കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ദുരിതാശ്വാസസഹായത്തിനുപുറമെ ലഭിക്കേണ്ട നഷ്ടപരിഹാരത്തിനുള്ള സാധ്യത ഇല്ലാതാകുന്നു. നഷ്ടപരിഹാരത്തിന് ട്രൈബ്യൂണല്‍ സ്ഥാപിക്കേണ്ടതില്ലെന്നുള്ള ഹൈക്കോടതിവിധിയാണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വിനയായിരിക്കുന്നത്. മരിച്ചവരുടെ കുടുംബത്തിനും നിത്യരോഗികള്‍ക്കും നഷ്ടപരിഹാരം നല്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തൃപ്തികരമാണെന്നും ഹൈക്കോടതി വിധിയിലുണ്ട്. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ട്രൈബ്യൂണല്‍ രൂപവത്കരിക്കണമെന്ന് ദേശീയ മനുഷ്യാവകാശക്കമ്മീഷനാണ് ശുപാര്‍ശചെയ്തിരുന്നത്. ഇതാണ് ഹൈക്കോടതിവിധിയോടെ ഫലത്തില്‍ അസാധുവായത്.
എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയമുന്നണി നടത്തിയ സമരത്തില്‍ സര്‍ക്കാരുമായി ചില ഒത്തുതീര്‍പ്പുകളുണ്ടാക്കിയിരുന്നു. അത് പാലിക്കണമെന്നാവശ്യപ്പെട്ട് സംഘടന ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ട്രൈബ്യൂണല്‍ വൈകുന്നതിനെതിരെ മറ്റൊരാള്‍ നല്കിയ ഹര്‍ജിയുള്‍പ്പെടെ മറ്റു ചില ഹര്‍ജികളും ഹൈക്കോടതി പരിഗണിച്ചു. ഇതിലാണ് സര്‍ക്കാര്‍ നടപടികള്‍ തൃപ്തികരമാണെന്നും ട്രൈബ്യൂണല്‍ ആവശ്യമില്ലെന്നും ഡിവിഷന്‍ ബെഞ്ച് വിധിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ ട്രൈബ്യൂണല്‍ ആവശ്യത്തെ നിരാകരിക്കുകയും കോടതി അത് അംഗീകരിക്കുകയുമാണുണ്ടായിരിക്കുന്നത്.
മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് കെ.ജി.ബാലകൃഷ്ണന്‍ ചെയര്‍മാനായിരിക്കെ 2010 ഡിസംബര്‍ !31-ന് നല്കിയ ശുപാര്‍ശയിലാണ് നഷ്ടപരിഹാരം ലഭ്യമാക്കേണ്ടത്. ഇത് നിയമപരമായ ഉത്തരവാദിത്വമാണെന്നും ഇത് നിശ്ചയിക്കാന്‍ ട്രൈബ്യൂണല്‍ രൂപവത്കരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപയും നിത്യരോഗികളായവര്‍ക്ക് മൂന്നുലക്ഷം രൂപയും ദുരിതാശ്വാസമെന്ന നിലയില്‍ അടിയന്തരസഹായമായി നല്കാനും നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശംതന്നെ സംസ്ഥാന സര്‍ക്കാര്‍ ഭാഗികമായേ നടപ്പാക്കിയിട്ടുള്ളൂ. പുനരധിവാസ നടപടിയാണെങ്കില്‍ ഇഴഞ്ഞുനീങ്ങുകയുമാണ്.
പ്രകൃതിദുരന്തങ്ങളിലും വാഹനാപകടങ്ങളിലുമൊക്കെ ചെയ്യുന്നതുപോലുള്ള ദുരിതാശ്വാസസഹായത്തെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ കാര്യത്തില്‍ നഷ്ടപരിഹാരമായി വ്യാഖ്യാനിക്കുന്നതാണ് പ്രശ്‌നം.
കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ഏജന്‍സിയാണ് ദുരന്തകാരണം എന്‍ഡോസള്‍ഫാന്‍ വര്‍ഷിച്ചതാണെന്ന് റിപ്പോര്‍ട്ടുചെയ്തിരുന്നത്. ഇതുകൂടി പരിഗണിച്ചാണ് പുനരധിവാസ നടപടികള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരുപോലെ ഉത്തരവാദിത്വമുണ്ടെന്ന് മനുഷ്യാവകാശക്കമ്മീഷന്‍ ചൂണ്ടിക്കാട്ടിയത്.
ദുരിതാശ്വാസമായി താത്കാലികമായ ചില നടപടികളിലൂടെ ചെയ്യേണ്ടതെല്ലാമായെന്ന് സര്‍ക്കാര്‍ നിലപാടെടുക്കുമ്പോള്‍ ഇരകളും അവരുടെ കുടുംബങ്ങളും നിരാശരാവുകയാണ്.