പണ്ടൊരു നാളില്‍ ദൈവസുതന്‍ പിറന്നതിന്റെ ഓര്‍മദിനം കരോള്‍ ഗാനങ്ങളിലൂടെ ഇന്നും പുനര്‍ജനിക്കുന്നു. ദാവീദിന്‍ സുതന്‍ ചെങ്കടലില്‍ പാത തെളിച്ചതും എരിവെയിലില്‍ മേഘത്തണലായതും സീനായ് മാമലയുടെ മുകളില്‍  നീതിപ്രമാണങ്ങള്‍ പകര്‍ന്നേകിയതുമെല്ലാം  നമ്മെ പാടിക്കേള്‍പ്പിച്ച ഗായകര്‍ക്കുമുണ്ട് ഒരുപിടി ക്രിസ്മസ് ഓര്‍മകള്‍. വഴിയും സത്യവുമായ യേശുദേവന്റെ തിരുനാമങ്ങള്‍ വാഴ്ത്തിപ്പാടിയ ഇവര്‍ ഓരോരുത്തരുടെയും മനസില്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ക്രിസ്മസ് ദിനം മായാതെ നില്‍ക്കുന്നു.


 പുല്‍ക്കുടിലിന്‍ കല്‍ത്തൊട്ടിയില്‍.....

K.G Markose'ഇസ്രയേലിന്‍ നാഥനായി വാഴും എക ദൈവം' എന്നു കേള്‍ക്കുമ്പോള്‍ ദൈവത്തേക്കാള്‍ മുമ്പേ നമ്മുടെ മനസ്സില്‍ സ്ഥാനം പിടിക്കുന്നത്  ആ ശബ്ദത്തിന്റെ ഉടമയായിരിക്കും. യേശുവിന്റെ മഹത്വത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് കെ.ജി മാര്‍ക്കോസ് നിരവധി ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ദൈവപുത്രന്റെ പീഡാനുഭവങ്ങളും അമ്മമാരുടെ വേദനകളും മനോഹരമായ സംഗീതത്തിലൂടെ നമ്മെ കേള്‍പ്പിച്ച അദ്ദേഹം അതിമധുരമായ ചില ക്രിസ്മസ് ഗാനങ്ങളും നമുക്കു തന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

'യേശുവിന്റെ ജനനത്തെ മാത്രം സൂചിപ്പിക്കുന്ന പാട്ടുകളാണ് ക്രിസ്മസ് ഗാനങ്ങള്‍. അതുകൊണ്ടു തന്നെ ഇത്തരം ഗാനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് സന്തോഷത്തിന്റെ ഭാവമാണ്. 

'പുല്‍ക്കുടിലിന്‍ കല്‍ത്തൊട്ടിയില്‍
മരിയത്തിന്‍ പൊന്‍മകനായ് 
പണ്ടൊരു നാള്‍ ദൈവസുതന്‍
പിറന്നതിന്നോര്‍മ്മ ദിനം' എന്നു തുടങ്ങുന്ന ഗാനം എനിക്ക് എറെ ഇഷ്ടമാണ്.

ലോകത്തിലെ സകലവേദനകളും ക്ഷമയോടെ സഹിച്ച രക്ഷകനായ മിശിഹായുടെ ജന്‍മസുദിനത്തില്‍,  സ്‌നേഹമുളളവരെ നമുക്ക് നമ്മുടെ അയല്‍ക്കാരെയും അവശരെയും നമ്മെത്തന്നെയും സ്‌നേഹിക്കാം. സ്‌നേഹമാണ് ദൈവം എന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു ഈ ഗാനം.


തട്ടുപൊളിപ്പന്‍ കരോള്‍ ഗാനങ്ങള്‍

പണ്ടൊക്കെ ക്രിസ്മസ് ഗാനങ്ങളില്‍ ഓര്‍ഗന്റെ സംഗീതം മാത്രമേ കേള്‍ക്കാന്‍ കഴിയൂ. കേള്‍ക്കാന്‍ പോകുന്നത് പള്ളിപ്പാട്ടാണെന്ന് ഓര്‍ഗന്റെ സംഗീതം കേള്‍ക്കുമ്പോഴേ നമുക്കറിയാം. എന്നാല്‍ ഇന്ന് തട്ടുപൊളിപ്പന്‍ സംഗീതത്തിന്റെ സാന്നിദ്ധ്യം ക്രിസ്തീയ ഭക്തിഗാനങ്ങളിലും ക്രിസ്മസ് ഗാനങ്ങളിലും പ്രകടമാണ്. ഇന്നത്തെ യുവാക്കള്‍ക്ക് ആവശ്യമുള്ള സംഗീതം അതാണ്. എന്നിരുന്നാലും ക്രിസ്മസ് ഗാനങ്ങളില്‍ വലിയ മൂല്യച്യുതി സംഭവിച്ചിട്ടില്ലെന്നു തന്നെ പറയാം.

പാരീസ് മുട്ടായിയുടെ മധുരമുള്ള ക്രിസ്മസ് ഓര്‍മകള്‍

ചെറുപ്പത്തില്‍ പാരീസ് മുട്ടായി ആയിരുന്നു ക്രിസ്മസ് ആഘോഷത്തിലെ സുഖമുള്ള ഓര്‍മ്മ. നാവിന്‍ തുമ്പില്‍ നിന്ന് ഒരിക്കലും മായാത്ത മധുരം! അതാണല്ലോ ക്രിസ്മസ്. പിന്നീട് കാലം മാറിയപ്പോള്‍ ആഘോഷങ്ങളുടെ രീതിയും മാറി. 10 ദിവസത്തെ അവധിക്കാലവും കൂട്ടുകാരോടൊപ്പം കളിച്ചു നടന്ന ദിവസങ്ങളുമാണ് മനസ്സില്‍ ഇപ്പോഴും പച്ചപിടിച്ചു നില്‍ക്കുന്നത്. അന്നൊക്കെ ക്രിസ്മസിന് മാത്രമാണ് വീടുകളില്‍ ഇറച്ചി വാങ്ങുന്നത്. ഇന്നത്തെപ്പോലെ ക്രിസ്മസ് കേക്ക് കടയില്‍ നിന്നും വാങ്ങാറില്ല. വീട്ടില്‍ തന്നെ ഉണ്ടാക്കുകയാണ് പതിവ്. 2000 നു ശേഷം നമ്മുടെ ആഘോഷങ്ങളില്‍ വലിയൊരു മാറ്റം പ്രകടമാണ്. ക്രിസ്മസ് ട്രീ, പുല്‍ക്കൂട് എിവയെല്ലാം ഇന്ന് റെഡിമെയ്ഡ് ആയി കടയില്‍ വാങ്ങാന്‍ കിട്ടുമല്ലോ.

എങ്ങും സന്തോഷം നിറയട്ടെ

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായാണ് ക്രിസ്മസ് കടന്നുവരുന്നത്. ക്രിസ്മസ് ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ത്തന്നെ നമുക്കത് മനസ്സിലാക്കാം. വളരെ മൃദുലമായതും ഇമ്പമുള്ളതുമായ വരികളാണ് അവ. ഇന്ന് നമ്മള്‍ ഓരോരോ കാരണങ്ങള്‍ കണ്ടെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അതിനു പകരം സ്‌നേഹത്തോടെ പെരുമാറുകയും സമാധാനമുണ്ടാക്കാന്‍ പ്രവര്‍ത്തിക്കുകയും വേണം. ക്രിസ്ത്യാനിക്ക് ഒരു രക്തം, ഇസ്ലാമിന് വേറൊരു രക്തം- അങ്ങനെയൊരു വേര്‍തിരിവ് ഒരിക്കലുമുണ്ടാകരുത്. മനുഷ്യര്‍ പരസ്പരം അങ്ങേയറ്റം സഹകരിച്ചുകൊണ്ട് വേദനകളും ദു:ഖങ്ങളും പങ്കുവെച്ച് ജീവിക്കണം.

മനസ്സിലിന്നും  'യഹൂദിയായിലെ ഒരു ഗ്രാമം'

Biju Narayanan

മലയാളത്തിന്റെ പിന്നണി ഗായകന്‍ ബിജു നാരായണന്‍ ക്രിസ്മസ് എന്നു കേള്‍ക്കുമ്പോള്‍  ഓര്‍ക്കുന്നത്  ഒരു ധനുമാസത്തിലെ കുളിരുന്ന രാവില്‍ യഹൂദിയായിലെ ഗ്രാമത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോയ ദാസേട്ടന്റെ ശബ്ദമാണ്. 'തിരുപ്പിറവിയെക്കുറിച്ചുള്ള  ഏറ്റവും സുന്ദരമായ ഒരു ഗാനമാണത്. നല്ല സംഗീതം.നല്ല വരികള്‍. ക്രിസ്തുവിന്റെ ജനനം നമുക്ക് ഓരോരുത്തര്‍ക്കും സന്തോഷം തരുന്നു. ഈ പാട്ടു കേള്‍ക്കുമ്പോള്‍ നമ്മള്‍ ഓരോരുത്തരും മനസ്സു കൊണ്ടു സന്തോഷിക്കുന്നു. വര്‍ണരാജികള്‍ വിടരുന്ന ആകാശവും വെള്ളിമേഘങ്ങള്‍ ഒഴുകുന്ന രാത്രിയുമെല്ലാം ഉള്‍ക്കൊള്ളുന്ന അതിമനോഹരമായ തിരുപ്പിറവിയുടെ  സംഗീതമാണ് ഈ ഗാനം. ഓര്‍ക്കസ്ട്രേഷന് ഇന്ന് ഏറെ പ്രാധാന്യമുണ്ടെങ്കിലും പഴയ പരമ്പരാഗത രീതിയിലുള്ള സംഗീതത്തില്‍ തന്നെയാണ് ക്രിസ്തീയ ഭക്തി ഗാനങ്ങളുടെ സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്നത്.'

 

മഞ്ഞു പെയ്യുന്ന അമേരിക്കയില്‍ 

എന്റെ ഓര്‍മ്മയില്‍ മറക്കാനാകാത്ത ക്രിസ്മസ് ആഘോഷം അമേരിക്കയിലെ മഞ്ഞു പെയ്യുന്ന രാവുകളിലായിരുന്നു. അവിടുത്തെ ക്രിസ്മസ് രാവുകളുടെ ഭംഗി അവര്‍ണ്ണനീയമാണ്. മഞ്ഞുമൂടിയ വീടുകള്‍ അതിമനോഹരമായി അലങ്കരിച്ചിരിക്കുന്ന കാഴ്ച ഒന്നു കാണേണ്ടതു തന്നെയാണ്‌. അമേരിക്കയിലെ ക്രിസ്മസ് എനിക്ക് ഒരു വേറിട്ട അനുഭവം തന്നെയാണ്.'

സ്വയം ആഹ്ലാദിക്കൂ

നമ്മള്‍ പൊതുവെ പറയുന്നത് സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ക്രിസ്മസ് എന്നാണല്ലോ. എന്നാല്‍ ഇന്നത്തെ കാലത്ത് സ്‌നേഹവും സമാധാനവുമുണ്ടോ? നമ്മളോരോരുത്തരും വല്ലാതെ മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ്. ഇതില്‍ നിന്നൊക്കെ ഒരല്‍പ്പം ആശ്വാസം കിട്ടാനാണ് ഇത്തരം ആഘോഷങ്ങള്‍. വീട്ടുകാരോടൊപ്പം നക്ഷത്രമുണ്ടാക്കുമ്പോഴും പുല്‍ക്കൂടൊരുക്കുമ്പോഴും നമ്മള്‍ സ്വയം ആഹ്ലാദം കണ്ടെത്തുകയാണ് ചെയ്യുന്നത്. എല്ലാ ആഘോഷങ്ങളും ജാതിമത ഭേദമെന്യേ ആഘോഷിക്കണം.

 


കാവല്‍മാലാഖമാരേ കണ്ണടയ്ക്കരുതേ.....

Cicily Abraham

'കുട്ടിക്കാലം മുതല്‍ ഞാന്‍ എറ്റവും കൂടുതല്‍ തവണ പാടിയിട്ടുള്ള ക്രിസ്മസ് ഗാനമാണ് 'കാവല്‍ മാലാഖമാരേ'. ക്രിസ്മസിന്റെ എല്ലാ അര്‍ത്ഥങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട് എഴുതിയ വരികളാണ് അവ. ഉണ്ണീശോയെ ഒരു കുഞ്ഞുവാവയെ താരാട്ടു പാടി ഉറക്കുന്നതുപോലെയാണ് നമുക്ക് പാട്ടു കേള്‍ക്കുമ്പോള്‍ അനുഭവപ്പെടുന്നത്. ശാരോണ്‍ താഴ്‌വരയിലെ പനിനീര്‍പ്പൂവിനോട് തേന്‍ തുളുമ്പുന്ന ഇതളുകളാല്‍ ഉണ്ണിയീശോയ്ക്ക് ശയ്യയൊരുക്കാന്‍ ആവശ്യപ്പെടുകയാണ് ഇവിടെ.
എന്റെ ഇഷ്ട ഗാനങ്ങളില്‍ ഒന്നാണിത്.' പറയുന്നത് 1500ല്‍പ്പരം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ ആലപിച്ച പിന്നണിഗായിക സിസിലി എബ്രഹാം.

സംതിങ്ങ് സ്‌പെഷ്യല്‍ 

ഓരോ വര്‍ഷം തുടങ്ങുമ്പോഴും ഞാന്‍ ഡിസംബര്‍ മാസത്തെയാണ് കാത്തിരിക്കുന്നത്. ഇത്തവണത്തേക്കാള്‍ സ്‌പെഷ്യല്‍ ആയ ക്രിസ്മസിനു വേണ്ടിയുള്ള കാത്തിരിപ്പ്. എന്റെ ഏറ്റവും സ്‌പെഷല്‍ ക്രിസ്മസ് ദിനങ്ങള്‍ ഇനിയും വരാനിരിക്കുന്നതായിരിക്കും. കുട്ടിക്കാലത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ എങ്ങനെ മറക്കും? രാത്രിയിലുളള പാതിരാക്കുര്‍ബാന. പിന്നെ നൊയമ്പുമുറിക്കലും ഇറച്ചിവിഭവങ്ങള്‍ കൊണ്ടുള്ള രുചികരമായ ഭക്ഷണവും.ഒന്നും ഒരിക്കലും മറക്കാന്‍ കഴിയില്ല. 

ക്രിസ്മസ് സമ്മാനം

ഏതു പാട്ടു പാടുമ്പോഴും ആ പാട്ടിനെ മനസ്സറിഞ്ഞു സ്‌നേഹിച്ചു പാടണം. അല്ലെങ്കില്‍ പാട്ടു നന്നായി പാടാന്‍ കഴിയില്ല. ഈ ക്രിസ്മസ് വേളയില്‍ ഞാന്‍ എറെ ഇഷ്ടപ്പെടുന്ന ഒരു ഗാനമുണ്ട്. ' ഞാനും എന്റെ ഈശോയും' എന്ന പുതിയ ആല്‍ബത്തിലെ ആരാധനയുടെ പാട്ട് എനിക്ക് ഏറെ പ്രതീക്ഷ തരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ ക്രിസ്തീയ ഭക്തിഗാനങ്ങളില്‍ ഏറ്റവും മികച്ച ഒരു ഗാനമായിരിക്കുമതെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. ഞാന്‍ തന്നെ നിര്‍മിക്കുകയും സംഗീതം നല്കുകയും ചെയ്ത 'പീസ് ബി വിത്ത് യു' എന്ന പുതിയ ഗാനങ്ങളുടെ സി.ഡി ഇത്തണ ക്രിസ്മസ് സമ്മാനമായി ഞാന്‍ നിങ്ങള്‍ക്കു സമര്‍പ്പിക്കുന്നു.

 


കരോളിലെ വേറിട്ട ശബ്ദം

കോട്ടയത്ത് സമാന ചിന്താഗതിക്കാരായ കുറച്ച് ആണുങ്ങള്‍ മാത്രം ഒത്തുചേര്‍ന്ന് കോട്ടയം മെന്‍സ് വോയ്‌സ് എന്ന് ഗായകസംഘത്തിന് പേരും കൊടുത്തു. ഏതാണ്ട് ഒരു വര്‍ഷമായപ്പോള്‍ ആസ്വാദകരുടെ താല്‍പ്പര്യം മാനിച്ച് പാടാന്‍ കഴിവുള്ള ഗായികമാരെയും ഒപ്പം ചേര്‍ത്തു. അങ്ങനെ 'കോട്ടയം മിക്‌സഡ് വോയ്‌സ്' രൂപം കൊണ്ടു. ഇതിന് ചുക്കാന്‍ പിടിച്ച സി.എം.എസ് കോളേജിലെ പ്രൊഫസര്‍ ആയിരുന്ന എബ്രഹാം. സി.  മാത്യു നമ്മോടൊപ്പം ചേരുന്നു. 

Kottayam mixed voice

'മുപ്പതു വര്‍ഷം മുമ്പ് ഞായറാഴ്ച വൈകീട്ട് സമയം കളയാന്‍ വേണ്ടിയാണ് ഞങ്ങള്‍ 13 പേര്‍ ചേര്‍ന്ന് ഇങ്ങനെയൊരു ഗായകസംഘം ഉണ്ടാക്കിയത്. എന്നാല്‍ ഇന്ന് ജീവിതത്തിന്റെ എല്ലാ തുറകളില്‍പ്പെട്ടവരും ഞങ്ങളോടൊപ്പമുണ്ട്. കുട്ടികളും അദ്ധ്യാപകരും ബാങ്ക് ജീവനക്കാരും സര്‍വീസില്‍ നിന്ന് വിരമിച്ചവരുമെല്ലാം ഞായറാഴ്ച വൈകുന്നേരം കരോള്‍ ഗാനങ്ങള്‍ പ്രാക്ടീസ് ചെയ്യാന്‍ സി.എം.എസ് കോളേജ് ചാപ്പലില്‍ ഒത്തുചേരും. ബാംഗഌര്‍, ബോംബെ, തിരുവനന്തപുരം,കണ്ണൂര്‍,കോഴിക്കോട്,പത്തനംതിട്ട എന്നിവിടങ്ങളിലും ദൂരദര്‍ശനിലെ പരിപാടികളിലും കരോള്‍ ഗാനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 


പ്രൊഫസറുടെ കരോള്‍ പാഠങ്ങള്‍

വെസ്റ്റേണ്‍ ചര്‍ച്ച് മ്യൂസികിനെ അടിസ്ഥാനപ്പെടുത്തിയാണ് ഞങ്ങള്‍ കരോള്‍ ഗാനങ്ങള്‍ ആലപിക്കുന്നത്. ഏതാണ്ട് 60 പേരടങ്ങുന്നതാണ് ഗായകസംഘം . ഇവരെ നാലു വിഭാഗങ്ങളായി തിരിച്ചാണ് കരോള്‍ ഗാനങ്ങള്‍ ആലപിക്കുന്നത്. സ്ത്രീകളുടെ ശബ്ദത്തെ 'സൊപ്രാനോ' , 'ആള്‍ട്ടോ' എന്നിങ്ങനെ വേര്‍തിരിച്ചിരിക്കുന്നു. സ്ത്രീകളില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാടുന്നവരാണ്  ' സൊപ്രാനോ'.  ശബ്ദം താഴ്ത്തി പാടുന്നവരാണ് 'ആള്‍ട്ടോ'. അതുപോലെ തന്നെ പുരുഷന്‍മാരില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാടുന്നവരെ 'ടെനര്‍' എന്ന വിഭാഗത്തിലും താഴ്ന്ന ശബ്ദത്തില്‍ പാടുന്നവരെ 'ബാസ്' എന്ന വിഭാഗത്തിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ നാല് ട്യൂണുകളും അതിന്റെ പൂര്‍ണ്ണതയില്‍ സമന്വയിക്കുമ്പോളാണ് കരോള്‍ ഗാനങ്ങളുടെ വശ്യതയും ഭംഗിയും.

കരോള്‍ ഗാനങ്ങളിലൂടെ കഴിഞ്ഞ മുപ്പതു വര്‍ഷക്കാലം നമ്മോടൊപ്പമുണ്ടാകാന്‍ സാധിച്ചതിന് ദൈവത്തോട് നന്ദി പറയുന്ന പ്രൊഫസര്‍ ശാന്തിയുടെയും സമാധാനത്തിന്റെയും ക്രിസ്മസ് നമുക്കായാശംസിക്കുന്നു.