നമുക്ക് പരിചിതമായ എല്ലാ മതങ്ങളിലും ദൈവം മനുഷ്യനായി അവതരിച്ചിട്ടുണ്ട്. മനുഷ്യന്റെ സാധ്യതകളും ചുമതലകളും ദൈവം മനുഷ്യനായി ജീവിച്ച്, ദൈവസമാനമായ അനുഗ്രഹങ്ങളിലൂടെ നമുക്ക് വെളിവാക്കുന്നു. ക്രിസ്തീയ സഭയിൽ ദൈവം മനുഷ്യനായി അവതരിച്ചതാണ് ക്രിസ്മസ്.

മനുഷ്യന് ചെയ്യാൻ അസാധ്യമായത് ദൈവം ചെയ്തു എന്ന് ക്രിസ്മസ് പ്രഖ്യാപിക്കുന്നു. മനുഷ്യന്റെ സാധ്യത എത്ര വിപുലവും ഉന്നതവുമാണന്ന് ക്രിസ്തു മനുഷ്യജീവിതം കൊണ്ട് പ്രഖ്യാപിച്ചു. സർവ ജനത്തിനും സന്തോഷം എന്നതാണ് ക്രിസ്മസ് ദൂതിന്റെ സത്ത. സന്തോഷം എന്നു പറയുന്നത് ഒരു താത്‌കാലിക അനുഭവം മാത്രമാണ്.
ക്രിസ്തു മനുഷ്യനായപ്പോൾ മനുഷ്യൻ ക്രിസ്തുവിനെപ്പോലെയായെന്നു പറയാം. ദൈവം നമ്മെപ്പോലെയായത് നാം ദൈവത്തെപ്പോലെയാകാനാണ്. ക്രിസ്തു ജനിച്ചിട്ട് കാലം ഏറെ ആയെങ്കിലും ഇതുവരേയും ഒരു മനുഷ്യനും ദൈവത്തെപ്പോലെയായി നാം കാണുന്നില്ല. അതിന്റെ കാരണം, ക്രിസ്മസ് ആഘോഷമല്ലാതെ, അനുഭവമായി നാം മനസ്സിലാക്കാത്തതാണ്. 
 ഞാൻ വിലമതിക്കുന്നതും ഉന്നത അനുഭവമായി കണക്കാക്കുന്നതുമായവ എല്ലാ മനുഷ്യനും ലഭിക്കുമ്പോഴാണ് ക്രിസ്മസ് യാഥാർത്ഥ്യമാകുന്നത്.

ഈ ക്രിസ്മസ് എല്ലാവർക്കും സമാധാനവും സന്തോഷവും രക്ഷയും അനുഗ്രഹവും ലഭിക്കുന്നതായിത്തീരാൻ, നമുക്ക് ഒരുമിച്ച് ദൈവത്തിൽ ആശ്രയിച്ച്, സഹോദരസ്നേഹത്തിന്റെ നിറവിൽ പ്രവർത്തിക്കാം. ഒരു പുതിയ ആകാശവും പുതിയ ഭൂമിയും 2017-ൽ കാണുന്നതിന് ക്രിസ്മസ് നമ്മെ സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. അനുഗ്രഹം, പ്രത്യാശ, സമാധാനം... എല്ലാത്തിലും അധികമായി സ്നേഹം എന്നിവ എല്ലാവർക്കും നേരുന്നു. അനുഗ്രഹസമ്പൂർണമായ ക്രിസ്മസ്-നവവത്സരാശംസകൾ നേരുന്നു.