'നം' എന്ന കടുപ്പമുള്ള വാക്കുവെച്ച് പാട്ടുതുടങ്ങിയാല്‍ അത് ലളിതഗാനമാകുന്നതെങ്ങനെ എന്ന് എം.ജി. രാധാകൃഷ്ണന്‍. റെയില്‍വേ ടൈംടേബിള്‍ എടുത്ത് മുന്നില്‍വെച്ചുകൊടുത്താല്‍പ്പോലും മനോഹരമായി ഈണമിട്ടു നമ്മെ അമ്പരപ്പിക്കാന്‍ അറിയുന്ന രാധാകൃഷ്ണന് ഏതു 'ഘന'പദത്തെയും ഇളംതൂവലാക്കിമാറ്റാന്‍ കഴിയുമെന്ന് കാവാലം. താളബോധത്തിന്റെ ആശാനായ കവിയും കവിതയുടെ കാമുകനായ സംഗീതസംവിധായകനും തമ്മിലുള്ള ആ ആശയസംവാദത്തിനൊടുവില്‍ പിറന്നതാണ് നമ്മുടെ ഭാഷയില്‍ കേട്ട ഏറ്റവും മികച്ച ലളിതഗാനങ്ങളില്‍ ഒന്ന് 'ഘനശ്യാമസന്ധ്യാ ഹൃദയം നിറയേ മഴവില്ലിന്‍ മാണിക്യവീണ...'

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ശ്വാസംമുട്ടിക്കുന്ന തിരക്കിലൂടെയുള്ള സായാഹ്നസവാരിക്കിടയില്‍ അപ്രതീക്ഷിതമായി ആ ഗാനം ജനിച്ച കഥ രസകരമായി വിവരിച്ചുതന്നിട്ടുണ്ട് കാവാലവും രാധാകൃഷ്ണനും. ''ഇണക്കവും പിണക്കവും പരിഭവങ്ങളും നിറഞ്ഞ സംഗീതയാത്രയായിരുന്നു ഞങ്ങളുടേത്. പക്ഷേ, കലഹം കഴിഞ്ഞു പാട്ടുണ്ടാക്കാന്‍ ഇരിക്കുമ്പോള്‍ മറ്റെല്ലാം മറക്കും ഞങ്ങള്‍. ചുറ്റും നടക്കുന്നതൊന്നും കേള്‍ക്കില്ല പിന്നെ. സര്‍വം സംഗീതമയം.'' - കാവാലത്തിന്റെ വാക്കുകള്‍. ചെന്നൈയിലേക്കുള്ള ഒരു തീവണ്ടിയാത്രയില്‍ പിറന്നുവീണതാണ് പ്രശസ്തമായ 'മുക്കുറ്റി തിരുതാളി' ഉള്‍പ്പെടെ ആരവത്തിലെ എല്ലാ പാട്ടുകളും. കുതിച്ചുപായുന്ന വണ്ടിയുടെ ചടുലതാളത്തിനൊത്ത് കാവാലം വരികള്‍ മൂളിക്കൊടുക്കുന്നു; ഒപ്പമിരുന്ന് രാധാകൃഷ്ണന്‍ അവ ഏറ്റുപാടി ചിട്ടപ്പെടുത്തുന്നു. അകമ്പടിക്ക്, സഹയാത്രികനായ നെടുമുടി വേണുവിന്റെ മേളപ്പെരുക്കം. ഇരിക്കുന്ന സീറ്റും വണ്ടിയുടെ ജനാലയോടു ചേര്‍ന്നുള്ള കൊച്ചുമേശയും താളവാദ്യങ്ങള്‍.

''സാധാരണ പാട്ടെഴുത്തുകാരുടെ രീതിയല്ല കാവാലത്തിന്റേത്.'' - ദേവരാജന്‍ മാസ്റ്റര്‍ ഒരിക്കല്‍ പറഞ്ഞു. ''ഒരു പ്രത്യേക താളത്തിലാണ് എഴുതുക. പരമ്പരാഗത രീതിയിലുള്ള സംഗീതത്തിന് എളുപ്പം വഴങ്ങണമെന്നില്ല അത്. പക്ഷേ, അദ്ദേഹത്തിന്റെ ഉള്ളിലെ താളം തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ബാക്കിയെല്ലാം എളുപ്പമായി.'' ഉത്സവപ്പിറ്റേന്നിലെ പുലരിത്തൂമഞ്ഞുതുള്ളിയില്‍ പുഞ്ചിരിയിട്ടു പ്രപഞ്ചം എന്ന ഗാനത്തിന്റെ പല്ലവി എഴുതിയശേഷം ഫോണിലൂടെ മാസ്റ്ററെ വായിച്ചു കേള്‍പ്പിക്കുകയായിരുന്നു കാവാലം. ''ഇത് പോരാ; കാവാലത്തിന്റെ താളത്തില്‍ അതൊന്ന് മൂളിക്കേള്‍പ്പിച്ചേ'' എന്ന് മാസ്റ്റര്‍. ശ്രദ്ധിച്ചുകേട്ട് ഫോണ്‍ വെച്ചശേഷം പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് മാസ്റ്റര്‍ വീണ്ടും കാവാലത്തെ വിളിക്കുന്നു - സ്വരപ്പെടുത്തിയ പല്ലവി പാടിക്കേള്‍പ്പിക്കാന്‍വേണ്ടി. ചാരുകേശിരാഗസ്​പര്‍ശം നല്‍കി മാസ്റ്റര്‍ ഒരുക്കിയ ഈണത്തില്‍ തന്റെ വരികളിലെ ദുരന്തച്ഛായ മുഴുവന്‍ ഉണ്ടായിരുന്നു എന്ന് കാവാലം.

വാക്കുകളുടെ തിരഞ്ഞെടുപ്പിലും പ്രയോഗത്തിലും ഉണ്ട് സവിശേഷമായ ഒരു കാവാലം ശൈലി. പല വാക്കുകളും കേള്‍ക്കുമ്പോള്‍ ഇത് മലയാളത്തില്‍ ഉള്ളവതന്നെയോ എന്ന് തോന്നും നമുക്ക്. ''ചില പദങ്ങള്‍ ചില സിറ്റ്വേഷനുകള്‍ക്കുവേണ്ടി ഉണ്ടാക്കുന്നതാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ ആ വാക്ക് ശ്രോതാവിന്റെ മനസ്സില്‍ എന്ത് ധ്വനിപ്പിക്കുന്നുവോ അതുതന്നെ അതിന്റെ അര്‍ഥം.'' - കാവാലത്തിന്റെ വിശദീകരണം. 'വാടകയ്ക്ക് ഒരു ഹൃദയ'ത്തിലെ ഒഴിഞ്ഞ വീടിന്‍ ഉമ്മറക്കോടിക്ക് ഓടോടി മൈന ചിലച്ചു (സംഗീതം: ദേവരാജന്‍) എന്ന ഗാനമോര്‍ക്കുക. ''അസാധാരണമായ ഊര്‍ജസ്വലതയുള്ള മൈന എന്നേ ഓടോടികൊണ്ട് ഉദ്ദേശിച്ചിട്ടുള്ളൂ. ഓടിമൈനയെക്കാള്‍ കൗതുകമുണര്‍ത്തും ഓടോടിമൈന. പിന്നെ ഉമ്മറക്കോടിയുടെ കാര്യം. കോടി എന്നാല്‍, മൂല. ഉമ്മറത്തിന്റെ ഒരു കോണില്‍ എന്നാണ് അതിനര്‍ഥം.'' ഇതേ സിനിമയിലെ പൂവാംകുഴലി പെണ്ണിനുണ്ടൊരു എന്ന പാട്ടിന്റെ പല്ലവിയിലെ കിളുന്തുപോലുള്ള മനസ്സ് എന്ന പ്രയോഗം വായിച്ച് ദേവരാജന്‍ മാസ്റ്ററുടെ മുഖത്ത് വിടര്‍ന്ന മന്ദഹാസം എന്നും അഭിമാനത്തോടെ ഓര്‍മയില്‍ സൂക്ഷിച്ചു കാവാലം. ''മനസ്സിന് ഇതുപോലൊരു വിശേഷണം കേള്‍ക്കുന്നത് ആദ്യം.'' - അന്ന് മാസ്റ്റര്‍ പറഞ്ഞു.
'ഓടക്കുഴല്‍വിളി ഒഴുകിയൊഴുകി വരും' (സംഗീതം: എം.ജി. രാധാകൃഷ്ണന്‍) എന്ന പ്രശസ്ത ലളിതഗാനത്തിന്റെ പല്ലവിയില്‍ 'അനുരാഗിലം' എന്നൊരു പ്രയോഗമുണ്ട്. അതിന്റെ പകര്‍പ്പവകാശവും കാവാലത്തിനു തന്നെ.
 
പല പ്രമുഖ ഗാനരചയിതാക്കളുടെയും പാട്ടുകളില്‍ പിന്നീട് ആ പദം പ്രയോഗിച്ചുകേട്ടപ്പോള്‍ സന്തോഷംതോന്നി എന്നുപറയും കാവാലം. 'തമ്പി'ലെ പാട്ടില്‍ കാനകപ്പെണ്ണ്! എന്നുപയോഗിച്ചപ്പോള്‍ നെറ്റിചുളിച്ചവരുണ്ട്. കാനനപ്പെണ്ണ്! എന്നല്ലേ ശരിയായ പ്രയോഗമെന്ന് ഭാഷാധ്യാപകരുള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍. 'ക'ാനകപ്പെണ്ണ്!' എന്നാല്‍ കനകത്തിന്റെ മാറ്റുള്ള പെണ്ണ്!. കതിവനൂര്‍ വീരന്റെ ഐതിഹ്യം മനസ്സില്‍വെച്ചുകൊണ്ട് എഴുതിയ പാട്ടാണത്.'' - കാവാലത്തിന്റെ മറുപടി. അപൂര്‍വമായെങ്കിലും, പുതുവാക്കുകളോടുള്ള ഈ പ്രണയം ചില്ലറ കലഹങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ടെന്നു സമ്മതിക്കാനും മടിക്കുന്നില്ല കവി. 'പടയോട്ട'ത്തില്‍ ആഴിക്കങ്ങേക്കരയുണ്ടോ യാമങ്ങള്‍ക്കൊരു മുടിവുണ്ടോ (സംഗീതം: ഗുണസിങ്) എന്നെഴുതിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഒരു സഹസംവിധായകന് പൊറുതികേട്, മാഷേ, മുടിവ് എന്നൊരു വാക്കില്ല മലയാളത്തില്‍; അത് മാറ്റിത്തരണം എന്നായി അയാള്‍.
 
പറ്റില്ലെന്ന് കാവാലവും. അന്ത്യം എന്ന അര്‍ഥത്തില്‍ പ്രയോഗിച്ച പദമാണ്. അതിലും യോജിച്ച വാക്കില്ല അവിടെ. ആ പ്രയോഗം ഒഴിവാക്കാന്‍ പറഞ്ഞാല്‍ പണിനിര്‍ത്തി താന്‍ ഇറങ്ങിപ്പോകുമെന്ന് കാവാലം. ഒടുവില്‍ സംവിധായകന്‍ ജിജോ ഇടപെടുന്നു. ''അദ്ദേഹം എഴുതുന്നത് എന്തെന്ന് അദ്ദേഹത്തിനറിയാം. നമ്മളാരും അതില്‍ തലയിടേണ്ടതില്ല.'' -സഹസംവിധായകന് ജിജോയുടെ അന്ത്യശാസനം.
'രതിനിര്‍വേദ'മാണ് കാവാലത്തിന്റെ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയതെങ്കിലും ആദ്യമെഴുതിയത് 'തമ്പി'ലെ (1978) പാട്ടുകളാണ്. നാടകവും കവിതയുമായി മറ്റൊരു ലോകത്തായിരുന്ന കാവാലത്തെ സിനിമയിലേക്ക് കൂട്ടിക്കൊണ്ടുപോരുകയായിരുന്നു ആകാശവാണിക്കുവേണ്ടി കാവാലം-രാധാകൃഷ്ണന്‍ ടീമൊരുക്കിയ ലളിതഗാനങ്ങളുടെ വലിയൊരു ആരാധകനായിരുന്ന അരവിന്ദന്‍.
 
'തമ്പി'ല്‍ ആരംഭിച്ച പ്രയാണം 'ഒറ്റാല്‍' (2015) വരെ നീണ്ടു. അതിനിടെ എത്രയെത്ര സുന്ദരഗാനങ്ങള്‍. ദേവരാജന്‍ (പൂവാംകുഴലി പെണ്ണിനുണ്ടൊരു, കാലം കുഞ്ഞുമനസ്സില്‍), എം.ജി. രാധാകൃഷ്ണന്‍ (ഓര്‍മകള്‍ ഓര്‍മകള്‍, ഏഴുനിലയുള്ള ചായക്കട, പ്രേമയമുനാ തീരവിഹാരം, ഹരിചന്ദന മലരിലെ), ഇളയരാജ (ആലോലം പീലിക്കാവടി ചേലില്‍, വീണേ വീണേ വീണക്കുഞ്ഞേ, തണല്‍ വിരിക്കാന്‍), എം.ബി. ശ്രീനിവാസന്‍ (കാന്തമൃദുലസ്‌മേര, താഴിക ചൂടിയ, ശാരദ നീലാംബര, ഉല്ലല ചില്ലല), ജോണ്‍സണ്‍ (ഗോപികേ നിന്‍ വിരല്‍ത്തുമ്പുരുമ്മി, കൂവരംകിളി കൂട്), രവീന്ദ്രന്‍ (നിറങ്ങളേ പാടൂ, നാട്ടുപച്ച കിളിപ്പെണ്ണേ, യാത്രയായ് വെയിലൊളി), ശ്യാം (കാത്തിരിപ്പൂ കുഞ്ഞരിപ്പൂവ്, ആച്ചാമരം), ശരത് (ആണ്ടെലോണ്ടെ), പ്രശാന്ത് പിള്ള (ആത്മാവില്‍ തിങ്കള്‍ കുളിര്‍)... കാവാലത്തിന്റെ മനസ്സിലെ താളം തിരിച്ചറിഞ്ഞവരാണ് ഈ സംഗീതസംവിധായകരെല്ലാം. ലളിതഗാന ശാഖയിലും ഉണ്ട് കാവാലത്തിന്റെ വേറിട്ട കൈയൊപ്പ്. പതിഞ്ഞ പാട്ടുകള്‍: ഓടക്കുഴല്‍ വിളി, കുറ്റാലം കുറവഞ്ചി, മുത്തുകൊണ്ടെന്റെ മുറം നിറഞ്ഞു, ശ്രീഗണപതിയുടെ തിരുനാമക്കുറി, പൂമുണ്ടും തോളത്തിട്ട്...

അക്ഷരങ്ങളെ സ്‌നേഹിക്കുന്ന സംഗീതസംവിധായകരുമായുള്ള ഒത്തുചേരലിലാണ് കാവാലത്തിന്റെ മികച്ച ഗാനങ്ങള്‍ പലതും ജന്മംകൊണ്ടത്. ഭരതനെപ്പോലെ സംഗീതത്തെ ആരാധിക്കുന്ന സംവിധായകരുടെ പിന്തുണകൂടി ചേര്‍ന്നപ്പോള്‍ ഈ സര്‍ഗാത്മക അന്യോന്യം പൂര്‍ണമായി. ഭരതന്‍ നിര്‍ബന്ധിച്ചത് കൊണ്ടുമാത്രമാണ് 'കാറ്റത്തെ കിളിക്കൂടി'ല്‍ ജോണ്‍സന്റെ ഈണത്തിനൊത്ത് പാട്ടെഴുതാന്‍ സമ്മതിച്ചതെന്ന് കാവാലം പറഞ്ഞുകേട്ടിട്ടുണ്ട്. സംഗീതബോധമുള്ള കവിയും കാവ്യബോധമുള്ള സംഗീതശില്പിയും തമ്മിലുള്ള ആ അന്യോന്യം 1980-കളിലെ ഏറ്റവും ഹൃദ്യമായ ഭാവഗീതികളില്‍ ഒന്നിന്റെ സൃഷ്ടിക്ക് വഴിയൊരുക്കി: ഗോപികേ നിന്‍ വിരല്‍ തുമ്പുരുമ്മി (എസ്. ജാനകി). രവീന്ദ്രനുമായി അപൂര്‍വമായേ ഒന്നിച്ചിട്ടുള്ളൂ കാവാലം. പക്ഷേ, ആ സമാഗമങ്ങള്‍ ഓരോന്നും അവിസ്മരണീയം. തൈക്കാട് ഒരു ഹോട്ടലിന്റെ മുറ്റത്തെ നനവാര്‍ന്ന പുല്‍ത്തകിടിയില്‍ രവീന്ദ്രനൊപ്പമിരുന്നു സൃഷ്ടിച്ചവയാണ് 'അഹ'ത്തിലെ ഗാനങ്ങള്‍. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സ്വഭാവവൈചിത്ര്യങ്ങളും വ്യക്തിത്വസവിശേഷതകളുമെല്ലാം സംവിധായകന്‍ രാജീവ്‌നാഥ് വിവരിച്ചപ്പോള്‍ അതിലൊരു ദൃശ്യം കാവാലത്തിന്റെ മനസ്സില്‍ തടഞ്ഞു: ചിത്രകാരന്റെ രൂപം. നിറങ്ങളുടെ സംക്രമണം എന്ന ആശയം മനസ്സിലുദിച്ചത് അപ്പോഴാണ്. നിറങ്ങളോട് പാടാന്‍ പറയുന്നതില്‍ വ്യത്യസ്തമായ ഒരു ദൃശ്യ-ശ്രാവ്യ ചാരുതയില്ലേ എന്നുതോന്നി അദ്ദേഹത്തിന്. 'നിറങ്ങളേ പാടൂ' എന്ന ഗാനമുണ്ടായത് അങ്ങനെ.

മാറുന്നകാലത്തിന്റെ സംഗീതസങ്കല്‍പ്പങ്ങളോടും ചേര്‍ന്നുനിന്നവയായിരുന്നു കാവാലത്തിന്റെ രചനകള്‍. പുത്തന്‍ തലമുറപോലും ആഘോഷപൂര്‍വം ഏറ്റുപാടി 'ഇവന്‍ മേഘരൂപ'നിലെയും 'ആമേനി'ലെയും ഗാനങ്ങള്‍. ''പ്രായമല്ല; താളമാണ് പ്രധാനം. കൗമാരമനസ്സിന്റെ താളമറിഞ്ഞാല്‍ മതി അവരെ കീഴടക്കാന്‍'' - കാവാലത്തിന്റെ നിരീക്ഷണം. ആ ഉത്സവതാളം പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ തിരിച്ചറിഞ്ഞിരിക്കണം കാവാലത്തിലെ പ്രൊഫഷണല്‍ ഗാനരചയിതാവ്. രതിനിര്‍വേദത്തിനു(1978)വേണ്ടി അദ്ദേഹം എഴുതിയ വരികള്‍ ഓര്‍മയില്ലേ? 'തുടിച്ചുതുള്ളി കുതിച്ചുപായും പതനുരചിതറും ഉള്ളില്‍, കൊതിച്ചു മദിച്ചു തെറിച്ച ജീവന്‍ കലപിലവെച്ചു പിന്നെ, കാലിടറാതെ വീണടിയാതെ നടവഴിയിലെഴും മുള്ളന്‍ കടമ്പയൊക്കെ തകര്‍ത്തു വരുമീ ഉത്സവമേളം, താളം ഇതാണ് താളം....''