ക്രിസ്മസ് ആഘോഷങ്ങളൊക്കെ കഴിഞ്ഞ് തളര്‍ന്നിരിക്കുമ്പോള്‍ പെട്ടെന്ന് വീട്ടിലേക്ക് അതിഥികള്‍ വന്നാലോ? അത്താഴത്തിന് കറി ഒരുക്കേണ്ടി വന്നാലോ? പെട്ടെന്നു തയ്യാറാക്കാവുന്ന ഒരു വിഭവമാണ് സ്‌പെഷ്യല്‍ ബീഫ് പെപ്പര്‍ ഫ്രൈ.

ചേരുവകള്‍  1 കിലോ ബീഫ്  1 ടീസ്പൂണ്‍ കടുക്  1 ഇടത്തരം കഷണം ഇഞ്ചി  5 പച്ചമുളക്  2 സവാള  2 തക്കാളി (ചെറുത്)  2 അല്ലി കറിവേപ്പില  2 ടേബിള്‍ സ്പൂണ്‍ കുരുമുളകുപൊടി  20 അല്ലി വെളുത്തുള്ളി  ആവശ്യത്തിന് മല്ലിയില  ആവശ്യത്തിന് വെളിച്ചെണ്ണ 

തയ്യാറാക്കുന്ന വിധം ബീഫ് ആദ്യം തന്നെ ഉപ്പും മഞ്ഞള്‍പ്പൊടിയും ഇട്ടു വേവിക്കുക. ബീഫ് നേരത്തേ വേവിച്ചു വച്ചിരുന്നാല്‍ ആവശ്യമുള്ളപ്പോള്‍ എടുത്ത് ഉണ്ടാക്കാം, ഇതിലൂടെ സമയവും ലാഭിക്കാം. 

നെടുകെ കീറിയെടുത്ത വെളുത്തുള്ളി, നീളത്തില്‍ കനം കുറച്ച് അരിഞ്ഞ സവാള, നെടുകെ കീറിയ പച്ചമുളക്, ചെറുതായി അരിഞ്ഞ ഇഞ്ചി, കഷണങ്ങളാക്കിയ തക്കാളി എന്നിവ തയ്യാറാക്കി വയ്ക്കുക. 

ഒരു പാത്രത്തില്‍ ചെറിയ തീയില്‍ ആവശ്യത്തിന് എണ്ണയൊഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക. ശേഷം സവാള ചേര്‍ത്തിളക്കുക. അടുത്തതായി വെളുത്തുള്ളിയും പച്ചമുളകും ചേര്‍ക്കുക. നന്നായി ഇളക്കിയ ശേഷം ഇഞ്ചി ചേര്‍ക്കുക. 

സവാളയും മറ്റ് ചേരുവകളും നന്നായി വഴണ്ടുവരുമ്പോള്‍ തക്കാളി ചേര്‍ക്കുക. തക്കാളി നന്നായി വെന്തുടഞ്ഞ് ചാറ് ഇറങ്ങിത്തുടങ്ങുമ്പോള്‍ കുരുമുളകുപൊടി ചേര്‍ക്കുക. ഇത് നന്നായി ഇളക്കി ചേര്‍ക്കുക. കുരുമുളകിന്റെ പച്ചമണം മാറിക്കഴിഞ്ഞാല്‍ ബീഫ് ചേര്‍ക്കാം. 

ബീഫ് അരപ്പുമായി നന്നായി ഇളക്കിച്ചേര്‍ക്കുക. 3- 4 മിനിറ്റ് നന്നായി ഇളക്കി കൊടുക്കുക. അടിയില്‍ പിടിക്കാതെ ശ്രദ്ധിക്കണം. ശേഷം കറിവേപ്പിലയും മല്ലിയിലയും കൂടി ചേര്‍ത്തിളക്കി 2 മിനിറ്റിനു ശേഷം അടുപ്പില്‍ നിന്നും വാങ്ങാം.