ലയാളത്തിലെ ആധുനിക നാടകവേദിയെ നവീകരിച്ച നാടകാചാര്യനാണ് കാവാലം നാരായണപ്പണിക്കര്‍. നാടകകൃത്ത്, കവി, സംവിധായകന്‍, സൈദ്ധാന്തികന്‍ എന്നിങ്ങനെ പല നിലകളിലും ആറു ദശാബ്ദക്കാലത്തിലേറെയായി കേരളത്തിന്റെ കലാ-സാംസ്‌കാരിക മണ്ഡലങ്ങളില്‍ അദ്ദേഹം നിറഞ്ഞു നില്‍ക്കുന്നു. 

കേരള സംഗീതനാടക അക്കാദമിയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുള്ള കാവാലത്തിന് 1975-ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു. നാടകചക്രം എന്ന കൃതിക്കായിരുന്നു പുരസ്കാരം. 2007-ല്‍ രാജ്യം പത്മഭൂഷണ്‍ പുരസ്‌കാരം നല്കി ഇദ്ദേഹത്തെ ആദരിച്ചു. 2009-ല്‍ വള്ളത്തോള്‍ പുരസ്‌കാരവും 2014-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും നല്‍കി. 

കുട്ടിക്കാലം മുതല്‍ സംഗീതവും നാടന്‍ കലകളും ഇഷ്ടപ്പെട്ട കാവാലം അഭിഭാഷക വൃത്തി ഉപേക്ഷിച്ച് സജീവ നാടകത്തിന്റെ വഴിയെ നടക്കുകയായിരുന്നു. സംഗീതത്തെ മനസില്‍ ഉപാസിച്ചിരുന്ന കാവാലത്തിന്റെ ആദ്യ നാടക രചനകള്‍ സംഗീതത്തെ മുന്‍നിര്‍ത്തിയായിരുന്നു.

ചലച്ചിത്രസംവിധായകനായ അരവിന്ദന്‍, നാടകകൃത്തായ സി.എന്‍. ശ്രീകണ്ഠന്‍ നായര്‍, കവി എം. ഗോവിന്ദന്‍, കവി അയ്യപ്പപണിക്കര്‍ തുടങ്ങിയ സമകാലികരുടെ സ്വാധീനവും നാടകത്തിന്റെ വഴിയേ കാവാലം നടക്കാന്‍ കാരണമായി.

ഗ്രീക്ക് നാടകവേദിയുമായി ചേര്‍ന്നു രാമായണവും ഗ്രീക്ക് ക്ലാസ്സിക്ക് ആയ ഇലിയഡും തമ്മില്‍ സംയോജിപ്പിച്ചു് അവതരിപ്പിച്ച 'ഇലിയാണ' കാവാലത്തിന്റെ അവിസ്മരണീയമായ പരീക്ഷണമായി വിലയിരുത്തപ്പെടുന്നു. 

1968-ല്‍ സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ മുന്നോട്ടുവച്ച 'തനതുനാടകവേദി' എന്ന ആശയത്തിന്  ജീവന്‍ നല്‍കിയത് കാവാലമാണ്. അന്നുവരെ ഇബ്സനിസ്റ്റുരീതിയായിരുന്നു മലയാളത്തിനു പരിചയം. പിന്തുടര്‍ന്ന മലയാളനാടകവേദിയില്‍ ഗുണപരമായ പരിണാമം തനതുനാടകവേദിയിലൂടെയാണ് പ്രകടമായത്.  കാവാലം ആദ്യം  സിനിമയ്ക്ക് വേണ്ടി തന്റെ തൂലിക ചലിപ്പിച്ചത് താലോലം എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു.

നാടോടികഥകളും കവിതകളും  കാവാലം  നാടകത്തിലേക്ക് ആവാഹിച്ചപ്പോള്‍ അത് മലയാളത്തിന് പുതിയൊരു അനുഭവമായി മാറി. കാവാലത്തിന്റെ ആദ്യകാല നാടകങ്ങള്‍ സംവിധാനം ചെയ്തത് പ്രൊഫ. കുമാരവര്‍മ്മ, ചലച്ചിത്രസംവിധായകന്‍ ജി. അരവിന്ദന്‍ തുടങ്ങിയവരായിരുന്നു. 

സാക്ഷി (1968), തിരുവാഴിത്താന്‍ (1969), ജാബാലാ സത്യകാമന്‍ (1970), ദൈവത്താര്‍ (1976), അവനവന്‍ കടമ്പ (1978,), കരിംകുട്ടി (1985), നാടകചക്രം (1979) ഏകാങ്കനാടകങ്ങളുടെ സമാഹാരം, കൈക്കുറ്റപ്പാട് (1993), ഒറ്റയാന്‍ (1980). ഭാസഭാരതം (1987) ഭാസന്റെ അഞ്ച് സംസ്‌കൃതനാടങ്ങളുടെ പരിഭാഷ (ഊരുഭംഗം ,ദൂതഘടോല്‍ഖജം, മദ്ധ്യമവ്യായോഗം, ദൂതവാക്യം, കര്‍ണ്ണഭാരം) തുടങ്ങിയവയാണ് കാവാലത്തിന്റെ ശ്രദ്ധേയ സൃഷ്ടികള്‍. വിവര്‍ത്തനം; ഭഗവദജ്ജുകം (ബോധായനന്റെ സംസ്‌കൃതനാടകത്തിന്റെ വിവര്‍ത്തനം), മത്തവിലാസം (മഹേന്ദ്രവിക്രമ വര്‍മ്മന്റെ സംസ്‌കൃതനാടകത്തിന്റെ വിവര്‍ത്തനം)ട്രോജന്‍ സ്ത്രീകള്‍ (സാര്‍ത്രിന്റെ ഫ്രഞ്ച് നാടകം), ഒരു മദ്ധ്യവേനല്‍ രാക്കനവ് (ഷേക്ള്‍സ്പിയര്‍ നാടകം), കൊടുങ്കാറ്റ് (ഷേക്‌സ്പിയര്‍ നാടകം).

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ചാലയില്‍ കുടുംബത്തില്‍ ഗോദവര്‍മ്മയുടെയും കുഞ്ഞുലക്ഷ്മിയുടെയും മകനായി ജനിച്ച കാവാലം നാരായണപ്പണിക്കർ  സര്‍ദാര്‍ കെ.എം. പണിക്കരുടെ അനന്തിരവനാണ്. പ്രശസ്തപിന്നണിഗായകന്‍ കാവാലം ശ്രീകുമാര്‍ എന്നിവര്‍ മകനാണ്.