'കിഡ്‌നിക്കു മതവും ജാതിയുമില്ല. ക്രിസ്ത്യാനിയുടെ കിഡ്‌നി ഹിന്ദുവിന്റെ ശരീരത്തില്‍ മാറ്റിവെച്ചതുകൊണ്ട് ഏതെങ്കിലും ഹിന്ദുവിനെ അമ്പലത്തില്‍ പ്രവേശിപ്പിക്കാതിരുന്നിട്ടുണ്ടോ ? ' ജാതിക്കും മതത്തിനും അതീതമായി യേശുദേവന്‍ കാണിച്ചുതന്ന സ്‌നേഹത്തിന്റെ സന്ദേശവുമായി ഫാദര്‍.ഡേവിസ് ചിറമേല്‍ ഈ ക്രിസ്മസ് വേളയില്‍ നമ്മോടൊപ്പം ചേരുന്നു.

ഫാദര്‍ ഡേവിസിന്റെ മനുഷ്യത്വപരമായ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടരായി വ്യത്യസ്ത മത വിഭാഗങ്ങളില്‍പ്പെട്ട ഏതാണ്ട് അന്‍പതോളം ആളുകള്‍ അപരിചിതരായ മനുഷ്യര്‍ക്ക് വൃക്കദാനം ചെയ്യാനായി മുന്നോട്ടു വന്നു. നൂറില്‍പ്പരം ആളുകള്‍ സ്വന്തം കുടുംബാംഗങ്ങള്‍ക്ക്‌ വൃക്കദാനം ചെയ്തപ്പോള്‍ ഏതാണ്ട് ആയിരത്തോളം പേര്‍ മരണശേഷം തങ്ങളുടെ വൃക്കദാനം ചെയ്യാനുള്ള മനസ്ഥിതിയുമായി മുന്നിട്ടിറങ്ങി.

അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ - ക്രിസ്മസ് ആഘോഷിക്കേണ്ടത് സ്വന്തം ഭവനത്തിലല്ല. വേദനിക്കുന്നവരുടെ ഹൃദയത്തില്‍ സന്തോഷം നിറയ്ക്കാന്‍ കഴിയുന്നിടത്താണ് ഇത്തരം ആഘോഷങ്ങള്‍ക്ക് പ്രസക്തിയുണ്ടാകുന്നത്. 

'ക്രിസ്മസ് സ്‌നേഹത്തിന്റെ ആഘോഷമാണ്. വാക്കിലൂടെയല്ല, പ്രവൃത്തിയിലൂടെയാണ് മറ്റുള്ളവരോടുള്ള സ്‌നേഹം നാം പ്രകടിപ്പിക്കേണ്ടത്.  കൊച്ചിന്റെ മുന്നില്‍ അമ്മയും അച്ഛനും തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുന്നത് അവരോളം ചെറുതായിക്കൊണ്ടാണ്. നമ്മള്‍ പുല്‍ക്കൂടൊരുക്കുമ്പോള്‍ പല പല രൂപങ്ങള്‍ ഒരുക്കി വെക്കുന്നുണ്ട്. യേശുദേവന്റ രൂപമാണ് അതില്‍ ഏറ്റവും ചെറുത്. സ്‌നേഹത്തിന്റെ രൂപം ചെറുതും ലളിതവുമാണെന്ന സന്ദേശമാണ് ക്രിസ്മസ് നമുക്ക് തരുന്നത്.' അദ്ദേഹം പറയുന്നു.

കൊട്ടാരത്തില്‍ വസിക്കുന്ന രാജാവിനും നിര്‍ദ്ധനനായ ആട്ടിടയനും ഒരുപോലെ യേശുദേവനെ സമീപിക്കാം. സ്വയം ചെറുതാകുമ്പോള്‍ ആര്‍ക്കും നമ്മെ സമീപിക്കാമെന്ന മഹത്തായ സന്ദേശമാണ് ഓരോ ക്രിസ്മസും ഓര്‍മ്മിപ്പിക്കുന്നത്. 

ഇന്ന് നമ്മള്‍ കൊട്ടാരം പോലത്തെ വീടുകള്‍ പണിയുന്നു. സ്‌നേഹത്തിന്റെ കണിക പോലും നമുക്കവിടെ കാണാന്‍ പറ്റിയെന്നു വരില്ല. സ്‌നേഹമുള്ളിടത്തു മാത്രമേ ബന്ധങ്ങള്‍ നിലനില്‍ക്കുകയുള്ളു. എത്രയെത്ര വിവാഹ മോചനക്കേസുകളാണ് നാം ദിവസവും കേള്‍ക്കുന്നത് ! അവരുടെയൊക്കെ കുട്ടികളുടെ ജീവിതത്തില്‍ എന്തു ക്രിസ്മസ് ആഘോഷമാണുള്ളത്? രണ്ടു വീടുകളിലും പുല്‍ക്കൂടൊരുക്കുന്നു. പടക്കം പൊട്ടിക്കുന്നു. അപ്പുറത്ത് കൂടുതല്‍ പടക്കം പൊട്ടിക്കുമ്പോള്‍ ഇവിടെ അതിനേക്കാള്‍ കൂടുതല്‍ പൊട്ടിക്കണമെന്ന ചിന്ത മാത്രമാണ് എല്ലാവര്‍ക്കും- സ്‌നേഹബന്ധങ്ങള്‍ക്കപ്പുറം മത്സരബുദ്ധിയോടുകൂടി ഏതൊരാഘോഷത്തെയും സമീപിക്കുന്ന ഇന്നത്തെ തലമുറയെപ്പറ്റി ഫാദര്‍ ഡേവിസ് ചിറമേല്‍ ഒരല്‍പ്പം വേദനയോടെ ഓര്‍ക്കുന്നു.

ഈ ക്രിസ്മസിന് ഏറ്റവും വലിയ വട്ടയപ്പം ഞങ്ങളാണുണ്ടാക്കിയതെന്ന്  വാര്‍ത്താപ്രാധാന്യത്തോടെ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന അവസ്ഥയിലേക്കാണ് ഇന്നത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. 

സ്വന്തം വീട്ടില്‍ എത്രത്തോളം പടക്കം പൊട്ടിച്ചു, എത്ര വലിയ വലിയ കേക്കുണ്ടാക്കി എന്ന് ആലോചിക്കുന്നതിനു പകരം അപ്പുറത്തെ വീട്ടിലെ കുട്ടികള്‍ക്ക് എന്തു കിട്ടി എന്ന് ചിന്തിക്കുന്ന സംസ്‌കാരമുള്ള കുട്ടികളെ വളര്‍ത്തിയെടുക്കാനാണ് മാതാപിതാക്കള്‍ ശ്രമിക്കേണ്ടത്.