രാഷ്ട്രീയത്തിന്റെയും സാഹിത്യത്തിന്റെയും ലോകത്തേക്കുള്ള തന്റെ മാര്‍ഗദര്‍ശി അച്ഛന്‍ പി. നാരായണന്‍ നായരാണെന്ന് രാജ്യസഭാ മുന്‍ അംഗം ഡോ. ടി.എന്‍. സീമ പറയുന്നു. ബി.എസ്.എന്‍.എല്‍. ജീവനക്കാരായിരുന്നു മാതാപിതാക്കള്‍. യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും ഇരുവരും സജീവമായിരുന്നു. ഇ.എം.എസ്. ഉള്‍പ്പെടെയുള്ള നേതാക്കളുടെ പരിപാടികളില്‍ പങ്കെടുക്കാന്‍ അച്ഛനൊപ്പം പോയ ഓര്‍മയും സീമയ്ക്കുണ്ട്. 

ഏതു സംശയത്തിനുള്ള ഉത്തരവും അച്ഛന്റെ പക്കലുണ്ടായിരുന്നു. സജീവരാഷ്ട്രീയത്തില്‍ പ്രവേശിച്ചപ്പോഴും അതിന്റെ ഭാഗമായി അധ്യാപകജോലി രാജിവച്ചപ്പോഴും അച്ഛന്‍ പിന്തുണ നല്‍കിയിരുന്നു-സീമ ഓര്‍മിക്കുന്നു. 2006ലാണ് സീമയുടെ അച്ഛന്‍ മരിക്കുന്നത്. 2010 ല്‍ രാജ്യസഭയിലേക്കു തിരഞ്ഞെടുത്തപ്പോള്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്തത് അച്ഛനെയാണ്. ഹിന്ദിയില്‍ പ്രാവീണ്യമുള്ള ആളായിരുന്നു അച്ഛന്‍. രാജ്യസഭയില്‍ അംഗമായ സമയത്ത് അച്ഛനുണ്ടായിരുന്നെങ്കില്‍ കുറച്ചു കൂടി മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാമായിരുന്നെന്നും സീമ ഓര്‍മിക്കുന്നു.