ലമുറകളായി വിളമ്പുന്നതും കൈമാറ്റം ചെയ്യപ്പെട്ട രുചിക്കൂട്ടിലും നിർമിക്കുന്ന  വീഞ്ഞ് ക്രിസ്‌മസിലെ പ്രധാന വിഭവമാണ്. രാസവസ്തുക്കളൊന്നും ചേർക്കാത്ത  ഒന്നോ രണ്ടോ കുപ്പി നാടൻ വീഞ്ഞാണ് പല കുടുംബങ്ങളും തയ്യാറാക്കുന്നത്.  

 പൈനാപ്പിൾ, മുന്തിരി, ചാമ്പയ്ക്ക, ഓറഞ്ച്, നെല്ലിക്ക തുടങ്ങിയവയാണ് വീഞ്ഞുണ്ടാക്കാൻ തിരഞ്ഞെടുക്കുന്നത്. ക്രിസ്‌മസിന് മാസങ്ങൾക്ക് മുമ്പുതന്നെ വീടുകളിൽ വൈൻ തയ്യാറാക്കിത്തുടങ്ങും.

ഒല്ലൂർ മുത്തിപ്പീടിക വീട്ടിൽ തോമസിന്റെ ഭാര്യ ഗീദു തോമസ് പറയുന്നതു കേൾക്കുക. മാസങ്ങൾക്ക് മുമ്പുതന്നെ ക്രിസ്‌മസിനാവശ്യമായ വൈൻ വീട്ടിൽ  തയ്യാറാക്കി. വീര്യം കൂടിയ മാധുര്യമുള്ള വീഞ്ഞ് നിർമിക്കാനുള്ള പാചകക്കൂട്ട് അമ്മയിൽനിന്നാണ് പഠിച്ചത്. മുന്തിരിവീഞ്ഞാണ് തയ്യാറാക്കുന്നത്.

അഞ്ച് കിലോ മുന്തിരിയുടെ വീഞ്ഞാണ് തയ്യാറാക്കിയത്. കഴുകി വൃത്തിയാക്കിയ മുന്തിരി വേവിക്കുക. വെന്തുകഴിഞ്ഞ മുന്തിരി തോർത്തുമുണ്ടിൽ അരിച്ചെടുക്കുക. രണ്ടുതവണ മുന്തിരി വേവിച്ച് ചാറ് എടുക്കാം.  

 മുന്തിരിച്ചാറിൽ ഒരു കിലോ പഞ്ചസാര ചേർക്കുക. മധുരം ആവശ്യാനുസരണം ഉപയോഗിക്കാമെന്ന് ഗീദു പറയുന്നു. അരിച്ചെടുത്ത മുന്തിരിച്ചാറ് ഭരണിയിലേക്ക് ഒഴിച്ച് വായു കടക്കാത്തവിധം അടച്ചുവെയ്ക്കുക.

 ഭരണിയുടെ സൈഡിൽ മെഴുക് ഒട്ടിച്ചാൽ വായു അകത്തേക്ക് കടക്കില്ല. വീഞ്ഞിൽ യാതൊരു രാസവസ്തുവും ചേർക്കരുതെന്നാണ് ഗീദുവിന്റെ അഭിപ്രായം. പിന്നെ മാസങ്ങളുടെ കാത്തിരിപ്പാണ്. രണ്ട് മാസം കഴിയുമ്പോൾ വൈൻ പാകമാകും.