പ്രപഞ്ച സ്രഷ്ടാവായ ദൈവം ചരിത്രത്തിലേക്ക് മനുഷ്യനായി പ്രവേശിച്ച മഹാസംഭവത്തിന്റെ സ്മരണ പുതുക്കലാണ് ക്രിസ്മസ്. ദൈവം മനുഷ്യനോട് നടത്തുന്ന സംഭാഷണത്തിന്റെ പൂർണരൂപമായാണ് മനുഷ്യാവതാരത്തെ വിശുദ്ധഗ്രന്ഥം അവതരിപ്പിക്കുന്നത്. പൂർവകാലങ്ങളിൽ പ്രവാചകൻമാർ വഴി, വിവിധ ഘട്ടങ്ങളിലും വിവിധ രീതികളിലും ദൈവം നമ്മുടെ പിതാക്കൻമാരോട് സംസാരിച്ചിട്ടുണ്ട്. എന്നാൽ, ഈ അവസാന നാളുകളിൽ തന്റെ പുത്രൻ വഴി അവിടുന്ന്‌ നമ്മോടു സംസാരിച്ചിരിക്കുന്നു (ഹെബ്രായർ 1:1). നമ്മുടെ മദ്ധ്യേ, നമുക്ക് അടുത്തിരിക്കുന്ന, നമ്മോട് സംസാരിക്കുന്ന ദൈവം! അതെ, ഇമ്മാനുവൽ  -ദൈവം നമ്മോടു കൂടെ, അതാണ് ക്രിസ്മസിന്റെ ആത്മഹർഷം.

 എന്തിനാണ് ദൈവം മനുഷ്യനോട് ഇത്ര അടുത്ത് പെരുമാറുന്നത് ? ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മറ്റേതെങ്കിലും സൃഷ്ടിയുണ്ടോ ? തന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യനോട് എന്നും മനസ്സുകൊണ്ട് ദൈവം ചേർന്നു നിൽക്കുന്നു. ദൈവത്തിന്റെ, മനുഷ്യനോടുള്ള അപരിമേയമായ സ്നേഹത്തിന്റെ വെളിപ്പെടുത്തലാണ് മനുഷ്യാവതാരം.

 മനുഷ്യൻ ദൈവത്തെ സ്നേഹിച്ചതിനുള്ള പ്രത്യുപകാരമല്ല മനുഷ്യാവതാരം. മനുഷ്യൻ ദൈവത്തെ സ്നേഹിക്കുന്നതിന് പരിധിയില്ലേ ? വിശുദ്ധഗ്രന്ഥം പറയുംപോലെ നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടുന്ന് നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങൾക്ക് പരിഹാരബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണ് സ്നേഹം (1 യോഹന്നാൻ 4:10).

ദൈവത്തിന് മനുഷ്യനോടുള്ള സ്നേഹത്തിന്റെ ആഴം തിരിച്ചറിയുന്ന അവസരമാണ് ക്രിസ്മസ്. വിശ്വാസത്തിൽ ആഴപ്പെട്ട്, പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, ക്രിസ്മസ് ഒരനുഭവമാകാൻ പ്രാർത്ഥിക്കുന്നു. ദൈവസ്നേഹത്തിന്റെ ഏറ്റവും ഊഷ്മളമായ പേരാണ് യേശുക്രിസ്തു -ദൈവത്തിന്റെ മനുഷ്യപ്പതിപ്പ്. ആ ദിവ്യസ്നേഹം നിങ്ങളെ പൊതിയട്ടെ. നന്മകളാൽ സമൃദ്ധമായ ക്രിസ്മസും ഫലദായകമായ പുതുവർഷവും എല്ലാവർക്കും നേരുന്നു.

കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ (സിറോ മലങ്കര സഭാ അധ്യക്ഷനും സി.ബി.സി.ഐ. പ്രസിഡന്റും)