മുന്നില്‍ മെല്ലെ മെല്ലെ മരണത്തിനു കീഴടങ്ങുന്ന മകന്‍. മകനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി മൃത്യുവിനോടുള്ള ഒരച്ഛന്റെ പോരാട്ടങ്ങള്‍ അടയാളപ്പെടുത്തിയതാണ് ഈ ഡയറി. ഇതില്‍ സ്നേഹമുണ്ട്, മരണമുണ്ട്, സ്വപ്നങ്ങളും കണ്ണീരും നപ്രത്യാശയുമുണ്ട്...

പുരാണത്തില്‍ സത്സ്വഭാവിയായ ഒരു മകനെമാത്രം ദൈവത്തില്‍നിന്ന് സ്വീകരിച്ച ഒരച്ഛനുണ്ട്. മൃകണ്ഡുമുനി. സത്വ്രതനായ 16 വയസ്സുമാത്രം ആയുസ്സുള്ള മകനെ വേണോ ദീര്‍ഘായുസ്സും ദുഷ്ടനുമായ ഒരു പുത്രനെ വേണോ എന്ന ദൈവത്തിന്റെ ചോദ്യത്തിന് കിട്ടിയ ഉത്തരമായിരുന്ന സത്സ്വഭാവിയായ മാര്‍ക്കണ്ഡേയന്‍. 16 വയസ്സില്‍ കാലനെത്തി. ശിവനെ ഭജിച്ച്, ശിവലിംഗത്തില്‍ അഭയംതേടിയ മാര്‍ക്കണ്ഡേയനെ ശിവലിംഗത്തോടൊപ്പം കയറില്‍ കുരുക്കിയ കാലനെ കുപിതനായ ശിവന്‍ നിഗ്രഹിച്ചു. ശിവന്റെ കോപമടങ്ങിയപ്പോള്‍ കാലന്‍ പുനര്‍ജനിച്ചു. കാലന്റെ പ്രത്യുപകാരമായി മാര്‍ക്കണ്ഡേയന്‍ ഇന്നും 'ചിരഞ്ജീവിയായി' ജീവിക്കുന്നു എന്നാണ് വിശ്വാസം. ചീമേനി ടൗണിനടുത്തുള്ള ചനമ്പ്രകാനത്ത് വി.പി. നാരായണപ്പൊതുവാളിന്റെ മകന്‍ പ്രതാപന് പക്ഷേ, മരണത്തെ തോല്പിക്കാനായില്ല. എങ്കിലും ജീവിക്കുന്നവരുടെ ഓര്‍മകളില്‍ മാര്‍ക്കണ്ഡേയനെപ്പോലെ നിത്യയൗവനത്തോടെ പ്രതാപ് നാരായണന്‍ ചിരഞ്ജീവിയാകുന്നു.

endosulfanപയ്യന്നൂരിലെ അന്നൂരില്‍ നിന്ന് മൂന്നു മക്കളില്‍ ഇളയവനായ പ്രതാപിന് രണ്ടു വയസ്സായപ്പോഴാണ് വി.പി. നാരായണപ്പൊതുവാളും ഭാര്യ സരോജിനിയും മൂന്നു കുഞ്ഞുങ്ങളുമായി ചീമേനിയിലെ ചമ്പ്രകാനത്ത് താമസം തുടങ്ങിയത്. ''പ്ലാന്റേഷനില്‍ മരുന്നടി തുടങ്ങിയ കാലം... എഴുപതുകളിലാണത്. വീടിന്റെ മുന്നില്‍ വിശാലമായ പാറപ്പരപ്പാണ്. ചുറ്റും പ്ലാന്റേഷന്‍ ഏരിയ. അന്ന് ആകാശത്തിലൂടെ ഹെലികോപ്റ്റര്‍ വരുന്ന ശബ്ദം കേട്ടാല്‍ കുട്ടികളെല്ലാം പുറത്തേക്കോടും. അങ്ങേ വീട്ടിലെ കുഞ്ഞിക്കണ്ണനും ഇവനെക്കാള്‍ പ്രായമുള്ളവരും ഇല്ലാത്തവരും അക്കൂട്ടത്തിലുണ്ടാവും. വീടിന്റെ മേലേക്ക് താണുവന്ന് അത് തിരിഞ്ഞ് കിഴക്കോട്ട് പോകും''-പൊതുവാള്‍ ഓര്‍ക്കുന്നു. ടൈലറിങ് തൊഴിലാളിയായ പൊതുവാളിന് പറമ്പില്‍ കുറച്ച് വാഴയും കുരുമുളക് കൃഷിയുമുണ്ടായിരുന്നു. മരുന്നുവീണ് ചെടികളെല്ലാം നനയും.

''അഞ്ചാംക്ലാസ് മുതലാണ് പ്രതാപിന് ചില പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയത്. പനിയോടെയായിരുന്നു തുടക്കം. എട്ട് വയസ്സുവരെ അവന് ഒരു പനിപോലും വന്നിരുന്നില്ല. ഇടയ്ക്കിടയ്ക്ക് പനി വരും പോകും. വയറ് സ്തംഭിക്കും ഛര്‍ദിക്കും. ആദ്യം പയ്യന്നൂരില്‍ വേണുഗോപാല്‍ ഡോക്ടറെയാണ് കാട്ടിയത്. ഡോക്ടര്‍ക്ക് ഒന്നും പിടികിട്ടിയില്ല. പിന്നീട് മംഗലാപുരം ഗവ. വെന്റലോക് ആസ്പത്രിയില്‍ പോയി. ഞരമ്പിന്റെ ഡോക്ടര്‍ നോക്കി പ്രശ്നമാണെന്നു പറഞ്ഞു. ഹാര്‍ട്ടിന്റെ ഡോക്ടറും ഹാര്‍ട്ട് വികസിക്കുന്നതായി പറഞ്ഞു. അന്ന് 21 ദിവസം കൂടുമ്പോള്‍ പെന്‍സിലിന്‍ ഇഞ്ചക്ഷന്‍ കൊടുക്കുമായിരുന്നു. അഞ്ചുവര്‍ഷം അത് തുടര്‍ന്നു. ഇപ്പോള്‍ അത് ഗവണ്‍മെന്റ് നിരോധിച്ചു. ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ തിരുവനന്തപുരം ശ്രീചിത്രയില്‍ പോയി എം.ആര്‍.ഐ. സ്‌കാന്‍ ചെയ്തു. അവര്‍ക്കും ഒന്നും പിടികിട്ടിയില്ല. വീട്ടിലുണ്ടാകുമ്പോള്‍ അവനെപ്പോഴും പേടിയായിരുന്നു. കാണാന്‍ വരുന്നവര്‍ പലതും പറയും. ഞങ്ങള്‍ക്കാണെങ്കില്‍ സ്വസ്ഥതയുമില്ല. അവനെക്കൂട്ടി പലസ്ഥലത്തും പോയി. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ പോയി പി.കെ. വാര്യരുടെ ചികിത്സതേടി. കുറച്ചുദിവസം മരുന്ന് കഴിച്ച് ഡോക്ടറുടെ നിര്‍ദേശപ്രകാരം ചീമേനിയിലെ ആയുര്‍വേദ ആസ്പത്രിയില്‍ നവരക്കിഴി നടത്തി, എണ്ണപ്പാത്തിയില്‍ കിടത്തി. എന്നിട്ടും ഒരു വ്യത്യാസവുമുണ്ടായില്ല. അതിനിടെ ശരീരം വല്ലാതെ ശോഷിക്കാന്‍ തുടങ്ങിയിരുന്നു. എഴുന്നേറ്റുനില്ക്കാന്‍ ബാലന്‍സ് കിട്ടില്ല. പത്താംക്ലാസില്‍ പഠിക്കവേ എഴുതാന്‍ പറ്റാതായി. വിറയല്‍ വരും. എങ്ങനെയൊക്കെയോ പത്താംക്ലാസ് വരെ എത്തി. പഠിപ്പു നിര്‍ത്തി.

endo sulfanപത്താംക്ലാസ് വിട്ടപ്പോള്‍ മുച്ചക്ര സൈക്കിള്‍ വേണമെന്ന് പറഞ്ഞു. നീലേശ്വരം എം.എല്‍.എ. സതീഷ്ചന്ദ്രന്‍ ഇടപെട്ടാണ് സൈക്കിള്‍ കിട്ടിയത്. പിന്നീട് അവന്‍ പറയും അതിന് സ്റ്റിയറിങ് വേണം, മോട്ടോര്‍ വേണം, ചവിട്ടാന്‍ പറ്റുന്നില്ല എന്നൊക്കെ. വീട്ടില്‍ വെറുതെ ഇരുന്ന് വിഷമിക്കണ്ട എന്നു കരുതി നീലേശ്വരം ടൗണില്‍ ഒരു ലോട്ടറി കച്ചവടം തുടങ്ങിക്കൊടുത്തു. സൈക്കിളില്‍ ദൂരംപോകാന്‍ പറ്റാത്തതുകൊണ്ട് ബസ്സില്‍ കയറ്റിവിടും. കൂടെ ആരെങ്കിലും പോകും. തിരിച്ചും അങ്ങനെത്തന്നെ. അത് കുറച്ചുനാള്‍ തുടര്‍ന്നപ്പോള്‍ ശരീരം വീണ്ടും വയ്യാതായി. ആ പണി വേണ്ടെന്നുവെച്ചു. സൈക്കിളില്‍ ഇരുന്ന് ലോട്ടറി ടിക്കറ്റ് വില്ക്കാനായി പിന്നീടുള്ള ശ്രമം. സെക്കിള്‍ ഉന്തി ടൗണിലെത്തിക്കും. സഹായികളായി ഞങ്ങളോ അവന്റെ കൂട്ടുകാരോ ഉണ്ടാകും. ഇതിനിടെ ഡോക്ടര്‍മാരെല്ലാം കൈയൊഴിഞ്ഞിരുന്നു. ആരെല്ലാമോ പറഞ്ഞ് രണ്ടാഴ്ച ധ്യാനകേന്ദ്രത്തില്‍ പോയി. സ്വാമിയായി മലയ്ക്ക് പോകണം എന്ന് അവന് ഒരാഗ്രഹമുണ്ടായിരുന്നു. ആരോഗ്യം അനുവദിക്കാത്തതിനാല്‍ അത് നടന്നില്ല. അവസാനത്തെ അഞ്ചു വര്‍ഷങ്ങള്‍ സ്വാമിയുടെ ചികിത്സയിലായിരുന്നു. പാലക്കാട്ടുള്ള നിര്‍മലഗിരി മഹാരാജിന്റേത്. രാത്രി വെസ്റ്റ്കോസ്റ്റിന് പോയാല്‍ പുലര്‍ച്ചെ നാല് മണിക്ക് പാലക്കാട്ടെത്തും. പുലരുംവരെ റെയില്‍വേ സ്റ്റേഷനില്‍ തങ്ങും. നേരം വെളുത്താല്‍ സ്വാമിയെ പോയിക്കാണും. അവസാനംവരെ സ്വാമിയുടെ മരുന്ന് കഴിച്ചിരുന്നു. സ്വാമിക്ക് വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. കഴിയുന്നതും ശ്രമിക്കാം എന്നു പറയും.

മരിക്കുന്നതിനു മൂന്നുദിവസം മുന്‍പ് പയ്യന്നൂരിലെ മുകുന്ദാ ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്തു. മുഖത്തും കാലിനും നീരു വന്നിരുന്നു. മംഗലാപുരത്ത് വിളിച്ചുചോദിച്ചായിരുന്നു അവര്‍ ചികിത്സിച്ചത്. മരിക്കുംവരെ അവന്‍ സംസാരിക്കുകയൊക്കെ ചെയ്തിരുന്നു. ഘട്ടംഘട്ടമായി അവന് ആധി കുറയുന്നതിനു പകരം കൂടുകയായിരുന്നു. എന്നാല്‍ വേദന എവിടെയുമില്ലതാനും. ഹൃദയസ്തംഭനം വന്നാണ് മരിച്ചത്. മരിക്കുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും കൂടെയുണ്ടായിരുന്നു. രണ്ടുപേരുടെയും നടുവില്‍ കിടന്നാണ് അവന്‍ മരിച്ചത്.

2002-ല്‍ മരിക്കുന്നതുവരെ ഈ ദുരിതങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാനാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീടാണ് അതിനെക്കുറിച്ച് അറിഞ്ഞുതുടങ്ങിയത്. മകന്റെ വിയോഗമുണ്ടാക്കിയ ദുഃഖത്തില്‍ കഴിയുമ്പോഴാണ് രോഗമായി വീണ്ടുമൊരാഘാതമെത്തുന്നത്. 2003-ല്‍ വയറ്റില്‍ വന്ന ട്യൂമര്‍ ഓപ്പറേഷന്‍ചെയ്ത് നീക്കി. കഴിഞ്ഞവര്‍ഷം വീണ്ടും കെ.എം.സി.യില്‍ വെച്ച് കീമോ ചെയ്തു. ഇപ്പോള്‍ ക്യാന്‍സര്‍ ശ്വാസകോശത്തിനാണ്. ദേഹമാസകലം വേദനയുണ്ട്. ചെറുപ്പംതൊട്ട് ബീഡിയോ സിഗററ്റോ മറ്റ് ലഹരിയോ ഉപയോഗിക്കാറില്ല. ഇതൊന്നുമില്ലാത്ത എനിക്ക് ഇത് വരാന്‍ കാരണം രാസപദാര്‍ഥങ്ങളടങ്ങിയ ആഹാരം വഴിയാകാം എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മരുന്നടിക്കുന്ന കാലത്ത് പറമ്പില്‍ വാഴയും കുരുമുളകും കൃഷിചെയ്തിരുന്നു.

മകന്റെയും എന്റെയും ചികിത്സയ്ക്കായി ലക്ഷങ്ങള്‍ ചെലവായി. വില്ക്കാനുള്ളതെല്ലാം വിറ്റു. ഇനിയുള്ളത് ഈ വീടും പറമ്പും മാത്രം. ചികിത്സ തുടരാന്‍ ഇനിയും പണം വേണം. 2002-ലാണ് അവന്‍ പോയത്. 2007-ല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസത്തിന്റെ ഭാഗമായി സര്‍ക്കാര്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് കൊടുക്കുന്ന തുകയ്ക്കുവേണ്ടി (50,000 രൂപ) മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. കലക്ടറെ കാണാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള മറുപടിയും വന്നു. കലക്ടറെ കണ്ടപ്പോള്‍ കിട്ടിയ വിവരം 2003-നു ശേഷം മരിച്ചവരെ മാത്രമേ പരിഗണിക്കൂ എന്നാണ്. അങ്ങനെ അതും കിട്ടിയില്ല. സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഒരു സാമ്പത്തികസഹായവും ലഭിച്ചിട്ടുമില്ല.

കഴിഞ്ഞ ഡിസംബര്‍ 4ന് ചീമേനി ടൗണില്‍ എന്‍ഡോസള്‍ഫാനെതിരെ നടന്ന ജനകീയ കൂട്ടായ്മയില്‍ എം.എല്‍.എ. കുഞ്ഞിരാമനും എം.പി. കരുണാകരനും വന്നിരുന്നു. രണ്ടുപേര്‍ക്കും, ഇതുവരെ കിട്ടിയ എല്ലാ കടലാസുകളും ചേര്‍ത്ത് ഒരു ഫയലാക്കി വീണ്ടും പരിഗണനയ്ക്കായി അപേക്ഷിച്ചിട്ടുണ്ട്. നോക്കാം എന്ന് എം.പി. പറഞ്ഞിട്ടുമുണ്ട്.'' ഒരച്ഛന്‍ മകനായി സമര്‍പ്പിച്ച ഡയറിയില്‍ ഇങ്ങനെ കോറിയിട്ടിരിക്കുന്നു.

''പരമാത്മപുത്രാ!
മരണത്തെ നിനക്കായി ഞാന്‍ സന്തോഷത്തിന്റെ സന്ദേശവാഹകന്‍ ആക്കിയിരിക്കുന്നു. (ബഹാഉള്ള)''
മരണത്തെപ്പോലും സന്തോഷത്തിന്റെ സന്ദേശമായി കാണാന്‍ സ്ഥിതപ്രജ്ഞ നേടിയ ഒരച്ഛന്‍ കാത്തിരിക്കുന്നു. ക്ഷമാപൂര്‍വം..