ക്രിസ്തുവിന്റെ പിറവി ആനന്ദമഹോത്സവമാണ്. അത് ഒരാൾക്കല്ല, ഭൂമിയിലെ സർവമനുഷ്യർക്കുമുള്ളതാണ്. മനുഷ്യരായി പിറന്നവരുടെയും പിറക്കാനുള്ളവരുടെയും രക്ഷകനാണ് യേശു.   
ആനന്ദത്തിനുവേണ്ടിയുള്ള അന്വേഷണമാണ് മനുഷ്യജീവിതം. പലപ്പോഴും ഈ അന്വേഷണം ചെന്നെത്തുന്നത് ദുഃഖത്തിന്റെ താഴ്വരയിലാണ്. പണവും പ്രതാപവും ആരോഗ്യവും സൗന്ദര്യവും ഉദ്യോഗവും ജനസമ്മതിയും കൈവശപ്പെടുത്തുവാൻ മനുഷ്യൻ ഉത്സാഹത്തോടെ പരിശ്രമിക്കുകയാണ്. എന്നാൽ ഒന്നിലും ശാശ്വത സന്തോഷമോ സമാധാനമോ കണ്ടെത്താൻ കഴിയിയുന്നില്ല.

രക്ഷിക്കാൻ ഒരു രക്ഷകനും, ജനക്ഷേമാർത്ഥം ഭരണം നടത്താൻ അജയ്യനായ ഒരു രാജാവും ഉണ്ടായാൽ പ്രജകൾ നിർഭയരാകും. ഈശ്വരനെ വാഴ്ത്തി പുകഴ്ത്തുന്ന മനുഷ്യന് ശാന്തി ലഭിക്കും, സംശയമില്ല. അശാന്തികൊണ്ട് പൊറുതിമുട്ടുന്ന മനുഷ്യന് ആനന്ദം കൈവരിക്കാൻ മറ്റൊന്നും ആവശ്യമില്ല.
    
ജാതിമതവർഗ ഭേദമന്യേ ഈശ്വരൻ സർവരുടെയും രക്ഷകനാണ്. ഈ സർവസംരക്ഷകനെയാണ് യേശുവിലൂടെ നമുക്ക് ലഭിച്ചത്.  ഈശ്വര സന്നിധിയിൽ കാഴ്ചകൾ സമർപ്പിച്ച് സാഷ്ടാംഗം നമസ്കരിച്ചാൽ ആനന്ദം വർദ്ധിക്കും. രണ്ടു ചെറുസംഘങ്ങളാണ് ഈ സമർപ്പണപ്രക്രിയ ആദ്യം നടത്തിയത്. ജ്ഞാനികളായ വിദ്വാൻമാരും അക്ഷരജ്ഞാനമില്ലാത്ത ഇടയൻമാരും. ഇവർ സമൂഹത്തിലെ ജ്ഞാനികളുടെയും, അജ്ഞാനികളുടെയും പ്രതിനിധികളാണ്. 

എളിമയും ദാരിദ്ര്യവും സ്വമനസ്സാൽ സ്വീകരിച്ചുകൊണ്ടാണ് ദൈവപുത്രൻ പുൽത്തൊട്ടിയിൽ പിറന്നത്. അല്പം സമാധാനത്തിനുവേണ്ടി ദാഹിച്ചുവലയുന്നവനാണ് ആധുനിക മനുഷ്യൻ. ക്രിസ്‌മസ്സിലൂടെയുള്ള സമാധാന ദൂത് നാം ഉൾക്കൊള്ളണം. സുഖാന്വേഷിയായ മനുഷ്യന് സമാധാനം മരീചികയാണ്. അഴിമതിയും ചൂഷണവും, സ്ത്രീ പീഡനവും അധോലോകവിളയാട്ടവും, മദ്യവും, മയക്കുമരുന്നും എങ്ങും സർവസാധാരണമാകുമ്പോൾ സമാധാനദൗത്യം ദുഷ്കരമാകും. ആനന്ദം എങ്ങോ പോയ്‌മറയുകയും ചെയ്യും.  ക്രിസ്‌മസ് ആനന്ദകരമാക്കുവാൻ  എളിമയും ദാരിദ്ര്യവും ജീവിതത്തിൽ പകർത്തുകയും, സമാധാനദൗത്യം നിർവഹിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ക്രിസ്‌മസ് എല്ലാവർക്കും ശാശ്വതമായ സന്തോഷം നൽകട്ടെയെന്നാശംസിക്കുന്നു.