മുഖ്യമന്ത്രിയായി പാര്‍ട്ടി നിശ്ചയിച്ച ശേഷം എ.കെ.ജി. സെന്ററിന് എതിര്‍വശത്തെ മൂന്നാം നിലയിലെ ഫ്ളാറ്റില്‍ എത്തിയ പിണറായി വിജയനെ, സുഹൃത്തുക്കള്‍ നല്‍കിയ അരിവാള്‍ ചുറ്റിക നക്ഷത്രത്തിലുള്ള കേക്ക് മുറിക്കാന്‍ പുഞ്ചിരിയോടെ കമല ക്ഷണിച്ചു. എന്നാല്‍ മകന്‍ വിവേക് കൂടി എത്തിയിട്ട് മതിയെന്ന മട്ടിലായിരുന്നു അദ്ദേഹം... മാധ്യമങ്ങളില്‍ ഗൗരവക്കാരനായ രാഷ്ട്രീയനേതാവായിരുന്നു പിണറായി വിജയനെങ്കില്‍ വീട്ടുകാര്‍ക്കിടയില്‍ ചെറുമക്കളോടൊപ്പം കളിക്കുന്ന അപ്പൂപ്പനാണ് കേരളത്തിന്റെ മുഖ്യമന്ത്രി.

വിജയനെന്ന അച്ഛനെയും അപ്പൂപ്പനെയും കുറിച്ച് ഭാര്യ കമല ഇങ്ങനെ പറയുന്നു, 'വീട്ടില്‍ തികച്ചും ഒരു ഗൃഹസ്ഥനാണ്. ആവശ്യമായ കാര്യങ്ങളിലേ കര്‍ക്കശക്കാരനാകൂ. ചെറുമക്കളോടൊപ്പം കളിക്കുന്ന അപ്പൂപ്പന്‍. മക്കളുടെ പഠനകാര്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്താറില്ലായിരുന്നു. എന്നാല്‍ അവര്‍ക്ക് ഇഷ്ടമുള്ള വിഷയത്തില്‍ അത് എവിടെ പഠിക്കണമെന്ന് പറഞ്ഞാലും അതില്‍ വീഴ്ച വരുത്തിയിട്ടില്ല. എത്ര തിരക്കുണ്ടെങ്കിലും മക്കളുടെ കാര്യങ്ങള്‍ മറക്കാതെ ചെയ്യുന്ന അച്ഛനാണ് അദ്ദേഹം.

pinarayi

വീട്ടില്‍ തമാശകള്‍ പറയുന്ന, രജനികാന്തിന്റെയും കമലഹാസന്റെയും ഇടിപ്പടങ്ങള്‍ കാണുന്ന വെറും സാധാരണ ഒരു വീട്ടുകാരനാണ് ഞങ്ങള്‍ക്ക് വിജയേട്ടന്‍. മുന്‍പൊക്കെ കുടുംബസമേതം യാത്ര പോകാറുണ്ടായിരുന്നു. ഇപ്പോള്‍ തിരക്കായതിനാല്‍ കുറവാണ്, കമല പറയുന്നു.

വീണയും വിവേക് കിരണുമാണ് മക്കള്‍. അഡ്വ. സുനീഷും ദീപ പ്രകാശ് ബാബുവുമാണ് മരുമക്കള്‍. ഇഷാന്‍ വിജയും വിവാനും ചെറുമക്കളാണ്.