സ്ഥാവര കാര്‍ബണിക മാലിന്യകാരികള്‍ ((POPs) എങ്ങനെ മനുഷ്യജീവനും ആഗോള പരിസ്ഥിതിക്കും ഹാനികരമാവുന്നു എന്ന തിരിച്ചറിവാണ് 1990-കളുടെ മധ്യത്തില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കംകുറിച്ചത്. 1995-ല്‍ UNEPയുടെ ഗവേണിങ് കൗണ്‍സില്‍ യോഗംചേര്‍ന്ന് രാസപദാര്‍ഥങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സംഘടനകളുടെ സഹകരണത്തോടെ 'പോപ്‌സി'ല്‍ ഉള്‍പ്പെട്ട 136 ഇനം രാസവസ്തുക്കളുടെ പട്ടിക തയ്യാറാക്കി. ഇതില്‍ അടിയന്തര ശ്രദ്ധപതിയേണ്ടതും ഏറ്റവും അപകടകാരികളുമായ 12 തരം പോപ്‌സിന്റെ നിര്‍മാര്‍ജനമാണ് ആദ്യം നടപ്പാക്കേണ്ടത് എന്ന തീരുമാനത്തിലെത്തി. തുടര്‍ന്ന് ഒരു അഡ്‌ഹോക് കമ്മിറ്റി രൂപവത്കരിച്ച് 'പോപ്‌സി'ന്റെ സാമൂഹിക സാമ്പത്തിക ആഘാതത്തെക്കുറിച്ച് പഠനം നടത്തി. പിന്നീട്, വര്‍ഷങ്ങള്‍ നീണ്ട, ആഗോളതലത്തിലുള്ള ചര്‍ച്ചകള്‍ക്കുശേഷമാണ് നിയമപരമായ അധികാരങ്ങളോടുകൂടിയ ഒരു അന്താരാഷ്ട്ര കരാറിന് രൂപംനല്കുന്നത്.

icon

2001 മെയ്മാസത്തില്‍ സ്വീഡനിലെ സ്റ്റോക്‌ഹോമില്‍ വെച്ചു നടന്ന സമ്മേളനമാണ് പോപ്‌സ് നിര്‍മാര്‍ജനം ലക്ഷ്യമാക്കിയുള്ള സ്റ്റോക്‌ഹോം കണ്‍വെന്‍ഷന് അന്തിമരൂപം നല്കിയത്. 2004 മെയ് 17-ന് പ്രയോഗത്തില്‍വരുമ്പോള്‍ 144 അംഗങ്ങളുണ്ടായിരുന്ന സ്റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ ഇപ്പോള്‍ 180 രാഷ്ട്രങ്ങള്‍ അംഗങ്ങളാണ്. 2005-ലാണ് ഇന്ത്യന്‍ പാര്‍ലമെന്റ് സ്റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ 'പാര്‍ട്ടി'യാവാന്‍ രാജ്യത്തിന് അനുമതി നല്‍കുന്നത്. സ്ഥാവര കാര്‍ബണിക മാലിന്യങ്ങളെ നിര്‍മാര്‍ജനം ചെയ്യുന്നതിന് ലഭ്യമായ മികച്ച സാങ്കേതികവിദ്യ (Best Available Techniques-BAT) ഉപയോഗിക്കുക, മികച്ച പാരിസ്ഥിതിക ശീലങ്ങള്‍ (Best Environmental Practice-BEP) പരിശീലിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍തലത്തില്‍ പ്രോത്സാഹനം നല്‍കുക, പുതിയ 'പോപ്‌സ്' നിര്‍മാണങ്ങള്‍ക്ക് തടയിടുക, സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ തയ്യാറാക്കിയിട്ടുള്ള പട്ടികയിലുള്‍പ്പെടാത്ത പുതിയ 'പോപ്‌സ്' കണ്ടെത്തുന്നതിനും അവയെ നിര്‍ണയിക്കുന്നതിനുമുള്ള ഒരു സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുക, 'പോപ്‌സി'ന്റെ ബോധപൂര്‍വമുള്ള നിര്‍മാണവും ഉപയോഗവും ക്രമേണ ഇല്ലാതാക്കുക, 'പോപ്‌സി'ന്റെ ബോധപൂര്‍വമല്ലാത്ത നിര്‍മാണം കാര്യക്ഷമമായി പ്രതിരോധിക്കുക തുടങ്ങി പോപ്‌സുമായി ബന്ധപ്പെട്ട നിരവധി പ്രവര്‍ത്തന നിയന്ത്രണങ്ങള്‍ നിയമപരമായിത്തന്നെ സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ അധികാരപരിധിയില്‍ വരുന്നുണ്ട്.

നിരോധിക്കപ്പെടുകയും നിര്‍മാര്‍ജനം ചെയ്യപ്പെടേണ്ടതുമായ 22 തരം രാസവസ്തുക്കളാണ് സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ പട്ടികയിലുള്ളത്. 23-ാമത്തെ ഇനമായി എന്‍ഡോസള്‍ഫാനെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് അന്താരാഷ്ട്ര പോപ്‌സ് റിവ്യൂ കമ്മിറ്റി, സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ കോണ്‍ഫറന്‍സ് ഓഫ് പാര്‍ട്ടീസിനോട് നിര്‍ദേശിച്ചിട്ടുള്ളത്. ഈ മാസം ജനീവയില്‍ നടക്കുന്ന സ്റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ ഈ നിര്‍ദേശം ചര്‍ച്ചചെയ്യപ്പെടും. നിരോധിക്കുകയും നിര്‍മാര്‍ജനം ചെയ്യപ്പെടുകയും ചെയ്യേണ്ട സ്ഥാവര കാര്‍ബണിക മാലിന്യകാരികളുടെ കൂട്ടത്തില്‍ എന്‍ഡോസള്‍ഫാനും ഉള്‍പ്പെടുമെന്നാണ് കരുതുന്നത്.'

2011 ഏപ്രില്‍ 23 മുതല്‍ ജനീവയില്‍ വെച്ച് സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ നടക്കുന്നു.

പോപ്‌സ്(POPs)

സ്ഥാവര കാര്‍ബണിക മാലിന്യങ്ങള്‍ (Persistent Organic Pollutants). ഒരിക്കലും പ്രകൃതിയില്‍ ലയിച്ചുചേരാത്തതും അതേസമയം ദീര്‍ഘകാലം നിലനില്‍ക്കുന്നതും ജീവികളുടെ കൊഴുപ്പില്‍ പെട്ടെന്ന് അലിഞ്ഞുചേരുന്നതുമായ ഓര്‍ഗാനോ ക്ലോറിന്‍ രാസവസ്തുക്കളാണ് പോപ്‌സ് എന്ന് അറിയപ്പെടുന്നത്. ആധുനിക ഭക്ഷ്യശൃംഖലയില്‍ കണ്ണിചേര്‍ന്നിട്ടുള്ള പോപ്‌സ് എന്ന മാലിന്യകാരികള്‍ മനുഷ്യനുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ സുരക്ഷിതമായ നിലനില്പിനെ ചോദ്യം ചെയ്യുകയാണ്. വായുവിലൂടെയും വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും ഈ രാസവസ്തുക്കള്‍ ശരീരത്തിലെത്തിച്ചേരുന്നു. പോപ്‌സിന്റെ തീരെ കുറഞ്ഞ അളവിലുള്ള സാന്നിധ്യംപോലും അര്‍ബുദത്തിനും നാഡീവ്യൂഹ-ജനിതകവ്യൂഹ തകരാറുകള്‍ക്കും കാരണമാകും. Aldrin, Chlordane, DDT, Diclorin, Endrin, Heptachlor, Mirex, Toxaphere, Hexachlorobenzene (HCB), Polychlorinated biphenyls (PCBs), Dioxins, Fur-ans തുടങ്ങിയവ പോപ്‌സില്‍ ഉള്‍പ്പെടുന്ന മാലിന്യകാരികളാണ്.'