഹം ക്രമേണ അതിന്റെ അനുബന്ധ രൂപമായ നാടക രംഗവുമായി അടുക്കുകയായിരുന്നു. നാടോടി സംസ്‌കാരത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ചശേഷം 1964 ലായിരുന്നു അരങ്ങിലേക്കുള്ള പ്രവേശനം.

   1969 ല്‍ 'സാക്ഷി', 'തിരുവാഴിത്താന്‍' എന്നീ നാടകങ്ങള്‍ രചിച്ചു. എന്നാല്‍ അവ കാവ്യനാടകരീതിയില്‍ രചിക്കപ്പെട്ടവയാണ്. 'സാക്ഷി' നാടകത്തിന് അവതാരികയെഴുതാന്‍ കാവാലം സി.എന്‍. ശ്രീകണ്ഠന്‍നായരെ കണ്ടെത്തിയതുതന്നെ തനതുനാടക പക്ഷപാതം കൊണ്ടാവണം. തന്റെ തനതു സങ്കല്പത്തിന്റെ തെളിഞ്ഞ സാധ്യത അദ്ദേഹം 'സാക്ഷി'യില്‍ ദര്‍ശിക്കുകയും ചെയ്തു. തനത് എന്ന പേരിനോട് നൂറുശതമാനവും നീതി പുലര്‍ത്തിയ ആ നാടകങ്ങളാണ് 'ദൈവത്താറും' (976) 'അവനവന്‍ കടമ്പയും' (1978). ഇതില്‍ 'ദൈവത്താര്‍' ആദ്യം തിരുവനന്തപുരത്ത് അരങ്ങേറി. നാടകം പൂര്‍ണ്ണമാവുക അരങ്ങില്‍ മാത്രമെന്നു വിശ്വസിക്കുന്ന കാവാലം നാടകമെഴുതുക മാത്രമല്ല, അത് തന്റേതായ അരങ്ങുഭാഷയില്‍ ഒരുക്കി അവതരിപ്പിക്കുകയും ചെയ്തു. 

സമാനമനസ്‌കരായ കലാകാരന്മാരോടു ചേര്‍ന്ന് കൂത്തമ്പലം, സോപാനം, തിരുവരങ്ങ് എന്നീ നാടകക്കൂട്ടായ്മകള്‍ അദ്ദേഹം രൂപീകരിച്ചു. കാവാലത്തിന്റെ നാടകങ്ങള്‍ അവതരിപ്പിച്ചതും ഈ കൂട്ടായ്മകളാണ്. ആലപ്പുഴ കേന്ദ്രമായി പ്രവര്‍ത്തിച്ച 'കൂത്തമ്പല'മാണ് 'സാക്ഷി'യും 'ദൈവത്താറും' 'തിരുവാഴിത്താനും' അരങ്ങിലെത്തിച്ചത്. ഏറെ ശ്രമകരമായിരുന്നു ഇവയുടെ അരങ്ങേറ്റം. നെടുമുടി വേണു, ഫാസില്‍, ജി. ശിവരാമന്‍നായര്‍, ആലഞ്ചേരി മണി തുടങ്ങിയ അനുഗൃഹീത കലാകാരന്മാരുടെ സാന്നിധ്യമാണ് ഇവയുടെ വിജയകരമായ അവതരണം സാധ്യമാക്കിയത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ കലാപ്രവര്‍ത്തനം തിരുവനന്തപുരത്തേക്ക് മാറ്റി. 'സോപാനവും' 'തിരുവരങ്ങും' കാവാലം നാടകങ്ങളുടെ തുടരവതരണങ്ങള്‍ക്ക് വേദിയായി.

   താളഗീതനൃത്തങ്ങള്‍ ഇടകലര്‍ന്ന രംഗപാരമ്പര്യം വീണ്ടെടുത്തുകൊണ്ടാണ് 'ദൈവത്താര്‍' നാടകചരിത്രത്തില്‍ വ്യത്യസ്തമാകുന്നത്. വാലടിക്കാവില്‍ ഉത്സവം കാണാന്‍ പോകുന്ന പാട്ടുപരിക്ഷകളിലും ആട്ടപ്പണ്ടാരങ്ങളിലും കൂടി തുടങ്ങുന്ന 'അവനവന്‍ കടമ്പ'യിലെത്തുമ്പോള്‍ കാവാലത്തിന്റെ തനതു സങ്കല്പം ഒന്നുകൂടി പക്വത പ്രാപിക്കുന്നു. പോകുംവഴിയുള്ള കടമ്പ കടക്കണമെങ്കില്‍ ഓരോരുത്തരും മനസ്സിന്റെ കറകള്‍ മാറ്റണം. അതും എന്തൊക്കെ കറകള്‍? 'കൊന്നകറ, തിന്നകറ, തന്റെ കറ, നിന്റെ കറ, വീട്ടുകറ, നാട്ടുകറ...' ഇങ്ങനെ കറയായ കറയൊക്കെ ഒഴിച്ചുകളഞ്ഞപ്പോള്‍ കടമ്പകടക്കല്‍ അനായാസമാവുന്നു. 1983 ല്‍ രചിച്ച 'കരിംകുട്ടി'യിലാവട്ടെ, കുട്ടിക്കാലത്ത് അമ്മ പറഞ്ഞുതന്ന നാടോടിക്കഥയ്ക്ക് അരങ്ങുഭാഷ്യം ചമയ്ക്കുന്നു, കാവാലം. വയലാ വാസുദേവന്‍ പിള്ളയാണ്  'കരിംകുട്ടി'യുടെ അവതാരിക രചിച്ചിരിക്കുന്നത്. അവിസ്മരണീയമായ ദൃശ്യശില്പങ്ങളാണ്  'കരിംകുട്ടി'ക്ക് വ്യത്യസ്തമാനം നല്‍കുന്നതെന്ന് അദ്ദേഹം വിലയിരുത്തുന്നുണ്ട്. ഭാരതീയമായ കാവ്യമനസ്സിലേക്കാണ് നാടകം വേരിറക്കുന്നതെന്ന കാവാലത്തിന്റെ അഭിപ്രായത്തെ സാധൂകരിക്കുന്നു, തെയ്യത്തെയ്യവും സൂര്യത്താനവും ഒറ്റയാനും കല്ലുരുട്ടിയും ഒറ്റമുലച്ചിയുമെല്ലാം. 

 സ്വതന്ത്ര രചനകളോളം തന്നെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട് കാവാലത്തിന്റെ സംസ്‌കൃത സംബന്ധിയായ അരങ്ങാഖ്യാനങ്ങളും. ദീര്‍ഘമായ ഒരു കാലത്തേയ്ക്ക്, പ്രത്യേകിച്ചും പാശ്ചാത്യ അരങ്ങു സവിശേഷതകളിലേക്ക് നാം കണ്ണും മനസ്സും തുറന്നുവെച്ച കാലത്ത്, നാം ചര്‍ച്ചചെയ്യാന്‍ മറന്ന സമ്പന്നമായ സംസ്‌കൃത നാടകപാരമ്പര്യത്തെ മുന്നിലേക്ക് കൊണ്ടുവരികയും അവയ്ക്ക് പുതിയ ഭാഷ്യം ചമയ്ക്കുകയുമാണ് മധ്യമവ്യായോഗം, ഊരുഭംഗം, വിക്രമോര്‍വ്വശീയം, കര്‍ണ്ണഭാരം, ശാകുന്തളം എന്നിവയിലൂടെ അദ്ദേഹം ചെയ്തത്. കേവലമായ പരിഭാഷകളോ പുനരാഖ്യാനങ്ങളോ അല്ല ഇവ. ഓരോന്നിലും കാവാലമെന്ന നാടകകൃത്തും അദ്ദേഹത്തിന്റെ നാടകദര്‍ശനങ്ങളും വേറിട്ടു നില്‍ക്കുന്നുണ്ട്. പാഠപുസ്തകങ്ങളില്‍ നിന്ന് ഈ ക്ലാസിക്കല്‍ കാവ്യങ്ങളെ അരങ്ങിന്റെ വിശാലമാനത്തിലേക്കുയര്‍ത്തി അദ്ദേഹം. ഈ നാടകങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ പ്രൗഢമായ അരങ്ങുഭാഷയെക്കുറിച്ച് ആഴത്തിലുള്ള ഗവേഷണങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു. അതില്‍ തന്നെ കാളിദാസന്റെ 'ശാകുന്തള' നാടകം ആ മനസ്സിലൂടെ കടന്നു പോയപ്പോഴുണ്ടായ പുതുമ തികച്ചും അസാധാരണവും വിസ്മയകാരവുമാണ്.

   'തിരുവരങ്ങ'ാണ് മധ്യമവ്യായോഗവും (1979), വിക്രമോര്‍വ്വശീയം നാലാമങ്കവും (1981) ശാകുന്തളവും (1982), കര്‍ണ്ണഭാരവും (1984) കാവാലത്തിന്റെ രചനയിലും സംവിധാനത്തിലും അവതരിപ്പിച്ചത്. മലയാള നാടകപാരമ്പര്യം ഭാരതമെങ്ങും വ്യാപരിക്കുന്നതിന് ഈ നാടകാവതരണങ്ങള്‍ സഹായകമായി. ഉജ്ജയിനിയിലെ 'കാളിദാസ് സമാരോഹി'ല്‍ ഇവ അവതരിപ്പിച്ചപ്പോള്‍ നാടകപ്രേമികളില്‍ നിന്നും ലഭിച്ച പ്രശംസ അപ്രതീക്ഷിതമായിരുന്നു. ദേശീയ നാടകമേളകളിലെ സ്ഥിരം സാന്നിധ്യമായും ഈ നാടകങ്ങള്‍ മാറി. ഭാസന്റെ 'ദൂതവാക്യം' ഉജ്ജയിനിയിലെ 'കാളിദാസ അക്കാദമി'ക്കുവേണ്ടി അവിടത്തെ നടന്മാരെ ഹിന്ദിയില്‍ പരിശീലിപ്പിച്ച് കാവാലം അവതരിപ്പിച്ചു. 1981 ലാണിത്. 1983 ല്‍ 'ഊരുഭംഗവും' ഹിന്ദിയിലാക്കി 'നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ'യ്ക്ക് വേണ്ടി ഒരുക്കി. തന്റെ രചനകളായ സൂര്യത്താനവും മത്തവിലാസവും ഹിന്ദിയില്‍ അവതരിപ്പിക്കാനും അദ്ദേഹത്തിനായി. സാര്‍ത്രിന്റെ 'ട്രോജന്‍ വിമന്‍', ഷെയ്ക്‌സ്പിയറുടെ 'ടെമ്പസ്റ്റ്', ജപ്പാനീസ് നാടകമായ 'കിയോയോരി' എന്നിവയും കാവാലം മലയാളീകരിച്ച് അവതരിപ്പിച്ചവയാണ്.

   ഒരുപാട് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അവിടത്തെ നാടകമേളകളില്‍ പങ്കെടുത്ത് നാടകങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു, കാവാലം. ജപ്പാന്‍, അമേരിക്ക, റഷ്യ, ഹോളണ്ട്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന നാടകമേളകളിലെ ശ്രദ്ധേയ സാന്നിധ്യമായി. പാശ്ചാത്യരായ നടീനടന്മാരെ പരിശീലിപ്പിച്ച് 'ഊരുഭംഗവും' 'ഭഗവദജ്ജുകവും' അമേരിക്കയില്‍ അവതരിപ്പിച്ചതാണ് മറ്റൊരു നേട്ടം. കേന്ദ്ര സംഗീത നാടക അക്കാദമി, ക്രിട്ടിക്ക് സര്‍ക്കിള്‍ അവാര്‍ഡ്, കല്‍ക്കത്ത നന്ദികാര്‍ നാഷണല്‍ അവാര്‍ഡ് എന്നിവയടക്കം നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി, കേന്ദ്രസംഗീത നാടക അക്കാദമി എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം, ഉജ്ജയിനി കാളിദാസ സമാരോഹ് അംഗം എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും നാടക മേഖലയ്ക്ക് മുതല്‍ക്കൂട്ടായി.

   നാടകത്തിന്റെ നടപ്പുപാതയില്‍ നിന്നു വ്യതിചലിച്ച്, നവീനമായ ഒരു മലയാള നാടകവേദി സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുകയും അതിനായി ജീവിതം തന്നെ സമര്‍പ്പിക്കുകയും അതില്‍ വിജയം നേടുകയും ചെയ്തുവെന്നതാണ് കാവാലം നാരായണപ്പണിക്കര്‍ക്ക് നാടകചരിത്രത്തിലുള്ള പ്രസക്തി. സമര്‍ത്ഥരായ പിന്‍ഗാമികളുണ്ടായില്ലെന്നതോ, വേണ്ടത്ര ജനപ്രീതിയാര്‍ജ്ജിച്ചില്ല എന്നതോ ഒരു കാലത്ത് സജീവമായ നാടക മുന്നേറ്റത്തിന്റെ പ്രാധാന്യം തെല്ലും കുറയ്ക്കുന്നില്ല. അതുകൊണ്ടുതന്നെയാണ് കാവാലവും അദ്ദേഹത്തിന്റെ നാടക ശ്രമങ്ങളും കാലാതിവര്‍ത്തിയാവുന്നത്.