kavyaകാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ ജില്ലാ ഭരണകൂടവുമായി കൈകോര്‍ത്ത് ചലച്ചിത്രതാരം കാവ്യാമാധവന്‍. എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ ചികിത്സാനിധിയിലേക്ക് ഒരുലക്ഷം രൂപയാണ് കാവ്യ കൈമാറിയത്. പ്രസ്‌ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ കളക്ടര്‍ പി.എസ്.മുഹമ്മദ്‌സഗീര്‍ തുക ഏറ്റുവാങ്ങി.
ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കണമെന്ന് ആഗ്രഹിക്കുകയാണെന്നും പിന്നീട് കുടുംബസുഹൃത്ത് കൂടിയായ നീലേശ്വരം നഗരസഭാധ്യക്ഷന്‍ പ്രൊഫ. കെ.പി.ജയരാജനുമായി ആലോചിച്ചാണ് ജില്ലാ ഭരണകൂടത്തെ ഏല്പിക്കാമെന്ന തീരുമാനമെടുത്തതെന്നും കാവ്യ പറഞ്ഞു.
കാസര്‍കോടിന്റെ അഭിമാനമായ കാവ്യയുടെ സഹായധനം മാതൃകാപരമാണെന്ന് കളക്ടര്‍ പറഞ്ഞു. പ്രൊഫ. കെ.പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. എ.ഡി.എം. എച്ച്.ദിനേശ്, എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടി കളക്ടര്‍ ഡോ. പി.കെ.ജയശ്രീ, ഫിനാന്‍സ് ഓഫീസര്‍ കുഞ്ഞമ്പു നമ്പ്യാര്‍, പ്രസ് ക്ലബ് പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവര്‍ സംസാരിച്ചു.