വൃശ്ചികക്കാറ്റിന്റെ തണുപ്പിനോടൊപ്പം നിറയെ സമ്മാനങ്ങളുമായി ഒരാള്‍ സഞ്ചാരം തുടങ്ങിയിട്ടുണ്ട്. സാന്റയാണത്. കിഴക്കു നിന്നെത്തിയ ജ്ഞാനികള്‍ ദരിദ്രനായ ഒരു കുഞ്ഞിനുവേണ്ടി കരുതിവെച്ച സമ്മാനങ്ങളുടെ കഥയുമായാണ് പുതിയ നിയമം ആരംഭിക്കുന്നത്. മീറയുടെയും കുന്തിരിക്കത്തിന്റെയും സ്വര്‍ണത്തിന്റെയും ചെപ്പുകളില്‍ അവര്‍ ആ കുഞ്ഞിന്റെ ഭാവിരേഖകള്‍ കോറിയിട്ടിരുന്നു. മീറയില്‍ അവന്റെ മരണസൂചനയുണ്ട്. മരിച്ചവരെ പൊതിയാനാണത്. കുന്തിരിക്കത്തില്‍ അവനുള്ള ആരാധന. സ്വര്‍ണത്തില്‍ ഭൂമിയുടെ ഹൃദയങ്ങളെ കീഴ്പ്പെടുത്താന്‍ പോകുന്ന രാജാവാണിവന്‍ എന്ന സൂചന.
ജിമ്മിന്റെയും ഡെല്ലയുടെയും സമ്മാനക്കൈമാറ്റങ്ങളുടെ ആ വിശ്വപ്രസിദ്ധമായ ക്രിസ്മസ് കഥയ്ക്ക് 'ജ്ഞാനികളുടെ സമ്മാനം' എന്ന് ഒ. ഹെന്റി പേരിട്ടതിനു പിന്നിലെ പ്രേരണയെന്തെന്ന് ധ്യാനിച്ചിട്ടുണ്ടോ? കൂട്ടുകാരന്റെ വാച്ചിനു ചെയിന്‍ വാങ്ങാന്‍ സ്വന്തം മുടി മുറിച്ചുവിറ്റ അവളും അവളുടെ മുടിയഴകില്‍ അണിയിക്കാനുള്ള അലങ്കാരം വാങ്ങാന്‍ അതേ വാച്ച് വിറ്റുകളയുന്ന അവനും ലോകത്തിലേറ്റവും പോഴരായ പുരുഷനും സ്ത്രീയുമാണ്. എന്നാല്‍, ആ പോഴത്തരത്തിലാണ് സമ്മാനത്തിലേക്കുള്ള താക്കോല്‍ കിടക്കുന്നത്. സമ്മാനമെന്ന കണ്ണാടിത്തുണ്ടില്‍ അത് നല്കിയയാളുടെയും സ്വീകരിച്ചയാളുടെയും പ്രതിബിംബം തെളിയുന്നുണ്ട്.
ജൂസെപ്പെ തൊര്ണതോറെയുടെ സിനിമ 'പാരഡൈസോ' നിനവില്‍ വരുന്നു. വളരെ പ്രശസ്തനായ ഒരു സംവിധായകനു വരുന്ന ഒരു ചരമവൃത്താന്തവുമായാണ് ചിത്രം മുന്നോട്ടു പോകുന്നത്. ആല്ഫ്രെഡോയെന്ന വയോധികന്റെ മരണവാര്‍ത്തയായിരുന്നു അത്. ഒരു ഉള്‍നാടന്‍ തിയേറ്ററിലെ ഓപ്പറേറ്ററായിരുന്നു അയാള്‍. സംവിധായകന്റെ സിനിമയിലേക്കുള്ള വാതില്‍ തുറന്നിട്ടതയാളായിരുന്നു. ആറു വയസ്സുമുതല്‍ പല കാരണങ്ങള്‍കൊണ്ട് ആ ഗ്രാമത്തില്‍ നിന്നും മനുഷ്യരില്‍ നിന്നും അകന്നുപോയ, ഇപ്പോള്‍ കേളികേട്ടൊരു പ്രതിഭയായി മാറിയ അയാള്‍ നാല്പതു വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മടങ്ങിവരികയാണ്.
എന്നെങ്കിലുമൊരിക്കല്‍ തന്നെത്തേടി വരുമെന്ന് അയാള്‍ വിശ്വസിച്ച ആ സിനിമാ ഭ്രാന്തനായ പഴയ കുട്ടിക്കുവേണ്ടി രണ്ടു കാര്യങ്ങള്‍ വൃദ്ധന് മരണനേരത്ത് ഭാര്യയെ ഏല്പിച്ചിട്ടുണ്ട്. ഒന്ന് ഒരു ചെറിയ സ്റ്റൂളാണ്. പ്രൊജക്ടറിന് പിന്നില്‍ അതിലിരുന്നാണ് അയാളോടൊപ്പം അവന് സിനിമകള്‍ കണ്ടിരുന്നത്. പിന്നെ, മുറിച്ചുകളഞ്ഞ ചിത്രങ്ങളെല്ലാം ചേര്‍ത്തൊരു ഫിലിം റോള്‍. ഓര്‍മകളുടെ ആമാടപ്പെട്ടിയാണ് ഓരോ ഉപഹാരവും; അതെത്ര നിസ്സാരമായി അനുഭവപ്പെട്ടാലും. സഞ്ചരിക്കുന്നുവെന്ന് കരുതുന്ന കാലം ചില നിസ്സാരവസ്തുക്കളില്‍ തട്ടി ഘനീഭവിക്കുന്നു. ഒടുവില്‍ നീയെത്തുമ്പോള്‍ പെയ്യാന്‍.
സ്നേഹത്തില്‍, സമ്മാനം ഒരു രഹസ്യഭാഷയാണ്. നിര്‍ണായകമായ യുദ്ധമുഖങ്ങളില്‍ കൗശലക്കാരനായ ഒരു ചാരന് കൈമാറുന്ന നിഗൂഢഅടയാളങ്ങളേക്കാള് അഗാധവും സങ്കീര്‍ണവുമാണ് അതിലടക്കം ചെയ്തിട്ടുള്ള അര്‍ഥധ്വനികള്‍. മധ്യവയസ്സില്‍ എത്തിയ ഒരുവള്‍ തന്റെ കുഞ്ഞുങ്ങള്‍ക്ക് കൈയെത്താനാവാത്ത, മുതിര്‍ന്നവര്‍ക്ക് മനസ്സെത്താനാവാത്ത ഉയരത്തില്‍ ഒരു ചെറിയ പാവക്കുട്ടിയെ ഒളിപ്പിച്ചിരിക്കുന്നത് നോക്കൂ. ശംഖില്‍ നിന്ന് കടലിരമ്പുന്നതുപോലെ അതില്‍ നിന്ന് ഒരു പ്രണയകാലമിരമ്പുന്നു.
ഒരു ചെറിയ പെണ്‍കുട്ടിക്ക് പാവ കിട്ടുന്നതുപോലെയല്ല മുതിര്‍ന്ന ഒരാള്‍ക്ക് അത് ഒരു പ്രണയോപഹാരമായി ലഭിക്കുന്നത്. അവളിലെ അമ്മയെയാണ്, അങ്ങാടിയുടെ കണക്കില്‍ തീരെ വിലയില്ലാത്തൊരു കളിപ്പാട്ടംകൊണ്ടയാള് തൊട്ടത്. മനസ്സ് ചുരന്നോളം ഒരാളുടെയും മാറു ചുരന്നിട്ടില്ല. ഇന്നോളം- നിങ്ങള്‍ സ്ത്രീയോ പുരുഷനോ ആയിക്കൊള്ളട്ടെ.
സ്നേഹത്തെക്കുറിച്ച് കേട്ട ഏറ്റവും ലളിതമായ നിര്‍വചനമിതാണ്. ഒരാള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടെന്ന നിശ്ശബ്ദ വിളംബരമാണതെന്ന്. ഓര്‍ത്താല്‍, ഏതൊരു സ്നേഹഭാവനയില്‍ നിന്നും മുഴങ്ങുന്ന സുവിശേഷമതാണ്. ഗാഢനിദ്രയിലായിരുന്ന പതിനായിരക്കണക്കിനു മനുഷ്യരില്‍ നിന്ന് ഒരാള്‍ നിങ്ങളുടെ ജീവിതത്തിലേക്ക് ഉണര്‍ന്നെണീക്കുന്നു. ശ്രീരാമസ്പര്ശമേറ്റ് കല്ലില്‍ നിന്ന് ഒരു സ്ത്രീയെഴുന്നേല്ക്കുന്നതുപോലെ ശിഷ്ടജീവിതം അവര്‍ക്കു ചുറ്റുമുള്ള ഭ്രമണപഥം മാത്രമാകുന്നു. പലരുടെയും ജീവിതത്തിലെ ഉറ്റവര്‍ ശ്വസിക്കുന്നുണ്ടെങ്കിലും മരിച്ചവരാണ്. ഒരു വീട്ടു കലഹത്തില്പോലും അതു മുഴങ്ങുന്നുണ്ട്. ഞാനൊരാള് ജീവിച്ചിരിക്കുന്നതുപോലും നിങ്ങള്‍ മറന്നുപോയി.
സമ്മാനങ്ങള്ക്കുപിന്നിലെ ഫിലോസഫി, അതു സ്വീകരിച്ചാലും കൈമാറിയാലും അതു മാത്രമാണ്. നിങ്ങള്‍ ഇപ്പോഴും എന്റെ ജീവിതത്തില്‍ സജീവമാണെന്ന് അടയാളപ്പെടുത്തുക. നിങ്ങളുണ്ട്. പകല്‍ക്കിനാവ് കണ്ടിരിക്കുന്ന നേരത്ത് അധ്യാപകന് ഹാജര്‍ വിളിക്കുമ്പോള്‍ ഞെട്ടിത്തെറിച്ച് പറയുന്നതുപോലെ- പ്രസന്റ് സര്! ഞങ്ങളിവിടെയൊക്കെത്തന്നെയുണ്ട് സര്, എങ്ങും പോയിട്ടില്ല.