santa ക്രിസ്തുമസ്സ് വേളയില്‍ നക്ഷത്രവും പുല്‍ക്കൂടുമൊരുക്കി സ്വാദിഷ്ഠമായ വിഭവങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് മുതിര്‍ന്നവരെങ്കില്‍  കുട്ടികള്‍ എന്നും കാത്തിരിക്കുന്നത് ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ ഡിസംബര്‍ മാസത്തിന്റെ തുടക്കം മുതല്‍ വീട്ടിലെത്തുന്ന സാന്താക്ലോസിനെയാണ്.  വെളുത്ത താടിയും, ചുവന്ന തൊപ്പിയും, കയ്യില്‍ ഒരു പാട് സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസ് എക്കാലവും കുട്ടികള്‍ക്ക് പ്രിയപ്പെട്ടയാളാണ്. ആശംസ പറഞ്ഞ് മിഠായിയും തന്ന് സാന്താ നടന്നു പോകുമ്പോള്‍ ഇത്തിരി വിഷവം തോന്നും. ഇനി സാന്തായേ കാണാന്‍ അടുത്ത ക്രിസ്തുമസ്സ് വരണ്ടേ? 

 

സമ്മാനങ്ങള്‍ നല്‍കുന്നയാള്‍ എന്നര്‍ത്ഥം വരുന്ന 'സെയ്ന്റ് നിക്കോളാസ് 'എന്ന ഡച്ച് വാക്കില്‍ നിന്നാണ് സാന്താക്ലോസ് എന്ന വാക്കിന്റെ ഉദ്ഭവം.  4-ാം നൂറ്റാണ്ടില്‍ ഗ്രീക്കില്‍ ജീവിച്ചിരുന്ന ബിഷപ്പായിരുന്നു സെയ്ന്റ് നിക്കോളാസ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന നിക്കോളാസ് പാവപ്പെട്ടവര്‍ക്ക് ഒരു പാട് സാധനങ്ങള്‍ സമ്മാനമായി നല്‍കുമായിരുന്നു. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായാണ് സാന്താക്ലോസ് എന്ന പേര് സ്വീകരിക്കപ്പെട്ടത്. 

19-ാം നൂറ്റാണ്ടില്‍ കാനഡയിലാണ് ഇന്നു കാണുന്നതുപോലെ വെളളത്താടിയും വൈറ്റ് കോളറും ചുവപ്പും വെള്ളയും ചേര്‍ന്ന വസ്ത്രവുമണിഞ്ഞ് സാന്താ വീടുകളിലെത്തി ക്രിസ്തുമസ്സ്  ആശംസകള്‍ നേരാന്‍ തുടങ്ങിയത്. 1823-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ' എ വിസിറ്റ് ഫ്രം സെന്റ് നിക്കോളാസ്' എന്ന കവിതയില്‍ വിശദീകരിച്ചതുപോലെയാണ് സാന്തായുടെ രൂപം ഡിസൈന്‍ ചെയ്യപ്പെട്ടത്. കാലാകാലങ്ങളായി അത് നിലനിന്ന് പോകുന്നു. സിനിമയിലും, കഥകളിലും, കവിതകളിലും ഇന്നും സാന്തായ്ക്ക് ഒരു രൂപമേയുള്ളൂ. മലയാളികള്‍ ക്രിസ്മസ്  അപ്പൂപ്പനെന്നും തമിഴര്‍ ക്രിസ്മസ്  താത്തയെന്നും വടക്കേ ഇന്ത്യക്കാര്‍ ക്രിസ്മസ്  ബാബയെന്നും സാന്തയെ വിളിക്കുന്നു. ജെയിംസ് ലോര്‍ഡ് പെയര്‍പോയിന്റ് എഴുതിയ അമേരിക്കന്‍ ക്രിസ്മസ്  ഗാനമായി ' ജിങ്ഗിള്‍ ബെല്‍സ്' ആണ് സാന്തായെ അനുഗമിക്കുന്നവരുടെ കോറസ്.

ഹൃദയത്തില്‍ ഒരു പിടി സ്‌നേഹസമ്മാനവുമായി എത്തിയ സാന്താ...

ക്രിസ്മസിനായി യു.എസ്സ്. നഗരം ഒരുങ്ങവെ ഷോപ്പിങ് മാളിന്റെ ഒരു കോണില്‍ അവളും സാന്താക്ലോസിനെ കാത്തിരുന്നു. തനിക്കും സാന്താ എന്തെങ്കിലും സമ്മാനം തരാതിരിക്കില്ല. ഇത്തിരി നേരത്തെ കാത്തിരിപ്പിനു ശേഷം കയ്യില്‍ നിറയെ സമ്മാനങ്ങളും മനസ്സില്‍ നിറയെ നന്മയുമായി ഒരു സാന്താ അവളുടെ അരികിലെത്തി. സാന്താ അവളെയെടുത്ത് തന്റെ മടിയിലിരുത്തിയപ്പോള്‍ അവള്‍ അമ്പരന്നു.

എന്നാല്‍ ഒരുപാട് സംസാരിച്ച സാന്തായോട് അവളൊന്നും പറഞ്ഞില്ല. അല്പം പിണക്കത്തോടെ ഇരുന്ന സാന്തായോട് അവളുടെ അമ്മ പറഞ്ഞു തന്റെ മോള്‍ക്ക് കേള്‍വിശക്തിയും സംസാരശേഷിയുമില്ലെന്ന്. മനസ്സലിഞ്ഞ സാന്താ അവളോട് ആംഗ്യഭാഷയില്‍ സംസാരിച്ചു തുടങ്ങി. പിന്നീടൊരു പാട് നേരം അവര്‍ സംസാരിച്ചു . ഒരു പിടി സ്‌നേഹം നല്‍കി സാന്താ മടങ്ങി....ലോകത്തിന് ഓര്‍ക്കാന്‍ സ്‌നേഹത്തിന്റയും കരുണയുടെയും നല്ലൊരു ക്രിസ്തുമസ്സ്  സന്ദേശം നല്‍കി...

കത്തുകളയയ്ക്കൂ സാന്താ മറുപടി തരും......

സാന്തായോടുളള സ്‌നേഹക്കൂടുതല്‍ കൊണ്ട് ന്യൂയോര്‍ക്കിലെ ഒരു കൂട്ടം കുട്ടികള്‍ സാന്തായുടെ പേരിലേക്ക് ഒരിക്കല്‍ കത്തുകള്‍ അയച്ചു തുടങ്ങി. വ്യക്തമായ അഡ്രസ്സിലാതെ വന്ന ആ കത്തുകള്‍ ന്യൂയോര്‍ക്കിലെ പോസ്റ്റ് ഓഫീസിലെ ഡെഡ് ലെറ്റര്‍ ഓഫീസില്‍ ഉപേക്ഷിക്കപ്പെട്ടു. കത്തയച്ച കുട്ടികള്‍ മറുപടി ലഭിക്കാത്ത നിരാശപ്പെട്ടിരിക്കവെ ഒരു ദിവസം തങ്ങളെത്തേടി സാന്തായുടെ മറുപടിയെത്തി. പിന്നീട് തുടര്‍ച്ചയായി കുട്ടികള്‍ കത്തയയ്ക്കുകയും അയച്ച എല്ലാ എഴുത്തുകള്‍ക്കും വളരെ പെട്ടെന്ന മറുപടി കിട്ടുകയും ചെയ്തു. ചിലപ്പോഴൊക്കെ കത്തിനൊപ്പം ഒരു പാട് സമ്മാനങ്ങളും ഉണ്ടായിരുന്നു മുതിര്‍ന്നവരെല്ലാം അമ്പരുന്നു. തീര്‍ത്തും സാങ്കല്‍പ്പിക കഥാപാത്രമായ സാന്താ എങ്ങനെ മറുപടിയയ്ക്കും?

എന്നാല്‍ നടന്നതിതായിരുന്നു. പോസ്റ്റ് ഓഫീസില്‍ കുന്നുകൂടി കിടന്ന കുട്ടികളുടെ കത്തുകള്‍ കണ്ട് മനസ്സലിഞ്ഞ സാമൂഹിക പ്രവര്‍ത്തകന്‍ ജോണ്‍ ഡ്യൂവല്‍ ഗ്ലക്കായിരുന്ന മറുപടിയയച്ച ആ സാന്താക്ലോസ്.  കുട്ടികളുടെ നിഷ്‌കളങ്കമായ കത്തുകള്‍ വായിച്ച ജോണ്‍ , കത്തുകളെല്ലാം ശേഖരിച്ച ന്യൂയോര്‍ക്കിലെ ഒരു കെട്ടിടത്തില്‍ ' ദി സാന്താക്ലോസ് അസോസിയേഷന്‍' എന്ന ഒരു കൂട്ടായ്മ ഉണ്ടാക്കുകയായിരുന്നു. ജോണിനോടൊപ്പം അദ്ദേഹത്തിന്റെ സുഹ്യത്തുകള്‍ കൂടി ചേര്‍ന്നപ്പോള്‍ അതൊരു വലിയ കൂട്ടായ്മയായി. അസോസിയേഷന്റെ ഒന്നാം വാര്‍ഷികത്തില്‍ അംഗങ്ങളായ 28,000 കുട്ടികള്‍ക്കും അവര്‍ സമ്മാനങ്ങളയച്ചു കൊടുത്തു. പിന്നീട് 1928-ല്‍ പലവിധ പ്രശ്‌നങ്ങള്‍ കാരണം അസോസിയേഷന്‍ പ്രവര്‍ത്തനം നിര്‍ത്തി... പിന്നീടും സാന്തായെ തേടി കത്തുകളെത്തിയിരുന്നെങ്കിലും കുട്ടികളെ നിരാശരാക്കി സാന്താ എങ്ങോ മറഞ്ഞിരുന്നു.