ബുദ്ധിവൈകല്യമുള്ള മക്കളെ ബാധ്യതയായി കാണുന്ന നിരവധി മാതാപിതാക്കളുണ്ട്. എന്നാല്‍ ഏകമകന്‍ ചന്ദ്രകാന്ത് രണ്ടരവയസില്‍ ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയപ്പോള്‍ സുനിലും ഷിജിയും വിധിയെ പഴിച്ചില്ല. രാവും പകലും അവര്‍ അവനെ സ്‌നേഹിച്ചു, പരിപാലിച്ചു. ഫലമോ, അഞ്ചാം വയസ്സില്‍ ചന്ദ്രകാന്ത് ഇംഗ്ലീഷ് അക്ഷരമാല എഴുതി. ഒരു വര്‍ഷത്തിനിടെ ഹിന്ദിയും സംസ്‌കൃതവും പഠിച്ചു. ബുദ്ധിവൈകല്യമുള്ള കുട്ടികളുടെ പരിശീലനകേന്ദ്രത്തില്‍ നിന്ന് സാധാരണ കുട്ടികള്‍ക്കൊപ്പം ഏഴാം ക്ലാസില്‍ എത്തി. ഡോക്ടര്‍മാരേയും അധ്യാപകരേയും അത്ഭുതപ്പെടുത്തി കവിതകളും കഥകളും രചിച്ചു. ആറു ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന ഈ കൊച്ചുമിടുക്കന്‍ ഫാദേഴ്‌സ് ഡേയ്ക്ക് പ്രസിദ്ധീകരിക്കാന്‍ മാതൃഭൂമി ഡോട്ട് കോമിന് സമ്മാനിച്ചത് അച്ഛനെ കുറിച്ചുള്ള മനോഹരമായ ഒരു കവിതയാണ്...

Chandrakanth

അമ്മതന്‍ അമ്മിഞ്ഞ മാധുര്യം നുകര്‍ന്നവര്‍, പിതൃവാത്സല്യത്തിന്‍ ഉപ്പുമറന്നതെന്തേ, താനെ നടക്കുവാനാവതില്ലാതെ, കുഞ്ഞിക്കാലടികള്‍ വേച്ചുപതിച്ചിടുമ്പോള്‍... ചന്ദ്രകാന്ത് രചിച്ച സൂര്യകവചം എന്ന കവിതയിലെ വരികള്‍ ഇങ്ങനെ.

കോട്ടയം ജില്ലയിലെ പെരുവയില്‍ കാരിക്കോടാണ് ചന്ദ്രകാന്ത് താമസിക്കുന്നത്. ചെറിയൊരു പനിയെ തുടര്‍ന്ന് ആസ്പത്രിയില്‍ കാണിച്ചപ്പോഴാണ് മകന് ഓട്ടിസമാണെന്ന ഞെട്ടിക്കുന്ന വിവരം ഷിജിയും സുനിലും അറിയുന്നത്. തുടര്‍ന്ന് കാക്കനാട് കുസുമഗിരി മെന്റല്‍ ഹെല്‍ത്ത് സെന്ററില്‍ അവനെ ചേര്‍ത്തു. 

പിന്നീടുള്ള കാലം പ്രിയമകനുവേണ്ടി ജീവിതം പൂര്‍ണമായും ഇവര്‍ ഉഴിഞ്ഞുവെക്കുകയായിരുന്നു. അച്ഛന്‍ രാവും പകലും അധ്വാനിക്കും. അമ്മ അപ്പോഴും അവനോടൊപ്പം ഉണ്ടാകും. കഷ്ടപ്പാടുകളും പ്രാര്‍ഥനകളും വെറുതെയായില്ല. ചന്ദ്രകാന്ത് അത്ഭുതകരമായ മാറ്റങ്ങള്‍ കാണിച്ചുതുടങ്ങി.

Chandrakanth

ഇന്ന് കാരിക്കോട് കെ.എ.എം. യു.പി. സ്‌കൂളിലെ മിടുക്കനായ വിദ്യാര്‍ഥിയാണിവന്‍. സമപ്രായക്കാരെ അപേക്ഷിച്ച് ഭാഷയില്‍ മികച്ച പ്രാവീണ്യമാണ് അവന്‍ നേടിയത്. 

2013-ല്‍ മലപ്പുറത്തു നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ ചന്ദ്രകാന്തിന്റെ കവിതാസമാഹാരമായ 'മഴ' വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്തു. കോഴിക്കോട്ടെ ഓട്ടിസം ക്ലബ്ബ് 'ഗു വില്‍ നിന്ന് രു വിലേക്ക്' എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. 

ഏതാനും മാസങ്ങള്‍ക്കുമുമ്പ് ക്ലാസില്‍ അധ്യാപിക കടമനിട്ടയുടെ കവിത പഠിപ്പിക്കുന്നതിനിടെ, ലോകത്തില്‍ ഒരിടത്തും പിതാവിനെ വാഴ്ത്തി ആരും എഴുതിയിട്ടില്ല എന്ന് ചന്ദ്രകാന്ത് വിളിച്ചുപറഞ്ഞു. അടുത്ത ദിവസം അച്ഛനെ കുറിച്ചുള്ള വിശേഷങ്ങള്‍ അവന്‍ അധ്യാപികയ്ക്ക് എഴുതിക്കൊടുത്തു.

അച്ഛനാണ് ചന്ദ്രകാന്തിന്റെ ബെസ്റ്റ് ഫ്രണ്ട്. കളിക്കുന്നതും കുളിക്കുന്നതും കഴിക്കുന്നതുമെല്ലാം ഒന്നിച്ചാണ്. ചിലപ്പോള്‍ ഇതില്‍ ആരാണ് കുട്ടി എന്നുപോലും തനിക്ക് സംശയം തോന്നാറുള്ളതായി അമ്മ ഷിജി പറയുന്നു. ചന്ദ്രകാന്തിന് യാത്ര ചെയ്യാന്‍ വളരെ ഇഷ്ടമാണ്. കടല്‍ത്തീരങ്ങളില്‍ പോകാനാണ് ഏറെ ഇഷ്ടം. ചമ്രം പടിഞ്ഞേ ഇരിക്കൂ എന്നതിനാല്‍ കാറിലാണ് യാത്രകള്‍. എങ്ങോട്ട് പോകണമെന്നും ചന്ത്രകാന്ത് പറയും. 

Chandrakanth

കേരളത്തിന് അകത്തും പുറത്തുമായി ധാരാളം കാഴ്ചകള്‍ ഇതിനോടകം ചന്ദ്രകാന്ത് കണ്ടുകഴിഞ്ഞു. നാസയില്‍ പോകണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹം. മകന്റെ ആഗ്രഹങ്ങള്‍ക്ക് പണം ഒരു വിലങ്ങുതടിയാകുന്നതു കാണാന്‍ സുനിലിനാവില്ല. അതുകൊണ്ടുതന്നെ വലിയ കടബാധ്യതയാണ് ഇപ്പോള്‍ ഈ കുടുംബത്തിനുള്ളത്.

മേസ്ത്തിരിപ്പണിക്കാരനായ സുനില്‍ പകലന്തിയോളം ജോലി ചെയ്താണ് ചന്ദ്രകാന്തിന്റെ ചികിത്സക്കും മറ്റുമായുള്ള തുക കണ്ടെത്തുന്നത്. എഴുതാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ മകനൊപ്പം ഷിജി എന്നും ക്ലാസില്‍ ഇരിക്കും. ബിരുദാനന്തരബിരുദം പാസായ ഷിജി ഇപ്പോള്‍ വീണ്ടും ഏഴാം ക്ലാസില്‍ പഠിക്കുകയാണ്, ചന്ദ്രകാന്തിനൊപ്പം.
 
ചന്ദ്രകാന്തിന്റെ ഫാദേഴ്‌സ് ഡേ കവിത വായിക്കാം; അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ 9605073605 എന്ന നമ്പറില്‍ വിളിക്കാം

സൂര്യകവചം

കിഴക്കുഷസ്സില്‍ വിരിയുന്ന
സൂര്യനെ നോക്കി ഞാന്‍ നിന്ന നേരം
ഉള്ളിലോടിയെത്തുന്നമൃതേത്തുപോല്‍
സ്വച്ഛന്ദമായൊരു പുത്രസ്‌നേഹം
എങ്ങും തെളിഞ്ഞില്ലൊരു ലിഖിതമെങ്കിലും
താതന്റെ നോവിനെ ചേര്‍ത്തുകൊണ്ട്
ചുണ്ടിലൂറില്ലൊരുതാരാട്ടുപോലും
താതന്റെ പേര്‍ചൊല്ലി പൊന്‍കിടാവേ
അമ്മതന്‍ അമ്മിഞ്ഞ മാധുര്യം നുകര്‍ന്നവര്‍
പിതൃവാത്സല്യത്തിന്‍ ഉപ്പുമറന്നതെന്തേ
താനെ നടക്കുവാനാവതില്ലാതെ
കുഞ്ഞിക്കാലടികള്‍ വേച്ചുപതിച്ചിടുമ്പോള്‍
അച്ഛനരികത്തു നീട്ടുന്ന തന്റെ
വാത്സല്യത്തിന്റെ പാദമുദ്ര
ഉണ്ണിവിരലുകള്‍ മെല്ലെത്തെരുപ്പിടിച്ചു-
മ്മറക്കോലായില്‍ ചെന്നുനില്‍ക്കേ
കൈകാലുകള്‍ കുത്തിച്ചുപെട്ടന്ന്
വമ്പനായുള്ളൊരു കൊമ്പനായി
മാറില്‍പ്പറ്റിക്കിടന്നു ഞാനറിയുന്നു
കേള്‍ക്കാത്തൊരീണമായ് ഉണര്‍ത്തുപാട്ട്
കണ്ണൊന്നെഴുതില്ലന്റെച്ഛനൊരിക്കലും
കണ്ണിനെ തെറ്റാതെ കാത്തുവച്ചു.
കണ്ണേറൊന്നേല്‍ക്കാതെ കരിമഷി തേച്ചില്ല
സൂര്യകവചം പോല്‍ പൊതിഞ്ഞുനിന്നു
ചാരെ വിരിയും അമ്പിളിപ്പൂ കണ്ട്
മാമൂട്ടി എന്നെ ഉറക്കിയില്ല
അത്താഴമുണ്ണുവാന്‍ വറ്റൊന്നുവാരുവാന്‍
മണ്‍കലം നിറയെ വിത്തൊരുക്കി
എന്നും വിരിയുന്ന ആഘോഷപ്പൂമരം പോല്‍നീ
എന്നു ഞാനറിയുന്നു എന്‍ പിതാവേ
കര്‍ക്കിടകമാടിത്തിമിര്‍ക്കുന്ന നേരത്തും
തൊടിയിലോടിനടക്കുന്ന നിന്നുടെ
മകുടമായ് മാറുന്ന ചെങ്കദളിത്തോപ്പും
എന്നുമെന്നുള്ളില്‍ നിറയുന്നു താത
താരാട്ടിനേക്കാള്‍ പകിട്ടാര്‍ന്ന നിന്നുടെ
ഉപ്പളമായൊരീപ്പൂവദനം
പൊക്കിള്‍ക്കൊടിയേക്കാള്‍
സുദൃഢമായ നിന്‍ നെഞ്ചിലെ 
വാത്സല്യമാര്‍ന്നൊരീ തേന്‍കവചം
എത്രമൊഴിഞ്ഞാലുമധികമാവില്ല നിന്‍
ആത്മസമര്‍പ്പണമെന്‍ പിതാവേ