കാല്‍നൂറ്റാണ്ട് പെയ്ത വിഷമഴയില്‍ കുതിര്ന്നുനില്ക്കുന്ന കാസര്‍കോട് ജില്ലയിലെ ഗ്രാമങ്ങള്‍ക്ക് ഒരു മഹായുദ്ധം കഴിഞ്ഞ യുദ്ധഭൂമിയോടാകും ആലങ്കാരികമായി സാദൃശ്യം. യുദ്ധം കഴിഞ്ഞ് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും പുനര്‍നിര്‍മാണ പ്രവര്‍ത്തനം നടന്നിട്ടില്ലാത്ത യുദ്ധഭൂമി. യുദ്ധത്തില്‍ മരിച്ചവരുടെതല്ല, മരിക്കാത്തവരുടെ ഊഴമാണിനി. അല്ലെങ്കില്‍ മരിച്ചു ജീവിക്കുന്നവരുടെ, മുറിവുണങ്ങാത്ത പ്രകൃതിയുടെയും...
കാസര്‍കോട് കുന്നുകളില്‍ അവസാനമായി വിഷമഴ പെയ്തത് 2000 ഡിസംബര്‍ 26-നാണ്. വ്യക്തികളും സന്നദ്ധ സംഘടനകളും ചേര്‍ന്ന് സര്‍ക്കാരിന്റെ അന്ധമായ ഒരു മെഷിനറിക്കുനേരെ ഏറ്റുമുട്ടി നേടിയ മനുഷ്യത്വത്തിന്റെ വിജയം. ആകാശത്ത് വിഷംപെയ്ത് കടന്നുപോകുന്ന ഹെലികോപ്റ്റര്‍ ഇന്ന് ഒരു കഥയാകുമ്പോള്‍ വിഷംതീണ്ടിയ ഗ്രാമങ്ങളിലെ മണ്ണിന്റെയും മനുഷ്യരുടെയും ജീവിതം കഥയല്ല; യാഥാര്‍ഥ്യമാണ്. ആ യാഥാര്‍ഥ്യത്തിനു നേരെ ജനങ്ങളുടെ ഇച്ഛപ്രകാരം തിരഞ്ഞെടുക്കുന്ന സര്‍ക്കാര്‍ എടുക്കുന്ന നിലപാടിന് ഏറെ പ്രാധാന്യമുണ്ട്.
നീണ്ട നിയമയുദ്ധത്തിനുശേഷം വിഷമഴയ്ക്കെതിരെ ഒരു നടപടിയുണ്ടാകുന്നത് ഒരു സ്ത്രീയുടെ ഇച്ഛാശക്തിക്കു മുന്നിലാണ്. 1998 ഒക്ടോബര്‍ 18-നായിരുന്നു അത്. വിഷമഴയ്ക്കെതിരെ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥയായ ലീലാകുമാരിയമ്മ ഹോസ്ദുര്‍ഗ് മുന്‍സിഫ് കോടതിയില്‍നിന്ന് നേടിയ സ്റ്റേയായിരുന്നു അത്. 2000 ഒക്ടോബറില്‍ സ്ഥിരംവിധിയും നേടി. വറച്ചട്ടിയില്‍ എരിയുന്ന ഒരു ജനതയെ രക്ഷിക്കാനുള്ള ആദ്യത്തെ ജീവന്രക്ഷാപ്രവര്ത്തനമായിരുന്നു അത്. അതിനുശേഷം കേരള ഹൈക്കോടതിയും 2005-ല്‍ കേന്ദ്ര ഇന്‍സെക്ടിസൈഡ്സ് ബോര്‍ഡിന്റെ നിര്‍ദേശത്തോടുകൂടി കേന്ദ്ര കൃഷിവകുപ്പും കേരള സര്‍ക്കാരും കേരള മലീനീകരണ നിയന്ത്രണബോര്‍ഡും കേരള കൃഷിവകുപ്പും എന്‍ഡോസള്‍ഫാന്റെ കേരളത്തിലുള്ള വിതരണവും ഉപയോഗവും നിരോധിച്ചു. ഇന്ത്യയില്‍ ഏത് കീടനാശിനിക്കും രജിസ്ട്രേഷന് നല്‍കേണ്ടതും ഏത് വിഭാഗത്തില്‍ അവയെ പെടുത്തണമെന്ന് തീരുമാനിക്കേണ്ടതും ഉത്പാദനത്തിനും വിതരണത്തിനും ഉപയോഗത്തിനുമുള്ള നിര്‍ദേശങ്ങള്‍ നല്‍കേണ്ടതും കേന്ദ്ര ഇന്‍സെക്ടിസൈഡ്സ് ബോര്‍ഡാണ്.
കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ബാനര്‍ജി കമ്മീഷന് 1991-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വെള്ളക്കെട്ടും ജലാശയങ്ങളുമുള്ള പ്രദേശങ്ങളിലെ എന്‍ഡോസള്‍ഫാന്‍ ഉപയോഗം ഇന്ത്യയിലൊട്ടാകെ നിരോധിക്കാന്‍ കേന്ദ്ര കൃഷിവകുപ്പിനോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ കൃഷിവകുപ്പ് അത് മുഖവിലയ്ക്കെടുത്തില്ല. പതിമൂന്ന് പുഴകളും നീര്‍ച്ചാലുകളും ജലാശയങ്ങളും സുരംഗകളുമുള്ള നാടാണ് കാസര്‍കോട്. 92-നുശേഷം, ഏരിയല്‍ സ്പ്രേ ചെയ്യുന്നതിന് സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ്സ് ബോര്‍ഡിന്റെ വര്‍ഷംതോറുമുള്ള അനുമതി ആവശ്യമാണ്. എന്നാല്‍ പ്ലാന്റേഷന് കോര്പ്പറേഷന് 93-നുശേഷം അനുമതി നേടിയിട്ടില്ല. ഹെലികോപ്റ്റര്‍ പറത്തുന്നതിന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയും നേടിയിട്ടില്ല. എല്ലാ നിയമങ്ങളെയും കാറ്റില്‍പ്പറത്തിയാണ് ഈ സര്‍ക്കാര്‍ ഏജന്‍സി ഏരിയല്‍ സ്പ്രേ ചെയ്തത് എന്ന് ബോധ്യമാകും.
70-ലേറെ രാജ്യങ്ങള്‍ നിരോധിച്ചിട്ടും ഇത്രയും ദുരിതങ്ങള്‍ വിതറിയ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍, കേന്ദ്രം ഇതുവരെ കൂട്ടാക്കിയിട്ടില്ല. 2010-ല്‍ ജനീവയില്‍ നടന്ന ജഛജീ കണ്‍വെന്‍ഷനിലും ഇന്ത്യ എടുത്ത നിലപാട് എന്‍ഡോസള്‍ഫാന്‍ അനുകൂലമായിരുന്നു. കേരളത്തില്‍ നിരോധനം ഫലപ്രദമായി നടപ്പിലാക്കേണ്ടത് കേരളസര്‍ക്കാരാണെന്നും മറ്റ് സംസ്ഥാനങ്ങളില്‍ ഇത് നിരോധിക്കാന്‍ പറയാന്‍ കേരളത്തിന് അധികാരമില്ലെന്നും അവരുടെ കാര്യം അവരാണ് തീരുമാനിക്കേണ്ടത് എന്നും കേന്ദ്ര കൃഷിമന്ത്രി ശരത്പവാറിന്റെ 24.11.2010-ലെ പ്രസ്താവനയില്‍ കേന്ദ്രഗവണ്മെന്റിന് ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാണ്. കേരളത്തിനു പുറമെ അന്യ സംസ്ഥാനങ്ങളിലും ഗുരുതരമായ ഭവിഷ്യത്തുകള്‍ ഉണ്ടാക്കുന്നതാണ് എന്‍ഡോസള്‍ഫാന്‍ പ്രയോഗം. കര്‍ണാടക മുഖ്യമന്ത്രി യദിയൂരപ്പ ദക്ഷിണ കര്‍ണാടകത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ഡിസംബര്‍ 16-ന് പ്രഖ്യാപിച്ച 50,000 രൂപയും പെന്‍ഷനും മറ്റ് ആശ്വാസ പദ്ധതികളുടെ പ്രഖ്യാപനവും ഇതിനുദാഹരണമാണ്. അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലും ഇത് പ്രയോഗിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ഇതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു കീടനാശിനി ഏല്‍പ്പിച്ച ആഘാതങ്ങള്‍ പകല്‍വെളിച്ചംപോലെ വ്യക്തമായിരിക്കെ പരീക്ഷണ മൃഗങ്ങളോടു കാട്ടേണ്ട നീതിയെങ്കിലും നടപടിയിലൂടെ കേന്ദ്രം കാട്ടേണ്ടതുണ്ട്. കേവലം സാങ്കേതികതയിലൂന്നിയുള്ള തടസ്സവാദങ്ങള്‍ ഒരു പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല.
കേവലം നിരോധനംകൊണ്ട് തീരുന്നതല്ല കാല്‍നൂറ്റാണ്ട് കാലം എന്‍ഡോസള്‍ഫാന്‍ വിതച്ച ദുരന്തത്തിന്റെ ഫലങ്ങള്‍. കഴിഞ്ഞ 35 വര്‍ഷത്തിനിടയില്‍ ആയിരത്തോളമാളുകളെ കൊലപ്പെടുത്തിയും ആയിരക്കണക്കിനാളുകളെ നിത്യദുരിതത്തിലാഴ്ത്തിയും ഭാവി തലമുറയ്ക്ക് വന്‍ ഭീഷണിയായി തുടരുന്ന ദുരന്തത്തെ മാറിമാറി വന്ന സര്‍ക്കാരുകള്‍ ലാഘവത്തോടെയാണ് കണ്ടത്. കഴിഞ്ഞ 20 വര്‍ഷം കാസര്‍കോട് പാര്‍ലമെന്റ് നിയോജകമണ്ഡലം ഭരിച്ചത് എല്‍.ഡി.എഫായിരുന്നു. അതിനുമുന്‍പ് യു.ഡി.എഫും ഭരിച്ചിട്ടുണ്ട്. വൈകിയെങ്കിലും എല്‍.ഡി.എഫ്. ഭരണകാലത്താണ് ആദ്യത്തെ ദുരിതാശ്വാസം എത്തുന്നത്. മരണമടഞ്ഞ 178 ദുരിതബാധിതരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പ്രത്യേക താത്പര്യത്തില്‍ 50,000 രൂപ നല്കി. ഇടതുസര്‍ക്കാരിന്റെ കാലാവധി തീരാന്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രം ബാക്കിയിരിക്കെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ബാലന്‍സ്ഷീറ്റില്‍ എന്താണ് മിച്ചം?
2007 ഫിബ്രവരിയിലാണ് എല്‍.ഡി.എഫ്. സര്‍ക്കാര്‍ ദുരിതബാധിതര്‍ക്ക് ആശ്വാസമെത്തിക്കാന്‍ ഒരു സെല്‍ തുടങ്ങിയത്. സെല്‍ ഒരു സര്‍വേ നടത്തി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി നടത്തിയ സര്‍വേ, ഗ്രാമപഞ്ചായത്തിന്റെ അംഗീകാരത്തോടെയാണ് സെല്ലിന്റെ പരിഗണനയ്ക്കെത്തിയത്. സര്വേറിപ്പോര്ട്ടില് ദുരിതബാധിതരായി 2210 പേരാണുള്ളത്. ഈ സെല്‍ പിന്നീട് ഉണര്‍ന്നെണീക്കുന്നത് കേന്ദ്രമന്ത്രി കെ.വി. തോമസിന്റെ പ്രസ്താവന ഉണ്ടാക്കിയ വിവാദങ്ങളെത്തുടര്‍ന്നാണ്. ഈ വിവാദങ്ങളുടെ ഭാഗമായി ആരോഗ്യമന്ത്രി ആയിരം രൂപ ദുരിതാശ്വാസം നല്‍കാമെന്ന പ്രഖ്യാപനം നടത്തിയപ്പോള്‍ റിലീഫ്സെല്‍ തങ്ങള്‍ മുന്‍പ് തയ്യാറാക്കിയ ലിസ്റ്റ് തപ്പിയെടുത്ത് അതില്‍നിന്ന് 537 പേരെ തിരഞ്ഞെടുക്കുകയായിരുന്നു. ശയ്യാവലംബരായ രോഗികളായിമാറുക എന്നതായിരുന്നു തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം. ഇതിനു കാരണം ഈ ആശ്വാസനിധി ഉള്‍പ്പെടുത്തിയിരിക്കുന്നത് സംസ്ഥാന സാമൂഹികവകുപ്പിനു കീഴിലുള്ള ആശ്വാസകിരണ്‍ പദ്ധതിയുടെ ഭാഗമായാണ്. പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് ശയ്യാവലംബികളായ രോഗികള്‍ക്ക് വേണ്ടി (അതായത് പരസഹായമില്ലാതെ എഴുന്നേല്‍ക്കാനോ സ്വന്തം കാര്യങ്ങള്‍ ചെയ്യാനോ പറ്റാത്തവര്‍ക്ക്) മാത്രമാണ്. ഇങ്ങനെ വരുമ്പോള്‍ നിലവിലുള്ള സര്‍വെയിലുള്ള 75% രോഗികളും ഈ ആശ്വാസനിധിക്ക് പുറത്താകും. പദ്ധതിപ്രകാരം ശയ്യാവലംബികളായ രോഗികളുടെ ശുശ്രൂഷകര്‍ക്ക് 300 രൂപയും രോഗികള്‍ക്ക് 400 രൂപയുമാണ് കിട്ടുക. ആകെ 700 രൂപ. ആയിരം രൂപയില്‍ ബാക്കിവരുന്ന 300 രൂപ ഇവര്‍ക്ക് നിലവില്‍ സംസ്ഥാന സര്‍ക്കാരില്‍നിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന വികലാംഗ പെന്‍ഷനാണ്. മൂന്നുമാസം മുന്‍പേ ഇത് നടപ്പാക്കാനുള്ള ഗവണ്മെന്റ് ഓര്‍ഡര്‍ വന്നുവെങ്കിലും കാസര്‍കോട്ടുള്ള ദുരിതമേഖലകളിലൂടെയുള്ള യാത്രകളില്‍ ബോധ്യമായത് വിരലിലെണ്ണാവുന്നവര്‍ക്കു മാത്രമേ ഇത് കിട്ടുന്നുള്ളൂ എന്നതാണ്. മേല്‍പ്പറഞ്ഞ ആയിരം രൂപയാണ് മുഖ്യമന്ത്രി 2000 രൂപയാക്കി ഉയര്‍ത്തിയിരിക്കുന്നത്. അത് ഭാവിയില്‍ ലഭ്യമായാലും ഒരു വലിയ ശതമാനം രോഗികള്‍ ആശ്വാസനിധിക്ക് പുറത്താണ്.സര്‍ക്കാര്‍ നല്കുന്ന ഈ ആനുകൂല്യങ്ങളെക്കുറിച്ച് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി കണ്‍വീനര്‍ പി.വി. സുധീര്‍കുമാറിന്റെ നിരീക്ഷണം നോക്കുക. പത്തുവര്‍ഷത്തിലേറെയായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് ഇദ്ദേഹം.''അഞ്ചു വര്‍ഷം ഭരിച്ച ഈ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ പ്രഖ്യാപിച്ച ആയിരം രൂപ ആശ്വാസനിധി, അര്‍ഹരായ പലര്‍ക്കും ഇതേവരെ കിട്ടിയിട്ടില്ല. ഈ ആയിരം രൂപയില്‍ മുന്നൂറു രൂപ നിലവില്‍ സര്‍ക്കാര്‍ നല്‍കിവരുന്ന വികലാംഗ പെന്‍ഷനുമാണ്. മഹാഭൂരിപക്ഷം ദുരിതബാധിതരും എല്ലാ ആനുകൂല്യങ്ങള്‍ക്കും പുറത്തുമാണ്.
ദുരന്തത്തിന് സര്‍ക്കാര്‍ ഉത്തരവാദിത്വമുണ്ടെന്ന് ആദ്യം പറഞ്ഞ കൃഷിവകുപ്പുമന്ത്രി പിന്നീട് അത് 'ധാര്‍മിക' ഉത്തരവാദിത്വം മാത്രമേ ഉള്ളൂവെന്ന് മാറ്റിപ്പറഞ്ഞു. ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടത് സഹാനുഭൂതിയും സംഭാവനയുമല്ല. ജീവിക്കാന്‍ അവകാശം നിഷേധിക്കപ്പെട്ട ഒരുവിഭാഗം നിഷേധിക്കപ്പെട്ട അവകാശം തിരിച്ചു ചോദിക്കുകയാണ്. ഇത് ഒരു അവകാശ സമരമാണ്.'' ഈ നവംബര്‍ അവസാനം ആര്‍ക്കോ വേണ്ടിയെന്നപോലെ നടന്ന രണ്ട് സര്‍വേകള്‍ നമ്മുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. ആദ്യത്തേത് ആരോഗ്യവകുപ്പിന്റെ കീഴില്‍ നടന്ന ആരോഗ്യ സര്‍വേ. പതിനൊന്ന് ഗ്രാമപഞ്ചായത്തുകളില്‍ വെറും രണ്ടുദിവസം കൊണ്ടാണ് ഇവര്‍ സര്‍വേ പൂര്‍ത്തിയാക്കിയത്. രണ്ടാമത്തെ സര്‍വേ സാമൂഹികക്ഷേമ വകുപ്പിന്റെ കീഴിലാണ് നടന്നത്. ദുരിതബാധിതരുടെ സാമൂഹിക സാമ്പത്തിക സര്‍വേ എല്‍.സി.ഡി.എസ്. പ്രവര്‍ത്തകരെ (അങ്കണവാടി പ്രവര്‍ത്തകര്‍) ഉപയോഗിച്ച് ഒറ്റദിവസം കൊണ്ട് ഇവര്‍ സര്‍വേ പൂര്ത്തിയാക്കിക്കളഞ്ഞു!!
ഈ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഇനി വരുംനാളുകള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ദുരിതാശ്വാസവും പാക്കേജും വിതരണം ചെയ്യുന്നതെങ്കില്‍ നമുക്ക് ആശങ്കപ്പെടാനേ പറ്റൂ. എന്‍ഡോസള്‍ഫാന്റെ പേരില്‍ ഇന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന വിവാദങ്ങള്ക്കുനേരെ പൊതുസമൂഹം സംശയാലുക്കളാണ്. കാരണം, ദുരിതമേഖലയിലെ മനുഷ്യരനുഭവിക്കുന്ന വേദനകള്‍ ഒരു പതിറ്റാണ്ടിലേറെയായി മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞതാണ്. എന്നാല്‍ ഇവരുടെ പ്രശ്നങ്ങളോട് നിലവിലുള്ള ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനം പ്രതിബദ്ധരായിരുന്നു എന്ന് വിശ്വസിക്കാന്‍ നിര്‍വാഹമില്ല.എന്‍ഡോസള്‍ഫാന്റെ ഉപയോഗം മറ്റു സംസ്ഥാനങ്ങളില്‍ നിലനിലെ്ക്ക കേരളത്തില്‍ അവയുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുക അപ്രായോഗികമാണ്. കേരളത്തില്‍ ഒട്ടാകെയും പാലക്കാട്ടും ഇടുക്കിയിലും വയനാട്ടിലും ഭയാനകമായ അളവിലുള്ള ഇവയുടെ ഉപയോഗം വിരല്‍ചൂണ്ടുന്നത് അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള എന്‍ഡോസള്‍ഫാന്റെ ഒളിച്ചുകടത്താണ്.
ഇന്ത്യയില്‍ ഇതിന്റെ പൂര്‍ണനിരോധനത്തിനുള്ള ആത്മാര്‍ഥ ശ്രമങ്ങള്‍ നമ്മള് തുടരുമ്പോഴും യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്യേണ്ടത് വിഷ ഉപയോഗത്തില്‍ കീടങ്ങളെപ്പോലെ ജീവിക്കുന്നവര്‍ക്ക് അടിയന്തര സഹായമെത്തിക്കുക എന്നതാണ്. ഒപ്പം നിലവിലുള്ള എല്ലാ സ്രോതസ്സുകളില്‍നിന്നുമുള്ള (ഔദ്യോഗികവും അനൗദ്യോഗികവുമായ) ആശ്വാസപദ്ധതികളും ലഭ്യമാക്കാനുള്ള പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനവുമാണ്.ഇതിനു മുന്നോടിയായി അടിയന്തരമായി വേണ്ടത് ദുരിതബാധിതരുടെ സമഗ്രമായ സര്‍വേയാണ്. കാസര്‍കോട്ട് പ്ലാന്റേഷന് സ്ഥിതിചെയ്യുന്ന 11 ഗ്രാമപ്പഞ്ചായത്തുകളെ മാത്രമേ ഇന്ന് ഔദ്യോഗികമായി ദുരിതബാധിത മേഖലയായി കണ്ടിട്ടുള്ളൂ. എന്നാല്‍ ഇതിന്റെ ആഘാതമേഖലയായ അതിര്ത്തിപ്പഞ്ചായത്തുകളെക്കൂടി കണക്കിലെടുക്കുമ്പോള്‍ 39 ഗ്രാമപ്പഞ്ചായത്തുകളുള്ള കാസര്‍കോട് ജില്ലയാകെ പ്രശ്നബാധിത മേഖലയാകും. ജില്ലയ്ക്കു പുറത്തേക്കും വിഷത്തിന്റെ നീരാളിക്കൈകള്‍ നീണ്ടതായി ബോധ്യപ്പെടുത്തുന്ന നിരവധി റിപ്പോര്‍ട്ടുകളും വന്നുകൊണ്ടിരിക്കുന്നു. അതിനുശേഷമാകണം പദ്ധതികള്‍ നടപ്പിലാക്കുന്നത്.
കാസര്‍കോട് ജില്ലയ്ക്കു പുറത്തുള്ള പല ജില്ലകളിലും കീടനാശിനിയുടെ ഉപയോഗത്തില്‍ ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്നവരുണ്ട്. പലരും തങ്ങളുടെ ദുരിതത്തിന്റെ കാരണംപോലുമറിയാത്ത നിരക്ഷരരും നിര്‍ധനരുമാണ്. പിന്നാക്ക വിഭാഗക്കാരാണ് ഏറെയും. നാലുപതിറ്റാണ്ടുകാലമായി ഗവണ്മെന്റ് അതിന്റെ സര്‍വസന്നാഹങ്ങളുമുപയോഗിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കൃഷിസംസ്കാരത്തിന്റെ ഇരകള്‍. അജ്ഞതയും അരക്ഷിതാവസ്ഥയുമാണ് ഈ മനുഷ്യര്‍ക്ക് വിഷപ്രയോഗത്താല്‍ പിടഞ്ഞുമരിക്കുന്ന പ്രാണികളെപ്പോലെയുള്ള ജീവിതം നല്‍കിയത്. ഭരണകൂടത്തിന് ഈ ദുരവസ്ഥയുണ്ടാക്കിയതിന്റെ ധാര്‍മികവും നിയമപരവുമായ ഉത്തരവാദിത്വമുണ്ട്; അവര്‍ക്ക് തിരികെ അവരുടെ ജീവിതം നല്‍കുന്നതിനും.'