ക്രിസ്തുമസ്സ് വേളയില്‍ നക്ഷത്രവും പുല്‍ക്കൂടുമൊരുക്കി സ്വാദിഷ്ഠമായ വിഭവങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് മുതിര്‍ന്നവരെങ്കില്‍  കുട്ടികള്‍ എന്നും കാത്തിരിക്കുന്നത് ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ ഡിസംബര്‍ മാസത്തിന്റെ തുടക്കം മുതല്‍ വീട്ടിലെത്തുന്ന സാന്താക്ലോസിനെയാണ്.  വെളുത്ത താടിയും, ചുവന്ന തൊപ്പിയും, കയ്യില്‍ ഒരു പാട് സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസ് എക്കാലവും കുട്ടികള്‍ക്ക് പ്രിയപ്പെട്ടയാളാണ്. ആശംസ പറഞ്ഞ് മിഠായിയും തന്ന് സാന്താ നടന്നു പോകുമ്പോള്‍ ഇത്തിരി വിഷവം തോന്നും. ഇനി സാന്തായേ കാണാന്‍ അടുത്ത ക്രിസ്തുമസ്സ് വരണ്ടേ? 

സമ്മാനങ്ങള്‍ നല്‍കുന്നയാള്‍ എന്നര്‍ത്ഥം വരുന്ന 'സെയ്ന്റ് നിക്കോളാസ് 'എന്ന ഡച്ച് വാക്കില്‍ നിന്നാണ് സാന്താക്ലോസ് എന്ന വാക്കിന്റെ ഉദ്ഭവം.  4-ാം നൂറ്റാണ്ടില്‍ ഗ്രീക്കില്‍ ജീവിച്ചിരുന്ന ബിഷപ്പായിരുന്നു സെയ്ന്റ് നിക്കോളാസ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന നിക്കോളാസ് പാവപ്പെട്ടവര്‍ക്ക് ഒരു പാട് സാധനങ്ങള്‍ സമ്മാനമായി നല്‍കുമായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായാണ് സാന്താക്ലോസ് എന്ന പേര് സ്വീകരിക്കപ്പെട്ടത്. 

19-ാം നൂറ്റാണ്ടില്‍ കാനഡയിലാണ് ഇന്നു കാണുന്നതുപോലെ വെളളത്താടിയും വൈറ്റ് കോളറും ചുവപ്പും വെള്ളയും ചേര്‍ന്ന വസ്ത്രവുമണിഞ്ഞ് സാന്താ വീടുകളിലെത്തി ക്രിസ്തുമസ്സ്  ആശംസകള്‍ നേരാന്‍ തുടങ്ങിയത്. 1823-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ' എ വിസിറ്റ് ഫ്രം സെന്റ് നിക്കോളാസ്' എന്ന കവിതയില്‍ വിശദീകരിച്ചതുപോലെയാണ് സാന്തായുടെ രൂപം ഡിസൈന്‍ ചെയ്യപ്പെട്ടത്. കാലാകാലങ്ങളായി അത് നിലനിന്ന് പോകുന്നു. സിനിമയിലും, കഥകളിലും, കവിതകളിലും ഇന്നും സാന്തായ്ക്ക് ഒരു രൂപമേയുള്ളൂ. മലയാളികള്‍ ക്രിസ്മസ്  അപ്പൂപ്പനെന്നും തമിഴര്‍ ക്രിസ്മസ്  താത്തയെന്നും വടക്കേ ഇന്ത്യക്കാര്‍ ക്രിസ്മസ്  ബാബയെന്നും സാന്തയെ വിളിക്കുന്നു. ജെയിംസ് ലോര്‍ഡ് പെയര്‍പോയിന്റ് എഴുതിയ അമേരിക്കന്‍ ക്രിസ്മസ്  ഗാനമായി ' ജിങ്ഗിള്‍ ബെല്‍സ്' ആണ് സാന്തായെ അനുഗമിക്കുന്നവരുടെ കോറസ്.