ച്ഛന്‍മാരായാല്‍ ഇങ്ങനെ വേണം. കളിക്കാന്‍ വിടാത്ത അച്ഛന്‍മാരുണ്ടെങ്കില്‍ മക്കള്‍ ടീം അച്ഛാസിനെ കാണിച്ചു കൊടുക്കണം.കേരളാ ഫുട്ബോള്‍ ട്രെയിനിങ് സെന്ററില്‍ പരിശീലിക്കുന്ന മക്കളുടെ കളി കണ്ട് ഈ അച്ഛന്‍മാര്‍ക്കും കളിക്കമ്പം മൂത്തു. പ്രായംമറന്ന് ഗതകാലസ്മരണ പുതുക്കാന്‍ അവരും കളത്തിലിറങ്ങാന്‍ തീരുമാനമായി.

പരിശീലനത്തിനായി മക്കളെ കൊണ്ടുവിടുന്ന അച്ഛന്‍മാരെല്ലാം സംഘടിച്ച് ഒരു ടീമും ഉണ്ടാക്കി; ടീം 'അച്ഛാസ്'. ഇപ്പോള്‍ കോഴിക്കോട്ടെ ഒട്ടുമിക്ക പ്രാദേശിക ടൂര്‍ണ്ണമെന്റിലും ഈ അച്ഛന്‍ ടീമുണ്ട്. എന്നാല്‍ വെറും അച്ഛന്‍മാര്‍ മാത്രമല്ല ഇവരില്‍ പലരും. പഴയകാല മിന്നും ഫുട്ബോള്‍ താരങ്ങളും ഉണ്ട് ഇവര്‍ക്കിടയില്‍. ഇന്ത്യന്‍ എയര്‍ ഫോഴ്സിനായി സുധീറും ഫയര്‍ ഫോഴ്സിനായി സതീഷും ഇപ്പോഴും കളിക്കുന്നുണ്ട്. കുഞ്ഞിക്കയും ശശിയും ജിതീഷും  രാധാകൃഷ്ണനും മുന്‍ ജില്ലാ ലീഗ് താരങ്ങളായിരുന്നു.

2014 ജൂലായിലാണ് ടീം അച്ഛാസ് ദേവഗിരി കോളജില്‍ വെച്ച് രൂപീകരിച്ചത്. 150 ഓളം കുട്ടികളാണ് കെ.എഫ്.ടി.സി.യില്‍ മുന്‍ മോഹന്‍ ബഗാന്‍ താരം നിയാസ് റഹ്മാമാന്റെയും ബി.എസ്.എന്‍.എല്‍ സംസ്ഥാന ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ പ്രസാദ് വി.ഹരിദാസിന്റേയും നേതൃത്വത്തില്‍ പരിശീലിക്കുന്നത്. മക്കളുടെ പരീശീലകര്‍ക്ക് കീഴില്‍ ഈ അച്ഛന്‍മാരും ഇപ്പോള്‍ ശിക്ഷകണത്തിലാണ്. 

acha

നല്ല ആരോഗ്യത്തിന് കാല്‍പന്തിനെ സ്നേഹിക്കുക എന്ന മുദ്രാവാക്യമാണ് ഇവര്‍ ഉയര്‍ത്തുന്നത്. മാനസികവും ശാരീരികവുമായ ആരോഗ്യം ഈ കൂട്ടായ്മയിലൂടെ വളരെ അധികം ലഭിക്കുന്നുണ്ടെന്നാണ് അച്ഛാസ് അംഗങ്ങള്‍ ഒന്നടങ്കം പറയുന്നത്.അച്ഛന്‍മാരുടെ കളിക്കാണാനും പ്രോത്സാഹിപ്പിക്കാനും അമ്മമാരും മക്കളും സര്‍വ്വസമയവും ഒപ്പമുണ്ട്. ഫുട്ബോളിനപ്പുറത്തേക്ക് മറ്റു പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകാനുള്ള ഒരുക്കത്തിലാണിപ്പോള്‍ ഗിരീഷിന്റെ നേതൃത്വത്തിലുള്ള അച്ഛാസ് ടീം അംഗങ്ങള്‍.