പഴയ ന്യൂസ്‌പേപ്പര്‍ കൊണ്ടുണ്ടാക്കിയ ക്രിസ്മസ് ട്രീ, ഉപയോഗശൂന്യമായ കാര്‍ട്ടന്‍ കൊണ്ടുണ്ടാക്കിയ നക്ഷത്രം, പ്ലാസ്റ്റിക് ബോട്ടിലുകള്‍ മുറിച്ച് വിവിധ വര്‍ണങ്ങളില്‍ ചുരുളുകളാക്കി തയ്യാറാക്കിയ ക്രിസ്മസ് റീത്ത്്, പേപ്പര്‍ വിളക്കുകള്‍...വെല്ലിംഗ്ടണ്‍ ഐലന്റിലെ കാസിനോ ഹോട്ടലിലെത്തിയിലെ ക്രിസ്മസ് വ്യത്യസ്തമാകുകയാണ്. മട്ടാഞ്ചേരിയിലെ രക്ഷാ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികളുടെ സഹായത്തോടെയാണ് ക്രിസ്മസിനെ വരവേല്‍ക്കാന്‍ പ്രകൃതിസൗഹൃദ അലങ്കാരവസ്തുക്കള്‍ ഒരുക്കിയിരിക്കുന്നത്. 
       
പാഴ്‌വസ്തുക്കളില്‍ ക്രിസ്മസ് അലങ്കാരമൊരുക്കി കാസിനോപരിസ്ഥിതി സൗഹൃദ ആഘോഷങ്ങളുടെ ഭാഗമായി പാഴ്‌വസ്തുക്കളില്‍ നിന്നുമുണ്ടാക്കിയ അലങ്കാരങ്ങള്‍ ഗ്രൂപ്പിന്റെ തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണാടക എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ ഇതിനു മുമ്പും സ്ഥാനം പിടിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തെ അലങ്കാരങ്ങള്‍ മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ കൂടുതല്‍ മനോഹരവും ഉന്നതനിലവാരത്തിലുമുള്ളതാണ്. 
     
ഹോട്ടലിലെ എക്‌സിക്യുട്ടിവ് ഹൗസ്‌കീപ്പര്‍ അനീഷ് ജോസഫിന്റെ നേതൃത്വത്തിലാണ് എല്ലാ വര്‍ഷവും ക്രിസ്മസ് അലങ്കാരങ്ങളില്‍ പുതിയ ഡിസൈനുകള്‍ പരീക്ഷിക്കുന്നത്. 16 മണിക്കൂറെടുത്താണ് അനീഷ് പേപ്പര്‍ ഉപയോഗിച്ച് ഏഴടി നീളമുള്ള മനോഹരമായ ക്രിസ്മസ് ട്രീ ഒരുക്കിയത്. മറ്റൊരു ആകര്‍ഷണം ഹോട്ടലിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന അറുപതിലേറെ പേപ്പര്‍ റാന്തലുകളാണ്. കത്തി നില്‍ക്കുന്ന ഇവയൊരു വിസ്മയക്കാഴ്ച തന്നെയാണ്. ഇത്തവണത്തെ അലങ്കാരങ്ങള്‍ ഉന്നത നിലവാരമുള്ളതും മികച്ചതുമായതില്‍ ഏറെ സന്തോഷമുണ്ടെന്ന് കാസിനോ ഹോട്ടല്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് ജോസഫ് പറഞ്ഞു. 
       
വ്യത്യസ്തമായ ക്രിസ്മസ് ആഘോഷമെന്ന സിജിഎച്ച് എര്‍ത്ത് എംഡിയും സിഇഒയുമായ ജോസ് ഡൊമിനിക്കിന്റെ ആശയം മൂന്നാം വര്‍ഷമാണ് ഇപ്പോള്‍ പ്രാവര്‍ത്തികമാകുന്നത്. മട്ടാഞ്ചേരിയിലെ രക്ഷാ സ്‌പെഷല്‍ സ്‌കൂളിലെ കുട്ടികളെ പ്രത്യേകം പരിശീലിപ്പിച്ചാണ് ഈ പരിസ്ഥിതി സൗഹൃദ അലങ്കാര വസ്തുക്കളുണ്ടാക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് പുതിയൊരു കൈത്തൊഴില്‍ പഠിക്കാന്‍ കഴിയുന്നുവെന്നതിനപ്പുറം അവര്‍ക്ക് അധിക വരുമാനം നേടികൊടുക്കാനും ഇതിലൂടെ സാധിക്കുന്നുവെന്നത് ഏറെ സന്തോഷം നല്‍കുന്നതാണെന്ന് ജോര്‍ജ് ജോസഫ് പറയുന്നു.

'ഇന്ന് വീടുകളിലും ഓഫീസുകളിലും കടകളിലും വിലകുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ പ്ലാസ്റ്റിക് ഉപയോഗിച്ചുണ്ടാക്കിയ ക്രിസ്മസ് ട്രീയും പുല്‍ക്കൂടുമാണ് ക്രിസ്മസ് അലങ്കാരങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഇവ പിന്നീട് പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷം വലുതാണ്. ഇത് തിരിച്ചറിഞ്ഞ് ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കാസിനോയുടെ പരിസ്ഥിതി സൗഹൃദ ക്രിസ്മസ് ആഘോഷം,' അദ്ദേഹം പറഞ്ഞു. കൂടാതെ ഇത് ഏറെ ചെലവ് കുറഞ്ഞതുമാണ്. മുന്‍കാലങ്ങളില്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ക്ക് വേണ്ടി ചെലവാക്കിയതിന്റെ പത്തിലൊന്ന് മാത്രമാണ് ഇതിന് ചെലവായത്. ഹോട്ടലിലെത്തുന്ന അതിഥികളും ഇതില്‍ ആകൃഷ്ടരായി ഇതിനെക്കുറിച്ച് ചോദിച്ചറിയുന്നു. അടുത്ത വര്‍ഷം മുതല്‍ പൊതുജനങ്ങളെയും സ്‌കൂള്‍ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി ശില്‍പശാലകള്‍ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഹോട്ടല്‍ മാനേജ്‌മെന്റ്.