കാവാലം നാരായണപ്പണിക്കരുടെ ഏറെ ശ്രദ്ധേയമായ 'തെയ്യത്തെയ്യം', 'ഒറ്റയാന്‍', 'അവനവന്‍ കടമ്പ' എന്നീ നാടകങ്ങള്‍ ഒരിക്കല്‍ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിനു പുറത്തെ തുറന്ന വേദിയില്‍ അവതരിപ്പിക്കുകയുണ്ടായി. തിങ്ങി നിറഞ്ഞ സദസ്സില്‍ കൊച്ചുകുട്ടികള്‍ പോലും താളമടിച്ചും പാട്ടുകള്‍ എറ്റുചൊല്ലി രസിച്ചും ഈ നാടകങ്ങളുടെ കാഴ്ചക്കൂട്ടമായിരിക്കുന്നത് കൗതുകത്തോടെയാണ് ഞാനന്ന് നിരീക്ഷിച്ചത്‌.

കേരള നാടോടി കലാപാരമ്പര്യത്തില്‍ നിന്നു കണ്ടെടുത്ത കഥാസന്ദര്‍ഭങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ ഈ കൃതികള്‍ അവതരണ പാഠത്തിലും കേരളീയ താളങ്ങളുടെയും ചലനങ്ങളുടെയും ആര്‍ജവം ഉള്‍ക്കൊണ്ടതായിരുന്നു. പതിറ്റാണ്ടുകള്‍ക്കു മുമ്പ് എഴുതിയ ഈ കൃതികളും, അവയുടെ അവതരണപാഠവും പുതിയ സമൂഹത്തിനോട് അനായാസമായി സംവേദിക്കുന്ന കാഴ്ചയായിരുന്നു അന്നവിടെ കാണാനായത്. 

ഒരു നേര്‍രേഖയില്‍ അവസാനിക്കുന്ന കഥ പറച്ചിലല്ല കാവാലം നാടകങ്ങളെന്ന് അവ സൂക്ഷമായി നിരീക്ഷിച്ചവര്‍ക്കെല്ലാം അറിയാം. നമ്മുടെ നാടന്‍ കഥപറച്ചിലിന്റെ മര്‍മം അദ്ദേഹത്തെ വളരെ ആഴത്തില്‍ സ്വാധീനിച്ചതാവാം കാരണം. 'തെയ്യത്തെയ്യം' ഇതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ്. ഒരു നാടന്‍ കലാരൂപത്തിനകത്തെ രാമായണ കഥ പറച്ചിലാണ് ഈ നാടകത്തിന്റെ പ്രധാനതന്തു. രാമായണകഥയില്‍ ഒട്ടേറെ മാറ്റങ്ങളും മാനങ്ങളും ഇവര്‍ നല്‍കുന്നുണ്ട്. 

ഇന്ത്യന്‍ നാടകവേദിയില്‍ സ്വന്തമായ കൈയൊപ്പു പതിപ്പിച്ചുകൊണ്ട് അദ്ദേഹം പോയ് മറഞ്ഞിരിക്കുന്നു. ഇന്ത്യന്‍ പാരമ്പര്യ കലാരൂപങ്ങളെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും അവയില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് മുന്നോട്ടുപോവുകയും ചെയ്യുക എന്ന നെഹ്രുവിയന്‍ കാഴ്ചപ്പാടായിരുന്നു 1958 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ രൂപീകരണ ലക്ഷ്യങ്ങളെ പ്രധാനമായും സ്വാധീനിച്ചത്. ഇന്ത്യയുടെ പുതിയ സാഹചര്യങ്ങളെ കണക്കിലെടുത്ത് അക്കാദമികള്‍ ഗവേഷണം, പ്രസാധനം, വിവരശേഖരണം,സെമിനാറുകള്‍ എന്നിവയ്ക്ക് ഒട്ടേറെ പ്രാധാന്യം നല്‍കിയിരുന്നു. 

Kavalam Narayana Panicker

പഴയ സാമൂഹിക ബന്ധങ്ങള്‍ക്കകത്ത് കലാകരന്മാര്‍ക്കു ലഭിച്ചിരുന്ന സാമ്പത്തിക അവതരണ സഹായങ്ങള്‍ നഷ്ടപ്പെട്ടതിനു ബദലായി നമ്മുടെ വിവിധ പാരമ്പര്യ കലാരൂപങ്ങള്‍ക്ക് താങ്ങായി ഈ അക്കാദമികള്‍ പ്രവര്‍ത്തിക്കണമെന്നായിരുന്നു അവയുടെ രൂപീകരണത്തിനു പുറകിലുള്ള ഒരു സങ്കല്പം. മാത്രവുമല്ല, പാരമ്പര്യ കലകളില്‍ നിന്ന് ഊര്‍ജം കൊണ്ടു വേണം ഇന്നിന്റെ സാംസ്‌കാരിക ആവിഷ്ണങ്ങള്‍ നിലകൊള്ളുവാന്‍ എന്ന ചിന്തയും ഈ അക്കാദമികളുടെ പ്രവര്‍ത്തന പരിപാടികളില്‍ സന്നിവേശിപ്പിച്ചിരുന്നു. 

കാവാലത്തിന്റെ നാടകങ്ങളുടെ ചിന്താപദ്ധതിയുടെ അടിസ്ഥാനമായി വര്‍ത്തിച്ച തനത് നാടക സങ്കല്പം ഇവയുടെ തുടര്‍ച്ചയായി വേണം കരുതാന്‍. കേരളത്തില്‍ ഈ ചര്‍ച്ചകള്‍ മുന്നോട്ടുവെച്ചത് എം.ഗോവിന്ദനായിരുന്നു. പുതിയ ഉള്‍ക്കാഴ്ചയോടെ കലയുടെ പാരമ്പര്യം, ആധുനികത എന്നീ ദ്വന്ദങ്ങളെ കാണാന്‍ അദ്ദേഹം ശ്രമിച്ചു. സി.എന്‍.ശ്രീകണ്ഠന്‍ നായര്‍ ഈ ആശയത്തെ കുറേക്കൂടി വ്യക്തമാക്കി നാം ഈ തനതാംശങ്ങള്‍ സ്വീകരിക്കുന്ന കാലത്ത് മാത്രമേ നമ്മുടെ നാടകവേദിയായിത്തീരുകയുള്ളൂവെന്നും പറയുകയുണ്ടായി. 

കാവാലത്തിന്റെ നാടകപരിസരവുമായി ഈ ചര്‍ച്ചകളെ ചേര്‍ത്തുവെക്കുംമുമ്പ് നാടകവും കേരളത്തിന്റെ അനുഷ്ടാനകലകളും നാടന്‍ കലകളും ക്ലാസിക്കല്‍ കലകളും കാവാലത്തിന് സുപരിചിതമാകുന്ന സാഹചര്യമെന്തെന്ന് മനസ്സിലാക്കേണ്ടതുണ്ട്. 'ചെറുപ്പകാലത്ത് പാട്ടും താളവും വീട്ടിനകത്തും പുറത്തും ഒരുപോലെ സജീവമായി രുന്നു. ഒരിക്കല്‍ കേട്ടാല്‍ മറക്കാനാവാത്തവിധം അ തെന്നെ പിടികൂടി. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് വക്കീല്‍പരീക്ഷ പാസ്സായി ഏഴുവര്‍ഷം പ്രാക്ടീസ് ചെ യ്യുന്ന കാലത്ത് 'ജനരഞ്ജിനി സഭ' എന്ന സംഘട നയില്‍ നാടകങ്ങള്‍ ചെയ്തിട്ടുണ്ട്.' 

പക്ഷേ,1961 മുതല്‍ പത്തോളം വര്‍ഷക്കാലം കേരള സംഗീത നാടക അക്കാദമിയിലെ സെക്രട്ടറിയായി സേവനമനുഷ്ടിച്ചതാണ് അദ്ദേഹത്തിന്റെ പിന്നീടുള്ള കലാജീവിതത്തെ ആകെ മാറ്റിമറിച്ചത്. കേന്ദ്ര അക്കാദമികളുടെ രൂപീകരണത്തിനൊപ്പം സംസ്ഥാന സര്‍ക്കാറിന്റെ കീഴില്‍ സ്വതന്ത്രമായി പ്രവര്‍ത്തനം ആരംഭിച്ച ഈ അക്കാദമികള്‍ പിന്തുടര്‍ന്നത് ഭാരതീയ സംസ്‌കാരത്തിന്റെ സംരക്ഷണവും ഡോക്യുമെന്റേഷനും പ്രാധാന്യം നല്‍കുന്ന കേന്ദ്ര അക്കാദമി ലക്ഷ്യങ്ങള്‍ തന്നെയായിരുന്നു. 

നേരിട്ട് ഭരണപരമായ ഇടപെടലുകള്‍ ഇല്ലെങ്കിലും കേന്ദ്രസംസ്ഥാന അക്കാദമികള്‍ തമ്മിലുള്ള ബന്ധം പരസ്പര പൂരകമാകണമെന്നത് അന്നത്തെ ഭരണാധികാരികള്‍ക്ക് താത്പര്യമുണ്ടായിരുന്നു. കാവാലം കേരള സംഗീത നാടക അക്കാദമിയില്‍ സെക്രട്ടറിയായി ചേരുന്ന സമയത്തെ സാംസ്‌കാരിക സാഹചര്യങ്ങള്‍ ഇതെല്ലാമായിരുന്നു. അന്ന് ഇന്നത്തെപ്പോലെ സാംസ്‌കാരിക സ്ഥാപനങ്ങള്‍ ആഘോഷപരിപാടികളില്‍ രമിച്ചിരുന്നില്ല.

കേരള കലാരൂപങ്ങളുടെ വിവിധ വശങ്ങളുടെ വിവരശേഖരണം അക്കാലത്തെ പ്രധാന അജന്‍ഡയായിരുന്നുവെന്ന് കാവാലം പറഞ്ഞിരുന്നു. പലതലങ്ങളില്‍ വിന്യസിച്ച കേരള കലകളെ അടുത്തറിയാന്‍ അക്കാദമി വിവരശേഖരണത്തിനായി നടത്തിയ യാത്രകള്‍ അദ്ദേഹത്തിന് സഹായകമായി. പത്തുവര്‍ഷം കൊണ്ട് ആര്‍ജിച്ച ഈ അനുഭവങ്ങളാണ് പ്രധാനമായും കാവാലം എന്ന തനതുനാടകക്കാരനെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. ആലപ്പുഴയിലെ കൂത്തമ്പലമെന്നസംഘത്തിന്റെ നേതൃത്വത്തില്‍ 'ദൈവത്താറു'വരെയുള്ള നാടകങ്ങള്‍ അവതരിപ്പിക്കുന്നതും ഈ കാലയളവിലാണ്. ഈ പത്തുവര്‍ഷകാലത്തെക്കുറിച്ച് കാവാലം പറയുന്നത് ഇങ്ങനെയാണ്. 

'അതെന്റെ ജീവിതത്തെ മാറ്റിമറിച്ചു. എന്റെ അ റിവുകളെ വിശാലമാക്കി. അല്ലായിരുന്നെങ്കില്‍ ഞാന്‍ കാവാലത്തെ ഒരു കവിയായി കാലം കഴിച്ചേനെ!' തനതുനാടക വേദിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കാവാലം തന്റെ അനുഭവ പരിസരങ്ങള്‍ക്കകത്തു നിന്നുകൊണ്ട് പ്രായോഗികമാക്കുകയായിരുന്നു. കേരളീയ കലകളെക്കുറിച്ച് ലഭിച്ച അറിവുകള്‍ ആ അന്വേഷണങ്ങള്‍ക്ക് അടിത്തറയായി വര്‍ത്തിക്കുകയും ചെയ്തു. 

സംഗീത നാടക അക്കാദമി മാസികയായ 'കേളി ആരംഭിക്കുന്നത്, ലൈബ്രറി സ്ഥാപിക്കുന്നത് എല്ലാം കാവാലത്തിന്റെ മുന്‍കൈയിലായിരുന്നു. നാട്യശാസ്ത്രം ശ്രീനാരായണ പിഷാരടി വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചതും കേളിയിലൂടെ ആയിരുന്നെന്ന് കാവാലം ഓര്‍മിപ്പിക്കുന്നു. മലയാള നാടക ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട കാലഘട്ടമാണ്. 

അറുപതുകളുടെ അവസാനവും എഴുപതുകളുടെ ആദ്യപകുതിയും. നാടകക്കളരി പ്രസ്ഥാനവും തനതു നാടകപ്രസ്ഥാനവും പ്രായോഗികവും ആശയപരവുമായ ചിന്തകളുമായി നാടകവേദിയെ ത്രസിപ്പിച്ച കാലം. അക്കാദമി സെക്രട്ടറി എന്ന നിലയിലും നാടകക്കാരന്‍ എന്ന നിലയിലും കാവാലം ഈ ചര്‍ച്ചകളോട് സംവേദിച്ചിരുന്നു. 

'കൂത്താട്ടുകുളത്തെ നാടകക്കളരിയില്‍ അക്കാദമി സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ പ്രബന്ധം അവതരിപ്പിച്ചിരുന്നു. നടീനടന്മാര്‍ക്ക്രാവിലെ 'ഡ്രില്‍' പരിശീലനം നല്‍കുന്ന രീതി കളരിയിലുണ്ടായിരുന്നു. ഇതിനു മുമ്പുതന്നെ ആലപ്പുഴയിലെ ഞങ്ങളുടെ 'കൂത്തമ്പല' മെന്ന സംഘത്തില്‍ ശരീരവഴക്കത്തിനായി കവി അയ്യപ്പപ്പണിക്കരുടെ നേതൃത്വത്തില്‍ കളരി ആശാനെ വരുത്തിയിരുന്നു. 

പരസ്പരം കൊടുക്കല്‍, വാങ്ങലുകള്‍ അന്ന് നടന്നിരുന്നു. പലവഴികള്‍ എന്നുമാത്രമേ ഞാനതിനെ കാണുന്നുള്ളൂ.' കാവാലത്തിന്റെ തനതുവഴിയില്‍ ഏറ്റവും ശ്രദ്ധേയമായ നാടകം അവനവന്‍ കടമ്പ'യായിരുന്നു. കര്‍ട്ടനുപേക്ഷിച്ച് തുറന്ന അരങ്ങില്‍, പരിസരത്തിനോട് ചേര്‍ന്നുകൊണ്ട് ക്രിയാംശ ത്തിന് ഏറെ മുന്‍തൂക്കം കൊടുത്തുകൊണ്ട്, അതിനനുഗുണമായ താളപ്രയോഗങ്ങളിലൂടെ 'അവനവന്‍ കടമ്പ' മുന്നേറി, നാടക ചരിത്രത്തില്‍ ഇടംപിടിക്കുകയും ചെയ്തു.

ഈ വഴിയിലൂടെ ഒട്ടനവധി നാടകങ്ങള്‍ അദ്ദേഹം രചിക്കുകയും പലതും സ്വയം സംവിധാനം ചെയ്ത് അവതരിപ്പിക്കുകയും ചെയ്തു. എഴുപതുകളില്‍ മധ്യപ്രദേശിന്റെ സാംസ്‌കാരിക വകുപ്പിനെ ക്രിയാത്മകമായി മാറ്റിമറിച്ച കള്‍ച്ചറല്‍ സെക്രട്ടറി അശോക് വാജ്‌പേയിയുമായുള്ള സൗഹൃദവും ഉജ്ജയിനിയിലെ കാളിദാസ അക്കാദമിയും കാവാലത്തെ സംസ്‌കൃത നാടകാവതരണത്തിന് മുന്‍കൈയെടുപ്പിച്ചു.  

ഭാസന്റെ ആറോളം നാടകങ്ങള്‍, കാളിദാസ നാടകങ്ങള്‍ എന്നിവ സംസ്‌കൃതത്തില്‍ സംവിധാനം ചെയ്യുന്ന സാഹചര്യം അതായിരുന്നു. ഈ നാടകങ്ങളുടെ അവതരണരീതിയും കേരളീയകലകളില്‍നിന്ന്  ഊര്‍ജം ഉള്‍ക്കൊണ്ടവയായിരുന്നു. അങ്ങനെ ഇന്ത്യന്‍ നാടകവേദിയില്‍ സജീവ സാന്നിധ്യമായി കാവാലത്തിന്റെ തനതുവഴികള്‍ മാറുകയും ചെയ്തു.

കാവാലം നാടക രചനകളും രംഗപാഠവും ഗൗരവമായ പുനര്‍വായനയ്ക്ക് വിധേയമായിട്ടില്ലെങ്കിലും ഒട്ടനവധി വിമര്‍ശനങ്ങള്‍ കാലാകാലങ്ങളിലായി ഈ കാവാലം വഴിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. വ്യവസ്ഥാപിത ചരിത്രനിര്‍മിതിയോടുള്ള പ്രതിഷേധമോ പുതുവഴി തേടലോ അല്ല ഇവയുടെ ഉദ്ദേശ്യമെന്നും ആഢ്യകലകളുടെയും ജന കലകളുടെയും രൂപാനുകരണത്തിലൂടെയും വര്‍ണപ്രയോഗത്തിലൂടെയും ഏത് പ്രത്യയശാ സ്ത്രപരതയ്ക്കും ചിന്താഗതിക്കും വഴങ്ങും വിധമാണ് ഇത് രൂപപ്പെടുത്തിയിട്ടുള്ളതെന്നും ഈ നാടകങ്ങള്‍ വിമര്‍ശിക്കപ്പെട്ടു. ഈ നാടകങ്ങളുടെ രാഷ്ട്രീയം, വിപണിയുടെ രാഷ്ട്രീയം മാത്രമാണെന്നും വിലയിരുത്തപ്പെട്ടു.

വിമര്‍ശനങ്ങള്‍ എല്ലാക്കാലത്തും തന്നെ പിന്തുടര്‍ന്നിട്ടുണ്ടെന്ന് കാവാലം പറയുന്നു. തന്റെ വഴി തന്റെ അനുഭവപരിസരങ്ങളില്‍നിന്ന് രൂപപ്പെട്ടതാണ്. കേരളത്തിലെ പുതിയ നാടകപ്രവര്‍ത്തകര്‍ തങ്ങളുടെ സര്‍ഗാത്മക ആവിഷാരത്തിന് വഴികള്‍ അന്വേഷിക്കേണ്ടത് അവരുടെ ജീവിതപരിസരത്തില്‍ നിന്നാണ്. നമ്മുടെ തൗരിത്രയങ്ങള്‍ പുതുതലമുറയ്ക്ക് അന്യമാണെന്ന് കാവാലം വിശ്വസിച്ചിരുന്നില്ല.

കേരളത്തില്‍ സര്‍ഗാത്മക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുതിയ തലമുറയിലെ എത്രപേര്‍ക്ക് തന്റെ രചനകളിലും ആവിഷാര പാഠത്തിലും ഇവ സ്വാഭാവികമായി ഇഴചേര്‍ക്കാന്‍ വിധമുള്ള ഗഹനത കേരളീയ കലകളിലുണ്ട്? ഈ ആവിഷ്ണാരരീതിയെ അന്ധമായി പിന്തുടരുന്നതിലൂടെ പുതിയകാലത്തെ സങ്കീര്‍ണതകളോട് സത്യസന്ധമായി സംവേദിക്കുവാന്‍ സാധിക്കുമോ? ഇന്നത്തെ മലയാള നാടകപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളിയും ഇതാണ്.

തന്റെ നാടകങ്ങളുടെ കാഴ്ചക്കുട്ടമായി അവയുടെ താളത്തിനൊപ്പം കൈകൊട്ടിച്ചിരിച്ചും, നാടന്‍ ഫലിതങ്ങളില്‍ രസിച്ചുമിരിക്കുന്ന കുട്ടികള്‍ക്കിടയിലിരുന്ന് കാവാലം നാരായണപ്പണിക്കര്‍ നമ്മെ നോക്കി പതിവുചിരിയോടെ പറഞ്ഞത് ഇതായിരുന്നു, 'നിങ്ങള്‍ ചെറുപ്പക്കാരായ നാടക പ്രവര്‍ത്തകര്‍ക്ക് ഞാനൊരു ബാധ്യതയാകരുത്. പകരം നിങ്ങളുടെ വഴി കണ്ടെത്താനുള്ള പ്രചോദനമാകണം.'