ആലപ്പുഴ: കുട്ടനാടിന്റെ നിറവും നിനവും നിറഞ്ഞ ജീവിതമായിരുന്നു കാവാലത്തിന്റേത്. നെല്ലറയിലെ ഏറ്റവും വലിയ ജന്മികുടുംബമായ കാവാലം ചാലയില്‍ കുടുംബത്തില്‍ പിറന്ന കാവാലത്തിനു മുമ്പില്‍ അതിരുകളില്ലായിരുന്നു. അദ്ദേഹം ഇറങ്ങിയത് അതിരുകാക്കും മലയൊന്നു തുടുക്കുന്നതു കാണാനും ആഴിക്കങ്ങേ കരയുണ്ടോയെന്ന് അന്വേഷിക്കാനുമായിരുന്നു. അതിരില്ലാത്ത നെല്‍പ്പാടം. അരികുപറ്റി നിന്ന ജീവിതങ്ങള്‍. പമ്പാനദി, തെങ്ങിന്‍ തലപ്പുകള്‍ നിറഞ്ഞൊഴുകിയ ഇടത്തോടുകള്‍ എല്ലാം നിറഞ്ഞ കാവാലംഗ്രാമം. ജീവതാളത്തിന്റെ വിതയും ഞാറുനടീലും ചക്രം ചവിട്ടും കൊയ്ത്തും. മെതിയും പേറ്റും.

ഇവയെല്ലാം ചേര്‍ന്ന് ഉതിര്‍ത്ത ഞാറ്റ് -തേക്ക്- ചക്രം ചവിട്ട് - കൊയ്ത്തുപാട്ടുകളും മുടിയേറ്റും പടയണിയും. ജന്മിയും കുടിയാനും തൊഴിലാളിയും മുതലാളിയും അടിമയും ഉടമയും ഇടകലര്‍ന്ന സമൂഹത്തിന്റെ ആഹ്‌ളാദവും നൊമ്പരവും. ഒറ്റാലും മുപ്പല്ലിയും. അതിനിടയില്‍ കാറ്റില്‍ തല്ലിയലയ്ക്കുന്ന തെങ്ങോലകളില്‍ കൂടൊരുക്കുന്ന തൂക്കണാം കുരുവികള്‍. ജലസമൃദ്ധിക്കുമേല്‍ പാടിപ്പറക്കുന്ന ആറ്റക്കിളികള്‍. സംഘബോധം ഉണര്‍ത്തുന്ന വള്ളംകളിയും വഞ്ചിപ്പാട്ടും താറാവിന്‍ പറ്റങ്ങളും. ഏകാന്തതയിലെ ചിന്തകള്‍ പോലെ മുന്നേറുന്ന കൊതുമ്പുവള്ളങ്ങള്‍. എല്ലാം കാവാലം എന്ന കവിക്ക് ജന്മം നല്‍കുകയായിരുന്നു.

സാഹിത്യ അക്കാദമി ഭാരവാഹിയായിരിക്കുമ്പോള്‍ അദ്ദേഹം കേരളത്തിലെ കലാകാരന്മാരുമായി നടത്തിയ അഭിമുഖങ്ങള്‍ വേറിട്ടതായി. നാടന്‍ പാട്ടുകാരെ മുതല്‍ കഥകളിക്കാരെ വരെ അദ്ദേഹം നേരിട്ടുകണ്ടു. അന്ന് അവഗണിക്കപ്പെട്ട നാടന്‍ പാട്ടുകാരുടെ നാവുണര്‍ന്നു. അങ്ങനെ അക്കാദമി നാട്ടിലേക്കിറങ്ങിയെന്ന് നാട്ടാരും പറഞ്ഞു. കാവാലം രംഭയുള്‍പ്പെടെയുള്ള നാടന്‍ പാട്ടുകാര്‍ക്ക് അരങ്ങില്‍ ഇടമുണ്ടായി. അവര്‍ക്കൊപ്പം കാവാലവും ചൊല്ലി. അങ്ങനെ അപ്പോഴേ പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്... വൈക്കം കായല്‍ ഓളം തല്ലുന്ന വഴിയേ കൊയ്ത്തിനു വന്നവളേ... ആലേലോ പൂലേലോ... കല്ലുരുട്ടി കല്ലുരുട്ടി അങ്ങനെ എത്രയെത്ര പാട്ടുകളാണ് നാവില്‍ തത്തിക്കളിക്കുമാറായത്.

ഏതിനും നാടിന്റെ ഗന്ധം വേണമെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമായിരുന്നു. അനുകരണങ്ങളില്‍ കുരുങ്ങാതെ തനതു നാടകവേദിക്ക് പുതിയ അധ്യായം കാവാലമെഴുതിയതങ്ങനെയാണ്. ഭാസന്റെ സംസ്‌കൃത നാടകങ്ങളുള്‍പ്പെടെ എല്ലാം തനതു ശൈലിയിലേക്ക് ആവാഹിച്ച് കുടിയിരുത്തി. ഒപ്പം സ്വന്തം തനതു മാതൃകകളായി ദൈവത്താര്‍, അവനവന്‍ കടമ്പ, കൈക്കുറ്റപ്പാട്, ഒറ്റയാന്‍ തുടങ്ങിയ നാടകങ്ങള്‍ രംഗത്തിറ്ക്കുകയും ചെയ്തു. നാടന്‍പാട്ടു മുതല്‍ കഥകളി വരെ അടുത്തറിഞ്ഞതിന്റെ പ്രതിഫലനങ്ങളുമായി അതെല്ലാം.
താമസം നഗരത്തിലേക്ക് മാറിയപ്പോഴും നാടിന്റെ നന്മകള്‍ വിതറാനും വളര്‍ത്താനുമാണ് അദ്ദേഹം ശ്രമിച്ചത്.
 
എല്ലാ വേനലവധിക്കാലത്തും നാട്ടിലെ പുതുതലമുറയ്ക്കായി അദ്ദേഹം നടത്തിയ കുരുന്നുകൂട്ടം ഏറെ ശ്രദ്ധപിടിച്ചുപറ്റി. നാടകത്തിനും ചിത്ര രചനയ്ക്കുമൊപ്പം അമ്മാനാട്ടവും തുമ്പിതുള്ളലും എല്ലാം അതിലൂടെ തലമുറകള്‍ക്ക് പകര്‍ന്നു. കുടുംബക്ഷേത്രമായ പള്ളിയറക്കാവ് ഭഗവതീ ക്ഷേത്രത്തിലെ മുടിയേറ്റ് നടത്തുന്നതിന് അദ്ദേഹം മുന്നില്‍നിന്നു. ഇതിനെല്ലാമൊപ്പം നെല്ലറയുടെ ഹരിതവിരിപ്പിന്റെ ഓളവും താളവും ലോകത്തിനു പകര്‍ന്നു നല്‍കാനും അദ്ദേഹത്തിനുകഴിഞ്ഞു.