മൂന്നാഴ്ച മാത്രമേ ആയിട്ടുള്ളൂ ഓബ്രി പിറന്നിട്ട്. അച്ഛന്റെ കൈയുറയ്ക്ക് മേല്‍ തല ചായ്ച്ച്, ഒരു ചെറുപുഞ്ചിരിയുമായി സ്വപ്‌നം കണ്ടുറങ്ങുകയാണവള്‍. പക്ഷേ കുഞ്ഞ് ഓബ്രിക്കറിയില്ലല്ലോ തന്റെ അച്ഛന്‍ ഇന്നീ ഭൂമിയിലില്ലെന്ന്. ഒരുപക്ഷേ സ്വപ്‌നത്തില്‍ ഓബ്രി അച്ഛനെ കണ്ടിരിക്കുമോ? ഫോട്ടോഗ്രാഫറായ കിം സ്റ്റോണ്‍ പകര്‍ത്തിയ ഓബ്രിഎന്ന കുഞ്ഞിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.

മോട്ടോര്‍ സൈക്കിളിനെ ഏറെ സ്‌നേഹിച്ചിരുന്നു ഫ്‌ളോറിഡ സ്വദേശിയായ ഹെക്റ്റര്‍ ഡാനിയല്‍ ഫെറര്‍ അല്‍വാരസ്. സ്ഥിരമായി ബൈക്ക് റൈഡിംഗുകളിലും മറ്റും പങ്കെടുക്കും. എന്നാല്‍ കാതറീന്‍ എന്ന സുന്ദരി മനസു കീഴടക്കിയതു മുതല്‍ ഹെക്റ്റര്‍ തന്റെ ബൈക്ക് പ്രേമത്തില്‍ അല്‍പ്പം അയവുവരുത്തുകയും കൂടുതല്‍ ശ്രദ്ധാലുവാകുകയും ചെയ്തു.

Kimstone Photography

ഏറെ താമസിയാതെ ഹെക്റ്ററിനെ ആഹ്ലാദഭരിതനാക്കി ഒരു വാര്‍ത്ത വന്നു. കാതറീന് ഒരു കുഞ്ഞുപിറക്കാന്‍ പോകുന്നു. ഇതോടെ കുഞ്ഞുണ്ടാവുന്നതിന് മുമ്പ് നിയമപരമായി വിവാഹിതരാവാന്‍ ഇരുവരും തീരുമാനിച്ചു. പക്ഷേ വിധി അവര്‍ക്കെതിരായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ സ്വന്തം സുഹൃത്തിന്റെ വെടിയേറ്റ് ഹെക്റ്റര്‍ കൊല്ലപ്പെട്ടു. സ്വന്തം കുഞ്ഞിന്റെ ഓമനമുഖം ഒരുനോക്കു കാണാനാവാതെ ഹെക്റ്റര്‍ ഈ ലോകത്തോട് വിടപറഞ്ഞു. ഇതോടെ കാതറീനും കുഞ്ഞും ഒറ്റപ്പെട്ടു.

കുഞ്ഞിനെ ബൈക്കിലിരുത്തി ഒരുപാട് ചിത്രങ്ങള്‍ പകര്‍ത്തണമെന്നായിരുന്നു ഹെക്റ്ററിന്റെ ആഗ്രഹം. ഇത് സഫലീകരിക്കുന്നതിനായി കാതറിന്‍ ഫോട്ടോഗ്രാഫറായ കിം സ്റ്റോണിനെ സമീപിച്ചു. യാത്രകളില്‍ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കിയിരുന്ന ആളായിരുന്നു ഹെക്റ്ററെന്നതിനാല്‍ അദ്ദേഹത്തിന്റെ റൈഡിംഗ് ഉപകരണങ്ങള്‍ കുഞ്ഞിന് സമീപത്തുവെച്ച് കിം സ്‌റ്റോണ്‍ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു.

'' മാലാഖമാര്‍ സ്വപ്‌നത്തില്‍ സംസാരിക്കുമ്പോഴാണ് കുഞ്ഞുങ്ങള്‍ ഉറക്കത്തില്‍ ചിരിക്കുന്നതെന്ന് പറയാറുണ്ട്. എനിക്കത് ശരിയാണെന്ന് തോന്നുന്നു.'' കിം സ്‌റ്റോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജൂണ്‍ പത്തിന് പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഇതുവരെ മൂന്ന് ലക്ഷത്തിലേറെ പേരാണ് കണ്ടത്. എണ്‍പതിനായിരത്തിലേറെ പേര്‍ ഷെയറും ചെയ്തു.

Kimstone photography

ഹെക്റ്ററുമായി നിയമപരമായുള്ള വിവാഹം കഴിയാത്തതിനാല്‍ കാതറിന് അദ്ദേഹത്തിന്റെ വിധവ എന്ന പരിഗണന ലഭിക്കില്ല. അതുകൊണ്ട് തന്നെ ഭാര്യക്കും മകള്‍ക്കും ലഭിക്കേണ്ട നിയമ സഹായങ്ങളും ലഭിക്കില്ല.  കുഞ്ഞിനെ വളര്‍ത്താനും പഠിപ്പിക്കാനുമുള്ള പണം കണ്ടെത്തുന്നതിനായി ഗോ ഫണ്ട് മീ എന്നൊരു പേജ് നിര്‍മിച്ചിരിക്കുകയാണ് ബന്ധുക്കള്‍.