വിയും നാടകകൃത്തുമായ കാവാലം നാരായണപ്പണിക്കര്‍ മലയാള സിനിമ രംഗത്തും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.1978-ല്‍ പുറത്തിറങ്ങിയ രതിനിര്‍വേദമെന്ന ചിത്രത്തിനുവേണ്ടിയായിരുന്നു കാവാലം ആദ്യമായി പാട്ടെഴുതിയിരുന്നത്. തുടര്‍ന്ന് ഹൃദയം, തമ്പ്, കുമ്മാട്ടി, ബാല്യകാലസഖി, അഞ്ച് സുന്ദരികള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അറുപത്തിയഞ്ചോളം ഗാനങ്ങള്‍ മലയാള കാവ്യലോകത്തിനായി സമ്മാനിച്ചു.

ഒരിക്കലും ഒരു പാട്ടെഴുത്തുകാരനാകാന്‍ ആഗ്രഹിക്കാതിരുന്ന കാവാലം എന്നും കൃത്യമായ ഇടവേളകളിലായിരുന്നു സിനിമ പാട്ടെഴുതിയിരുന്നത്. ദൃശ്യാധിഷ്ഠിതവും, ചലനാത്മകവുമായിരുന്നു ഓരോ ഗാനങ്ങളും. നാടോടിത്തനിമ നിറഞ്ഞുനിര്‍ക്കുന്ന പി.ഭാസ്‌കന്റെ ഗാനങ്ങളോടായിരുന്നു കാവാലത്തിന് എക്കാലവും പ്രിയം. 

kavalam

നെല്‍പ്പാടങ്ങളും പുഴകളും നിറഞ്ഞ കുട്ടനാട്ടിലെ ജീവിതം ബാല്യകാലത്തു തന്നെ അദ്ദേഹത്തിലെ കവിയേയും പാട്ടുകാരനേയും നാടകകാരനേയും വളര്‍ത്തി. വള്ളപ്പാട്ടിന്റെയും കൊയ്ത്തുപാട്ടിന്റെയും ഈണവും താളവും അദ്ദേഹത്തിന്റെ മനസ്സില്‍ കവിതയും ഗാനവും സംഗീതവും സൃഷ്ടിച്ചു. അഭിഭാഷക ജോലി അവസാനിപ്പിച്ചായിരുന്നു കാവലം സംഗീതത്തിന്റെയും നാടകത്തിന്റെയും ലോകത്തെത്തിയത്. 1961 മുതല്‍ പത്തോളം വര്‍ഷക്കാലം കേരള സംഗീത നാടക അക്കാദമിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചതാണ് അദ്ദേഹത്തിന്റെ പിന്നീടുള്ള കലാജീവിതത്തെ ഒന്നടങ്കം മാറ്റിമറിച്ചിരുന്നത്.

1979-ല്‍ പുറത്തിറങ്ങിയ എസ്തപ്പാന്‍ എന്ന ചിത്രത്തിന്റെ തിരക്കഥയും കാവാലത്തിന്റെ തൂലികയില്‍നിന്നായിരുന്നു. ഇതടക്കം സ്വപ്ന രാഗം (1981), പുറപ്പാട് (1983)  എന്നീ ചിത്രങ്ങളുടെ കഥാരചനയും കാവാലമായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ ക്ലാസിക്കുകളിലൊന്നായ കൊടിയേറ്റത്തില്‍ (1977) അഭിനയതാവിന്റെ റോളിലും കാവാലം സ്‌ക്രീനിലെത്തി. അചഛന്റെ പാരമ്പര്യം ഉള്‍ക്കൊണ്ട് മകന്‍ കാവാലം ശ്രീകുമാറും കുട്ടിക്കാലത്തെ സംഗീത രംഗത്തെത്തിയിരുന്നു. കാവാലം തന്നെ രചന നിര്‍വഹിച്ച നിരവധി ഗാനങ്ങള്‍ ആലപിക്കാനുള്ള അവസരവും ശ്രീകുമാറിന് ലഭിച്ചിരുന്നു. 

kavalam

1978-ലും 1982-ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡും ഈ നാടകാചാര്യനെത്തേടിയെത്തി. ഗാനരചനയില്‍ മാത്രമായിരുന്നില്ല ആലാപനത്തിലും കാവാലം തന്റെ കയ്യൊപ്പ് ചാര്‍ത്തിയിരുന്നു. 1979-ല്‍ എം.ജി രാധാകൃഷന്‍ സംഗീതം നിര്‍വഹിച്ച കുമ്മാട്ടിയെന്ന ചിത്രത്തില്‍ 'കറുകറക്കാര്‍മുകില്‍' എന്നു തുടങ്ങുന്ന ഗാനം കാവാലത്തിന്റെ സ്വരത്തിലൂടെയായിരുന്നു സിനിമ ആസ്വാദകരിലെത്തിയത്.

കഴിഞ്ഞ വര്‍ഷം ജയരാജ് സംവിധാനം ചെയ്ത ഒറ്റാല്‍ എന്ന ചിത്രത്തില്‍ 'മനതിലിരുന്ന് ഓലേഞ്ഞാലി' എന്ന ഗാനത്തിനാണ് അവസാനമായി കാവാലം രചനയും സംഗീതവും നിര്‍വഹിച്ചിരുന്നത്. നേര്‍ക്കുനേരെ, പുരാവൃത്തം, ആലോലം, ഒറ്റാല്‍ എന്നീ ചിത്രങ്ങളിലായി അഞ്ച് ഗാനങ്ങള്‍ക്കും കാവാലം സംഗീതം നിര്‍വഹിക്കുകയുമുണ്ടായി. 2000-ത്തിന് ശേഷം പതിനാറ് ഗാനങ്ങളാണ് കാവാലത്തിന്റെ രചനയില്‍ പിറന്നിരുന്നത്.