ദയനീയതയുടെ ഈ മുഖങ്ങള്‍ സെക്രട്ടറിയേറ്റിനു മുന്നിലെ നിരത്തില്‍ പട്ടിണിയിരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളേറെയായി. മണിക്കൂറുകള്‍ ഇടവിട്ട് സെക്രട്ടറിയേറ്റിന്റെ മുന്നിലൂടെ അധികാരികളുടെ കാറുകള്‍ ചീറിപ്പാഞ്ഞു കൊണ്ടിരുന്നിട്ടും എന്തു കൊണ്ട് ഇന്നും സമരം തുടരുന്നു?  എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം ഒത്തുത്തീര്‍പ്പാക്കാന്‍ കഴിയാതെ വരുന്നത് പൊതുസമൂഹത്തിന്റെ ഇടപെടലുകള്‍ അതിനില്ലാതെ പോയതുകൊണ്ടാണോ?   വികലമായ ജീവിതം ആ കുഞ്ഞുങ്ങള്‍ക്കു സമ്മാനിച്ചതില്‍ കേരളത്തിന്റെ മനസ്സാക്ഷിക്കും ഒരു പങ്കില്ലേ?  സോളാറിലും ബാറിലും ഇതൊക്കെ പരത്തുന്ന വിഷമയമായ രാഷ്ട്രീയത്തിലും കുരുങ്ങാന്‍ മാത്രമാണോ നമ്മുടെ സാമൂഹികചരിത്രം നമ്മെ പഠിപ്പിച്ചിട്ടുള്ളത്?

വന്‍കിട കമ്പനികളുടെ ലാഭക്കൊതി തട്ടിയെടുത്ത അവരുടെ ജീവിതം നമുക്ക് തിരിച്ച് നല്‍കാന്‍ കഴിയില്ല. പക്ഷേ, അവര്‍ക്കായി മനുഷ്യാവകാശ കമ്മീഷന്‍ അനുവദിക്കുന്ന സഹായങ്ങളെങ്കിലും ആ കുഞ്ഞിക്കൈകളിലേക്ക്  എത്തിക്കാന്‍ കഴിയേണ്ടതല്ലേ?  വിഷമഴ പെയ്ത ഭൂമിയില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ഓരോ എന്‍ഡോസള്‍ഫാന്‍ ഇരയേയും കാത്തിരിക്കുന്നത്  ചികിത്സാ ചിലവിന്റെ ഭാരിച്ച കണക്കുകളും, തിരിച്ചടയ്ക്കാനുളള ബാങ്ക് പലിശാ കുറിപ്പുകളും, എല്ലാത്തിനുമപ്പുറം ശിഷ്ടജീവിതത്തിന്റെ തീരാവേദനയുമാണ്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക്് പൂര്‍ണ പുനരധിവാസവും നഷ്ടപരിഹാരവും നല്‍കണമെന്ന ആവശ്യത്തിന് കരിനീഴല്‍ വീഴുമ്പോള്‍ ആഹ്ലാദിക്കുന്നത് വന്‍കിട കീടനാശിനി കമ്പനികളാണ്. എന്‍ഡോസള്‍ഫാന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടപ്പോള്‍, ദുരിതബാധിതര്‍ക്ക് സഹായം നല്‍കരുതെന്ന ആവശ്യവുമായി കേസ് നടത്തുന്ന കമ്പനികള്‍ക്ക്് അത് അനുകൂല സാഹചര്യമായി. എന്‍ഡോസള്‍ഫാന്‍ തളിച്ച പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, ഉത്പാദിപ്പിച്ച കമ്പനി, കീടനാശിനിയുടെ ദൂഷ്യഫലങ്ങളറിഞ്ഞിട്ടും മരുന്ന് തെളിക്കാന്‍ നിര്‍ദ്ദേശിച്ച ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രതിയാക്കി വിചാരണ ചെയ്യാന്‍ അധികാരമുളള സ്വതന്ത്ര ട്രൈബ്യൂണലാണ് വേണ്ടതെന്ന കാസര്‍കോടിന്റെ ആവശ്യമാണ് ആ ഹൈക്കോടതി വിധിയില്‍ ഒഴുകിപ്പോയത്.

കീടനാശിനി നിയമപ്രകാരം നിര്‍മാണക്കമ്പനിയില്‍നിന്ന് നഷ്ടപരിഹാരം ലഭിക്കുന്നതിന് ഒട്ടേറെ കടമ്പകളുണ്ടെന്നാണ് ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ്. സി.എന്‍.രാമചന്ദ്രന്‍ നായര്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ എന്‍ഡോസള്‍ഫാന്‍ നിര്‍മാതാക്കളായ കമ്പനിക്കെതിരെ കേസുകൊടുത്താല്‍ നിലനില്ക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ ഉത്തരവിന്റെ സാധുതയ്‌ക്കെതിരെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ പ്രതി ചേര്‍ത്തും കീടനാശിനി കമ്പനി ഹെക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. പെസ്റ്റിസൈഡ്‌സ് മാനുഫാക്ചറേഴ്‌സ് ആന്‍ഡ് ഫോര്‍മുലേഷന്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യക്കുവേണ്ടി പ്രസിഡന്റ് പ്രദീപ് പി.ദേവെ ആണ് കേസ് ഫയല്‍ചെയ്തത്.

2010 ഡിസംബറില്‍ കാസര്‍കോട് സന്ദര്‍ശിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ ശുപാര്‍ശ ചെയ്ത സാമ്പത്തികസഹായം, പുനരധിവാസം, പെന്‍ഷന്‍ എന്നിവയ്ക്കായി ഒരുകൂട്ടം ദുരിതബാധിതര്‍ നിരത്തിലിരുന്നു കണ്ണീര്‍ വാര്‍ക്കവെ മറുവശത്ത് നിയമ വ്യവസ്ഥയില്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തെ ചോദ്യം ചെയ്ത് ഒരു പ്രദേശത്താകെ വിഷം പാകിയ വന്‍കിട ശക്തികള്‍ അവര്‍ക്കനുകൂലമായ വിധി നേടുന്നു. 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ക്കാന്‍ വേണ്ടി കഴിഞ്ഞ മാസം ചേര്‍ന്ന യോഗം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ബുധനാഴ്ച വീണ്ടും യോഗം ചേരാന്‍ തീരുമാനമായി. ഇത്രയും ഗൗരവമായ ഒരു പ്രശ്‌നം വിശകലനം ചെയ്യാനായി നടത്തിയ ചര്‍ച്ചയ്ക്കായി പ്രാഥമി ഒരുക്കങ്ങള്‍ പോലും നടത്തിയില്ലെന്നും സഹായം നല്‍കാനുളളവരുടെ പേരുകള്‍ പോലും ഉദ്യോഗസ്ഥരുടെ പക്കലില്ലെന്ന  ആരോപണവും ഉയര്‍ന്നിരുന്നു. 5887 പേര്‍ ലിസ്റ്റില്‍ ഉണ്ടെങ്കിലും 5227 പേര്‍ മാത്രമേ ഉള്ളൂ എന്ന തെറ്റായ കണക്കാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്.  ലിസ്റ്റില്‍ ഉളളവരില്‍ തന്നെ മൂവായിരത്തോളം പേര്‍ക്ക്  മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ച സഹായങ്ങളും ഇതുവരെ കൊടുത്തിട്ടില്ല. 

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ 2010 ഡിസംബറില്‍ ശുപാര്‍ശ ചെയ്ത അടിയന്തരസഹായം നല്‍കുക, പുനരധിവാസം ശാസ്ത്രീയമായി നടപ്പിലാക്കുക, ദുരിത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുക, ബാങ്ക് ജപ്തിയില്‍നിന്ന് രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജനവരി 26ന്  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സമരം ആരംഭിച്ചത്. കാസര്‍കോട് ജില്ലയിലെ 11 പഞ്ചായത്തുകളില്‍ നിന്നും കുട്ടികള്‍ അടക്കമുളള 108 ദുരിതബാധിതരാണ് സമരത്തിലുളളത്. ചെറിയ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ റോഡരികില്‍ രാപ്പകല്‍ തുടരുന്ന സമരം എന്തുകൊണ്ടാണ് ഇത്ര അപ്രസക്തമായിപ്പോകുന്നത്?  ദുരിത ബാധിതര്‍ക്കാവശ്യമായ മരുന്നിന്റെ  ലഭ്യത പോലും ഉറപ്പുവരുത്താന്‍ ഇപ്പോഴും സര്‍ക്കാറിന് കഴിയുന്നില്ല.   

സമരം പുരോഗമിക്കവെ വളരെ നല്ല പ്രതികരണവുമായാണ് സഹകരണബാങ്കുകള്‍ മുന്നോട്ട് വന്നത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുമേല്‍ ബാങ്കുകള്‍ ഇടയ്ക്കിടെ പുറത്തിറക്കുന്ന ജപ്തി ഭൂതം കുപ്പിയിലായി..  ദുരിതബാധിതര്‍ക്കുവേണ്ടി സര്‍ക്കാര്‍ നല്‍കുന്ന വായ്പാ തുകയുടെ പലിശ ബാങ്ക് വഹിക്കണമെന്ന  ഉത്തരവ് ഇറങ്ങിയോടെയാണിത്. കടങ്ങള്‍ക്കുമേല്‍ മൊറട്ടോറിയം നീട്ടുന്ന സര്‍ക്കാര്‍ ഉത്തരവ് വരാതാകുമ്പോഴാണ് ബാങ്കുകള്‍ ജപ്തി നോട്ടീസ് അയക്കാറ്. ഇനിയതുണ്ടാവില്ല.

നഷ്ടങ്ങള്‍ സഹിച്ചാണെങ്കിലും ജില്ലയിലെ സഹകരണ ബാങ്കുകള്‍ കൂടി പലിശ ഒഴിവാക്കുമ്പോള്‍ ദുരിത നിലവിളികള്‍ കുറയും. കാസര്‍കോട് ജില്ലയിലെ ദേശസാല്‍കൃത, സഹകരണ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത 1191 ദുരിതബാധിതരാണ് ആദ്യഘട്ട പട്ടികയിലുളളത്. രണ്ടു ലക്ഷത്തിലധികം കടബാധ്യതകളുളള 267 പേരുണ്ട്. 50,000 രൂപവരെ കടബാധ്യതയുളള 591 പേരുടെയും 50,001 മുതല്‍ രണ്ടുലക്ഷം വരെ കടമുളള 333 പേരുടെയും അപേക്ഷകളാണ് കടാശ്വാസക്കമ്മിറ്റി തീര്‍പ്പാക്കിയത്.

കണ്ണു കീറാത്ത, വിസര്‍ജിക്കാന്‍ കഴിയാത്ത കുഞ്ഞുങ്ങളെ പെറ്റ് വേദന തിന്നുകഴിയുന്ന അമ്മമാര്‍ ഇന്ന്് സെക്രട്ടറിയേറ്റിനു മുന്നില്‍ പൊരിവെയിലില്‍ പട്ടിണികിടക്കുകയാണ്...നീതിനിഷേധത്തിന്റെ പുറകിലെ കൈകള്‍ രാഷ്ട്രീയത്തിന്റേതാണെങ്കിലും കോര്‍പ്പറേറ്റുകളുടേതാണെങ്കിലും കേരളം പോലൊരു സംസ്ഥാനത്തിന്റെ മനഃസാക്ഷിയെ ചോദ്യം ചെയ്യുന്ന ഇത്തരം ക്രൂരമായ സമീപനം ഇനിയെങ്കിലും ആവര്‍ത്തിക്കപ്പെടരുത് .അങ്ങകലെ വിഷം തീണ്ടിയ ഗ്രാമത്തില്‍ കണ്ണീരിന്റെ നനവൂറിയ കണ്ണുകളുമായി വര്‍ഷങ്ങളായി ഉറങ്ങാതിരിക്കുന്ന ഒരായിരം അമ്മമാരെ ഓര്‍ത്തെങ്കിലും കണ്ണുതുറക്കട്ടെ കനിയേണ്ടവര്‍. വഴിയോരത്ത് വെയിലേറ്റ് തങ്ങള്‍ക്ക് ലഭിക്കേണ്ട നീതി പോലും നിഷേധിക്കപ്പെട്ട് സമരം ചെയ്യുന്ന അവര്‍ക്കായി ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ നാളത്തെ തലമുറ ഒരിക്കലിതറിയുമ്പോള്‍ മനുഷ്യത്വത്തിന്റെ പേരില്‍ നമ്മളെ പഴിച്ചേക്കാം. 

ഉണരൂ, കേരളമേ ഉണരൂ. ആശിക്കാന്‍ പോലുമറിയാത്ത ഈ ദുരന്തജീവിതങ്ങള്‍ക്ക് അല്‍പ്പമെങ്കിലും കരുണ പകരൂ.

 

'എന്‍ഡോസള്‍ഫാന്‍: നഷ്ടപരിഹാരത്തിന് ട്രൈബ്യൂണല്‍ അനിവാര്യം'


എന്‍ഡോസള്‍ഫാന്‍ ബാധിത മേഖലയില്‍ പരിശോധന നടത്തി നല്‍കിയ റിപ്പോര്‍ട്ടിലെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് 2010ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇരകള്‍ക്ക് ദുരിതാശ്വാസ സഹായത്തിനു പുറമെ ശരിയായ പുനരധിവാസം ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചത്. 1992ലെ റിയോ ഭൗമ ഉച്ചകോടിയിലെ പ്രഖ്യാപനത്തിന്റെ 15ാം അനുഛേദത്തില്‍ പറയുന്നതുപോലുള്ള ദൂരവ്യാപക പ്രത്യാഘാതമുള്ള ദുരന്തത്തിനാണ് കാസര്‍കോടന്‍ മേഖല ഇരയായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ ചെയര്‍മാനായ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ പുനധിവാസദുരിതാശ്വാസ പ്രവര്‍ത്തനം നടത്തണമെന്ന് നിര്‍ദേശിച്ചത് റിയോ ഉടമ്പടിയുടെ കൂടി അടിസ്ഥാനത്തിലാണ്.

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തില്‍ നഷ്ടപരിഹാരത്തിന് ട്രൈബ്യൂണല്‍ സ്ഥാപിക്കുകയെന്നത് സ്വാഭാവിക നീതി മാത്രമാണെന്ന് എന്‍ഡോസള്‍ഫാനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളും വ്യക്തികളും അഭിപ്രായപ്പെടുന്നു.

ലീലാകുമാരിയമ്മ

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തില്‍ ഇരകള്‍ക്ക് സാന്ത്വന ദുരിതാശ്വാസം മാത്രമല്ല, നിയമപരമായ നഷ്ടപരിഹാരം നല്‍കിയേ തീരൂ എന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടത്തിന്റെ നായിക ലീലാകുമാരിയമ്മ പറഞ്ഞു. എന്‍ഡോസള്‍ഫാനെക്കുറിച്ച് തൊണ്ണൂറുകളുടെ തുടക്കത്തില്‍ത്തന്നെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന് മുന്നറിയിപ്പ് നല്‍കി. 1993ല്‍ കേസ് കൊടുത്തു. ആ നിയമസമരത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ കേസില്‍ കുടുക്കി പോലീസ് സ്റ്റേഷനില്‍ കയറ്റുകയും പലതരത്തില്‍ വേട്ടയാടുകയുമാണവര്‍ ചെയ്തത്. എന്നിട്ടും എന്‍ഡോസള്‍ഫാന്‍ വര്‍ഷിക്കുന്നത് നിയമപരമായി തടഞ്ഞുകൊണ്ടുള്ള കോടതിവിധി നേടാന്‍കഴിഞ്ഞു, 2000ല്‍.

എന്‍ഡോസള്‍ഫാന്‍ കാരണം മരിച്ചവരുടെ കുടുംബത്തിനും രോഗികളായവര്‍ക്കും നിയമപരമായ നഷ്ടപരിഹാരം നല്‍കണം. അതിന് ട്രൈബ്യൂണല്‍ രൂപവത്കരിക്കണം. ദുരിതാശ്വാസ സഹായം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികള്‍ തൃപ്തികരമാണ്. അതുപോരാ, നഷ്ടപരിഹാരം വേറെത്തന്നെ കൊടുക്കണം.

 

ഡോ. വൈ.എസ്. മോഹന്‍കുമാര്‍

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ദുരിതാശ്വാസസഹായത്തിനു പുറമെ മതിയായ നഷ്ടപരിഹാരവും നല്‍കണമെന്ന് എന്‍ഡോസള്‍ഫാനെക്കുറിച്ച് നേരത്തേ മുന്നറിയിപ്പ് നല്‍കിയ ഡോ. വൈ.എസ്. മോഹന്‍കുമാര്‍ പറഞ്ഞു. നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കലാണ് ഫലപ്രദമെങ്കില്‍ അത് വേണം. നിലവിലുള്ള ദുരിതാശ്വാസ സഹായവിതരണവും ചികിത്സാ സംവിധാനവും കുറ്റമറ്റ നിലയില്‍ തുടരണം. 


എം.എ.റഹ്മാന്‍

എന്‍ഡോസള്‍ഫാന്‍ കാരണം മരിച്ചവരുടെ കുടുംബത്തിനും മറ്റ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കും നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. റിയോ ഉച്ചകോടിയുടെ പ്രഖ്യാപനത്തിലെ നിര്‍ദേശം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ നല്‍കിയത്. മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷവും കിടപ്പിലായ രോഗികള്‍ക്ക് മൂന്നു ലക്ഷവും  നല്‍കാന്‍ നിര്‍ദേശിച്ചത് ദുരിതാശ്വാസമായാണ്. റിയോ പ്രഖ്യാപനപ്രകാരം അടുത്തഘട്ടം നഷ്ടപരിഹാരമാണ്. നഷ്ടപരിഹാരം നിശ്ചയിക്കണമെങ്കില്‍ ട്രൈബ്യൂണല്‍ അനിവാര്യമാണ്. 1995 മുതല്‍ 2012 വരെ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ നടന്നുവന്ന വിവിധ രൂപത്തിലുള്ള സമരങ്ങളില്‍ ഈ ആവശ്യമുണ്ടായിരുന്നു. ദുരിതാശ്വാസ സഹായത്തില്‍ തീരുന്നതല്ല അത്. 

ഡോ. അംബികാസുതന്‍ മാങ്ങാട്

രാജ്യത്തുണ്ടായ ഏറ്റവുംവലിയ ഭരണകൂട ഭീകരതയിലൊന്നാണ് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം. നൂറുകണക്കിനാളുകളെ കൊലചെയ്യുകയും ആയിരക്കണക്കിനാളുകളെ നിത്യദുരിതത്തിലാക്കുകയും ചെയ്ത സമാനതകളില്ലാത്ത ക്രൂരത. എന്‍ഡോസള്‍ഫാന്‍ കാരണം മരിച്ചവരുടെ കുടുംബത്തിനും രോഗികളായവര്‍ക്കും നഷ്ടപരിഹാരം നല്‍കിയേ തീരൂ. സര്‍ക്കാരിന് പണച്ചെലവുണ്ടെന്നതിനാല്‍ ഒഴിവാക്കാവുന്നതല്ല നഷ്ടപരിഹാരം. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്നത് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിലെ തുടക്കം മുതലേയുള്ള ആവശ്യമാണ്.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ച താത്കാലികാശ്വാസ നടപടികള്‍ പോലും ഭാഗികമായേ നടപ്പാക്കിയിട്ടുള്ളു. നഷ്ടപരിഹാരത്തിന് ട്രൈബ്യൂണല്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവരണം.

കെ.കെ.അശോകന്‍

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ച മുഴുവന്‍ ആനുകൂല്യങ്ങളും ലഭ്യമാക്കണം. ട്രൈബ്യൂണല്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള സാധ്യത പരിശോധിക്കുകയാണെന്ന് ഈ ആവശ്യമുന്നയിച്ച് ഹൈക്കടോതിയില്‍ ഹര്‍ജി നല്‍കിയ പൊതുപ്രവര്‍ത്തകനായ കെ.കെ.അശോകന്‍ പറഞ്ഞു. അശോകന്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരാകരിച്ചിരുന്നു.