തിരുവനന്തപുരം: എന്‌ഡോസള്ഫാന് വിരുദ്ധ സമരസമിതിയുടെ ആവശ്യങ്ങള് പൂര്ണമായും സര്ക്കാര് അംഗീകരിച്ചു. കാസര്‍കോട്ടെ ദുരന്തബാധിതരെ അണിനിരത്തി എട്ടുദിവസമായി സെക്രട്ടേറിയറ്റ് പടിക്കല് നടത്തിവന്ന പട്ടിണിസമരം പിന്‍വലിച്ചു.
    
നേരത്തേ ഒഴിവാക്കപ്പെട്ട 610 പേരെക്കൂടി ഉള്‌പ്പെടുത്തി  ദുരിതബാധിതരുടെ എണ്ണം 5837 ആയി നിശ്ചയിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇവരുടെ കടം എഴുതിത്തള്ളിയതായും ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ശുപാര്ശ ചെയ്തതിനേക്കാള്‍  നഷ്ടപരിഹാരം വര്ധിപ്പിച്ചതായും മുഖ്യമന്ത്രി സമരസമിതി ഭാരവാഹികളെ അറിയിച്ചു. സംയുക്ത സമരസമിതിയുമായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്റെ സാന്നിധ്യത്തില് നടത്തിയ ചര്ച്ചയ്ക്കുശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 

എന്‌ഡോസള്ഫാന് ഇരകളെ മൂന്നായി തിരിച്ച് സഹായധനം നല്കണമെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന് നിര്‌ദേശിച്ചത്; കിടപ്പിലായവര്, ബുദ്ധിമാന്ദ്യം സംഭവിച്ചവര്, മറ്റ് ശാരീരിക വൈകല്യങ്ങളുള്ളവര് എന്നിങ്ങനെ. ഇതില് ശാരീരികവൈകല്യം എന്ന വിഭാഗത്തില് മാറ്റംവരുത്തി 'മറ്റ് രോഗങ്ങള്' എന്നാക്കിക്കൊണ്ടാണ് സഹായധനം വര്ധിപ്പിക്കുന്നത്. 

ഇതോടെ കൂടുതല് പേര്ക്ക് സഹായധനം ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൈകല്യങ്ങള് സംഭവിച്ചവര്‌ക്കെല്ലാം മൂന്നുലക്ഷം രൂപ വീതം നല്കും. ഇതിനുപുറമേ രോഗം ബാധിച്ചവരെ മൂന്നുവിഭാഗമായി തിരിക്കും. കഠിനമായ രോഗം ബാധിച്ചവര്ക്ക് മൂന്നുലക്ഷവും ബാക്കിയുള്ളവര്ക്ക് ഒരു ലക്ഷം മുതല് രണ്ടുലക്ഷം വരെയും നല്കും. ഇത് നിശ്ചയിക്കാന് ഡോ. ജയരാജ്, ഡോ. അഷ്‌റഫ്, ഡോ. മുഹമ്മദ് അഷീല് എന്നിവരടങ്ങിയ മൂന്നംഗ സമിതിയെ നിയോഗിച്ചു.

ദുരിതബാധിതരെ പഞ്ചായത്തടിസ്ഥാനത്തില് വേര്തിരിക്കേണ്ടെന്ന് തീരുമാനമായി. നേരത്തേ 11 പഞ്ചായത്തുകള്ക്ക് മാത്രമായി നിശ്ചയിച്ച ദുരിതാശ്വാസ പാക്കേജ് കാസര്‌കോട് ജില്ലയിലെമ്പാടും വ്യാപിപ്പിക്കും.     കടം എഴുതിത്തള്ളാന് പത്തുകോടിയോളം നീക്കിവെച്ചിട്ടുണ്ട്. അടുത്ത തിങ്കളാഴ്ച മുതല് ഇവരുടെ കടബാധ്യത ഇല്ലാതാക്കാനുള്ള പണം ബാങ്കുകള്ക്ക് കൈമാറും.

 ബഡ്‌സ് സ്‌കൂളുകള് എയ്ഡഡ് ആക്കാന് മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ദുരന്തബാധിതമേഖലയില് ഈ മാസം 25 മുതല് അഞ്ച് മെഡിക്കല്ക്യാമ്പുകള് നടത്തും. മേഖലയിലെ ഡോക്ടര്മാരുടെ കുറവ് നികത്തും. ഇതിനായി ഡോക്ടര്മാര്ക്ക് 20,000 രൂപ അധിക വേതനമായി പ്രഖ്യാപിച്ചു. ദുരിതബാധിതര്ക്കായി ഇതുവരെ 104 കോടി രൂപ ചെലവഴിച്ചു. ഇതില് 53 കോടി രൂപ പ്ലാന്റേഷന് കോര്പ്പറേഷനും ബാക്കി സര്ക്കാറുമാണ് നല്കിയത്. ഇവ കൂടാതെ 44 കോടി രൂപ പെന്ഷനായും നല്കി.  
    
ദുരിതബാധിതരെ ലക്ഷ്യമിട്ടുള്ള മെഡിക്കല്‌കോളേജിന്റെ നിര്മാണം പുരോഗമിക്കുന്നു. ഇതിനാവശ്യമുള്ള ഫണ്ടുണ്ടെന്നും പണി മുടങ്ങില്ലെന്നും മന്ത്രി വി.എസ്.ശിവകുമാര് അറിയിച്ചു.    എന്‌ഡോസള്ഫാന് സമരസമിതിക്കുവേണ്ടി അമ്പലത്തറ കുഞ്ഞികൃഷ്ണന്, അംബികാസുതന് മാങ്ങാട്, ദുരന്തത്തിന്റെ ഇരകൂടിയായ മുനീസ അമ്പലത്തറ എന്നിവര് സംസാരിച്ചു. മുഖ്യമന്ത്രിയുടെ കോണ്ഫറന്‌സ്ഹാളില് നടന്ന ചര്ച്ചയില് മന്ത്രി കെ.പി.മോഹനന്, ഡോക്ടര്മാര്, ഉദ്യോഗസ്ഥര് എന്നിവരും പങ്കെടുത്തു.


ചര്ച്ചയ്ക്കുശേഷം സെക്രട്ടേറിയറ്റ് പടിക്കലെ എന്‌ഡോസള്ഫാന് സമരപ്പന്തലില് എത്തിയ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനെ ആരവത്തോടെയാണ് സമരക്കാര് സ്വീകരിച്ചത്.