'അച്ഛനെയാണോ അമ്മയെയാണോ കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ചാല്‍ ഞാന്‍ പറയും അച്ഛനെ ആണെന്ന്. കാരണം അതാണെന്റെ അമ്മയ്ക്ക് ഏറെ ഇഷ്ടം!'. വിവേകും വിശ്വേകും വിനായകും കൂടി അച്ഛന് 'ഫുള്‍ എ പ്ളസ്' സമ്മാനമായി നല്‍കിയപ്പോള്‍ ചേട്ടന്‍ വിഷ്ണുവിന്റെ കമന്റ് ഇങ്ങനെ... 

ഓ! ഇതൊന്നും ഒരു വലിയ സംഭവമല്ലെന്നേ. എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടുന്നത് ഒരു പുത്തരിയൊന്നുമല്ല. എന്നിരുന്നാലും ഒരു വീട്ടില്‍ ഒരു ദിവസം ജനിച്ച മൂവര്‍ സംഘത്തിന് കിട്ടിയ 'എ പ്ലസില്‍' ഇത്തിരി കൗതുകം ഒളിഞ്ഞിരിപ്പില്ലേ? വിവേകും വിനായകും വിശ്വേകും പ്ളസ് ടു സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ത്ഥികളായിരുന്നു. വിവേകും വിനായകും 98 ശതമാനം മാര്‍ക്ക് നേടിയപ്പോള്‍ വിശ്വേക് 99 ശതമാനം അടിച്ചെടുത്തു. എസ്.എസ്.എല്‍.സിക്കും ഇവര്‍ക്ക് ഫുള്‍ എ പ്ലസായിരുന്നു.

ഇത്രയും എ പ്ലസൊക്കെ നേടിയിട്ട് ഇന്നത്തെ കാലത്ത് എന്തു ചെയ്യാനാണ്? പഠിക്കാന്‍ കഴിവുള്ളവര്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം തഴയപ്പെടുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഈ ചോദ്യത്തിന് പ്രസക്തിയില്ലേ? ഒരു ശരാശരി പിതാവിന്റെ മക്കളെക്കുറിച്ചുള്ള ആധികള്‍ എന്തൊക്കെയായിരിക്കും? അച്ഛന്‍മാരുടെ ദിനത്തിലെങ്കിലും നമുക്കിതൊക്കെ ഒന്ന് ഓര്‍മ്മിക്കണ്ടേ?

കോഴിക്കോട് ജില്ലയിലെ അത്തോളിയില്‍ കുന്നത്തറയിലെ സുജനന്റെ മക്കളാണ ്പഠനത്തില്‍ മിടുക്കരായ ഈ മൂന്നുപേര്‍. ഒറ്റപ്രസവത്തില്‍ ദൈവം കൊടുത്ത മൂന്നുപേരെയും ഒരു കുറവും അറിയിക്കാതെ തന്നെ സുജനന്‍ വളര്‍ത്തി. ഗള്‍ഫില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മത്സ്യക്കച്ചവടത്തിലേക്ക് തിരിഞ്ഞു. ഒരു ദിവസം സുജനന്‍ ഓടിച്ചിരുന്ന ബൈക്കില്‍ കാറിടിച്ച് മുതുകിലെ എല്ല് പൊട്ടിയപ്പോള്‍ മത്സ്യക്കച്ചവടവും നിര്‍ത്തി. ഇപ്പോള്‍ കമ്പ്യൂട്ടര്‍ ഷോപ്പുമായി മുന്നോട്ടു പോകുകയാണ്. 

ഈ അച്ഛന്റെ വാക്കുകളിലേക്ക്- 'മക്കളുടെ പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം അത്ര വലിയ ബാദ്ധ്യതയായിരുന്നില്ല. എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ചെയ്തു. പക്ഷേ വലിയ തുക കൊടുത്ത് എന്‍ട്രന്‍സ് കോച്ചിങ്ങിനൊന്നും ചേര്‍ക്കാന്‍ കഴിഞ്ഞില്ല. വ്യക്തമായ പരിശീലനം നല്‍കാന്‍ കഴിയാഞ്ഞതുകൊണ്ടു തന്നെ അവര്‍ക്ക് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും മക്കളുടെ ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിടുന്ന അച്ഛനാകാന്‍ എനിക്കു കഴിയില്ല. ഒരാള്‍ക്ക് എന്‍ജിനീയര്‍ ആകണമെന്നാണ് ആഗ്രഹം. മറ്റൊരാള്‍ക്ക് ഐ.എ.എസിന് ശ്രമിക്കണമെന്നും. എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് അറിയില്ല...'

triplets

വിനായക് പഠനത്തില്‍ മാത്രമല്ല കേമന്‍. ഇത്തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മികച്ച നാടകങ്ങളിലൊന്നായ 'പുലി പറഞ്ഞ കഥ'യിലെ നടന്‍ കൂടിയായിരുന്നു ഈ മിടുക്കന്‍. നാടകത്തിനും കിട്ടി 'എ' ഗ്രേഡ്.  

വിശ്വേക് കഴിഞ്ഞ വര്‍ഷം ചണ്ഡിഗഡില്‍ നടന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക് കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ടീമിലെ അംഗമായിരുന്നു. 'ഡങ്കിപ്പനി വ്യാപനത്തില്‍ ദിനാന്തരീക്ഷ സ്ഥിതിയുടെ പങ്ക്' എന്ന ഇവരുടെ പ്രോജക്ട് സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. വിശ്വേകും വിനായകും കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലും വിവേക് ബാലുശ്ശേരി ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലുമാണ് പഠിച്ചത്. 

ഒരുമിച്ച് ജനിച്ച ഇവര്‍ ഒരേ പാഠങ്ങള്‍ പഠിക്കില്ല. ഒരുമിച്ചിരുന്നാലും പഠിക്കുന്നത് വ്യത്യസ്ത വിഷയങ്ങളായിരിക്കും. ജീവിത പാഠങ്ങള്‍ പഠിച്ചെടുക്കാനുള്ള യാത്രയില്‍ ഇവരുടെ  സ്വപ്നങ്ങളും പ്രതീക്ഷകളും യാഥാര്‍ത്ഥ്യമാക്കാന്‍ ഈ അച്ഛനു കഴിയട്ടേയെന്ന് ഈ 'ഫാദേഴ്സ് ഡേ'യില്‍ നമുക്ക് പ്രാര്‍ഥിക്കാം.