കാവാലത്തിന്റെ ഹൃദയസ്പര്‍ശിയായ രചന; ദേവരാജന്റെ മാന്ത്രിക സംഗീതം; യേശുദാസിന്റെ ഗന്ധര്‍വനാദം. ഉള്ളിലെവിടെയോ വിഷാദത്തിന്റെ നേര്‍ത്ത അലകളിളക്കിയ ആ പാട്ടില്‍, പക്ഷേ, ഒരു പ്രീഡിഗ്രിക്കാരന്റെ ചിന്തയ്ക്ക് പൂര്‍ണമായി പിടിതരാത്ത വാക്കുകള്‍ ചിലതുണ്ടായിരുന്നു- ഓടോടി മൈനയേയും  ഉമ്മറക്കോടിയും പോലെ. അര്‍ഥമറിയാന്‍ അന്ന് അഭയം പ്രാപിച്ചത് കോളേജിലെ മലയാളം അധ്യാപകനെയാണ്. 

അമ്പരപ്പോടെയും തെല്ലൊരു പുച്ഛത്തോടെയും സംശയാലുവായ ശിഷ്യനെ നോക്കി മാഷ് പറഞ്ഞു: ''ഉമ്മറക്കോടി എന്നാല്‍ കോലായ എന്നാവണം. പിന്നെ, ഓടോടി മൈന ഓടിത്തളര്‍ന്നമൈനയാകേനെ വഴിയുള്ളൂ.'' അവിടെ അവസാനിച്ചു ചോദ്യോത്തരം. പയ്യന്റെ സംശയം മാത്രം ശമിച്ചില്ല. അന്നു മനസ്സിലുറച്ചതാണ്, എന്നെങ്കിലും കവിയ കാണുകയാണെങ്കില്‍ നേരിട്ട് ചോദിച്ചറിയണം. കാണുമെന്ന് പ്രതീക്ഷയുണ്ടായില്ല. വെറുതെ ഒരു വാശി. 

ആഴ്ചകള്‍ക്ക് മുന്‍പ് കവിയെ ആദ്യമായി നേരില്‍ കണ്ടപ്പോള്‍ ഉള്ളിലെ ആ സംശയാലു വീണ്ടും ഉയിര്‍ത്തെണീറ്റു. ചോദ്യം ആസ്വദിച്ച് ചിരിച്ചുകൊണ്ട് കാവാലം പറഞ്ഞു: ''ചില പദങ്ങള്‍ ചില സിറ്റ്വേഷനുകള്‍ക്കുവേണ്ടി രചിക്കുന്നതാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ ആ വാക്ക് ശ്രോതാവിന്റെ മനസ്സില്‍ എന്തു ധ്വനിപ്പിക്കുന്നുവോ അതുതന്നെ അതിന്റെ അര്‍ഥം. ഓടോടി മൈനഎന്നെഴുതുമ്പോള്‍ അസാധാരണമായ ഊര്‍ജസ്വലതയുള്ള ഒരുമൈന എന്നേ ഉദ്ദേശിച്ചിരുന്നുള്ളൂ. 

ഓടി മൈനയേക്കാള്‍ കൗതുകമുണര്‍ത്തും ഓടോടിമൈന. അത്തരം പുതിയ പദങ്ങള്‍ പാട്ടുകള്‍ക്കുവേണ്ടി അതി നു മുന്‍പും പിന്‍പും ഞാന്‍ സൃഷ്ടിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് അവയില്‍ പലതും മറ്റു ഗാനരചയിതാക്കള്‍ സ്വന്തം രചനയില്‍ പ്രയോഗിച്ചു കണ്ടിട്ടുമുണ്ട്...'' ''പിന്നെ ഉമ്മറക്കോടി. അങ്ങേയറ്റം ഫോക്ക് സ്വഭാവമുള്ള ഒരു പ്രയോഗമാണത്. കോടി എന്നാല്‍ മൂല എന്നര്‍ഥം. ഇവിടെ ഉമ്മറത്തിന്റെ ഒരു കോണില്‍ എന്നേ ഉദ്ദേശിച്ചുള്ളൂ. വാക്കുകളുടെ അര്‍ഥം ധ്വനിപ്പിക്കുന്ന രീതിയില്‍ തന്നെയാണ് ദേവരാജന്‍ മാസ്റ്റര്‍ ആ പാട്ടിന് ഈണം പകര്‍ന്നിട്ടുള്ളത്. അതുകൊണ്ടാവാം സാധാരണക്കാര്‍ക്കുപോലും അതാസ്വദിക്കാനായത്.'' കാവാലം പറഞ്ഞു. 

മാസ്റ്ററുടെ പഴയൊരു നിരീക്ഷണം ഓര്‍ത്തെടുക്കുകയായിരുന്നു ഞാന്‍. കാവാലത്തിന്റെ രചനാ ശൈലിയെക്കുറിച്ചാണ്: ''ഫോക്ക് സ്വഭാവമുള്ള വരികളാണ് അദ്ദേഹത്തിന്റേത്. നമുക്ക് പരിചിതമല്ലാത്ത പദങ്ങള്‍, പ്രയോഗങ്ങള്‍, താളം ഒക്കെ കാണും. അതു ചിട്ടപ്പെടുത്തണെമെങ്കില്‍ ആദ്യം കാവാലത്തിന്റെ മനസ്സിലെ താളം നാമറിയണം. ഈണമിടുന്നതിനു മുന്‍പ് കവിയോടുതന്നെ സ്വന്തം വരികള്‍ മനസ്സില്‍ തോന്നുന്ന താളത്തില്‍ ചൊല്ലിത്തരാന്‍ ഞാന്‍ പറയാറുണ്ട്. പിന്നെ ചില പദങ്ങളുടെ അര്‍ഥം ചോദിച്ച് മനസ്സിലാക്കും. മറ്റൊരു ഗാനരചയിതാവിനോടും താരതമ്യപ്പെടുത്താനാവില്ല അദ്ദേഹത്തെ...'

'വാടകക്കൊരു ഹൃദയ'ത്തിലെ തന്നെ പൂവാംകുഴലിപ്പെണ്ണിനുണ്ടൊരു എന്ന് തുടങ്ങുന്ന പാട്ടില്‍ 'കിളുന്ത് പോലുള്ള മനസ്സ്' എന്നെഴുതി കാവാലം തന്നെ വിസ്മയിപ്പിച്ച കഥയും പറഞ്ഞു ദേവരാജന്‍ മാസ്റ്റര്‍. ''വളരെ ലാളിത്യമുള്ള ഒരു പ്രയോഗം. നാടന്‍ തനിമയുമുണ്ടതിന്. അത്തരം പ്രയോഗങ്ങള്‍ക്ക് അനുയോജ്യമായ ഈണം കണ്ടെത്തുക എന്നതാണ് ഒരു സംഗീതസംവിധായകന്റെ ഏറ്റവും ആഹ്ലാദപ്രദമായ വെല്ലുവിളികളിലൊന്ന്'' 

ആ വെല്ലുവിളി മാസ്റ്റര്‍ അനായാസം ഏറ്റെടുത്തു വിജയിപ്പിച്ച കഥ കാവാലം തന്നെ വിവരിച്ചു തന്നു: ചെന്നൈ വുഡ്‌ലാന്‍ഡ്‌സില്‍ വച്ചായിരുന്നു പടത്തിന്റെ കമ്പോസിങ് എന്നാണോര്‍മ. സംവിധായകനായ ഐ.വി. ശശിയും കഥാകൃത്ത് പത്മരാജനും ഒപ്പമുണ്ട്. പൂവാംകുഴലിപ്പെണ്ണിനുണ്ടൊരു കിളുന്തു പോലുള്ള മനസ്സ് എന്ന പല്ലവി കേട്ടയുടന്‍ ഈണം മൂളിനോക്കി മാസ്റ്റര്‍. പിന്നെ ചിന്തയിലാണ്ടു. അതു കഴിഞ്ഞ് എന്നോടൊരു ചോദ്യം: ''നമുക്ക് ഇതൊരു കലര്‍പ്പാക്കിക്കളയാം. എന്താ? ആനന്ദ ഭൈരവിയും നീലാംബരിയും ചോര്‍ന്ന രാഗമിശ്രിതം. അതിനെ ആനന്ദാംബരി എന്നു വിളിക്കാം''. 

പല്ലവി ചിട്ടപ്പെടുത്തി ലോലമെങ്കിലും മധുരമായ ശബ്ദത്തില്‍ മാസ്റ്റര്‍ പാടിക്കേള്‍പ്പിച്ചപ്പോള്‍ കാവാലം പറഞ്ഞു: ''ഗംഭീരമായിരിക്കുന്നു. രാഗങ്ങളുടെ മിശ്രണം നമ്മുടെ പാരമ്പര്യത്തില്‍ത്തന്നെയുണ്ട്. സോപാനസംഗീതത്തില്‍ മിടുക്കന്മാരുണ്ടായിരുന്ന കാലത്ത് കാനക്കുറിഞ്ഞി  രാഗം പ്രയോഗത്തിലുണ്ടായിരുന്നു. കാനക്കുറിഞ്ഞിയുടെ ആരോഹണത്തില്‍ നാട്ടക്കുറിഞ്ഞിയും അവരോഹണത്തില്‍ പാറ നീരയും വരും''. കാവാലം അതു മൂളിക്കേള്‍ പ്പിച്ചപ്പോള്‍ കൗതുകത്തോടെ കേട്ടിരുന്നു മാസ്റ്റര്‍. അങ്ങനെ എത്രയെത്ര മറക്കാനാവാത്ത അനുഭവങ്ങള്‍. 

സിനിമയുമായുള്ള ബന്ധത്തില്‍ നിന്ന് ഇന്നു കാവാലത്തിന്റെ മനസ്സില്‍ അവശേഷിക്കുന്നത് ഇത്തരം അപൂര്‍വ സ്മൃതികളാണ്. 1978-ല്‍ അരവിന്ദന്റെ 'തമ്പി'ലാരംഭിച്ച പ്രയാണം 2008-ലെ 'മഞ്ചാടിക്കുരു'വില്‍ എത്തിനില്‍ക്കുന്നു. എത്രയെത്ര സംഗീതസംവിധായകര്‍. എത്രയെത്ര വൈവിധ്യമാര്‍ന്ന ഗാനങ്ങള്‍. എം.ജി. രാധാകൃഷ്ണന്‍ (കാനക പ്പെണ്ണ് ചെമ്മരത്തി, മുക്കുറ്റി തിരുതാളി, ഓര്‍മകള്‍ ഓര്‍മകള്‍, കറുകറെ കാര്‍മുകില്‍, ചമ്പഴുക്കാ, ഹരിചന്ദന, കൈതപ്പൂവിന്‍, ആലായാല്‍ തറവേണം, പ്രേമയമുനാ), ദേവരാജന്‍ (പുലരിത്തൂമഞ്ഞു തുള്ളിയില്‍, കാലം കുഞ്ഞു മനസ്സില്‍, ചെല്ലമണിപ്പൂങ്കുയിലുകള്‍, മുത്തിനുവേണ്ടി മുങ്ങാംകുഴി), എം. ബി.ശ്രീനിവാസന്‍ (കാന്തമൃദുലസ്‌മേര, താഴികചൂടിയ, ശാരദ നീലാംബര, ഉല്ലല ചില്ലല), ഇളയരാജ (ആലോലം, തണല്‍ വിരിക്കാന്‍, വീണേ), ജോണ്‍ സണ്‍ (ഗോപികേ നിന്‍ വിരല്‍തുമ്പുരുമ്മി, കന്നിക്കാവടി പൂനിറങ്ങള്‍, കൂവരം കിളിക്കൂട്), രവീന്ദ്രന്‍ (നാട്ടുപച്ചക്കിളിപ്പെണ്ണേ, യാത്രയായി വെയിലൊളി, നിറങ്ങളേ പാടൂ), ശ്യാം (കാത്തിരിപ്പൂ കുഞ്ഞരിപ്പൂവ്, ആച്ചാമരം), ഗുണസിങ് (ആഴിക്കങ്ങേക്കരയുണ്ടോ)... കാവാലത്തിന്റെ മനസ്സിലെ താളം തിരിച്ചറിഞ്ഞവരാണീ സംഗീതസംവിധായകരെല്ലാം. 

തമ്പിലെ കാനകപ്പെണ്ണ്

'രതിനിര്‍വേദ'മാണ് കാവാലത്തിന്റെ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയതെങ്കിലും, ആദ്യമെഴുതിയത് തമ്പിലെ പാട്ടുകളാണ്. ''സിനിമയില്‍ കടന്നു ചെല്ലണമെന്ന് ആഗ്രഹിച്ചിട്ടേയില്ല. നാടകവും കവിതയുമായിരുന്നു എന്റെ തട്ടകം. അരവിന്ദനുമായുള്ള ബന്ധമാണ്  പാട്ടെഴുതാന്‍ നിമിത്തമായത്''. കാവാലത്തിന്റെ ജ്യേഷ്ഠനെ നേരത്തേ തന്നെ അറിയാം അരവിന്ദന്. 'കാഞ്ചനസീത'യില്‍ വാത്മീകിയായി അഭിനയിച്ചത് കേശവപ്പണിക്കരാണ്. 

''അരവിന്ദന്റെ അച്ഛന്‍ പ്രശസ്ത ഹാസ്യസാഹിത്യകാരന്‍ എം.എന്‍.ഗോവിന്ദന്‍ നായരുമായി നല്ല അടുപ്പ മുണ്ടായിരുന്നു. നാഷണല്‍ ബുക്ക്സ്റ്റാളിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. പക്ഷേ, അരവിന്ദനെ പരിചയപ്പെടുന്നത് റബ്ബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥനായി തിരുവനന്തപുരത്ത് എത്തിയ ശേഷമാണ്. സി.എന്‍. കൃഷ്ണന്‍ നായരുടെ 'കലി' കോട്ടയത്ത് അവതരിപ്പിച്ച് പരാജയപ്പെട്ടതിന്റെ ക്ഷീണവുമായാണ് അരവിന്ദന്റെ വരവ്. അതിന് അരവിന്ദനെ മാത്രം കുറ്റപ്പെടുത്താനാവില്ല. അരങ്ങത്ത് വിജയിപ്പിക്കാന്‍ പ്രയാസമുള്ള നാടകമാണ് കലി. 

എന്തായാലും നാടകത്തോടുള്ള അരവിന്ദന്റെ പ്രതിപത്തി കണ്ടറിഞ്ഞ കാവാലം, അദ്ദേഹത്തെ അവനവന്‍ കടമ്പയുടെ സംവിധാനച്ചുമതല ഏല്പിക്കുന്നു. ആദ്യം ചെറിയൊരു സങ്കോചമുണ്ടായിരുന്നു അരവിന്ദന്. പിന്നെ, പണിക്കരുചേട്ടന്‍ കൂടെയുണ്ടങ്കില്‍ ആവാമെന്നായി. ഒരു ആഘോഷത്തിന്റെ അന്തരീക്ഷമാണ് അന്ന് റിഹേഴ്‌സല്‍ ക്യാമ്പില്‍. നെടുമുടിവേണുവും ഗോപിയും ഉള്‍പ്പെടെ പ്രതിഭാസമ്പന്നരായ അഭിനേതാക്കളുടെ നിര. കാഴ്ചക്കാരായി അയ്യപ്പപ്പണിക്കര്‍, പദ്മരാജന്‍, ഭരതന്‍ തുടങ്ങിയവര്‍. ഒരുദിവസം റിഹേഴ്‌സല്‍ കഴിഞ്ഞുമടങ്ങുമ്പോള്‍ അരവിന്ദന്‍ കാവാലത്തോട് പറഞ്ഞു: ''പണിക്കരു ചേട്ടന്‍ ഒന്നുരണ്ടു പാട്ടെഴുതിത്തരണം. ഒരു ചെറിയ പടം ചെയ്യുന്നു. സര്‍ക്കസ് കൂടാരം പശ്ചാത്തലമാക്കിയാണ്. പേരിട്ടിട്ടില്ല.'' 

ക്ഷണം അപ്രതീക്ഷിതമായിരുന്നതുകൊണ്ട് തെല്ലൊരത്ഭുതം തോന്നിയെന്ന് കാവാലം. ആവശ്യപ്പെടുന്നത് അരവിന്ദനാകുമ്പോള്‍ നിരസിക്കുന്നതെങ്ങനെ? കാവാലത്തിന്റെ  പ്രശസ്തമായ റേഡിയോ ലളിതഗാനങ്ങളുടെ (ഓടക്കുഴല്‍വിളി, ഘനശ്യാമസന്ധ്യാ ഹൃദയം, പൂമുണ്ടും തോളത്തിട്ട്) വലിയൊരു ആരാധകനായിരുന്നു അരവിന്ദന്‍. ആ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ എം.ജി. രാധാകൃഷ്ണന്‍ തന്റെ ചിത്രത്തില്‍ സംഗീതസംവിധായകനായി വേണമെന്ന് അരവിന്ദന്‍ നിര്‍ബന്ധം പിടിച്ചത് സ്വാഭാവികം. 

പിറ്റേന്നുതന്നെ റിഹേഴ്‌സല്‍ ക്യാമ്പില്‍ വച്ച് ഒറ്റയിരുപ്പില്‍ കാവാലം 'തമ്പി'ലെ ആദ്യഗാനമെഴുതുന്നു
കാനകപ്പെണ്ണ് ചെമ്മരത്തി. കാനകപ്പെണ്ണ്  എന്നാല്‍ കനകത്തിന്റെ മാറ്റുള്ള പെണ്ണ്. കതിവന്നൂര്‍ വീരന്റെ ഐതിഹ്യം ആധാരമാക്കിയായിരുന്നു ആ ഗാനത്തിന്റെ രചന. അടുത്ത പാട്ട് 'ഓടക്കുഴല്‍ വിളി'യുടെ മൂഡിലുള്ളതാവണമെന്നായി അരവിന്ദന്‍. അങ്ങനെ എഴുതിയതാണ് 'ഒരു യമുനാനദി.' രണ്ടു പാട്ടും ഉഷാരവി പാടി. 

സിനിമാസംഗീതത്തിലെ പരമ്പരാഗത 'മധുര' ശബ്ദങ്ങളില്‍നിന്നും വേറിട്ടുനിന്ന ശബ്ദവും ശൈലിയുമായിരുന്നു ഈ പുതിയ ഗായികയുടേത്. എങ്കിലും അതിനൊരു 'നേറ്റിവിറ്റി' ഉണ്ടായിരുന്നുവെന്ന് കാവാലം പറയുന്നു. സിനിമയിലെ സിറ്റ്വേഷന്‍ ആവശ്യപ്പെട്ടതും അതുതന്നെ. ഗാനങ്ങള്‍ ശ്രദ്ധിക്കപ്പട്ടതില്‍ ഉഷയുടെ ആലാപനത്തിനുമുണ്ട് നല്ലൊരു പങ്ക്. 'തമ്പി'ല്‍ തുടങ്ങിയ കാവാലം-എം.ജി. രാധാകൃഷ്ണന്‍ ടീമിന്റെ വിജയഗാഥ 'കണ്ണെഴുതി പൊട്ടുതൊട്ടി'ല്‍ എത്തിനില്‍ക്കുന്നു. കാവാലത്തിന്റെ ഏറ്റവുമധികം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത് രാധാകൃഷ്ണനാണ്. ''എന്റെ അനുജന്റെ സ്ഥാനമുള്ള രാധാകൃഷ്ണനെ ചെറുപ്പം മുതലേ അറിയാം. കുസൃതി നിറഞ്ഞ ബന്ധമാണ് രാധാകൃഷ്ണന് എന്നോടുള്ളത്. അതുകൊണ്ട് കൂടിയാകാം ഞങ്ങളുടെ സര്‍ഗാത്മകമായ അന്യോന്യം സജീവമായത്. 

ഞങ്ങള്‍ ഒരുമിച്ചുള്ള ഗാനസൃഷ്ടിയില്‍ സമാനഹൃദയങ്ങളുടെ അനുരണനമുണ്ട്. അതില്‍ വാക്കുണ്ട്, അര്‍ഥമുണ്ട്, ശുഷ്‌കാക്ഷരങ്ങളില്‍പ്പോലും അര്‍ഥാതീതമായ അര്‍ഥമുണ്ട്. മൗനമുഖരമായ സ്വരതാള നിരപേക്ഷഭാവമുണ്ട്...'' ഫോക്ക് കലകളുമായുള്ള രാധാകൃഷ്ണന്റെ ആത്മബന്ധവും ഈ കൂട്ടുകെട്ടിന്റെ പ്രധാന വിജയഘടകമാണെന്ന്  കൂട്ടിചേര്‍ക്കുന്നു കാവാലം. ഈ സഖ്യം ഒരുക്കിയ പ്രശസ്തമായ ആകാശവാണി ലളിതഗാനങ്ങളുടെ തുടര്‍ച്ച തന്നെയാണ്, അവരുടെ ചലച്ചിത്ര സംഭാവനകളും. 

ഭരതന്‍ സ്പര്‍ശം 

തമ്പിലെ ഗാനങ്ങള്‍ ചിത്രീകരിച്ചു കണ്ടപ്പോള്‍ അരവിന്ദന്‍ സാമാന്യം നല്ലൊരു പിശുക്കനാണല്ലോ എന്നാണു തോന്നിയതെന്ന് കാവാലം പറയുന്നു. ''വിഷ്വലുകളുടെ ധാരാളിത്തം അരവിന്ദന്റെ ശൈലിയല്ല. ആ മനസ്സിലെ ആശയം എന്തെന്ന് സിനിമ കാണുംവരെ നമുക്ക് പിടികിട്ടിയെന്നിരിക്കില്ല. മറിച്ചാണ് ഭരതന്റെ രീതി. വലിയ ആഘോഷമാണ് അദ്ദേഹത്തിന് ഗാനചിത്രീകരണം. നല്ലൊരു പാട്ട് കിട്ടിയാല്‍ സ്‌ക്രീനില്‍ അതൊരു ഉത്സവമാക്കി മാറ്റും...'' ഭരതന്റെ 'രതിനിര്‍വേദ'ത്തിനുവേണ്ടി പാട്ടെഴുതാന്‍ ഫോണില്‍ വിളിച്ചുപറയുന്നത് പദ്മരാജനാണ്. നേരിട്ട് വീട്ടില്‍വന്ന് ക്ഷണിച്ചത് നിര്‍മാതാവ് ഹരിപോത്തനും. 

മദ്രാസിലെ പാംഗ്രോവ് ഹോട്ടലില്‍ നടന്ന ഗാനചര്‍ച്ചകള്‍ മറക്കാനാവില്ല. ഭരതനും പദ്മരാജനുമുണ്ട് മുറിയില്‍. കഥാസന്ദര്‍ഭങ്ങള്‍ വര്‍ണ ശബളമായി ഭരതന്‍ വിവരിച്ചുതരുമ്പോള്‍ നമ്മുടെ മുന്നില്‍ സിനിമയുടെ ദൃശ്യചാരുത മുഴുവന്‍ വിശാലമായ കാന്‍വാസില്‍ തെളിഞ്ഞുവരും. ഇമേജറികളുടെ ആഘോഷയാത്രയില്‍ നിന്ന് ഗാനങ്ങളും സംഗീതവുമൊക്കെ താനേ ഉരുത്തിരിഞ്ഞുവരും... 

ദേവരാജന്‍മാഷാണ്‌സംഗീതസംവിധാനം എന്നറിഞ്ഞപ്പോള്‍ ആഹ്ലാദം തോന്നി. മാഷുടെ വീട്ടിലാണ് കമ്പോസിങ്. 'കാലം കുഞ്ഞുമനസ്സില്‍ ചായംകൂട്ടി, കണ്ണില്‍ പൂത്തിരികത്തി ചിറകുമുളച്ചു പാറി നടന്നു, താളം ഇതാണു താളം' എന്ന പല്ലവിയിലൂടെ കണ്ണോടിച്ചശേഷം മാസ്റ്റര്‍ പതിഞ്ഞ ചിരിയോടെ കവിയുടെ മുഖത്ത് നോക്കിപ്പറഞ്ഞു: ''കൊള്ളാം, താളത്തിന്റെ ആശാനല്ലേ? ഇതുതന്നെ വേണം...'' നിമിഷങ്ങള്‍ക്കകം ആ പല്ലവി ചിട്ടപ്പെടുത്തി കാവാലത്തെയും ഭരതനെയും കേള്‍പ്പിക്കുന്നു, മാസ്റ്റര്‍. 

തൊട്ടുപിന്നാലെ അടുത്ത ഗാനം: തിരുതിരു മാരന്‍ കാവില്‍, ആദ്യവസന്തം കൊടിയേറി... ''മാസ്റ്റര്‍ക്ക് പ്രത്യേകിച്ചൊരു സ്‌നേഹമുണ്ടായിരുന്നു എന്നോട്.'' കാവാലം ഓര്‍ക്കുന്നു. 'വാടകയ്‌ക്കൊരു ഹൃദയ'ത്തിലെ പാട്ടുകള്‍ എഴുതിക്കൊടുത്തത് ശ്രദ്ധാപൂര്‍വം വായിച്ചശേഷം അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഓര്‍മയുണ്ട്: ഇങ്ങനെ ഇടയ്ക്കും തലയ്ക്കും എഴുതിയാല്‍ പോരാ. ഇതൊരു പ്രൊഫഷന്‍ ആക്കണം. വീട്ടില്‍ വെറുതെയിരിക്കാന്‍ സമയം കിട്ടില്ല. എന്നാല്‍, സിനിമാലോകത്തിന്റെ ചിട്ടവട്ടങ്ങളുമായി ഒത്തുപോകാന്‍ പ്രയാസമാണെന്നായിരുന്നു എന്റെ മറുപടി. 

ഇവിടെ രീതി മറ്റൊന്നാണ്. കാക്കപിടിത്തവും മുഖസ്തുതിയുമൊക്കെ വേണ്ടിവരും പിഴച്ചുപോകാന്‍. അതുകൊണ്ട്, അടുപ്പമുള്ളവര്‍ ആവശ്യപ്പെടുമ്പോള്‍ മാത്രം പാട്ടെഴുതിക്കൊടുക്കുന്നു. അതും എന്റെ സ്വാതന്ത്ര്യത്തില്‍ അനാവശ്യമായി കൈകടത്തില്ലെന്ന് ഉറപ്പുള്ളവര്‍ക്കുവേണ്ടി മാത്രം.

 'കൈകടത്തല്‍' വല്ലപ്പോഴുമൊക്കെ ഉണ്ടാകാറു ണ്ടെന്ന് ചിരിയോടെ കൂട്ടിചേര്‍ക്കുന്നു,കാവാലം.''പടയോട്ടത്തില്‍ 'ആഴിക്കങ്ങേക്കരയുണ്ടോ, യാമങ്ങള്‍ക്കൊരു മുടിവുണ്ടോ' എന്നെഴുതിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഒരു സഹസംവിധായകന് വേവലാതി. മാഷേ, ഈ 'മുടിവൊ'ന്നു മാറ്റിയാല്‍ കൊള്ളാമെന്നായി അയാള്‍. പറ്റില്ലെന്ന് ഞാനും.

'അവസാനം' എന്ന അര്‍ഥത്തിലാണ് ഞാന്‍ പല്ലവിയില്‍ ആ പദം ഉപയോഗിച്ചത്. ഒടുവില്‍ സംവിധായകന്‍ ജിജോ ഇടപെടുന്നു. അദ്ദേഹം എഴുതുന്നതെന്തെന്ന് അദ്ദേഹത്തിനറിയാം എന്ന് ജിജോ തീര്‍ത്തു പറഞ്ഞതോടെ അഭിപ്രായ വ്യത്യാസക്കാരന്‍ അടങ്ങി. ജിജോയുടെയും നവോദയ അപ്പച്ചന്റെയും ആഗ്രഹമായിരുന്നു ഞാന്‍ 'പടയോട്ട'ത്തിന് പാട്ടെഴുതണമെന്ന്.''പ്രശസ്ത ഫ്‌ളൂട്ടിസ്റ്റായ ഗുണസിങ് മനോഹരമായി ചിട്ടപ്പെടുത്തിയ ഗാനം 'പടയോട്ട'ത്തിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു. 

പുലരിത്തൂമഞ്ഞിന്റെ കഥ 

ദേവരാജന്‍ മാസ്റ്റര്‍ക്കുവേണ്ടി എഴുതിയ പാട്ടുകളില്‍ 'ഉത്സവപ്പിറ്റേന്നിലെ പുലരിത്തൂമഞ്ഞുതുള്ളി' വേറിട്ടു നില്‍ക്കുന്നു.ഫോണിലൂടെ പിറന്നുവീണ പാട്ടായിരുന്നു അത്. മാഷ് വിളിച്ചു പറഞ്ഞതനുസരിച്ച് ഫോണില്‍ ഞാന്‍ പല്ലവി വായിച്ചു കേള്‍പ്പിക്കുന്നു. ''ഇതുപോരാ, ഇനി പണിക്കരുടെ താളത്തില്‍ ഒന്നുമൂളിക്കേള്‍പ്പിച്ചേ'' എന്നായി അദ്ദേഹം. പതിനഞ്ചുമിനുട്ട് കഴിഞ്ഞ് ദേവരാജന്‍ മാസ്റ്റര്‍ വീണ്ടും കാവാലത്തെ വിളിക്കുന്നു. പല്ലവി ചിട്ടപ്പെടുത്തി കേള്‍പ്പിക്കാന്‍ വേണ്ടി. ചാരുകേശിയുടെ സ്പര്‍ശമുള്ള വിഷാദാര്‍ദ്രമായ ഒരീണം. അതിനപ്പുറം ഒരു ഈണം ആ വരികള്‍ക്ക് സങ്കല്പിക്കാനാവില്ലായിരുന്നു. 

ആദ്യത്തേയും രണ്ടാമത്തേയും ചരണങ്ങള്‍ ഫോണിലൂടെ മാഷെ കേള്‍പ്പിച്ചു. നിമിഷങ്ങള്‍ക്കകം അവ അദ്ദേഹം ചിട്ടപ്പടുത്തുകയും ചെയ്തു. എല്ലാ അര്‍ഥത്തിലും ഒരു ദുരന്ത കഥാപാത്രമാണ്'ഉത്സവപ്പിറ്റേന്നില്‍' മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായകന്‍. അതുകൊണ്ടുതന്നെ ചരണത്തില്‍ 'കത്തിത്തീര്‍ന്ന പകലിന്റെപാട്ടുംപാി യും ചാര്‍ത്തി ദുഃഖസ്മൃതികളില്‍ നിന്നല്ലോ വീണ്ടും പുലരിപിറക്കുന്നു'. എന്നെഴുതിയതിയത് ഉചിതമായോ എന്നു സംശയമുണ്ടായിരുന്നു. ശുഭാപ്തിവിശ്വാസത്തിന്റെ സൂചനയുണ്ട് ആ വാക്കുകളില്‍. എന്നാല്‍ വരികള്‍ മാറ്റേണ്ടെന്നായിരുന്നു സംവിധായകന്‍ ഗോപിയുടെ തീരുമാനം. 

എല്ലാ ദുരന്തത്തിലും നാടുവിലും പ്രതീക്ഷയുടെ ഒരു സ്ഫുരണമുണ്ടായിക്കൂടെ എന്നായിരുന്നു ഗോപിയുടെ ചോദ്യം. പാട്ട് ഹൃദയസ്പര്‍ശിയായിത്തന്നെ പാടി, യേശുദാസ്. ദേവരാജന്റെയും എം.ബി.ശ്രീനിവാസന്റെയും എം.ജി. രാധാകൃഷ്ണന്റെയും സംഗീതസംവിധാന ശൈലികള്‍ക്ക് പൊതുവായി ഒരു ഘടകമുണ്ട്. സാഹിത്യത്തോടുള്ള ആഭിമുഖ്യം. കവിതയുടെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലുന്ന ശൈലിയാണ് ദേവരാജന്റേതും രാധാകൃഷ്ണന്റേതും. 

എം.ബി.എസിനാകട്ടെ, സംഗീതസൃഷ്ടി ഒരു ഏകാന്തധ്യാനമാണ്. കവിതയില്‍ അന്തര്‍ലീനമായ സംഗീതം കണ്ടെത്തിയ ശേഷമേ അദ്ദേഹം ഈണം പകരാനിരിക്കൂ. തരംഗിണിയുടെ 'ഭാവഗീതങ്ങള്‍'എന്ന ആല്‍ബത്തിനുവേ ണ്ടി ഞാനെഴുതിയ പാട്ടുകള്‍ എന്റെ തന്നെ ശബ്ദത്തില്‍ പാടിച്ച് കാസറ്റിലാക്കി അദ്ദേഹം. ചെന്നൈയില്‍ തിരിച്ചുചെന്നശേഷം. മൂന്നുമാസമാണ് ആ  രികള്‍ക്കുമേല്‍ എം.ബി.എസ്. തപസ്സിരുന്നത്. ദീ ഘമായ ആ തപസ്സിനൊടുവില്‍ 'ശങ്കരാഭരണ ഗംഗാതരംഗ സംഗീതം'' പോലുള്ള മനോഹരഗാനങ്ങള്‍ പിറന്നുവീഴുന്നു. 

ഇളയരാജയുടെ ശൈലി ഇതൊന്നുമല്ല. ഈണത്തിനൊത്ത് പാട്ടെഴുതിക്കുന്നതിലാണ് അദ്ദേഹത്തിനു താത്പര്യം. 'ആലോല'ത്തി'ല്‍ പാട്ടെഴുതാന്‍ ക്ഷണിക്കുമ്പോള്‍ ജോണ്‍പോള്‍ എന്നോടുപറഞ്ഞു. 'രാജയാണ് സംഗീതസംവിധായകന്‍. ഒരു കുഴപ്പുമുണ്ട്. ട്യൂണിട്ട് എഴുതുന്ന ശൈലിയോടാണ് ആശാന് കമ്പം. പണിക്കരുചേട്ടന്റെ രീതി മറിച്ചാണെന്ന്് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടില്ല. ഫോക്ക് മ്യൂസിക്കിന്റെ ഉസ്താദ് ആണെന്നു മാത്രം സൂചിപ്പിച്ചു.ആ ഗമയില്‍ ഇരുന്നുകാണ്ടാല്‍മതി. 

വാഹിനി സ്റ്റുഡിയോയിലെ തന്റെ കംപോസിങ് മുറിയില്‍ നിലത്തു ചമ്രം പടിഞ്ഞിരിക്കുകയാണ് രാജ. ചുറ്റും ഒരു'ഹാര്‍മോണിയക്കൂട്ടം' കാവാലത്തെ തൊഴുതു സ്വീകരിച്ചശേഷം രാജ സഹോദരനും അസിസ്റ്റന്റുമായ ഗംഗ അമരനെ വിളിക്കുന്നു. 'ടേയ്, കാസറ്റ് പോടടാ, ട്യൂണ്‍കേട്ട് കവിഞ്ജര്‍ വരികള്‍ എഴുതട്ടെ.'' പ്രതീക്ഷിച്ചിരുന്ന പ്രതികരണമായതു കൊണ്ട് 'കവിഞ്ജര്‍' ഞെട്ടിയില്ല. പകരം. വിനയത്തോടെ, എന്നാല്‍ നിശ്ചയദാര്‍ഢ്യത്തോടെ പറഞ്ഞു. 'മിസ്റ്റര്‍ ഇളയരാജാ, എന്തുകൊണ്ട് നമുക്ക് മൗലികമായ ഒരു സൃഷ്ടിയെക്കുറിച്ച് ചിന്തിച്ചുകൂടാ? ഇപ്പോള്‍ നമ്മുടെ രണ്ടുപേരുടേയും മനസ്സ് ശൂന്യമാണ്. ഈ ശൂന്യമായ കാന്‍വാസില്‍ നിന്ന് പുതിയൊരു ഗാനം ഉണ്ടാക്കുന്നതല്ലേ യഥാര്‍ഥ വെല്ലുവിളി?

തെല്ലൊന്ന് അമ്പരന്നുവോ ഇളയരാജ? കുറച്ചു നേരം ചിന്തിച്ചിരുന്ന ശേഷം രാജ പറഞ്ഞു. ''ശരി, ആയിക്കളയാം. ഞാന്‍ തയ്യാര്‍''. കേട്ടിരുന്ന ജോണ്‍പോളിന്റേയും സംവിധായകന്‍ മോഹന്റെയും മുഖത്ത് ആശ്വാസം. പ്രതിസന്ധി ഒഴിവായിക്കിട്ടിയല്ലോ. 'ആലോലം പീലിക്കാവടിച്ചേലില്‍ നീലമാമല മേലെ' എന്ന പാട്ടാണ് ആദ്യം എഴുതിയത്. മലയമാരുത രാഗത്തില്‍ ചിട്ടപ്പെടുത്തി ഇളയരാജ പല്ലവി പാടിക്കേള്‍പ്പിച്ചപ്പോള്‍ വിസ്മയം തോന്നി. ഒരു മല യാളിയല്ല ആ വരികള്‍ക്ക് ഈണമിട്ടതെന്ന് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. യേശുദാസിന്റെയും കാവാലം ശ്രീകുമാറിന്റെയും ശബ്ദത്തിലാണ് ഗാനം റെക്കോഡ് ചെയ്യപ്പെട്ടത്. 

അടുത്തത് ഒരു താരാട്ടാണ്. 'വീണേ വീണേ വീ ണക്കുഞ്ഞേ.' വരികള്‍ തമിഴിലെഴുതിയെടുത്തു കുറച്ച് നേരം നോക്കിയിരുന്ന ശേഷം രാജ, കാവാലത്തോട് ചോദിച്ചു. ''നാഗപ്പാട്ട് തെരിയുമാ? ഫോക്കിന്റെപെരിയ ആളല്ലേ?'' കാവാലം 'ശ്രീമഹാദേവന്‍ തന്റെ ശ്രീ പുള്ളോന്‍ പാടുന്നു' എന്നുതുടങ്ങുന്ന പുള്ളുവന്‍ പാട്ട് മൂളുന്നു. ടേപ്പില്‍ അതു റെക്കോഡ് ചെയ്തടുത്ത് രണ്ടു തവണയേ കേള്‍ക്കേണ്ടിവന്നുള്ളൂ രാജയ്ക്ക്. 'വീണേ വീണേ' എന്ന ഗാനത്തിന് ഈണമിടാന്‍. എസ്. ജാനകി അതീവ ഹൃദ്യമായി ആലപിച്ച ഗാനം. 

രവീന്ദ്ര സംഗീതം
 
രവീന്ദ്രനുമായി അധികം ഒത്തുചേര്‍ന്നിട്ടില്ല. പക്ഷേ, ഒന്നിച്ചപ്പോഴെല്ലാം അവിസ്മരണീയ ഗാനങ്ങള്‍ പിറന്നു എന്നതാണു സത്യം. ''തൈക്കാട് ഒരു ഹോട്ടലിന്റെ മുറ്റത്തെ പുല്‍ത്തകിടിയിലിരുന്നാണ് 'അഹ'ത്തിലെ ഗാനങ്ങള്‍ സൃഷ്ടിക്കുന്നത്. സംവിധായകന്‍ രാജീവ്‌നാഥും രവീന്ദ്രനുമുണ്ട് ഒപ്പം. ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സ്വഭാവവൈവചിത്ര്യങ്ങളും വ്യക്തിത്വത്തന്റെ സവിശേഷതകളുമൊക്കെ രാജീവ്‌നാഥ് വിവരിച്ച് തന്നപ്പേള്‍  അതിലൊന്ന്് എന്റെ മനസ്സില്‍ തടഞ്ഞു: ചിത്രകാരന്റെ രൂപം. നിറങ്ങളുടെ സംക്രമണമാണ് പെട്ടന്ന്് ഉള്ളില്‍ വന്നു നിറഞ്ഞത്. 

നമുക്ക് നിറങ്ങളോട് പാടാന്‍ പറഞ്ഞാലോ? ഒരു ദൃശ്യ-ശ്രാവ്യഭംഗിയുണ്ട് ആ സങ്കല്പത്തിന് എന്നു തോന്നുന്നു'' . കാവാലം രാജീവിനോട് പറഞ്ഞു. ''ചിത്രീകരണത്തിന് ധാരാളം സാധ്യതയുള്ള ഒരു ഇമേജറിയാണ്''. 'നിറങ്ങളേ പാടൂ' എന്ന പാട്ട് അവിടെ വച്ചു തന്നെ കാവാലം എഴുതുന്നു. രവീന്ദ്രന്റെ ഈണവും ഒപ്പം പിറന്നു. 1990-കളില്‍ കേട്ട ഏറ്റ വും മികച്ച ഗാനങ്ങളിലൊന്ന്. 'ആയിരപ്പറ'യാ ണ് രവീന്ദ്രനുമായി സഹകരിച്ച മറ്റൊരു ചിത്രം. കുട്ട നാട്ടിലൂടെ ബോട്ടില്‍ സഞ്ചരിച്ചെഴുതിയതാണ് ആ പാട്ടുകള്‍ പലതും. യാത്രയായ് ..., നാട്ടുപച്ചക്കിളിപ്പെണ്ണേ എന്നീ ഗാനങ്ങള്‍ ഓര്‍ക്കുക. ശ്യാമിനും ജോണ്‍സന്‍ മാഷിനുമൊപ്പം ഇരിക്കുമ്പോള്‍ ഗാനസൃഷ്ടി ഒരു കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയയായി മാറുന്നു. ആരൂഢത്തിലെ 'കാത്തിരിപ്പൂ' എന്ന പാട്ടിന്റെ പല്ലവി ആദ്യമെഴുതി ട്യൂണ്‍ചെയ്തതാണ്. 

ചരണം ശ്യാമിന്റെ ട്യൂണിനൊത്ത് എഴുതിയതും. ഭരതന്റെ 'കാറ്റത്തെ കിളിക്കൂടി'ലെ ഗോപികേ എന്ന ഗാനം മറക്കാനാവില്ല. എന്റെ മനസ്സിലെ കവിത ജോണ്‍സനും ജോണ്‍സന്റെ മനസ്സിലെ സംഗീതം എനിക്കും ഉള്‍ക്കൊള്ളാനായതു കൊണ്ടാണ് ആ ഗാനമുണ്ടായത്. ഞങ്ങളിരുവരേയും മനസ്സിലാക്കാന്‍ കഴിയുന്ന ഒരാളായിരുന്നു ആ പടത്തിന്റെ സംവിധായകന്‍ എന്നതും എടുത്തുപറയണം. ഇന്ന് ഇത്തരം കൂട്ടായ്മകള്‍ ഉണ്ടോ? സംശയമാണ്. കാലം മാറുന്നു; ആസ്വാദനശീലങ്ങളും. എന്തും ഉത്സവമാക്കുന്ന ഈ പുതിയ കാലത്തെ മുന്നില്‍ ക ണ്ടാകുമോ മൂന്നുപതിറ്റാണ്ടുമുന്‍പ് 'രതിനിര്‍വേദ' ത്തിനു വേണ്ടി കാവാലം ഈ വരികള്‍ കുറിച്ചത്?

 ''തുടിച്ചുതുള്ളി കുതിച്ചുപായും പതനുര ചിതറും ഉള്ളില്‍, കെതിച്ചു മദിച്ചു തെറിച്ച ജീവന്‍ കലപില വച്ചു പിന്നെ, കാലിടറാതെ വീണടിയാതെ നടവഴിയിലെഴും മുള്ളിന്‍ കടമ്പയൊക്കെ തകര്‍ത്തു വരുമീയുത്സവമേളം, താളം ഇതാണു താളം...!'