ഗതി ശ്രീകുമാറിനെപ്പോലെ സാന്നിദ്ധ്യം കൊണ്ട് മലയാളികളെ ഇത്രയേറെ രസിപ്പിച്ച മറ്റൊരു നടനുമുണ്ടാവില്ല. അരങ്ങ് നിറഞ്ഞ് അഭിനയിച്ച നടന്‍. അപകടത്തെ തുടര്‍ന്ന് മലയാള സിനിമയില്‍ ജഗതി സൃഷ്ടിച്ച വിടവ് ഇന്നും അങ്ങനെതന്നെ തുടരുന്നു.മലയാളത്തിന്റെ പ്രിയനടനെ കുറിച്ച് മകള്‍ ശ്രീലക്ഷ്മി മാതൃഭൂമി മാതൃഭൂമി ഡോട്ട് കോമുമായി ഓര്‍മകള്‍ പങ്കു വയ്ക്കുന്നു. 

sreelakshmi2അച്ഛനെ ഓര്‍ക്കുമ്പോള്‍: സിനിമകളില്‍ മാത്രമായിരുന്നു തമാശക്കാരന്റെ മേല്‍ക്കുപ്പായം അച്ഛന്‍ അണിഞ്ഞിരുന്നത്. വീട്ടില്‍ വളരെ സീരിയസായിരുന്നു. കൊച്ചു കൊച്ചു വാശികള്‍ നടപ്പാക്കിത്തരുന്ന, ഏതു രാത്രിയിലും എന്താവശ്യം പറഞ്ഞാലും നടപ്പാക്കി തന്നിരുന്ന ആളായിരുന്നു അച്ഛന്‍.

 വാര്‍ഷികത്തിനും മറ്റും സ്‌കൂളില്‍ കൊണ്ടു വിടാന്‍ വലിയ ഇഷ്ടമായിരുന്നു അച്ഛന്. ഇടയ്ക്കിടെ എന്റെ സുഹൃത്തുക്കളെയും വിളിക്കുമായിരുന്നു. ഷൂട്ടിങ് തിരക്കില്‍നിന്ന് ഓടിയെത്തുമ്പോഴൊക്കെ പുറത്തുകൊണ്ടു പോകാനും അച്ഛന് ഇഷ്ടമായിരുന്നു. 

അച്ഛന് എന്നെക്കുറിച്ചുണ്ടായിരുന്ന സ്വപ്നം: കഴിവുണ്ടെങ്കില്‍ അഭിനയരംഗത്ത് തുടരട്ടെ എന്നായിരുന്നു അച്ഛന്റെ നിലപാട്. പക്ഷെ അഭിനയം കുടുംബത്തെയോ പഠിത്തത്തെയോ ബാധിക്കാന്‍ പാടില്ല. മകള്‍ക്കു വേണ്ടി ആരുടെ അടുത്തും ശിപാര്‍ശയുമായി പോകാനും അദ്ദേഹം തയാറായിരുന്നില്ല. എങ്കിലും മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ ഐ.എ.എസ്. എന്നറിയപ്പെടാന്‍ അച്ഛന്‍ അതിയായി ആഗ്രഹിച്ചിരുന്നു. അച്ഛന്റെ ആഗ്രഹം സഫലമാക്കാന്‍ പരാമാവധി ശ്രമിക്കും. 

അച്ഛനു ഞാന്‍ കൊടുത്ത സമ്മാനം:  ഓണത്തിനും പിറന്നാളിനും പിതൃദിനത്തിനും അച്ഛനു സമ്മാനം കൊടുക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ഓണത്തിനു സമ്മാനിച്ച നീലനിറമുള്ള ഷര്‍ട്ട് ഒന്നു രണ്ട് അഭിമുഖങ്ങളില്‍ അച്ഛന്‍ ധരിച്ചിരുന്നു. ഏറെ സന്തോഷം തോന്നി അതു കണ്ടപ്പോള്‍. 

അച്ഛന്‍ എനിക്കു തന്ന സമ്മാനം:  വരുമ്പോഴൊക്കെയും സമ്മാനങ്ങള്‍ കൊണ്ടുവരാറുണ്ടായിരുന്നു. ചോക്കലേറ്റെങ്കിലും ഇല്ലാതെ വന്നതായി ഓര്‍ക്കുന്നില്ല. 

അച്ഛനോട് പറയാനുള്ളത്:  ഗെറ്റ് വെല്‍ സൂണ്‍.. വി ആര്‍ വെയിറ്റിങ്...

അച്ഛന്റെ അഭാവം:  കരിയറില്‍ അച്ഛന്റെ പിന്തുണ വേണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. ഒരു പെണ്‍കുട്ടി ആയതിന്റെ പേരില്‍ പലരും സഹായിക്കാന്‍ മടിച്ച അവസരങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ വിചാരിക്കും അച്ഛന്‍ അടുത്തുണ്ടായിരുന്നെങ്കിലെന്ന്.

sr3
അരുവിത്തുറ സെന്റ് ജോര്‍ജ് കോളജില്‍ നടന്ന പരിപാടിയില്‍
ജഗതി ശ്രീകുമാറിനെ കാണാന്‍ ശ്രീലക്ഷ്മി എത്തിയപ്പോള്‍

കഴിഞ്ഞ വര്‍ഷം അരുവിത്തുറ സെന്റ് ജോര്‍ജ് കോളജില്‍ നടന്ന പരിപാടിയില്‍ വച്ചാണ് അച്ഛനെ അവസാനമായി ശ്രീലക്ഷ്മി കാണുന്നത്. വേദിയിലേക്ക് ഓടിക്കയറിയ ശ്രീലക്ഷ്മി ജഗതിയ്‌ക്കൊപ്പം പത്തുമിനുട്ടോളം ചെലവഴിച്ച ശേഷമാണ് തിരികെപ്പോയത്. അച്ഛനെ പിന്നീടു കാണാന്‍ ശ്രമിച്ചോയെന്ന ചോദ്യത്തിന് വിവാദങ്ങള്‍ക്കിട നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു മറുപടി.