സ്നേഹത്തിന്റെ ദിവ്യാനുഭവത്തിലേക്കുള്ള ക്ഷണമാണ് ക്രിസ്മസ്. ശാന്തിയും സന്തോഷവും നിറയുന്ന സ്നേഹാനുഭവം ഹൃദയത്തിൽ സ്വീകരിക്കാനും മറ്റുള്ളവരിലേക്ക് പ്രസരിപ്പിക്കാനും കഴിയുമ്പോഴാണ് തിരുപ്പിറവി അർത്ഥപൂർണമാകുന്നത്.

ഉപരിപ്ലവമായ ആഘോഷങ്ങളിലും ആർഭാടങ്ങളിലും ക്രിസ്മസ് കുരുങ്ങിപ്പോകരുത്. സ്നേഹം കൊണ്ട് ലോകം കീഴടക്കിയ മഹത്തായ സന്ദേശമാണ് യേശുക്രിസ്തുവിന്റെ ജീവിതം. പുൽക്കൂട്ടിലെ പിറവി മുതൽ കുരിശുമരണം വരെ ക്രിസ്തു പ്രഘോഷിച്ചത് സ്നേഹത്തെ കുറിച്ചാണ്. സംസാരത്തിലും പ്രവൃത്തിയിലും നിർവ്യാജമായ സ്നേഹം പ്രകടിപ്പിക്കാൻ നമുക്ക് കഴിയണം. പുൽക്കൂട്ടിൽ ദൈവപുത്രൻ പിറന്നതിന്റെ ദിവ്യസന്ദേശം സകല ജനതകൾക്കും അനുഭവവേദ്യമാകും വിധം നമ്മുടെ കർമങ്ങൾ ദൈവികതലത്തിലേക്ക് ഉയരണം.

അസഹിഷ്ണുതയും സ്വാർത്ഥതയും മനുഷ്യരാശിയെ വലിയ വിപത്തിലേക്ക് നയിക്കുന്ന സ്ഥിതിയിലാണ് ലോകമിന്ന്. മനുഷ്യൻ മനുഷ്യനോടും രാജ്യം രാജ്യത്തോടും എതിരിടുന്നതിന്റെ അസ്വസ്ഥതകൾ ഇന്ന് ലോകത്തെ ഗ്രസിച്ചിരിക്കുന്നു. ഇതോടൊപ്പം ഭീകരതയുടെ പൈശാചികമായ മുഖം മറനീക്കി പല രാജ്യങ്ങളിലും പ്രത്യക്ഷപ്പെടുന്നു. സിറിയയിലും മധ്യപൂർവ ദേശങ്ങളിലും കുഞ്ഞുങ്ങളടക്കമുള്ളവർ കുരുതി കഴിക്കപ്പെടുന്നു, മരണ സമാനമായി പീഡിപ്പിക്കപ്പെടുന്നു. ക്രിസ്തുവിലുള്ള പ്രത്യാശ മാത്രമാണ് അവർക്ക് ആശ്വാസം. നമ്മുടെ ആഘോഷങ്ങളിലും സന്തോഷങ്ങളിലും അവരെ കരുതാനും അവർക്ക് വേണ്ടി പ്രാർത്ഥിക്കാനും നമുക്ക് കഴിയണം.

ജീവിതത്തെ പുതുക്കാനും സ്നേഹവും സമാധാനവും മറ്റുള്ളവരിലേക്ക് പ്രസരിപ്പിക്കാനും ഈ ക്രിസ്മസ് കാലം ഇടവരുത്തട്ടെ. എല്ലാവർക്കും ക്രിസ്മസിന്റെയും പുതുവത്സരത്തിന്റെയും മംഗളങ്ങൾ വിനയപൂർവം ആശംസിക്കുന്നു.