പള്ളിമുറ്റത്തൂടെ കൈവീശി ജാതിമരച്ചുവട്ടിലേക്ക് അച്ചന് നടന്നടുക്കുകയാണ്. തണലുണ്ട്. കുര്‍ബാന കഴിഞ്ഞ്, അച്ചന് ആളുകള്‍ക്കിടയില്‍ സംസാരിച്ചുനില്‍ക്കുന്നു. മനുഷ്യര്‍ക്കിടയില്‍ മറ്റേതോ ലോകത്തുനിന്നെന്നപോലെ ളോഹയില്‍ ഇതാ ഒരു മനുഷ്യന്. 'എന്തുണ്ട് വിശേഷം, കറിയാച്ചാ?' ജീവിതവ്യഗ്രതയില്ലാത്ത വാക്കുകള്‍. യേശുവിനെക്കുറിച്ച് പറഞ്ഞും കേട്ടും എവിടെയോ ഒരു അലൗകികപ്രതീതി. മരണവീട്ടിലും ജ്ഞാനസ്നാനത്തിലും നാട്ടിലെ പ്രശ്നങ്ങളിലും ഓടിനടക്കുന്ന അച്ചന്മാര്.
നമ്മുടെ ഈ അച്ചന്മാര് കേരളീയ ജീവിതത്തില്‍ ഏറെക്കാലമായി നിറസാന്നിധ്യമാണ്. അതുകൊണ്ടുതന്നെ അവര്‍ സിനിമയിലും കടന്നുവരുന്നു, ദാ, നോക്കൂ...
പുറമെ പരുക്കനെങ്കിലും ഒരു കടലോളം സ്നേഹം ഉള്ളില്‍ സൂക്ഷിക്കുന്ന ഒറ്റപ്ലാക്കന്മാര്. ദേഷ്യം പിടിച്ചാലോ, ളോഹ മടക്കിക്കുത്തി ഒന്ന് മുട്ടാനും മടിക്കില്ല. ളോഹ ഊരിവെച്ച്, കുട്ടികളിലേക്കിറങ്ങിച്ചെന്ന് കാല്‍പ്പന്ത് കളിക്കുന്ന വര്‍ഗീസ് പുണ്യാളന്മാര്. 'എന്റെ മാമാട്ടിക്കുട്ടിയമ്മ'യിലെ തിലകന് മുതല്‍ ഇങ്ങ് 'സപ്തമശ്രീ തസ്കര'യിലെ ലിജോ ജോസ് പെല്ലിശ്ശേരി വരെയുള്ളവര്‍ മനോഹരമാക്കിയ അച്ചന്മാര്. അതില്‍ നമ്മളെ ചിന്തിപ്പിച്ചവരും ചിരിപ്പിച്ചവരും കരയിപ്പിച്ചവരും നിരവധി.
ചാക്കോ മാഷ്: (മുറ്റത്ത് നട്ടിരിക്കുന്ന തെങ്ങിന് തൈ ചൂണ്ടിയിട്ട്) ആടു തോമയെന്ന ഓട്ടക്കാലണയ്ക്ക് പകരം ഞാന്‍ നട്ടതാണ്. ഇതിന് ഞാന്‍ ദിവസവും വെള്ളമൊഴിച്ച് വളര്‍ത്തി വലുതാക്കും.
കലിപൂണ്ട ഒറ്റപ്ലാക്കനച്ചന്, അത് ചുവടോടെയെടുത്ത് ദൂരേക്കെറിഞ്ഞു. 'ഒലക്ക, ഒലക്കേടെ മൂട്'.ഈ ഡയലോഗ് കേള്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ കോരിത്തരിപ്പോടെ ചാടിയെണീറ്റ് കൈയടിച്ചുപോവും, 'അച്ചനാണച്ചോ അച്ചന്'. സിനിമയിലെ ശക്തമായ കഥാപാത്രമാണ് കരമന ജനാര്ദനന് നായര്‍ അവതരിപ്പിച്ച ഒറ്റപ്ലാക്കനച്ചന്.
'സ്ഫടിക'ത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ ഭദ്രന് ഓര്‍മകളിലേക്ക് വീണു. 'എന്റെ ചെറിയ പ്രായത്തിലേ മനസ്സില്‍ പതിഞ്ഞുപോയ ചില അച്ചന്മാരുണ്ട്. പള്ളിമേടയില്‍ നിന്ന് മനുഷ്യരുടെ ജീവിതത്തിലേക്കിറങ്ങി, അവരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നവര്‍. അഞ്ചാം ക്ലാസ് മുതല്‍ ഞാന്‍ പഠിച്ചത് ഇരിഞ്ഞാലക്കുട ഡോണ്‍ബോസ്കോ സ്കൂളിലാണ്. ചുരുണ്ട മുടിയും ചുവന്ന കണ്ണുമൊക്കെയായി ഒരു അലമ്പ് ലുക്കായിരുന്നു എനിക്ക്. അത് തമിഴനായ പ്രിന്‍സിപ്പല്‍ ഫാദര്‍ ആന്‍ഡ്രൂ ദൊരൈരാജിന് പിടിച്ചില്ല. അവസാനം ഒരു തമിഴ് പാട്ട് പാടിയാണ് ഞാന്‍ ഫാദറിനെ വീഴ്ത്തുന്നത്. പിന്നെ, അദ്ദേഹത്തിന് എന്നോട് വലിയ കാര്യമായി. എപ്പോഴും, 'യു ആര് മൈ ബോയ്' എന്നാണ് പറയുക. പത്തില്‍ എത്തിയപ്പോള്‍ കണക്ക് എനിക്ക് ബാലികേറാമലയായി. എത്ര പഠിച്ചിട്ടും തലയില്‍ കേറുന്നില്ല. ഫാദര്‍ ആന്‍ഡ്രൂ പറഞ്ഞു, 'നിനക്ക് അത്യാവശ്യം കൂട്ടാനും കുറയ്ക്കാനും അറിയാം. അതുമതി. ഇനി കണക്കിനെപ്പറ്റി അധികം ചിന്തിക്കണ്ട.' അദ്ദേഹമെന്നെ എഴുതാനും നാടകത്തില്‍ അഭിനയിക്കാനുമൊക്കെ പ്രോത്സാഹിപ്പിച്ചു. സ്കൂള്‍ സമയത്ത് അസ്സലൊരു ടീച്ചറാണെങ്കിലും, ക്ലാസ് ടൈം കഴിഞ്ഞാല്‍ അദ്ദേഹം ഞങ്ങളോടൊപ്പം കൂടും. ളോഹയൊക്കെ അഴിച്ചുവെച്ച് പാന്റും ബനിയനുമൊക്കെയിട്ട് ഫുട്ബോള്‍ കളിക്കാനൊക്കെ വരും. ആ അച്ചന്റെ നോട്ടവും ഭാവവും പെരുമാറ്റവുമെല്ലാം എന്റെ മനസ്സില്‍ സ്ഥാനം പിടിച്ചിരുന്നു. അതില്‍നിന്നൊക്കെയാണ് ഒറ്റപ്ലാക്കനച്ചന് ജനിക്കുന്നത്,' അച്ചന്മാരുടെ നാട്ടില്‍നിന്ന് ഭദ്രന് ഓര്‍ത്തു.
'പാവാട എന്ന സിനിമയില്‍ എനിക്കൊരു അച്ചന് കഥാപാത്രമാണ്, ഒറ്റപ്ലാക്കനച്ചനെപ്പോലെ. അഭിനയിക്കുമ്പോള്‍ സംവിധായകന് മാര്‍ത്താണ്ഡന്‍ ഓര്‍മിപ്പിച്ചിരുന്നു, സ്ഫടികത്തിലെ അച്ചനെ ഒന്ന് റഫര്‍ ചെയ്യണമെന്ന്. ഞാന്‍ പറഞ്ഞു, അച്ഛന്റെ കഥാപാത്രം വേറെത്തന്നെയാണ്. അത് അങ്ങനെത്തന്നെയിരിക്കട്ടെ,' നടന് സുധീര്‍ കരമന പറയുന്നു.
***
കഴുത്തില്‍ സദാ ഒരു മഫ്ളര്‍, തലയിലൊരു തൊപ്പി, ചുണ്ടിലൊരു സിഗരറ്റും. പുറമെ ഭയങ്കര പരുക്കന്‍. ആവശ്യമുള്ളപ്പോള്‍ ളോഹ മടക്കിക്കുത്താനും ആള് റെഡി. ഡോര്‍ തുറക്കാനാവാത്ത ഒരു ചടാക്ക് കാറിലാണ് സഞ്ചാരം. ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമയിലെ ഫാദര്‍ ഇങ്ങനെയാണ്.
അച്ചന്: താന്‍ ക്രിസ്ത്യാനിയാണോ? എന്നിട്ടാണോ ഈ പോക്രിത്തരം കാണിച്ചത്? എടോ ഈ സ്ഥലം പള്ളിവകയാ. പള്ളിവക സ്ഥലത്ത് ചോദിക്കേം വേണ്ട, പറയേം വേണ്ട. ചുമ്മാതങ്ങ് കേറി പൊറുതി തുടങ്ങുവാ. പോക്രിത്തരം എന്നല്ലേടോ ഇതിന് പറയുവാ. എന്നതാ തന്റെ പേര്?
എബി: എബി, എബി എബ്രഹാം.
അച്ചന്: എബി ആയാലും കൊള്ളാം, അബ്രഹാം ആയാലും കൊള്ളാം. ഞാന്‍ കൊറച്ചുകഴിഞ്ഞ് വരും. അപ്പോ തന്നെയും തന്റെ കുട്ടികളെയും ഈ കൂടാരവുമൊന്നും ഇവിടെ കണ്ടേക്കരുത്.
ഇതേ അച്ചന് തന്നെ ഒടുവില്‍ കുട്ടികളെ പഠിപ്പിക്കാനും അവര്‍ക്കൊരു കൂര കെട്ടിക്കൊടുക്കാനും മുന്‍കൈയെടുക്കുന്നു. അവര്‍ക്കൊപ്പം ആടുകയും പാടുകയും ചെയ്യുന്നു. 'മലയാളസിനിമയില്‍ എത്രയൊക്കെ അച്ചന്മാര് വന്നാലും അതിനെയൊന്നും മറികടക്കാന്‍ ഒരിക്കലും പറ്റില്ല.' 'റോമന്സി'ന്റെ സംവിധായകന് ബോബന് സാമുവല്‍ അഭിപ്രായപ്പെടുന്നു.