ളിമ്പ്യന്‍ ടി.സി യോഹന്നാന്‍ ലോങ് ജമ്പിലൂടെ ലോക കായിക ചരിത്രത്താളുകളില്‍ ഇന്ത്യയുടെ പേര് എഴുതി ചേര്‍ത്ത ഒരു സാധാരണ നാട്ടിന്‍പുറത്തുകാരന്‍. നിശ്ചയദാര്‍ഢ്യത്തോടെ പോരാടിയിരുന്ന അതേ ഒളിമ്പ്യന്റെ ശിക്ഷണത്തിലാണ് പിന്‍തുടര്‍ച്ചക്കാരനായി മകന്‍ ടിനു യോഹന്നാന്‍ 2001-ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കെത്തിയത്. ടെസ്റ്റിലും ഏകദിനത്തിലും ആദ്യമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞ പൂര്‍ണ്ണ മലയാളി താരമായിരുന്നു ടിനു. 

ഇരുമ്പനങ്ങാടും ഇലഞ്ഞിക്കോടും മാറനാടും ചിറ്റാകോടുമടങ്ങുന്ന കര്‍ഷകദേശത്തെ കാടും മേടും തോടിന്റെ കൈവഴിച്ചാലുകളും പരിശീലനത്തിനുള്ള കളിക്കളമാക്കിയാണ് യോഹന്നാന്‍ തന്നിലെ കായികതാരത്തെ രൂപപ്പെടുത്തിയത്. അതേവഴികളിലൂടെ തന്റെ ഇരുമക്കളെയും വളര്‍ത്താനായിരുന്നു യോഹന്നാന് താല്‍പര്യം. 

tinu

1974-ല്‍ ടെഹ്‌റാന്‍ ഏഷ്യാഡില്‍ 8.07 മീറ്റര്‍ താണ്ടി ഏഷ്യന്‍ റെക്കോര്‍ഡ് സ്ഥാപിച്ച യോഹന്നാന്‍ മൂന്നു പതിറ്റാണ്ടുകാലം അഭേദ്യമായി നിലകൊണ്ട ലോങ് ജമ്പ് ദേശീയ റെക്കോര്‍ഡിനും ഉടമയാണ്‌. 1976-ല്‍ കാനഡയിലെ മോണ്‍ട്രിയലില്‍ നടന്ന ഒളിമ്പിക്‌സിലും പങ്കെടുത്ത യോഹന്നാന്‍ വിവിധ രാജ്യാന്തര മത്സരങ്ങളില്‍നിന്നായി പത്ത് സ്വര്‍ണമെഡലുകളും രാജ്യത്തിനായി നേടിക്കൊടുത്തു. മൂത്ത മകനായ തിസ്‌വിയെയും ടിനുവിനെയും പരിശീലിപ്പിക്കാന്‍ വീട്ടുമുറ്റത്ത് ചെറിയ ലോങ് ജമ്പ് പിച്ച് നിര്‍മ്മിച്ച യോഹന്നാന്‍ കുട്ടിക്കാലത്തെ മക്കളെയും അത്‌ലറ്റിക്‌സ് രംഗത്തേക്ക് കൈപിടിച്ചെത്തിക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ആ പരിശീലനമായിരുന്നു ടിനു എന്ന മീഡിയം പേസ് ബൗളറുടെ കായിക രംഗത്തെ തുടക്കം. 

tinu

ഓട്ടവും ചാട്ടവുമായി ഒളിമ്പ്യനായ അച്ഛന്റെ ശിക്ഷണത്തില്‍തന്നെ രണ്ടു മക്കളും വളര്‍ന്നു. ചെറുപ്പത്തിലെ കായിക രംഗത്തായിരിക്കും തന്റെ ഭാവിയെന്ന് ഉറപ്പിച്ച ടിനു സ്‌ക്കൂള്‍ തലത്തിനു ശേഷമാണ് ക്രിക്കറ്റിനെ ഗൗരവത്തോടെ കണ്ടുതുടങ്ങിയത്. ലോങ് ജമ്പില്‍ ബെംഗളൂരു സംസ്ഥാന ജൂനിയര്‍ ടീമിനായി കളിച്ച ചേട്ടന്‍ തിസ്‌വി പിന്നീട് പഠനത്തെ ഗൗരവമായെടുത്ത് കായിക രംഗംവിട്ടു, ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ഐ.ടി രംഗത്ത് ജോലി ചെയ്യുകയാണ്. അചഛന്‍ നല്‍കിയ കായിക അടിത്തറയില്‍ പിന്നീട് ബെംഗളൂരുവിലെ എം.ആര്‍.എഫ് പേസ് ഫൗണ്ടേഷനിലെത്തിപ്പെട്ടതാണ് ടിനുവിന്റെ ക്രിക്കറ്റ് കരിയറില്‍ ഏറെ നിര്‍ണ്ണായകമായത്. ഇന്ത്യയില്‍ അത്‌ലറ്റിക്‌സിനേക്കാള്‍ വലിയ സാധ്യതകള്‍ ക്രിക്കറ്റിനാണെന്ന് വിശ്വാസമായിരുന്നു ടി.എ ശേഖറിന്റെ പരിശീലനത്തില്‍ ടിനുവിനെ ക്രിക്കറ്റ് മൈതാനത്തെത്തിച്ചത്. 

tinu yohannan
ടിനു യോഹന്നാന്‍ കുടുംബത്തോടൊപ്പം

1999-ല്‍ കേരള ടീമില്‍ അരങ്ങേറ്റം കുറിച്ച ടിനു 2 വര്‍ഷംകൊണ്ടുതന്നെ ഇന്ത്യന്‍ ടീമിലെത്തിയത് പല വെല്ലുവിളികളും അതിജീവിച്ചായിരുന്നു. ലോങ് ജമ്പില്‍ റെക്കോര്‍ഡുകള്‍ പലതും വെട്ടിപ്പിടിച്ച അചഛന്റെ മേഖല വിട്ട് ക്രിക്കറ്റ് തിരഞ്ഞെടുത്തതുതന്നെ ആദ്യത്തെ വെല്ലുവിളി. അന്നുവരെ കേരള ടീമിലെ താരങ്ങള്‍ക്ക് ദേശീയ ടീം ബാലികേറാമലയായിരുന്നു എന്നത് രണ്ടാമത്തെ വെല്ലുവിളി. എന്നാല്‍ എന്തു കാര്യവും പൂര്‍ണ്ണമനസ്സോടെ അര്‍പ്പണബോധത്തോടെ ചെയ്താല്‍ ലക്ഷ്യത്തിലെത്താന്‍ സാധിക്കുമെന്ന അച്ഛന്റെ വാക്കുകള്‍ ടിനുവിന് ഏതു വെല്ലുവിളികളും സധൈര്യം ഏറ്റെടുക്കാനുള്ള ആത്മവിശ്വാസം നല്‍കി. ക്രിക്കറ്റ് കരിയറില്‍ മാത്രമല്ല വ്യക്തി ജീവിതത്തിലും അചഛനായിരുന്നു ടിനുവിന് എന്നും പ്രചോദനം, 

tinu
അച്ഛനും അമ്മയ്ക്കുമൊപ്പം ടിനു.

താന്‍ ജനിക്കുന്നതിനുമുമ്പെ അചഛന്‍ ലോങ് ജമ്പ് പിച്ച് വിട്ടതിനാല്‍ ഒളിമ്പ്യന്റെ കായിക നേട്ടങ്ങളെ നേരിട്ടറിയാനുള്ള ഭാഗ്യം ടിനുവിനുണ്ടായിരുന്നില്ല. എങ്കിലും കുട്ടിക്കാലം മുതല്‍ അചഛന്റെ ട്രാക്ക് റെക്കോര്‍ഡുകള്‍ പലതും കേട്ടറിഞ്ഞ ടിനുവിന് വലിയ ബഹുമാനമായിരുന്നു അചഛനോട്. ചെറുപ്പംമുതലെ വളര്‍ത്തിയ ചിട്ടയായ ജീവിതശൈലിയും, അചഛന്റെ സമയനിഷ്ഠയും ടിനുവെന്ന വ്യക്തിയെ കായിക രംഗത്ത് വളരെയേറെ സ്വാധീനിച്ചു. എല്ലാ കാര്യങ്ങളും ആരുടെ മുഖത്തുനോക്കിയും തുറന്നു പറയുന്ന അചഛന്റെ സ്വഭാവം എന്തും തുറന്ന് പറയുവാനുള്ള ധൈര്യം മക്കള്‍ക്കും നല്‍കിയിരുന്നു. കുട്ടിക്കാലത്ത് അചഛന്‍ ഓഫീസില്‍നിന്ന് തിരിച്ചെത്തി ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്നതും, പുലര്‍ച്ചെ എഴുന്നേല്‍പ്പിച്ചുള്ള പരിശീലനങ്ങളും ഇന്നും മധുരമായ ഓര്‍മ്മകളായി ടിനുവിന്റെ മനസ്സില്‍ അവശേഷിക്കുന്നു. 

2002-ല്‍ ഫോം നഷ്ടപ്പെട്ട് ഇന്ത്യന്‍ ടീമില്‍നിന്ന് പുറത്തുപോയ ടിനുവിന് ദേശീയ ടീമിലേക്ക് പിന്നീടൊരു മടങ്ങിവരവ് സാധ്യമായിരുന്നില്ല. മൂന്ന് ഏകദിനങ്ങളും 3 ടെസ്റ്റ് മത്സരങ്ങളിലുമാണ് ടിനു ഇന്ത്യയ്ക്കായി കളിച്ചത്. ടീമില്‍നിന്ന് പുറത്തായപ്പോഴും കൃത്യമായ വഴികാട്ടിയായി ഫോം വീണ്ടെടുത്ത് ടീമില്‍ തിരിച്ചെത്താന്‍ യോഹന്നാന്‍ മകനൊപ്പം കൂട്ടുണ്ടായിരുന്നു. എങ്കിലും നിര്‍ഭാഗ്യത്താന്‍ തിരിച്ചുവരാനായില്ല.

tinu

പിന്നീട് 2009-ല്‍ ഐ.പി.എല്ലില്‍ ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടീമിലും സെലക്ഷന്‍ ലഭിച്ചു. അച്ഛനും അമ്മയും ഭാര്യയും മൂന്നു മക്കളുമടങ്ങിയ കുടുംബത്തോടൊപ്പം തൃക്കാക്കരയിലാണ് ടിനു ഇപ്പോള്‍ താമസം.  2 വര്‍ഷം മുമ്പ് ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുപ്പത്തേഴുകാരനായ ടിനു 2014 മുതല്‍ കേരള ക്രിക്കറ്റ് ടീമിന്റെ ബൗളിങ് കോച്ചാണ്. അച്ഛന്റെ കായിക പാരമ്പര്യം ഉള്‍ക്കൊണ്ട്‌ തന്റെ ശിക്ഷണത്തിലൂടെ മികച്ച കായികതാരങ്ങളെ ദേശീയ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ടിനു.